Current Date

Search
Close this search box.
Search
Close this search box.

എന്തിന് ഗോമാംസം നിരോധിക്കണം?

cow-ban.jpg

ഒരു വിഭാഗം ആളുകളുടെ വിശ്വാസത്തെ തകര്‍ക്കുക എന്ന നിഗൂഢ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലുള്ള സംഘ്പരിവാറിന്റെ ഒളിയജണ്ടകളില്‍ ഒന്നാണ് ഗോമാംസ നിരോധനം. ഗോമംസ നിരോധനത്തിനൂവേണ്ടി മുറവിളികൂട്ടുന്നവര്‍ ഒരു തവണ ഹൈന്ദവ വേദങ്ങള്‍ വായിക്കാന്‍ തയ്യാറാകണമെന്നാണ് ഈയുള്ളവന് ആദ്യം ആവശ്യപ്പെടാനുള്ളത്. ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ ദേവന്മാരടക്കമുള്ള പലരും മാംസാഹാരം കഴിച്ചതായി പരാമര്‍ശിക്കുന്നുണ്ട്. രാമന്‍, ഇന്ദ്രന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയവരെല്ലാം മൃഗങ്ങളെ വേട്ടയാടിയും അറുത്തും ഭക്ഷിച്ചതായി വേദ ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാം. അതുകൊണ്ട് സംഘ്പരിവാര്‍ നിലപാട് ഹൈന്ദവ ധര്‍മത്തിന് ഒട്ടും യോജിച്ചതല്ല. മാത്രവുമല്ല, ഗോബലി നിരോധിക്കുന്ന മോദി യഥാര്‍ത്ഥ ഹൈന്ദവ വിശ്വാസിയോ അതോ ഹൈന്ദവ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നിരാകരിച്ച് പുതിയൊരു ഹൈന്ദവ ധര്‍മത്തിന് നാന്ദികുറിക്കാന്‍ വന്ന അവതാര പുരുഷനോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

‘ബലി’ എന്ന വൈദിക പദം ‘യസ്‌ന’ എന്നാണ് അവെസ്തയില്‍ ഉപയോഗിച്ചിട്ടുള്ളത്. കന്നുകാലികള്‍, കുതിര, ആട്, പന്നി മുതലായവയുടെ ബലിയെക്കുറിച്ച് വേദങ്ങളില്‍ പലയിടങ്ങളിലും പരാമര്‍ശിച്ചിട്ടുള്ളതുപോലെ അവെസ്തയില്‍ 100 കുതിരകളെയും 10,000 ആടുകളെയും 1000 ഒട്ടകങ്ങളെയും ബലി കഴിച്ചതായി പ്രസ്താവിക്കുന്നുണ്ട്.

ദേവന്മാര്‍ക്ക് പ്രത്യേകിച്ച് വേദങ്ങളിലെ ഏറ്റവും മഹാനും ശക്തനും ഭീമാകാരനും ശത്രുവിന്റെ കോട്ടകളെ നശിപ്പിക്കുന്നവനുമായ ഇന്ദ്രന് നിവേദിക്കാന്‍ കാളയിറച്ചി വേവിക്കുന്നതിനെക്കുറിച്ച് ഋഗ്വേദത്തില്‍ പലതവണ പരാമര്‍ശിക്കുന്നുണ്ട്. ഒരിടത്ത് ഇന്ദ്രന്‍ പറയുന്നു: ‘എനിക്കുവേണ്ടി അവര്‍ പതിനഞ്ചും ഇരുപതും കാളകളെ കശാപ്പുചെയ്തു (ഉക്ഷണോ ഹി മോ പഞ്ചദശ സാകംപിചന്തി വിംശതിം)’. ഇന്ദ്രന്‍ മൂരികളുടെയും ഒന്നോ നൂറോ പോത്തുകളുടെയും അല്ലെങ്കില്‍ അഗ്നിയില്‍ പൊരിച്ചെടുത്ത മുന്നൂറ് പോത്തുകളുടെയും മാംസം ഭക്ഷിച്ചിട്ടുള്ളതായി വിസ്തരിക്കുന്നു.

കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ബലികഴിച്ചിരുന്ന സോമയാഗം അടിസ്ഥാനപരമായ ഒരു വൈദിക കര്‍മമായി പരിഗണിക്കപ്പെട്ടിരുന്നു. യാഗങ്ങളില്‍ ഏറ്റവും പ്രശസ്തവും ഋഗ്വേദത്തില്‍ ആദ്യം പരാമര്‍ശിച്ചിട്ടുള്ളതും ബ്രാഹ്മണങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതുമായ അശ്വമേധത്തില്‍ അറുന്നൂറില്‍ പരം പക്ഷികളെയും മൃഗങ്ങളെയും ബലിയര്‍പ്പക്കുന്നു. യാഗാവസാനം ഇരുപത്തൊന്ന് മച്ചിപ്പശുക്കളെ കൊല്ലണമെന്നാണ് ചട്ടം. തൈത്തീരിയ സംഹിതയില്‍ (6. 11-20) പറയുന്നത്, കുതിരകളും മൂരികളും പശുക്കളും ആടകളും മാനുകളും ഉള്‍പ്പെടെ 180 മൃഗങ്ങളെ ബലികഴിക്കണമെന്നാണ്. ബലികഴിക്കപ്പെട്ട മൃഗത്തിന്റെ മാംസം മനുഷ്യന് ഭക്ഷിക്കാനുള്ളതാണെന്ന് തൈത്തീരിയ സംഹിതയില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

അതിഥികളെ സല്‍ക്കരിക്കാന്‍ കന്നുകാലികളെ കൊല്ലുന്ന പതിവ് പണ്ടുമുതലേ ഉണ്ടായിരുന്നു. ഋഗ്വേദത്തിലെ (10.68.3) ‘അതിഥിനിര്‍’ എന്ന പദത്തിന് ‘അതിഥികള്‍ക്ക് അനുയോജ്യമായ പശു എന്നാണര്‍ഥം’. അതിഥികള്‍ക്ക് വേണ്ടി പശുവിനെ കൊല്ലുന്നവന്‍ എന്നര്‍ഥമുള്ള ‘അതിഥിഗ്വാ’യെക്കറിച്ചും വേദത്തില്‍ പരാമര്‍ശമുണ്ട്. വിവാഹം പോലുള്ള ആഘോഷ വേളകളിലും പശുവിനെ കൊല്ലുന്ന പതിവുണ്ടായിരുന്നു.

പണ്ഡിതനും ദീര്‍ഘായുസ്സുള്ളവനുമായ ഒരു പുത്രനെ വേണമെന്നാഗ്രഹിക്കുന്നയാള്‍ മാട്ടിറച്ചി അല്ലെങ്കില്‍, പശുക്കിടാവിന്റെയോ മറ്റോ മാംസം, ചോറും നെയ്യും കലര്‍ത്തി സേവിക്കുകയും കുഞ്ഞിന് ആറ് മാസം പ്രായമായാല്‍ അതിനു ഭരദ്വാജി (ചെമ്പോത്ത്), ചിത്തിര, കൃകണം മുതലായ പക്ഷികളുടെ മാംസവും മത്സ്യവും നല്‍കുകയും വേണമെന്ന് ഉപനിഷത്തുകളില്‍ പറയുന്നു.

സ്വാമി വിവേഗാനന്ദന്‍ മത്സ്യ-മാംസാദി ഭക്ഷണം കഴിക്കുന്നതി അനുവാദം നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ ചില സംഭാഷണങ്ങളില്‍ നിന്നും വ്യക്തമാണ്.
സ്ഥലം: പണി നടക്കുന്ന ബേലൂര്‍മഠം, കാലം-1898
ശിഷ്യന്‍: സ്വാമിജി, ഭക്ഷ്യാഭക്ഷ്യങ്ങളും ധര്‍മ്മാചരണവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ?
സ്വാമിജി: ഏറെക്കുറെ ഉണ്ടല്ലോ.
ശിഷ്യന്‍: മത്സ്യ-മാംസങ്ങള്‍ കഴിക്കുന്നത് ഉചിതവും ആവശ്യവുമാണോ?
സ്വാമിജി: വേണ്ടുവോളം കഴിക്കൂ കുഞ്ഞേ! അതു കൊണ്ടെന്തെങ്കിലും പാപമുണ്ടെങ്കില്‍ അതു ഞാനേറ്റു. നിന്റെ ആളുകളുടെ മുഖത്തേയ്‌ക്കൊന്നു തിരിഞ്ഞു നോക്ക് -മുഖത്തു മ്ലാനതയുടെ കരിനിഴല്‍- നെഞ്ചകത്തും പൗരുഷമില്ലായ്മയും ആലസ്യവും- വീര്‍ത്ത കുമ്പ, കൈയ്ക്കും കാലിനും ബലമില്ല-ഭീരുക്കള്‍, ശപ്പന്മാര്‍.
ശിഷ്യര്‍: മത്സ്യമാംസം കഴിക്കുന്നതുകൊണ്ടു പ്രയോജനമുണ്ടെങ്കില്‍ ബുദ്ധമതവും വൈഷ്ണവധര്‍മ്മവും ‘അഹിംസാ പരമോ ധര്‍മ്മഃ‘ എന്നു പറയാന്‍ കാരണമെന്ത്?
സ്വാമിജി: ബുദ്ധമതവും വൈഷ്ണവധര്‍മ്മവും വെവ്വേറെയല്ല. ബൗദ്ധധര്‍മ്മം മരിക്കാറായപ്പോള്‍, ഹിന്ദുമതം അതിലെ ചില നിയമങ്ങളെടുത്തു സ്വന്തമാക്കി. ഈ ധര്‍മമാണ് ഇപ്പോള്‍ ഭാരതത്തില്‍ വൈഷ്ണവധര്‍മ്മമെന്ന പേരില്‍ പ്രസിദ്ധമായിരിക്കുന്നത്. അഹിംസാപരമോ ധര്‍മ്മഃ എന്ന ബൗദ്ധസിദ്ധാന്തം വളരെ ശ്രേഷ്ഠം തന്നെ; എന്നാല്‍ അധികാരിഭേദം നോക്കാതെ രാജശാസനം മൂലം ഈ നിയമം സാമാന്യജനങ്ങളുടെയെല്ലാം മേല്‍ അടിച്ചേല്‍പ്പിക്കുക കാരണം ബുദ്ധമതം നാടിനെ അപ്പാടേ നശിപ്പിച്ചു കളഞ്ഞു. ഫലത്തില്‍ വന്നുകൂടിയതോ; ആളുകള്‍ ഉറുമ്പിനു പഞ്ചസാര കൊടുക്കും; അതേ സമയം പണത്തിനുവേണ്ടി സ്വന്തം സഹോദരന്റെ വീട് കുളം തോണ്ടുകയും ചെയ്യും. ഇങ്ങനെ ബകഃ പരമധാര്‍മ്മികഃ (ബകഃ- ഒറ്റക്കാലില്‍ തപസ്സാണെന്നു നടിക്കകയും അടുത്തെത്തുന്ന മത്സ്യങ്ങളെ പിടിച്ചു ശാപ്പിടുകയും ചെയ്യുന്ന കൊറ്റി) എന്ന മട്ടുകാരെ ഞാനീ ജന്മത്തില്‍ അനവധി കണ്ടിരിക്കുന്നു. മറുവശത്ത് ഇതും നോക്കൂ: വൈദിക ധര്‍മ്മത്തിലും മനുസ്മൃതിയിലും മത്സ്യമാംസം കഴിക്കാന്‍ വിധിയുണ്ട്. കൂടെ അഹിംസയുടെ കാര്യവുമുണ്ട്. അധികാരിഭേദമനുസരിച്ച് ഹിസയും അഹിംസാ ധര്‍മ്മവും പരിപാലിക്കാനാണ് വ്യവസ്ഥ. ശ്രുതി പറയുന്നു: മാ ഹിംസ്യാത് സര്‍വ്വ ഭൂതാനി –  ‘ഒരു പ്രാണിക്കും പീഢയുണ്ടാകരുത്’. മനുവും അരുളുന്നു: നിവൃത്തിസ്തു മഹാഫലാ –  ‘ഭോഗത്യാഗം മഹത്തായ ഫലം തരും’. (വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം-വാള്യം:6, പേജ്: 159,160)

അതുപോലെത്തന്നെ അഥിതി സല്‍ക്കാരവുമായി ബന്ധപ്പെട്ട മധുപര്‍ക (തൈര്, നെയ്യ്, ജലം, തേന്‍, കല്‍ക്കണ്ടം എന്നിവഞ്ചും ചേര്‍ത്ത് ഉണ്ടാക്കി, അതിഥികള്‍ക്കും ദേവതകള്‍ക്കും സമര്‍പ്പിക്കുന്ന പൂജാദ്രവ്യം)ത്തെക്കുറിച്ച് ഗൃഹ്യസൂത്രവിധി (1.24)യില്‍ ഇപ്രകാരം വായിക്കാം: നാമാംസോ മധുപര്‍കഃ– ‘മാംസം ചേര്‍ക്കാതെ മധുപര്‍ക്കം പാടില്ല’. അതിനാല്‍ മാംസം ചേര്‍ത്തും മധുപര്‍ക്കം ഉണ്ടാകാറുണ്ട്.

ചുരുക്കത്തില്‍ മൃഗബലിക്ക് പണ്ട് വലിയ പ്രാധാന്യം കല്‍പിച്ചിരുന്നുവെന്ന് വേദകാലത്തെ കൃതികളില്‍ നിന്നും മനസ്സിലാക്കാം. മാത്രവുമല്ല, ഗോ ഉള്‍പ്പെടെ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത എല്ലാ മൃഗങ്ങളെയും അറുത്ത് ഭക്ഷിക്കുവാന്‍ ഹൈന്ദവ ധര്‍മം അനുവാദം നല്‍കിയിട്ടുണ്ടെന്നും വേദങ്ങള്‍ സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയാല്‍ നമുക്ക് അറിയാന്‍ സാധിക്കും. എന്നാല്‍, ഗോബലി കര്‍ശനമായും വിലക്കുകയും അവയെ ദൈവമായി കാണുകയും ചെയ്യുന്നവര്‍ ഈ ദൈവം സ്വന്തം കൃഷിയിടത്തിലേക്ക് കയറി വിളവ് തിന്നാല്‍ തുടങ്ങിയാല്‍ ആരും നോക്കി നില്‍ക്കാറില്ല എന്നതാണ് കൗതുകകരം. അതുകൊണ്ട് ദൈവം അനുവദിച്ചുതന്ന ഭക്ഷണത്തെ നിരോധിക്കാന്‍ ഒരു സൃഷ്ടിക്കും അനുവാദവും അവകാശവുമില്ല. പിന്നെ സംഘ്പരിവാര്‍ തീരുമാനം ദൈവാനുസരണമോ ദൈവ ധിക്കാരമോ?

Related Articles