Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ഹിന്ദുത്വശക്തികള്‍ ബീഫില്‍ കടിച്ചുതൂങ്ങുന്നു?

cow-slaught.jpg

‘വിശുദ്ധമായ ചിന്തക്കും പ്രവൃത്തികള്‍ക്കും വെജിറ്റേറിയനിസം (Vegetarianism) അത്യന്താപേക്ഷിതമാണു. ഇത് ഒരു വിശുദ്ധിയുടെ മാര്‍ഗ്ഗമാണ്. നിങ്ങള്‍ വിതച്ചതാണു നിങ്ങള്‍ കൊയ്യുക. അറവുശാലകളിലേക്ക് എടുത്തെറിയപ്പെടുന്ന മിണ്ടാപ്രാണികളുടെ രോദനം നാം മനസ്സിലാക്കണം.’ 2003 ഒക്‌റ്റോബര്‍ 2ന് മഹാത്മാ ഗാന്ധിയുടെ 135ാം ജന്മദിനത്തില്‍ പോര്‍ബന്ദറില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടിയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യ മന്ത്രിയായിരുന്ന നരേന്ദ്ര മോദി പറഞ്ഞതാണിത്.

ഒരു ഹിന്ദു ഗ്രൂപ്പായ ‘ഹിന്ദു യുവക് മണ്ഡല്‍’ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയില്‍ പയുന്നു: ‘നമ്മള്‍ ഹിന്ദുക്കള്‍ പശുവിനെ മാതാവായും ദൈവിമായും കണക്കാക്കുന്നു. മുസ്‌ലിംകള്‍ ഒരു പശുവിനെ കൊന്നു. ഇതാണ് ഉണരാനുള്ള സമയം മുസ്‌ലിംകളെ തല്ലിക്കൊന്ന് ഈ ഹീനകൃത്യത്തിനു നമുക്ക് പ്രതികാരം ചെയ്യണം. പശുവിനെ കൊല്ലുന്നത് പോലുള്ള ഇത്തരം ഹീനകൃത്യം പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകളായ രാക്ഷസന്മാരെ കൊല്ലണം. അതുതന്നെയാണ് നമ്മുടെ യഥാര്‍ഥവും പവിത്രവുമായ കര്‍മ്മം.’

ആശയക്കുഴപ്പത്തിലാകേണ്ടതില്ല: ഈ ലഘുലേഖ ദാദ്രിയില്‍ നിന്നോ ഉത്തര്‍ പ്രദേശില്‍ നിന്നോ ഉള്ളതല്ല. അവിടെ കഴിഞ്ഞ സെപ്തംബര്‍ 28ന് പശുവിനെ മോഷ്ടിച്ചെന്നും, ബീഫ് കഴിച്ചെന്നും ആരോപിച്ച് ഒരു ഹിന്ദു സായുധസംഘം 50 വയസ്സുകാരനായ തല്ലിക്കൊന്നിട്ടുണ്ടായിരുന്നു. ഈ ലഘുലേഖ പഴയതും ഗുജറാത്തില്‍നിന്നുള്ളതുമാണ്. 1985ല്‍ നടന്ന ലഹളക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ഇത് വ്യാപകമായി വിതരണം ചെയ്തിട്ടുണ്ടായിരുന്നു. ലഘുലേഖ ഉപയോഗിച്ച്, മുസ്‌ലിംകള്‍ സാരുദാസിജി അമ്പലത്തിലെ ‘ജസോല’ എന്ന പശുവിനെ തലയറുത്തെന്നും ചോരയൊലിക്കുന്ന അതിന്റെ തല ക്ഷേത്രത്തിന്റെ പടിക്കല്‍ ഉപേക്ഷിക്കുകയും അതിന്റെ രക്തംകൊണ്ട് ‘ഹിന്ദുക്കള്‍ അവിശ്വാസികളും പന്നികളുമാണ്’ എന്നെഴുതിവെക്കുകയും ചെയ്തിട്ടുള്ളതായി കിംവദന്തി പരത്തുകയും ചെയ്തിരുന്നു.

ചരിത്രകാരനായ ഒര്‍ണീദ് ഷാനി പറയുന്നത്, 1985ലെ കലാപത്തിന്റെ ഗതി തിരിച്ചു വിടുന്നതില്‍ ഈ കിംവദന്തി നിര്‍ണായകമായ പങ്ക് വഹിച്ചിരിന്നുവന്നാണ്. ലഹള തുടങ്ങിയത് വരേണ്യ (ഹിന്ദു) ജാതിക്കാരില്‍നിന്നായിരുന്നു. സംവരണത്തിന്റെ ആനുകൂല്യം കൊണ്ട് സമൂഹത്തിന്റെ ഉന്നത ശ്രേണിയിലേക്ക് മുന്നേറുന്ന ദളിത് ജനവിഭാഗമായിരുന്നു അവരുടെ ഉഗ്രകോപത്തിന്റെ ആദ്യ ഇര. ഹിന്ദുത്വ അനുകൂലികള്‍ ജസോല സംഭവവുമായി ബന്ധപ്പെട്ട കിംവദന്തി ഉപയോഗപ്പെടുത്തി ദളിതുകളെ (വാസ്തവത്തില്‍, സ്ഥാനത്തിലും പഥ്യത്തിലും സാമ്യത പുലര്‍ത്തുന്നവരാണ് മുസ്‌ലിംകളും ദളിതുകളും) മുസ്‌ലിംകള്‍ക്കെതിരായ കലാപത്തില്‍
അവരുടെ കാലാള്‍പ്പടയായി ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക്, എന്തുകൊണ്ട് ദാദ്രി പോലുള്ള (ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരെ) വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ കഴിയുന്നില്ല എന്ന് ഈ സംഭങ്ങള്‍ വ്യക്തമാക്കുന്നില്ലേ?

‘കിംവദന്തി, പ്രത്യേകിച്ചും ഗോവധ സംബന്ധിയായ കിംവദന്തികള്‍, ചരിത്രപരമായി ആര്‍.എസ്.എസ്. (അതിന്റെ പൂര്‍വ്വ രൂപങ്ങളും) ‘ഭാരത മാതാവിനെ’ വികൃതമാക്കുന്ന മുസ്‌ലിം ശത്രു എന്ന ഒരു വ്യാജ പ്രതിബിംബം (false image) നിര്‍മ്മിച്ചെടുക്കുന്നതിന് സമര്‍ഥമായി ഉപയോഗിച്ചിട്ടുണ്ട്. തന്റെ ‘ഹിന്ദു ഹൃദയ സമ്രാട്ട്’ പട്ടം ഉണ്ടാക്കിയെടുക്കാന്‍ ഈ ‘ബീഫ് രാഷ്ട്രീയം’ സൗകര്യം പോലെ മോദിയും വിനിയോഗിക്കുകയുണ്ടായി’ എന്ന് കെ.എന്‍. പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇനി മോദിയുടെ പോര്‍ബന്ദറിലെ പ്രസംഗത്തിലേക്ക്, നരവംശശാസ്ത്രജ്ഞനായ പര്‍വിസ് ഗൊസ്സം ഫചന്ദി തന്റെ മാനവശശാസ്ത്ര രചനയായ ‘ഗുജറാത്തിലെ വംശഹത്യ'(Pogrom in Gujarat) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത് പോലെ, മോദി ഈ പ്രസംഗത്തില്‍ തീവ്രമായ രീതിയില്‍ വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണ ശൈലികളെ വിവേചിച്ച് സാംസാരിക്കുന്നുണ്ട്. ‘പുരാതന ഭാരതീയ വേദഗ്രന്ഥങ്ങള്‍പ്രകാരം ആമാശയത്തില്‍ (കുണ്ട്) തീ (അഗ്‌നി) ഉണ്ട്. പച്ചക്കറി, പഴം അല്ലെങ്കില്‍ ഭക്ഷ്യധാന്യം തീയിലേക്കിട്ടാല്‍ പിന്നെ ആ തീയേയും അതിന്റെ പാത്രത്തേയും ‘യാഗ്യ കുണ്ട്’ (യാഗാഗ്‌നിക്കുള്ള പാത്രം) എന്നു വിളിക്കുന്നു. എന്നാല്‍ ചത്ത മാംസത്തെ തീയിലേക്കിടുകയാണെങ്കില്‍ പിന്നെ, ആ തീ ‘ശ്മശാന ഭൂമിയുടെ’ അല്ലെങ്കില്‍ ചിതയുടെ തീ ആയി മാറുന്നു. യോഗ്യയുടെ (ബലി) തീ ജീവനും, ഊര്‍ജവും, ശക്തിയും, ഭക്തിയും പ്രദാനം ചെയ്യുമ്പോള്‍, ‘ശ്മശാനത്തിന്റെ തീ’ അഴുക്കില്‍ നിന്ന് അഴുക്കിലേക്കും ചാരത്തില്‍ നിന്ന് ചാരത്തിലേക്കും മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു.’ മോദി പറഞ്ഞു.

ഗസ്സം ഫചന്ദി തുടര്‍ന്ന് പറയുന്നത്, ‘യാഗ്‌ന ക്കും ‘ശ്മശാനത്തിനും അതായത് ബലി ജീവന്‍ നല്‍കുന്നതിന് എന്നും മാംസ ഉപഭോഗം മരണത്തെ അടയാളപ്പെടുത്തുന്നു എന്നതിനും ഇടയ്ക്ക് മോദി വരച്ച വിവേചനം, സസ്യാഹാരത്തിനും മാംസാഹാരത്തിനും ഇടയ്ക്കും, മുസ്‌ലിമിനും ഹിന്ദുവിനും ഇടയ്ക്കുമുണ്ടാക്കുന്ന വേര്‍തിരിവിന് സമമാണ്. ‘സസ്യാഹാരം കഴിക്കുന്നവര്‍ മാംസാഹാരം വെടിയുന്നതിലൂടെ തന്നെ ഒരു ത്യാഗം ചെയ്യുകയാണ്. എന്നാല്‍ മാംസാഹാരം കഴിക്കുന്നവര്‍ അവര്‍ സ്വമേധയാല്‍ ഒരു ചിതയായി മാറുന്നു. അവര്‍ വയറ്റിലാക്കിയ മൃത്യുവിന്റെ ഫലമായി അവര്‍തന്നെ മൃത്യുവായിത്തീരുന്നു’, അദ്ദേഹം എഴുതുന്നു. ഇത്തരം ചിന്ത നോണ്‍ വെജിറ്റേറിയനായ ആളുകളെ ഹിന്ദു സമൂഹത്തിനിടയിലും, അതുകൊണ്ട് തന്നെ ഭാരത സംസ്‌കാരത്തിനും അപരന്മാരാക്കി ചിത്രീകരിക്കുന്നു.

2001ല്‍ മോദി ഗുജറാത്ത് ആക്ടിങ്ങ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുസ്‌ലിംകള്‍ നിയമവിരുദ്ധമായി സ്വന്തമാക്കി വെച്ചിട്ടുള്ള അറവുശാലകളില്‍ ‘ഗോമാതാവിനെ (പശു) മോഷ്ടിച്ചെടുത്ത് കൊല്ലുന്നു’ എന്നാരോപിച്ച് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി സംസ്ഥാനത്തുടനീളം അദ്ദേഹം വര്‍ഗീയ ധ്രുവീകരണം നടത്തുകയുണ്ടായി. ഗുജറാത്ത് കേന്ദ്രമായുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാഗര്‍ റബാരി ഓര്‍ത്തെടുക്കുന്നത്: മോദി ഭരണകൂടം ചില സ്വകാര്യ മൃഗാവകാശ സംഘടനകളോടൊപ്പവും (ഏറെയും എന്‍.ജി.ഒ) സംഘ്പരിവാര്‍ അംഗീകാരത്തിലുള്ള മറ്റു സായുധ പശുസംരക്ഷണ കൂട്ടങ്ങളുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. മോദി മുന്‍ കയ്യെടുത്ത് മുസ്‌ലിം ഉടമസ്ഥതയിലുള്ള അറവുശാലകള്‍ക്കെതിരെ പോലിസ് നടപടികളും പ്രാദേശിക ഭാഷാ മാധ്യമങ്ങള്‍ അത് അസത്യങ്ങളും അര്‍ധസത്യങ്ങളുമാക്കി അവതരിപ്പിച്ച് കളം പ്രക്ഷുബ്ധമാക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു.

ഇത്തരം സംഘടനകള്‍ പുറത്തിറക്കുന്ന സാഹിത്യങ്ങളുടെ ഉള്ളടക്കം വായിച്ചാല്‍ വ്യക്തമാകുന്നത്, പശുക്കളെ സംരക്ഷിക്കുന്നതിനേക്കാള്‍ അവര്‍ക്ക് താല്‍പര്യം ‘ബീഫ് കഴിക്കുന്ന മുസ്‌ലിംകളെ’ കൊല്ലുന്നതിലാണ്. അവരുടെ പ്രചാരണങ്ങള്‍ ഗുജറാത്തിന്റെ ‘അഹിംസ’ പാരമ്പര്യത്തെ ഉയര്‍ത്തിക്കാണിക്കുന്നതും പശുവിനെ കൊല്ലുന്ന, ബീഫ് കഴിക്കുന്ന മുസ്‌ലിം, എന്നതിനെ അതിനോട് വൈരുദ്ധ്യപ്പെടുത്തുന്നതുമാണ്. മുസ്‌ലിംകളുടെ ഈ ഹിംസാത്മക ഭക്ഷണ ശീലം അവന്റെ ആചാരങ്ങളിലും ശാരീരിക പ്രവണതകളിലും പ്രതിഫലിക്കുന്നതായി പ്രചരണങ്ങള്‍ അപകടകരമാംവിധം പടച്ചുവിടുന്നു. മുസ്‌ലിം പുരുഷന്‍ ലൈംഗികമായി അപകടകരവും അക്രമാസക്തവുമാണെന്ന തരത്തില്‍ ഇത്തരം പ്രചരണങ്ങള്‍ ചിത്രീകരിക്കുന്നു. ഇതിലെ അപകടകരമായ ഘടകം, ഇങ്ങനെയുള്ള പുരുഷന്മാര്‍ സസ്യാഹാരികളായ (സാത്വിക്) ഉയര്‍ന്ന ജാതിയില്‍ പെട്ട ഹിന്ദു /ജൈന സ്ത്രീകള്‍ക്കു പിന്നാലെയാണെന്നതാണ് എന്നൊക്കെയാണ് കുപ്രചരണങ്ങള്‍ നടത്തിയിട്ടുള്ളത്. ഇങ്ങനെ, പ്രചരണങ്ങള്‍ നടത്തുകവഴി ഇത്തരം സംഭവങ്ങളെ ഹൈന്ദവ സമൂഹത്തിലെ ഒരു മൂര്‍ത്തമായ വിഭാഗത്തിന്റെ സാമാന്യബോധത്തിന്റെ ഭാഗമാക്കിയെടുക്കാനുള്ള ശ്രമം നടക്കുന്നു.

അഹിംസയും വിശുദ്ധപശു എന്ന മിത്തുമായിരുന്നു സത്യത്തില്‍ മോദിക്ക് ഗുജറാത്തില്‍ തന്റെ രാഷ്ട്രീയസ്ഥാനം സ്വരൂപിച്ചെടുക്കാനും, ദില്ലിയിലേക്കുള്ള പ്രയാണത്തില്‍ പ്രയോജനകരമായതും. 2012ല്‍ അന്താരാഷ്ട്ര ജൈന വ്യാപാര സംഘടനയുടെ ഒരു മീറ്റിങ്ങില്‍ ഗോ സംരക്ഷണാത്തിനായി മോദി അഭ്യര്‍ത്ഥന നടത്തിയിരുന്നു. അതേ വര്‍ഷം മഹാറാണ പ്രതാപിന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ വീണ്ടും ഇതാവര്‍ത്തിക്കുകയും, 2 വര്‍ഷത്തിനു ശേഷം ദില്ലിയില്‍ ബാബ രാംദേവ് നടത്തിയ ഒരു പരിപാടിയില്‍ അതുതന്നെ വീണ്ടും പറയുകയുമുണ്ടായി. എന്നാല്‍, നവാഡ, ബീഹാര്‍, ഖാസിയാബാദ്, യു.പി, എന്നിവിടങ്ങളിലെ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി അത് തന്ത്രപൂര്‍വ്വം ഒഴിവാക്കിയിരുന്നു.

‘പിങ്ക് റവല്യൂഷന്‍’ നടപ്പിലാക്കുന്നെന്ന് ആരോപിക്കപ്പെട്ടിരുന്ന യു.പി.എ ഗവണ്മെന്റുമായി അടുത്തു നിന്നിരുന്ന മുലായം സിങ്ങിനെയും ലാലു പ്രസാദ് യാദവിനേയും ആക്രമിക്കാന്‍ ശ്രീ കൃഷ്ണനും പശുവും തമ്മിലുള്ള ബന്ധം എന്നുള്ള പ്രതിബിംബമെല്ലാം മോദി സമര്‍ത്ഥമായി ഉപയോഗിച്ചു. മുസ്‌ലിം മാംസവില്‍പനക്കാര്‍ ഗോമാതാവിനെ മോഷ്ടിക്കുന്നു എന്ന കിംവദന്തിയും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇത്തരം എല്ലാ പ്രചരണങ്ങള്‍ക്ക് മറവിലും, മോദി അധികാരത്തില്‍ വന്ന ആദ്യ വര്‍ഷത്തെ കണക്കുപ്രകാരം തന്നെ (ബീഫ്) കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തേതില്‍ നിന്ന് വളര്‍ച്ചയാണു രേഖപ്പെടുത്തുന്നത്. അതേസമയം, അദ്ദേഹത്തിന്റെ (വിദ്വേഷ പ്രസംഗത്തിനു നിയോഗിക്കപ്പെട്ട) കൂട്ടാളികള്‍ മോദിയുടെ സസ്യാഹാര ശീലത്തെച്ചുറ്റിപ്പറ്റി അദ്ദേഹത്തിന് ഒരു തേജോവലയം ഉണ്ടാക്കിയെടുക്കുകയും, മറുവശത്ത്, ‘മാംസാഹാരിയായ അപരന്‍’ എന്ന ഒരു പ്രതിബിംബത്തെ വളരെ സൂക്ഷ്മമായി സൃഷ്ടിച്ചെടുത്ത് അതിനെ ഇന്ത്യയിലെ ‘മ്ലേച്ഛന്മാര്‍’ എന്ന് മുദ്രകുത്തുകയും ചെയ്യുന്നു. എന്നാല്‍ പശു എന്നത് ഒരു വിശുദ്ധ മൃഗമേയല്ലെന്ന് ഡി.എന്‍. ഝായുടെ നൂതന ഗവേഷണങ്ങള്‍ (Holy Cow: Beef in India Dietary Traditions[2002], Myth of The Holy Cow[2009]) ശാസ്ത്രീയമായ ചരിത്രപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സംഘ് പരിവാരങ്ങള്‍ സ്തുതിഗീതം പാടുന്ന ചരിത്ര കാലമായ ‘വേദ’, ‘വേദാനന്തര’ കാലഘട്ടങ്ങളില്‍ വരേണ്യ ഹിന്ദു വിഭാഗത്തില്‍ വ്യാപകമായി കന്നുകാലികളെ കൊല്ലുകയും ബീഫ് ഭക്ഷിക്കുന്നതായും തെളിവ് സഹിതം സ്ഥാപിക്കുന്നുണ്ട്. ദലിതുകളും ആദിവാസികളും ഉള്‍പ്പെടെ ബീഫ് കഴിക്കുന്ന മുസ്‌ലിംകളേയും മറ്റും വേര്‍തിരിച്ചു കാണിക്കുന്നത്. സഹജമായി ന്നെ ഹിന്ദുത്വ എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതും ഹിന്ദു രാഷ്ട്രം എന്ന അതിന്റെ സ്വപ്ന  പദ്ധതിയുടെ ഒഴിച്ചുകൂടാനാകാത്തതുമാണ്. അതൂകൊണ്ടാണ് ഹിന്ദു ഹൃദയ സാമ്രാട്ട് നരേന്ദ്ര മോദിക്കപ്പുറം, ഒരു ഭൂതകാല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആശാന്, മുഹമ്മദ് അഖ്‌ലാക്കിനെ പോലുള്ളവരുടെ കുടുംബങ്ങളോട് ഒരു ആത്മാര്‍ത്ഥമായ മാപ്പ് പോലും പറയാനാകാത്തത്.

മൊഴിമാറ്റം: റഖീബ് ടി.സി
അവലംബം: തെഹല്‍ക

Related Articles