Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ടാണ് മോദി ഭക്തര്‍ നെഹ്‌റുവിനെ വെറുക്കുന്നത്?

nehru6455.jpg

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദള്‍ അയോധ്യയില്‍ വെച്ച് സൈനിക രീതിയിലുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പതിവ്‌പോലെ വളരെ സാവധാനമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അതിനോട് പ്രതികരിച്ചത്. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ എഫ്.ഐ.ആര്‍ എഴുതാന്‍ ഒരാഴ്ച്ച എടുത്തു.

വലതുപക്ഷ സംഘത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ സംഗതിയല്ല. പ്രസ്തുത പരിശീലന ക്യാമ്പിന്റെ ഹൈക്വാളിറ്റി വീഡിയോ ഫൂട്ടേജാണ് പുതിയ സംഗതി.

പക്ഷെ, ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശില്‍പ്പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 53-ാം ചരമവര്‍ഷികത്തില്‍ എന്തിനാണ് ഞാനിതിനെ കുറിച്ച് പരാമര്‍ശിക്കുന്നത്? ഉദാര, മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ഈ രാഷ്ട്രതന്ത്രജ്ഞന്‍, ഇന്ന് അതേ മൂല്യങ്ങളുടെ പേരില്‍ അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കുറുവടിയും, തോക്കും, വാളും മറ്റു ആയുധങ്ങളും കൈയ്യിലേന്തിയ ആര്‍.എസ്.എസ് ക്യാമ്പുകളിലെ യുവാക്കള്‍ ആധുനിക ഇന്ത്യയുടെ ശില്‍പ്പിയെ വെറുക്കാനാണ് ഇഷ്ടപ്പെടുന്നത്. ഹിന്ദു വര്‍ഗീയത പോലെ തന്നെ മുസ്‌ലിം വര്‍ഗീയതയും രാഷ്ട്രത്തിന് വലിയ ഭീഷണിയാണെന്ന് ഗാന്ധിജിക്ക് ശേഷം നെഹ്‌റുവും തുറന്ന് പറഞ്ഞിരുന്നുവെന്നത് ശ്രദ്ധേയമാണ്. സ്വാതന്ത്ര്യത്തിന് ശേഷം, മുസ്‌ലിം വര്‍ഗീയത പാകിസ്ഥാനില്‍ ഒരു രാഷ്ട്രമായി രൂപം പ്രാപിച്ചു കഴിഞ്ഞെന്നും, അതുകൊണ്ടു തന്നെ ഹിന്ദു വര്‍ഗീയത ഇന്ത്യക്ക് വലിയ ഭീഷണിയാണെന്നും നെഹ്‌റു പ്രഖ്യാപിച്ചു.

ആര്‍.എസ്.എസ്സിന്റെയും ഹിന്ദു സംഘടനകളുടെയും അത്തരം പ്രകടനങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. ജീവിതത്തിലുടനീളം ഇത്തരം സംഘടനകള്‍ക്കെതിരെ നിലപാട് കൈകൊണ്ട അദ്ദേഹം, ഹിന്ദു രാഷ്ട്രം എന്ന ആശയത്തോട് യാതൊരുവിധത്തിലുള്ള സഹിഷ്ണുതയും കാണിച്ചിരുന്നില്ല. 1947 ഡിസംബര്‍ 7-ന് മുഖ്യമന്ത്രിമാരെ അഭിസംബോധന ചെയ്ത് എഴുതിയ ഒരു നീണ്ട കത്തില്‍, ഇത്തരം സംഘടനകളുടെ നശീകരണ സ്വഭാവത്തെ കുറിച്ചും, ആര്‍.എസ്.എസ്സിന്റെ ഫാസിസ്റ്റ് പ്രവണതകളെ കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചിരുന്നു.

