Current Date

Search
Close this search box.
Search
Close this search box.

എന്താണ് ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയോട് ചെയ്തത്?

colonial.jpg

കൊളോണിയല്‍ കാലഘട്ടവുമായി ബന്ധപ്പെട്ട് ഓക്‌സ്‌ഫോര്‍ഡില്‍ നടന്ന ഒരു സംവാദത്തില്‍ ശശി തരൂര്‍ സംസാരിക്കുന്നതിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ സാമ്പദ്ഘടനക്കുണ്ടായ നഷ്ടങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ പ്രായശ്ചിത്തം ചെയ്യണം എന്ന ഒരു അഭ്യര്‍ത്ഥന പ്രസ്തുത വീഡിയോയില്‍ തരൂര്‍ ബ്രിട്ടീഷുകാരോട് നടത്തുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചക്ക് കാരണക്കാരായി ബ്രിട്ടീഷുകാരെ പഴിച്ച അദ്ദേഹം, ബ്രിട്ടീഷുകാര്‍ തങ്ങളുടെ കോളനികളോട് കാണിക്കുന്ന സമീപനത്തിന് ഉദാഹരണമായി ജാലിയന്‍വാലാ ബാഗിനേയും, ബംഗാള്‍ ക്ഷാമത്തെയും എടുത്തു പറഞ്ഞു. സാമ്പത്തിക സമൃദ്ധി കൈവരിക്കുന്നതിനും, വ്യവസായ വിപ്ലവത്തിന് ആവശ്യമായ ധനം കണ്ടെത്തുന്നതിനും വേണ്ടിയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ വിഭവങ്ങള്‍ ഉപയോഗിച്ചതെന്ന് തരൂര്‍ ചൂണ്ടികാട്ടി.

എങ്കിലും, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് (2005), വളരെ വ്യത്യസ്തമായ ഒരു വാദമാണ് ഉന്നയിച്ചത്. ബ്രിട്ടീഷ് സര്‍ക്കാറിന്റെ അതിഥി എന്ന നിലയില്‍ അവിടെയെത്തിയ ഡോ. സിങ് ബ്രിട്ടീഷ് ഭരണകാലത്തെ പ്രശംസിച്ചു, ഇന്ത്യ ഏറെ ഉപയോഗപ്പെടുത്തിയ ബ്രിട്ടീഷുകാരുടെ സംഭാവനകള്‍ എന്ന നിലയില്‍ നിയമവാഴ്ച്ച, ഭരണഘടനാനുസൃതമായ സര്‍ക്കാര്‍, മാധ്യമ സ്വാതന്ത്ര്യം എന്നിവയുടെ എല്ലാ ക്രെഡിറ്റും ഡോ. സിങ് ബ്രിട്ടീഷുകാര്‍ക്ക് നല്‍കി.

അപ്പോള്‍ സത്യം എന്താണ്? ഈ രണ്ട് കോണ്‍ഗ്രസ്സുകാര്‍ നടത്തിയ പ്രസംഗങ്ങളുടെ സന്ദര്‍ഭവും, രീതിയും മാത്രമല്ല വളരെ വ്യത്യസ്തമായിട്ടുള്ളത്, പ്രസംഗങ്ങളുടെ ഉള്ളടക്കവും മൊത്തത്തില്‍ രണ്ട് ദിശയിലാണ് സഞ്ചിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഒരു അതിഥി എന്ന നിലയില്‍ ഡോ. സിങ് വളരെ മൃദുലനാണ്, ഒരു മാതൃകാ അതിഥി എന്ന നിലക്കാണ് അദ്ദേഹം പെരുമാറിയതും, ബ്രിട്ടീഷ് ഭരണകാലത്തിന്റെ സംഭാവനകള്‍ ചൂണ്ടികാണിച്ചതും. അദ്ദേഹം പറഞ്ഞതില്‍ ചില സത്യങ്ങള്‍ ഉണ്ട് താനും. തരൂരാവട്ടെ ഭൂതകാല ഓര്‍മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലക്ക്, ഈ രാജ്യത്തെ കൊള്ള ചെയ്ത ബ്രിട്ടീഷ് ഭരണത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണിത്. ബ്രിട്ടീഷുകാരുടെ പ്രാഥമിക ലക്ഷ്യത്തെ കുറിച്ചാണ് തരൂരിന്റെ സംസാരം, അതേസമയം ബ്രിട്ടീഷ് ഭരണത്തിലൂടെ ആകസ്മികമായി സംഭവിച്ച ഒരു വശത്തെ സംബന്ധിച്ചാണ് ഡോ. സിങ് സൂചിപ്പിച്ചത്.

