Current Date

Search
Close this search box.
Search
Close this search box.

എന്റെ തന്നെ കഥയാണ് അഭയാര്‍ഥികളിലൂടെ കേള്‍ക്കുന്നത്

syrian-refugees.jpg

ഫെബ്രുവരിയിലെ ഒരു വെള്ളിയാഴ്ചയാണ് ഏഥന്‍സിലെ ഒരു കഫേയിലിരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് വന്ന സൈകോതെറാപിസ്റ്റ് കരീമയുമായി ഞാന്‍ സംസാരിച്ചത്. പത്ത് മാസങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവും നാല് കുട്ടികളുമൊത്ത് ഒരു ബോട്ടില്‍ തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലെ സാമോസ് ദ്വീപില്‍ അവളെത്തിയത്. ഒരു ടെന്റില്‍ എട്ട് മാസങ്ങള്‍ ഒരേ ഭക്ഷണം കഴിച്ച് അവരവിടെ കഴിഞ്ഞു. അഭയം ലഭിക്കാന്‍അര്‍ഹരാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ ശേഖരിക്കാനായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ മാസങ്ങളെടുത്തു. ഒടുവില്‍ അവരെ ഗ്രീസിലേക്ക് കടക്കാനനുവദിച്ചു. മൂന്ന് റൂമുകളുള്ള ഒരു ഫഌറ്റിലാണ് ഇപ്പോഴവരുടെ താമസം – മൂന്ന് കുടുംബങ്ങളില്‍ നിന്നായി അവിടെ മൊത്തം പതിമൂന്ന് പേരുണ്ട്. ‘ക്യാംപിലെ ടെന്റിനേക്കാള്‍ ഭേദം’ എന്നാണ് കരീമ പറഞ്ഞത്. ഭക്ഷണം വാങ്ങാനുള്ള പ്രതിമാസ വൗച്ചറുകള്‍ കിട്ടുന്നുണ്ടെങ്കിലും, വളന്റിയര്‍മാര്‍ നല്‍കുന്ന സംഭാവനകള്‍ കൊണ്ടാണ് കാര്യങ്ങള്‍ നടന്ന് പോകുന്നതെന്നും, വലിയ എന്‍.ജി.ഒ. കളൊന്നും സഹായത്തിനെത്തുന്നില്ലെന്നും അവളെന്നോട് പറഞ്ഞു. ഇവിടെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നോ, ഗ്രീസില്‍ നിന്ന് എന്നെങ്കിലും പുറത്ത് കടക്കാനാവുമെന്നോ ഉള്ള പ്രതീക്ഷകളൊക്കെ അവള്‍ക്ക് നഷ്ടപ്പെട്ടുതുടങ്ങി. കാത്തിരിക്കുക എന്നത് മാത്രമാണ് അവള്‍ക്കും കുടുംബത്തിനും ഇപ്പോള്‍ ചെയ്യാനാവുന്ന ഒരേയൊരു കാര്യം.

സമാനാനുഭവങ്ങള്‍ വേറെയും
കരിമയുടേതിന് സമാനമായ നിരവധി കഥകളാണ് കഴിഞ്ഞ കുറേ മാസങ്ങളായി ഞാന്‍ കേള്‍ക്കാനിടവന്നത്. ഓരോ കഥ കേള്‍ക്കുമ്പോഴും എന്റെ സ്വന്തം അനുഭവം അവര്‍ പറയുന്നതായാണ് എനിക്ക് തോന്നിയത്. ബോസ്‌നിയയിലെ യുദ്ധത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന ഒരു അഭയാര്‍ത്ഥിയായിരുന്നു 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനും.

എന്റെ അഭയാര്‍ത്ഥി ജീവിതത്തിലെ ഓരോ നിമിഷവും അന്നും ഇന്നും ഞാന്‍ വെറുക്കുന്നു. സഗ്‌റെബിലെ ഒരു വീട്ടിലെ ബെയ്‌സ്‌മെന്റിലാണ് ബോസ്‌നിയയിലെ മൂന്ന് സഹോദരിമാരുമൊത്ത് മാസങ്ങളോളം ഞാനന്ന് കഴിച്ചുകൂട്ടിയത്. അവരില്‍ മൂത്തവള്‍ക്ക് 19 ഉം ഇളയവള്‍ക്ക് 13 ഉം ആയിരുന്നു പ്രായം. യുദ്ധമുഖത്ത് നിന്ന് വളരെ അകലെ എവിടെയെങ്കിലുമെത്തിയാല്‍ അവര്‍ സുരക്ഷിതരായിരിക്കും എന്ന് കരുതി രക്ഷിതാക്കള്‍ പറഞ്ഞുവിട്ടതായിരുന്നു എന്നെപ്പോലെ അവരെയും. ഞങ്ങള്‍ സുരക്ഷിതരായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അതോടൊപ്പം, ദൂരെ ഒരപരിചിത നാട്ടില്‍ അഭയാര്‍ത്ഥികളായി, നിസ്സഹായരും ഭയം ഗ്രസിച്ചവരുമായിരുന്നു. അതിനാല്‍ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍, ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു.