നെഹ്‌റു എഴുതി, ‘ചില പ്രവിശ്യകളില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച വലിയ പ്രകടനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. 144-ാം വകുപ്പ് പോലുള്ള നിരോധാജ്ഞകള്‍ നിലനില്‍ക്കെ തന്നെയാണ് ഈ പ്രകടനങ്ങള്‍ നടക്കുന്നത്. ചില പ്രവിശ്യഭരണകൂടങ്ങള്‍ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ച് കാണുന്നില്ല. കൂടാതെ ഈ ക്രമരാഹിത്യം വകവെച്ച് നല്‍കുകയും ചെയ്യുന്നുണ്ട്. ഈ വിഷയത്തില്‍ നിങ്ങളെടുക്കുന്ന തീരുമാനത്തില്‍ ഇടപെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഇത് ഇങ്ങനെ അവഗണിച്ച് തള്ളിയാല്‍ അതിന്റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കുമെന്ന വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.’

ഇത്തരമൊരു കടുത്ത നിലപാട് ഒരു സ്വയം സേവക് പ്രധാനമന്ത്രിയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയുമോ?

രാഷ്ട്രപിതാവ് കൊല്ലപ്പെടുന്നതിന് ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് നെഹ്‌റു എഴുതി: ‘ആര്‍.എസ്.എസ് ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവം കൈവരിച്ചിരിക്കുന്നു എന്നതിന് നമ്മുടെ പക്കല്‍ ഒരുപാട് തെളിവുകളുണ്ട്. നാസി പാര്‍ട്ടിയുടെ കൃത്യനിഷ്ഠതയോടെയാണ് അത് മുന്നോട്ട് പോകുന്നത്, നാസികളുടെ പ്രവര്‍ത്തന രീതി പോലും അവര്‍ പിന്തുടരുന്നുണ്ട്. പൗരാവകാശങ്ങളില്‍ ഇടപെടാന്‍ നാം ആഗ്രഹിക്കുന്നില്ല. പക്ഷെ ഉപയോഗിക്കണമെന്ന വ്യക്തമായ ഉദ്ദേശത്തോടെ ഒരു വലിയ സംഘം ആളുകള്‍ ആയുധ പരിശീലനം നടത്തുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയാത്ത കാര്യമാണ്. തീര്‍ച്ചയായും ആര്‍.എസ്.എസ് കരുതികൂട്ടി തന്നെ നിലവിലെ കേന്ദ്ര, പ്രവിശ്യാ സര്‍ക്കാറുകള്‍ക്ക് എതിരാണ് എന്ന വസ്തുത പരിഗണിക്കണം. അവര്‍ക്കെതിരെ നടപടി കൊള്ളേണ്ടതിന് അത് തന്നെ ധാരാളമാണ്. നിയമവിധേയമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും അനുവദിക്കപ്പെടും. പക്ഷെ എല്ലാവിധ പരിധികളും ലംഘിച്ച് കൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. അവരുടെ മേല്‍ ഒരു കണ്ണ് ഉണ്ടായിരിക്കാന്‍ പ്രവിശ്യസര്‍ക്കാറുകള്‍ ശ്രദ്ധപുലര്‍ത്തുകയും, അനിവാര്യ നടപടികള്‍ കൈകൊള്ളുകയും വേണം.’

നീണ്ട പത്തു വര്‍ഷകാലത്തോളം ജയില്‍വാസമനുഷ്ഠിച്ച ഈ സ്വാതന്ത്ര്യസമരസേനാനി, വര്‍ഗീയതയെ ചെറുക്കുന്നതിന് വേണ്ടി എഴുതി: ‘സമുദായങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചതിന്റെ പേരില്‍ പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ ചില പ്രവിശ്യാഭരണകൂടങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പാകിസ്ഥാന് പുറത്തുള്ള മറ്റു പത്രങ്ങളേക്കാളും, പ്രസിദ്ധീകരണങ്ങളേക്കാളും ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പഴിപറയേണ്ടത് ആര്‍.എസ്.എസ്സിന്റെ പത്രങ്ങളെ തന്നെയാണ്. ഇത്ര തീവ്രമായ രീതിയില്‍ സാമുദായിക വികാരം ആളികത്തിക്കാന്‍ അവര്‍ക്കെങ്ങനെ സാധിക്കുന്നു എന്ന് അത്ഭുതകരമായ കാര്യം തന്നെയാണ്.’