തങ്ങളുടെ വ്യവസായ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി അന്വേഷിച്ചാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിടെ വന്നത്. ക്രമേണ ഇവിടെയുണ്ടായിരുന്ന ഓരോ രാജാവിനെയും അവര്‍ കീഴടക്കി, വിവിധ പ്രദേശങ്ങളുടെ ഭരണം പിടിച്ചെടുത്തു, ഉപഭൂഖണ്ഡത്തെ മുഴുവന്‍ ഒരൊറ്റ ഭരണവ്യവസ്ഥക്ക് കീഴില്‍ കൊണ്ടു വന്നു, ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ‘കിരീടത്തിലെ മുത്തായി’ ഇന്ത്യ മാറി. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ സമ്പത്തും, അസംസ്‌കൃത വസ്തുക്കളും, വിഭവങ്ങളും ബ്രിട്ടനിലേക്ക് അണമുറിയാതെ ഒഴുകി. ഈ ലക്ഷ്യം നിറവേറ്റാന്‍ വേണ്ടിയാണ് അവര്‍ റെയില്‍വേയും, പോസ്റ്റല്‍- ടെലിഗ്രാഫ്- ടെലിഫോണ്‍ തുടങ്ങിയ സന്ദേശവിനിമയ ശൃംഖലകളും ഇവിടെ കൊണ്ടു വന്നത്. ഇവിടെ ഭരണം കൈയ്യാളിയിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് സഹായികളെ നിയമിക്കുന്നതിന് വേണ്ടിയാണ് ആധുനിക ഭരണവ്യവസ്ഥയും, ആധുനിക വിദ്യാഭ്യാസവും അവര്‍ അവതരിപ്പിച്ചത്.

രാജ്യത്തെ കൊള്ളയടിക്കുക എന്ന ബ്രിട്ടീഷുകാരുടെ പ്രഥമ ലക്ഷ്യമാണ് നമ്മുടെ വ്യവസ്ഥയില്‍ വിടവുകള്‍ ഉണ്ടാവാന്‍ കാരണം. കൊള്ളയടിക്കുക എന്ന ലക്ഷ്യത്തിന്റെ ഉപോല്‍പ്പന്നമെന്ന നിലക്കാണ്, ആകസ്മികമായി പുതിയ സ്ഥാപനങ്ങള്‍, നിയമ വാഴ്ച്ച, സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെയുള്ള (സതി പോലെയുള്ള) നവോത്ഥാനങ്ങള്‍ എന്നിവ ആരംഭിച്ചത്. രണ്ട് വ്യത്യസ്ത കോണുകളില്‍ നിന്നു കൊണ്ട് ഒരേ പ്രതിഭാസത്തെ കുറിച്ച് സിങും തരൂരും സംസാരിക്കുമ്പോള്‍ കാഴ്ച്ചപ്പാടുകള്‍ ഒരു പ്രശ്‌നമായി ഉയര്‍ന്നുവരുന്നു. ബ്രിട്ടീഷുകാര്‍ സ്വന്തം ഭരണത്തെ സ്വയം വിശേഷിപ്പിച്ചതാണ് ഈ വിഷയത്തിലെ മൂന്നാമത്തെ വീക്ഷണകോണ്‍. ‘പൗരസ്ത്യ ദേശത്തെ നാഗരികവല്‍ക്കരിക്കാനുള്ള ദൗത്യ’ത്തിന്റെ ഒരു ഭാഗമായിട്ടാണ് ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഭരണത്തെ വിശേഷിപ്പിച്ചത്’ ! ഇതില്‍ സത്യത്തിന്റെ അംശം തീരെയില്ല, സാമൂഹിക നവോത്ഥാന പ്രക്രിയയില്‍ ബ്രിട്ടീഷുകാരും സഹായങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് വേണമെങ്കില്‍ പറയാം.