ദിവസങ്ങള്‍ കൊഴിഞ്ഞുപോകവെ, ഞങ്ങള്‍ പരസ്പരം ആശ്വസിപ്പിക്കാന്‍ പഠിച്ചു. സരാജെവോയും ഞങ്ങളുടെ മാതാപിതാക്കളും ഓര്‍മ്മിച്ച് പരസ്പരം കഥകള്‍ കൈമാറി. പരസ്പരം കൂട്ടിനിരുന്നു. അങ്ങനെ ഞങ്ങളുടെ ഏകാന്തത മറികടന്നു. എപ്പോഴും കരഞ്ഞുതീര്‍ക്കാതിരിക്കാനുള്ള വഴികളും ഞങ്ങള്‍ കണ്ടെത്തി. ഒന്നിച്ച് കഴിയുമ്പോഴും പക്ഷേ, ഞങ്ങളുടെ അഭയാര്‍ത്ഥി ജീവിതം എളുപ്പമായിരുന്നില്ല. വിശപ്പടക്കാനാവാതെ, ഭയാശങ്കകള്‍ നിറഞ്ഞ്, ലക്ഷ്യബോധം നഷ്ടപ്പെട്ടവരായി, നിരാശാഭരിതരായി, പല ദിവസങ്ങള്‍ കടന്നുപോയി. ഇന്ന് ഗ്രീസിലുള്ള ഈ അഭയാര്‍ത്ഥികളെ പോലെ, കാത്തിരിക്കുക മാത്രമായിരുന്നു വഴി.

ഒന്നിച്ചുള്ള അതിജീവനം
ഇന്ന് നാം കേള്‍ക്കുന്ന മനുഷ്യാവകാശം തുടങ്ങിയ സ്ഥിരം പാട്ടുകള്‍ തന്നെയാണ് അന്നും അന്താരാഷ്ട്ര സമൂഹം പാടിക്കൊണ്ടിരുന്നത്. അഭയാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ കുറക്കാനുള്ള ധനസഹായങ്ങള്‍ക്കായി അന്നും ഈ സംഘടനകളൊക്കെ കരഞ്ഞു വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഞങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക്, മനുഷ്യാവകാശങ്ങളുടെയോ മാനുഷിക സഹോയങ്ങളുടെയോ ഒരടയാളവും കാണാനുള്ള ഭാഗ്യം ലഭിച്ചില്ല. വലിയ അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് ഒരു സഹായവും ഞങ്ങള്‍ക്ക് ലഭിച്ചതുമില്ല. പരസ്പരം സഹായിച്ചാണ് ഞങ്ങള്‍ അതിജീവനം സാധിച്ചത്. ഞങ്ങള്‍ക്ക് വിശക്കുമ്പോള്‍, രോഗം ബാധിച്ചപ്പോള്‍, ആശ്വാസം തേടിയപ്പോള്‍, ഒക്കെ ഞങ്ങള്‍ പരസ്പരം തുണയായി. മറ്റൊരു മാര്‍ഗവും ഞങ്ങള്‍ക്കില്ലായിരുന്നു.

ആരോടെങ്കിലും സഹായം ചോദിക്കാന്‍ ഞങ്ങള്‍ക്ക് ഭയമായിരുന്നു. എവിടെയാണ് സഹായം തേടേണ്ടതെന്ന് പോലും ഞങ്ങള്‍ക്കറിയില്ലായിരുന്നു. ആശ്രയിക്കാനാരുമില്ലെന്നും ഞങ്ങളുടെ പ്രയാസങ്ങളൊന്നും ആര്‍ക്കും മനസ്സിലാവുന്നില്ലെന്നും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. ഞാനറിയുന്ന പല അഭയാര്‍ത്ഥികളുടെയും അന്നത്തെ അവസ്ഥ ഇത് തന്നെയായിരുന്നു. ഒന്നര വര്‍ഷക്കാലം അഭയാര്‍ത്ഥിയായി ജീവിച്ചതിന് ശേഷം ഞാനെന്റെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ തീരുമാനിച്ചു. സരാജെവോ അന്നും ഉപരോധത്തിലായിരുന്നു. പക്ഷേ, ഒരു അഭയാര്‍ത്ഥിയുടെ അപമാന ജീവിതത്തേക്കാളും അവിടെ തന്നെ ജീവിക്കുന്നതാണ് മെച്ചം എന്നാണെനിക്ക് തോന്നിയത്.

ജീവിതം സഹനീയമാക്കുന്നതില്‍ പരാജയം
അന്താരാഷ്ട്ര സമൂഹം ജനീവ ഉടമ്പടിയെ കുറിച്ച് ധാരാളം സംസാരിക്കുന്നുണ്ട്. പ്രമുഖ അന്താരാഷ്ട്ര അഭയാര്‍ത്ഥി സംഘടനകളൊക്കെ ഫണ്ട് ശേഖരണവും നടത്തുന്നു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അഭയാര്‍ത്ഥികളോടുള്ള സമീപനത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. അഭയാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര സംഘനടനകളുടെ അര്‍ത്ഥവത്തായ ഒരു സഹായവും ലഭിക്കുന്നുമില്ല. നിര്‍ദ്ദയവും ക്രൂരവുമായ ചുറ്റുപാടുകളിലാണ്, ഗ്രീസിലുള്ള 66,000 ത്തോളം അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും, രണ്ട് വര്‍ഷങ്ങളിലധികമായി ജീവിതം തള്ളിനീക്കുന്നത്. അഭയാര്‍ത്ഥികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്നു. UNHRC യുടെ കണക്ക് പ്രകാരം, ജനുവരി മുതല്‍ മാര്‍ച്ച് പകുതി വരെ, 3,300 അഭയാര്‍ത്ഥികള്‍ പുതുതായി വന്നെത്തിയിട്ടുണ്ട്.

സര്‍ക്കാറുകളും സംഘടനകളും കോടിക്കണക്കിനാണ് ചെലവഴിക്കുന്നത്. അഭയാര്‍ത്ഥികളുടെ അവസ്ഥകളൊന്നും മെച്ചപ്പെട്ടതായി കാണുന്നുമില്ല. അവരുടെ പ്രത്യാശ നശിച്ചുതുടങ്ങി. ആത്മഹത്യാ പ്രവണതയും മയക്കുമരുന്നുപയോഗവും അവര്‍ക്കിടയില്‍ വര്‍ദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, യൂറോപ്യന്‍ യൂനിയന്റെ ധനസഹായം ഏറ്റവും കൂടുതല്‍ ലഭിച്ച രാജ്യമാണ് ഗ്രീസ് – ഒരു ബില്ല്യന്‍ ഡോളര്‍ (64,10,20,00,000 രൂപ) . ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍-ഏജന്‍സി അപ്പീലിന്റെ 330 മില്ല്യന്‍ ഡോളറും (21,15,34,62,000 രൂപ) അവര്‍ക്ക് ലഭിച്ചു.

സര്‍ക്കാര്‍ സംഘടനകള്‍ക്കും എന്‍.ജി.ഒ. കള്‍ക്കുമാണ് ഇതിലൊരു ഭാഗം പോയത്. പക്ഷേ, ദുരിതങ്ങള്‍ പരമാവധി ലഘൂകരിക്കാനായി അവര്‍ ചെയ്യാന്‍ ബാധ്യസ്ഥരായ കാര്യങ്ങളൊന്നും അവര്‍ ചെയ്യുകയുണ്ടായില്ല എന്നാണ് അഭയാര്‍ത്ഥികളും സന്നദ്ധ സേവകരും പറയുന്നത്. ഗ്രീക്ക് സര്‍ക്കാറും എന്‍.ജി.ഒ. കളും പരസ്പരം പഴിചാരുന്നു. രണ്ട് കൂട്ടരും കാര്യമായൊന്നും ചെയ്യുന്നുമില്ല. കാര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള യാതൊരു മനഃസ്ഥിതിയും, ഗ്രീസില്‍ മാത്രമല്ല, യൂറോപ്പില്‍ എവിടെയുമില്ല. ഫ്രാന്‍സിലും ഇറ്റലിയിലും മറ്റ് പല രാജ്യങ്ങളിലും അഭയാര്‍ത്ഥികളുടെ അവസ്ഥകള്‍ അവിശ്വസനീയമാം വിധം ദുരിതപൂര്‍ണ്ണമത്രെ.

ഗ്രീസിലെ അഭയാര്‍ത്ഥികളോട് സംസാരിച്ച് എന്റെ കഥകള്‍ ഓര്‍ക്കുമ്പോള്‍, ഞങ്ങളെല്ലാവരും ഒരു വലിയ ദുരന്ത കഥയുടെ തുടര്‍ച്ചയാണെന്നാണ് എനിക്ക് തോന്നുന്നുന്നത്. അവര്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന മനുഷ്യ ദുരന്തങ്ങളുടെ പാപപരിഹാരത്തിന് അന്താരാഷ്ട്ര സമൂഹം കാണിക്കുന്ന ഉദാസീനതയാണ് ഇതൊക്കെ വെളിപ്പെടുത്തുന്നത്. ദുരിതങ്ങളവസാനിക്കുന്ന ഒരു ലക്ഷണവും ഞാന്‍ കാണുന്നില്ല.

വെറും കണക്കുകള്‍
അഭയാര്‍ത്ഥികള്‍ക്കായി പണിയെടുക്കുന്ന ആക്ടിവിസ്റ്റുകളും സന്നദ്ധ സേവകരുമാണ് ഫലപ്രദമായ രീതിയില്‍ ഇപ്പോള്‍ എന്തെങ്കിലും ചെയ്യുന്നത്. പക്ഷേ, ഇത്രയും വലിയൊരു ദുരിതാവസ്ഥയെ ഒറ്റക്ക് കൈകാര്യം ചെയ്യുന്നത് വളരെ കാലം തുടര്‍ന്ന് കൊണ്ട് പോകാന്‍ അവര്‍ക്കും സാധിക്കുകയില്ല. പഴയ തെറ്റുകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണമെന്നും, അവസ്ഥ മാറണമെന്നും, ഇപ്പോഴുള്ള ക്രമീകരണങ്ങളൊന്നും ഫലിക്കുന്നില്ലെന്നും അവരൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ, പണത്തിന്റെ ഉടമസ്ഥരായ സര്‍ക്കാറുകളും സംഘടനകളും ദുരിതങ്ങള്‍ക്ക് ചെവിയോര്‍ക്കാന്‍ സന്മനസ്സ് കാണിക്കുന്നില്ല. ദിരിതങ്ങള്‍ക്കറുതി വരുത്താനുള്ള തീരുമാനങ്ങളെടുക്കേണ്ടത് അവരാണ്.

സിറിയയില്‍ നിന്ന് വന്ന ഹലീമയെയും അവളുടെ രണ്ട് കുട്ടികളെയും അടുത്തായി ഞാന്‍ ഏഥന്‍സില്‍ കണ്ടുമുട്ടി. മാസങ്ങളായി അഭയാര്‍ത്ഥികള്‍ കുടുങ്ങിക്കിടന്ന ചിയോസ് ദ്വീപില്‍ നിന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അവരെത്തിയത്. ‘വിശന്ന് വലഞ്ഞിരിക്കുകയായിരുന്നു അവരപ്പോള്‍. ഒരു പാക്കറ്റ് ബിസ്‌കറ്റുമായാണ് ഞങ്ങളിവിടെയെത്തിയത്. ഇന്ന് കാലത്ത് ഞങ്ങള്‍ മൂന്ന് പേര്‍ക്കുമായി ഒരു ബിസ്‌കറ്റാണ് ബാക്കിയുണ്ടായിരുന്നത്. ഞങ്ങളെ ഇവിടെയെത്തിച്ച ആളുകളെ ഞാന്‍ ചെന്നുകണ്ടു. ഞങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ ബാധ്യസ്ഥനായ വ്യക്തി ലീവിലാണത്രെ’.

ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് അവരെ കുടിയിരുത്തിയത്. പക്ഷേ, അവിടെ ഭക്ഷണമോ വസ്ത്രങ്ങളോ മറ്റ് സൗകര്യങ്ങളോ ഒന്നുമില്ല. ശൈത്യകാലത്തെ മറികടക്കാനുള്ള യാതൊന്നും അവരുടെ പക്കലില്ല. അവരുടെ കാര്യം നോക്കുന്ന ഓഫീസര്‍ ലീവ് കഴിഞ്ഞ് തിരിച്ചുവരുന്നത് വരെ അവര്‍ കാത്തിരിക്കേണ്ടി വരും. ഏഥന്‍സിലെ ഒരു സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഏതാനും ദിവസങ്ങള്‍ അവര്‍ക്ക് ഭക്ഷണമെത്തിച്ചിരുന്നു. കുറച്ച് വസ്ത്രങ്ങള്‍ അവര്‍ക്ക് നല്‍കുകയും, അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും, അവരുടെ കൂടെ കരയുകയും, പിരിയുമ്പോള്‍ കെട്ടിപ്പിടിയുകയും ചെയ്താണ് അവര്‍ പോയത്.

പക്ഷേ, സര്‍ക്കാറുകള്‍ക്കും വലിയ സംഘടനകള്‍ക്കും യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ക്കും ഹലീമയും കുട്ടികളും വെറും കണക്കുകള്‍ മാത്രമാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കാകട്ടെ, നാം ജീവിക്കുന്ന വ്യവസ്ഥിതി അടിസ്ഥാനപരമായിത്തന്നെ ശരിയല്ലെന്നും മാറ്റണമെന്നും തെളിയിക്കുന്ന ഉദാഹരണങ്ങളും.

അവലംബം: അല്‍ജസീറ

Related Articles