ഹിറ്റ്‌ലര്‍, മുസോളിനി എന്നീ ഏകാധിപതികള്‍ ഒരുപാട് തവണ നെഹ്‌റുവിനെ തങ്ങളുടെ രാജ്യങ്ങളിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും, അവരുടെ ക്ഷണം സ്വീകരിക്കാനും, അവരെ പോയി കാണാനും വിസമ്മതിച്ച ഈ അഹിംസാ പോരാളി, ആര്‍.എസ്.എസ്സിന്റെ ജനിതകഘടന വ്യഖ്യാനിച്ച് കൊണ്ട് ഇങ്ങനെ എഴുതി, ‘ജര്‍മനിയില്‍ നാസി പ്രസ്ഥാനം വികാസം പ്രാപിച്ചത് ഏത് രീതിയിലായിരുന്നു എന്നതിനെ സംബന്ധിച്ച് എനിക്ക് ചില അറിവുകളുണ്ട്. അതിന്റെ ഉപരിപ്ലവമായ അച്ചടക്കമുറകളിലും, കപടോപായങ്ങളിലും ആകൃഷ്ടരാകപ്പെട്ട, അധികമൊന്നും ചിന്താശേഷിയില്ലാത്ത, മധ്യവര്‍ഗത്തിന് താഴെ നില്‍ക്കുന്ന സാമ്പത്തികശേഷിയുള്ള പുരുഷന്‍മാരും സ്ത്രീകളുമാണ് നാസി പാര്‍ട്ടിയിലേക്ക് ഒഴുകിയത്. അവരുടെ നയപരിപാടികളായിരുന്നു ആ ഒഴുക്കിന് കാരണം. ആ നയപരിപാടികള്‍ ലളിതവും അതേസമയം നിഷേധാത്മകവുമായിരുന്നു. ബൗദ്ധികശേഷിയുടെ സജീവപ്രവര്‍ത്തനമൊന്നും അതിന് ആവശ്യമുണ്ടായിരുന്നില്ല. നാസി പാര്‍ട്ടി ജര്‍മനിയെ നാശത്തിലേക്കാണ് കൊണ്ട് പോയത്. ഇത്തരം പ്രവണതകള്‍ ഇന്ത്യയില്‍ വ്യാപിക്കാനും വര്‍ദ്ധിക്കാനും നാം അനുവദിച്ചാല്‍, അത് ഇന്ത്യക്ക് കനത്ത പരിക്കുകള്‍ ഏല്‍പ്പിക്കുമെന്ന് ഞാന്‍ സംശയിക്കുന്നു. ഇന്ത്യ അതിനെ അതിജീവിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. പക്ഷെ ഇന്ത്യക്ക് മാരകമായ പരിക്കേല്‍ക്കും. ആ മുറിവുകള്‍ ഉണങ്ങാന്‍ വളരെ കാലം കാത്തിരിക്കേണ്ടി വരും.’

അത്തരത്തില്‍ ഇന്ത്യക്ക് മുറിവേല്‍പ്പിച്ചവരാണ് ഇന്ന് നെഹ്‌റുവിനെതിരെ പ്രചാരവേലകള്‍ നടത്തിക്കൊണ്ടിരിക്കുകയും, അദ്ദേഹത്തിനെതിരെ വെറുപ്പ് പരത്തികൊണ്ടിരിക്കുകയും ചെയ്യുന്നത്. പുസ്തകങ്ങളില്‍ അദ്ദേഹത്തിന്റെ പേര് അച്ചടിച്ച് വരുന്നതും, സത്യസന്ധരായ ജനസേവകര്‍ അദ്ദേഹത്തെ ആദരിക്കുന്നതും അക്കൂട്ടര്‍ക്ക് സഹിക്കാന്‍ പോലും കഴിയില്ല.

രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്ത അവര്‍, അദ്ദേഹത്തെ താറടിച്ച് കാണിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തുന്നുണ്ട്. മധ്യപ്രദേശിലെ ബാര്‍വാണിയിലെ കളക്ടര്‍ അജയ് ഗാംഗ്‌വാര്‍ പോലും മാര്‍ച്ചിംഗ് ഓര്‍ഡറിന് വിധേയനായി. ഫേസ്ബുക്കില്‍ നെഹ്‌റുവിനെ വാഴ്ത്തികൊണ്ടും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എന്നതായിരുന്നു കളക്ടര്‍ ചെയ്ത കുറ്റം.
(ഇന്ത്യാ ടുഡേയുടെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റാണ് ലേഖകന്‍)

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles