Current Date

Search
Close this search box.
Search
Close this search box.

എന്റെ പന്ത്രണ്ട് വര്‍ഷങ്ങള്‍ ആര് തിരികെ നല്‍കും!

Hussain-Fazili.jpg

സ്വന്തം പട്ടണത്തിനും നാട്ടുകാര്‍ക്കും അയാള്‍ അപരിചിതനായിരുന്നു. 12 വര്‍ഷം എന്ന ഒരു നീണ്ടുകാലത്തിന് ശേഷം ആദ്യമായാണ് അയാള്‍ സ്വന്തം നാട്ടിലേക്കെത്തുന്നത്. ചുറ്റും സംഭവിച്ച മാറ്റങ്ങളുമായി മുഹമ്മദ് ഹുസൈന്‍ ഫാസിലി പൊരുത്തപ്പെട്ട് തുടങ്ങിയിട്ടേയുള്ളു. അദ്ദേഹത്തെ ജന്മസ്ഥലമായ ബച്ച്‌പോറ തിരിച്ചറിയാനാവാത്ത വിധം അനേകം ചെറുതും വലുതുമായ വഴികള്‍ കൊണ്ട് നിറഞ്ഞതാണിന്ന്.

വാര്‍ദ്ധ്യക്യത്തിന്റെ അവശതകള്‍ പേറുന്ന തന്റെ മാതാപിതാക്കളെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടപ്പോഴാണ്, ഇപ്പോള്‍ 43 വയസ്സുള്ള, ശ്രീനഗറിലെ ആ പഴയ ഷാള്‍ തുന്നല്‍കാരന്‍ ശരിക്കും സ്തംബ്ധനായി പോയത്. മസ്തിഷ്‌കാഘാതം ഉമ്മയുടെ പാതി ശരീരം തളര്‍ത്തി കളിഞ്ഞിരുന്നു. ഉപ്പയാകട്ടെ ഹൃദയസംബന്ധമായ അസുഖം മൂലം അവശനാണ്.

ഒരു കുറ്റവും ചെയ്യാതെയാണ് നീണ്ട 12 വര്‍ഷക്കാലം ഡല്‍ഹിയിലെ ഹൈസെക്യൂരിറ്റി തീഹാര്‍ ജയിയില്‍ ഫാസിലിക്ക് തടവില്‍ കഴിയേണ്ടി വന്നത്. ഫെബ്രുവരി 16-നാണ് കാശ്മീരില്‍ നിന്നു തന്നെയുള്ള മുഹമ്മദ് റഫീഖ് ഷായെയും ഫാസിലിയെയും, ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി കുറ്റവിമുക്തരാക്കിയത്. പക്ഷെ അപ്പോഴേക്കും അവരുടെ ജീവിതത്തിലെ വിലപ്പെട്ട 12 വര്‍ഷങ്ങള്‍ ജയിലില്‍ പൊലിഞ്ഞ് പോയികഴിഞ്ഞിരുന്നു. 67 പേര്‍ കൊല്ലപ്പെടുകയും, 200-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2005-ലെ ഡല്‍ഹി ബോംബ് സ്‌ഫോടന കേസിലെ ‘ഭീകരവാദികളായ’ പ്രതികളായിരുന്നു കോടതി കുറ്റവിമുക്തരാക്കും വരെ ഇരുവരും.

‘ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് ഞങ്ങള്‍ പ്രതികളാക്കപ്പെട്ടത്. എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതത്തിലെ 12 വര്‍ഷം ആരാണ് തിരിച്ച് തരിക? എന്റെ മാതാപിതാക്കള്‍ക്ക് അനുഭവിക്കേണ്ടി വന്ന കഷ്ടതകള്‍ക്ക് ആര് സമാധാനം പറയും?’ ഫാസിലി ചോദിച്ചു.

നഗരം മാത്രമല്ല, ഫാസിലിയുടെ കുടുംബവും വലുതായിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഫാസിലിക്ക് ആകെ ഒരു അനന്തരവന്‍ മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷെ ഇന്ന് അദ്ദേഹത്തിന്റെ മൂന്ന് സഹോദരന്‍മാരും പിതാക്കളായി മാറിയിരിക്കുന്നു, ഓരോരുത്തര്‍ക്കും രണ്ട് കുട്ടികള്‍ വീതമുണ്ട്.

മോചിപ്പിക്കപ്പെട്ടതിന്റെ ആശ്വാസത്തിന് പക്ഷെ, വീട്ടിലെ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു.

‘എന്റെ ഉമ്മ ഒരു രോഗിയാണ്. എന്റെ ഉമ്മയെ പോലെ തന്നെ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ അമ്മമാരും ഉമ്മമാരും ഒരുപാട് വേദനിച്ചിട്ടുണ്ടാകും. പക്ഷെ അതിന് മറ്റുള്ളവരുടെ യാതൊരു കുറ്റവും ചെയ്യാത്ത മക്കളെ പിടിച്ച് കൊണ്ട് പോയി ഭീകരവാദികളായി ചിത്രീകരിച്ച് കുറ്റം കെട്ടിവെക്കുന്നത് എന്തിനാണ്?’ ഫാസിലി ചോദിച്ചു.

2005 നവംബറിലെ ആ തണുത്ത രാത്രി ഫാസിലിയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും തിരിച്ചെത്തി, ഷാള്‍ തുന്നിക്കൊണ്ടിരിക്കെയാണ് വാതിലില്‍ മുട്ട് കേള്‍ക്കുന്നത്. നോക്കുമ്പോള്‍ പുറത്ത് പോലിസ് സംഘം വന്ന് നില്‍ക്കുന്നു. ഡല്‍ഹി സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് പോലിസ് ഫാസിലിയെ കൊണ്ടുപോകുന്നത്. അന്നാണ് ഉമ്മയും ബാപ്പയും ഫാസിലിയെ അവസാനമായി കണ്ടത്.

12 വര്‍ഷത്തെ ജയില്‍വാസത്തിനടക്ക് ഒരിക്കല്‍ പോലും ഫാസിലിക്ക് തന്റെ മാതാപിതാക്കളെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ വന്ന് മകനെ കാണാനും, കേസ് നടത്താനുമുള്ള സാമ്പത്തികവും, ശാരീരികവുമായ ശേഷി ആ മാതാപിതാക്കള്‍ക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം.

‘ഗേറ്റിലൂടെ ഞാന്‍ കടന്ന് വന്ന നിമിഷം സന്തോഷം കൊണ്ട് എന്റെ ഉമ്മ നിലവിളിക്കുന്നത് ഞാന്‍ കണ്ടു. മൂന്ന് ആളുകള്‍ അവരെ പിടിച്ചിട്ടുണ്ടായിരുന്നു. സ്‌ട്രോക് വരുമെന്ന് പോലും ഞങ്ങള്‍ ഭയപ്പട്ടു. അത്രക്കുണ്ടായിരുന്നു ഉമ്മയുടെ സന്തോഷം,’ ഫാസിലി പറഞ്ഞു. ‘ഫാസിലിയെ വീണ്ടും ഞാന്‍ പ്രസവിച്ചു എന്നാണ് ഉമ്മ എല്ലാവരോടും പറയുന്നത്’.

ഫാസിലിയുടെ ഉമ്മ ഫാത്തിമയെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷങ്ങള്‍ ഒരു കഠിന പരീക്ഷണം തന്നെയായിരുന്നു. അവരുടെ ആരോഗ്യസ്ഥിതി അങ്ങേയറ്റം വഷളായിരിക്കുന്നു. പരസഹായമില്ലാതെ ഒന്നനങ്ങാന്‍ പോലും അവര്‍ക്കിന്ന് സാധിക്കില്ല. ‘ഉമ്മയുടെ ആരോഗ്യത്തിന്റെയും, ചികിത്സയുടെയും കാര്യത്തില്‍ എനിക്ക് വളരെയധികം ആശങ്കയുണ്ട്’. പക്ഷെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷത്തിലായിരുന്നു ഫാത്തിമ. ആ കണ്ണുകളില്‍ നമുക്കത് കാണാന്‍ കഴിയും.

അറസ്റ്റിനെ കുറിച്ചും, തീഹാര്‍ ജയിലില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരമായ പീഢന-മര്‍ദ്ദനങ്ങളെ കുറിച്ചും ഫാസിലി വിശദീകരിക്കുമ്പോള്‍ കണ്ണീരടക്കാന്‍ അദ്ദേഹത്തിന്റെ ഉപ്പ വല്ലാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ‘ഞാനിപ്പോള്‍ വളരെയധികം സന്തോഷവാനാണ്. 12 വര്‍ഷത്തിന് ശേഷം എന്റെ പൊന്നുമോന്‍ മടങ്ങി വന്നിരിക്കുന്നു’ 76 വയസ്സുകാരനായ ഗുലാം റസൂലിന്റെ വാക്കുകള്‍ മുറിഞ്ഞു.

തനിക്ക് യാതൊരു അറിവുമില്ലാത്ത സ്‌ഫോടനങ്ങളെ കുറിച്ചായിരുന്നു പോലിസിന് അറിയേണ്ടിയിരുന്നത്, ‘താന്‍ മിലിറ്റന്റ് അല്ലെ?’ എന്ന് അവര്‍ എന്നോട് ചോദിച്ച് കൊണ്ടിരുന്നു.

ഇനി എന്താണ് അടുത്ത പരിപാടിയെന്ന് ചോദിച്ചപ്പോള്‍, ഒരുപാട് കാര്യങ്ങള്‍ മനസ്സിലുണ്ടെന്നായിരുന്നു ഫാസിലിയുടെ മറുപടി. മോചിതനായതിന് ശേഷം അദ്ദേഹം ശരിക്കൊന്നുറങ്ങിയിട്ടില്ല. ‘ഉമ്മയേയും ഉപ്പയേയും നോക്കണം. അവരുടെ ചികിത്സയും മറ്റും ശ്രദ്ധിച്ച് അവരുടെ കൂടെ തന്നെ ജീവിക്കണം’ ഫാസിലി പറഞ്ഞു.

പണം വലിയൊരു പ്രശ്‌നം തന്നെയാണ്. എന്തെങ്കിലും ജോലി ലഭിക്കുമോ എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം. ‘സമ്പാദിക്കണം. എനിക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ജോലി കണ്ടെത്തേണ്ടതുണ്ട്. വിലകള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ജീവിക്കണമെങ്കില്‍ സാമ്പാദിച്ചേ മതിയാവൂ.’

ഒരു കുറ്റവും ചെയ്യാത്ത, നിരപരാധിയായ ഒരു മനുഷ്യനെ 12 വര്‍ഷക്കാലം തടവറയില്‍ കൊണ്ട് തള്ളിയതിന് കാരണക്കാരയവരില്‍ നിന്ന് നഷ്ടപരിഹാരം പോയിട്ട്, ക്ഷമ ചോദിച്ച് കൊണ്ടുള്ള ഒരു വാക്ക് പോലും ഉണ്ടാകില്ലെന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ മുഖത്ത് നോക്കി ഫാസിലിമാര്‍ ഇനിയും ചോദിച്ചു കൊണ്ടിരിക്കും ‘ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ ആരാണ് തിരിച്ച് തരിക?’.

മൊഴിമാറ്റം: Irshad shariati

Related Articles