സാമൂഹിക-രാഷ്ട്രീയ തലത്തില്‍ വളരെ അപകടകരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമായിത്തീര്‍ന്ന ഒരു സുപ്രധാന കാര്യത്തെ കുറിച്ചുള്ള പരാമര്‍ശം ഈ വീക്ഷണകോണുകളില്‍ കാണാന്‍ സാധിച്ചിട്ടില്ല. ബ്രിട്ടീഷുകാരാണ് വര്‍ഗീയ-വിഭാഗീയ രാഷ്ട്രീയത്തിന്റെ വിത്തുകള്‍ ഇന്ത്യയില്‍ നട്ടത് എന്നതാണത്. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ കോളോണിയല്‍-സാമ്രാജ്യത്വ ഭരണമാണ് ‘വിഭജിച്ചിക്കുക ഭരിക്കുക’ എന്നതിന്റെ വിത്തുകള്‍ വിതച്ചത്. ഈ ഉപഭൂഖണ്ഡത്തില്‍ സ്വവര്‍ഗലൈംഗികത നിരോധിച്ചതിലൂടെയാണ് അവര്‍ അതിന് തുടക്കമിട്ടത്. 1857-ലെ കലാപത്തിന്റെ തുടക്കത്തില്‍, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം വിറപ്പിക്കപ്പെട്ടപ്പോള്‍, ഇവിടെയുള്ള രണ്ട് പ്രധാന മതസമുദായങ്ങള്‍ക്കിടയില്‍ ഒരു ആപ്പ് അടിച്ച് കയറ്റാന്‍ കഴിയുമെന്ന് ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞു. ഇവിടെയാണ്, ‘വിഭജിച്ച് ഭരിക്കുക’ എന്ന നയത്തിന്റെ ഭാഗമായി അവര്‍ സാമുദായികാടിസ്ഥാനത്തിലുള്ള ചരിത്രവിജ്ഞാനീയത്തെ അവതരിപ്പിച്ചത്. സാമുദായികമായ രേഖകള്‍ കൊണ്ടാണ് ജെയിംസ് മില്‍ തന്റെ ‘ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ’ എന്ന ഗ്രന്ഥത്തിന്റെ കാലഗണന തിരിച്ചത് (പൗരാണിക ഹിന്ദു കാലഘട്ടം, മധ്യകാല മുസ്‌ലിം കാലഘട്ടം, ആധുനിക ബ്രിട്ടീഷ് കാലഘട്ടം). എലിയറ്റും, ഡൗവ്‌സണും ചേര്‍ത്തെഴുതിയ ‘History of India as told by her historians’ എന്ന ഗ്രന്ഥം അതിന് അനുബന്ധമെന്നോണം പുറത്തിറങ്ങി. സഭാങ്കണത്തിലെ ആളുകള്‍ രാജാക്കന്‍മാരെ വാഴ്ത്തിപ്പാടുന്ന ഒന്നായി ചരിത്രത്തെ പ്രസ്തുത ഗ്രന്ഥങ്ങള്‍ പരിമിതപ്പെടുത്തി. ഭൂതകാലത്തെ സാമുദായികാടിസ്ഥാനത്തില്‍ മനസ്സിലാക്കുന്ന പ്രവണതക്ക് ആക്കം കൂട്ടുന്നതില്‍ ഇവയെല്ലാം വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

സാമൂഹിക തലത്തില്‍ ആധുനിക വര്‍ഗങ്ങള്‍, വ്യവസായിക തൊഴിലാളികള്‍, ആധുനിക വിദ്യാഭ്യാസമാര്‍ജ്ജിച്ച വര്‍ഗങ്ങള്‍ എന്നിവയുടെ ഉത്ഭവം നാം കാണുന്നു. അതേസമയം പഴയ ജന്മികളും രാജാക്കന്മാരും പരിമിതമായ ചില സ്വാധീനത്തോടു കൂടി അതിജീവിച്ചു. കോളോണിയന്‍ വിരുദ്ധ പ്രസ്ഥാനത്തിന്റെ സൃഷ്ടിപ്പിനായി ആധുനിക വര്‍ഗങ്ങള്‍ മുന്നോട്ട് വന്നു; ഗാന്ധിയാണ് ഈ പ്രസ്ഥാനത്തെ നയിച്ചത്. എല്ലാ പ്രദേശങ്ങളില്‍ നിന്നും, മതങ്ങളില്‍ നിന്നുമുള്ള പുരുഷന്‍മാരും സ്ത്രീകളും അദ്ദേഹത്തിനോടൊപ്പുമുണ്ടായിരുന്നു. ഇവരെല്ലാം ചേര്‍ന്നാണ് വ്യവസായവല്‍കൃത-ആധുനിക വിദ്യാഭ്യാസത്തിന്റെ ആന്തരഘടനയില്‍ ആധുനിക ഇന്ത്യയെ നിര്‍മിച്ചത്. ‘ഇന്ത്യത്വം’ എന്ന സ്‌നേഹബന്ധത്തില്‍ ഈ പ്രസ്ഥാനം ജനങ്ങളെ പരസ്പരം കൂട്ടിച്ചേര്‍ത്തു. ജാതി-ലിംഗ ബന്ധങ്ങളിലെ മൂല്യങ്ങളെ ഈ പ്രസ്ഥാനം ഉള്‍ക്കൊണ്ടിരുന്നു. ഒരുവശത്ത് ജോതിറാവു ഫൂലെ, ഭീംറാവു അംബേദ്കര്‍, പെരിയാര്‍ രാമസ്വാമി എന്നിവര്‍ ജാതി-ലിംഗ വശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍, സാവിത്രിഭായ് ഫൂലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സ്‌കൂള്‍ തുറന്നു.

മറ്റൊരു വശത്ത്, ആധുനികതയുടെ മാറ്റങ്ങളാല്‍ ഭീഷണിപ്പെടുത്തപ്പെട്ട, കുടിയാന്‍മാര്‍ക്ക് മേലുള്ള അധികാരം നഷ്ടപ്പെട്ട് തകര്‍ച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരുന്ന ഹിന്ദു-മുസ്‌ലിം ഭൂജന്മികളും നാട്ടുരാജാക്കന്‍മാരും തങ്ങളുടെ മതം അപകടത്തിലാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ബ്രിട്ടീഷുകാര്‍ അവതരിപ്പിച്ച സാമുദായികാടിസ്ഥാനത്തിലുള്ള ചരിത്രത്തെ അവര്‍ പിന്തുണച്ചു. മുസ്‌ലിം പ്രമാണിമാര്‍ മുസ്‌ലിം ലീഗിന് രൂപം നല്‍കാന്‍ ക്രമേണ മുന്നോട്ട് വരാന്‍ തുടങ്ങി. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ഈ ഒരുമിച്ച് കൂടലിന് കാരണം ഇസ്‌ലാം അപകടത്തിലായതായിരുന്നു. 8-ാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ കാസിം സിന്ധ് ജയിച്ചടക്കിയത് മുതല്‍ക്ക് ഇവിടെ മുസ്‌ലിം രാഷ്ട്രമുണ്ടായിരുന്നെന്നും, അതു കൊണ്ടു തന്നെ ഒരു മുസ്‌ലിം രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിന് വേണ്ടി പണിയെടുക്കേണ്ടതുണ്ടെന്നും അവര്‍ വാദിച്ചു. അങ്ങനെയാണ് അവര്‍ മതേതര ജനാധിപത്യ ഇന്ത്യക്ക് വേണ്ടി പണിയെടുത്ത സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ നിന്നും വിട്ടുനിന്നത്.

അതിനിടയില്‍ ഹിന്ദു ഭൂപ്രഭുക്കളും രാജാക്കന്‍മാരും ഹിന്ദു മഹാസഭയും പിന്നീട് ആര്‍.എസ്.എസ്സും രൂപീകരിക്കാന്‍ വേണ്ടി മുന്നോട്ട് വന്നു. അവരെ സംബന്ധിച്ചിടത്തോളം ചരിത്രാതീത കാലം മുതല്‍ക്ക് തന്നെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. മുസ്‌ലിംകളും, ക്രിസ്ത്യാനികളും പുറത്ത് നിന്നും വന്ന അധിനിവേശകരും. അവര്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ നിന്നും ഒഴിഞ്ഞ് നിന്നു. ഹിന്ദു രാഷ്ട്ര നിര്‍മാണമായിരുന്നു അവരുടെ മുഖ്യലക്ഷ്യം. ഹിന്ദു രാജാക്കന്‍മാരുടെ സുവര്‍ണ്ണകാലഘട്ടത്തെ കുറിച്ചും, ആ കാലഘട്ടത്തെ നശിപ്പിച്ച മുസ്‌ലിം അധിനിവേശകരെ കുറിച്ചുമുള്ള ചരിത്രം അവര്‍ സ്വയം നിര്‍മിച്ചു. പിന്നീട്, ഹിന്ദു സമാജത്തിന്റെ എല്ലാ ദുരിതങ്ങള്‍ക്കും, കഷ്ടപ്പാടുകള്‍ക്കും കാരണക്കാര്‍ മുസ്‌ലിം രാജാക്കന്‍മാരാണെന്ന പ്രത്യയശാസ്ത്രം അവര്‍ ക്രമേണ നിര്‍മിച്ചെടുത്തു.

അതേസമയം, ദേശീയ പ്രസ്ഥാനം എല്ലാ മേഖലയില്‍ നിന്നും, മതങ്ങളില്‍ നിന്നും, ജാതികളില്‍ നിന്നും വരുന്ന സ്ത്രീ പുരുഷന്‍മാരെ ഒരുമിച്ച് നിര്‍ത്തി. ബ്രിട്ടീഷുകാര്‍ വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ വര്‍ഗീയ ധാരകള്‍ വെള്ളമൊഴിച്ച് വളര്‍ത്തി. ഇതാണ് പിന്നീട് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാവുന്നതിലേക്കും, രാജ്യത്തെ രണ്ടായി വിഭജിച്ച ദുരന്തത്തിലേക്കും നയിച്ചത്. ‘എ’ അല്ലെങ്കില്‍ ‘ബി’ നേതാവിന്റെ പിടിപ്പു കേടാണ് വിഭജനത്തിന് കാരണമായതെന്നാണ് പൊതുവെയുള്ള നിരീക്ഷണം. വസ്തുതകള്‍ ശരിയായി പരിശോധിച്ചാല്‍, അന്ത്യമില്ലാത്ത ബ്രിട്ടീഷ് നയത്തിന്റെ ഭാഗം തന്നെയായിരുന്ന വിഭജനമെന്ന് കാണാന്‍ സാധിക്കും. ഉപഭൂഖണ്ഡത്തിലെ താല്‍പ്പര്യങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അതിനുള്ള കളികള്‍ അവര്‍ സമര്‍ത്ഥമായി തന്നെ കളിച്ചു. വിഭജനം അതില്‍ അനിവാര്യമായ ഒരു ദുരന്തം തന്നെയായിരുന്നു.

വ്യവസായവല്‍ക്കരണം-ആധുനിക വിദ്യാഭ്യാസം എന്നീ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്ന കാലത്തും ഭൂപ്രഭു വര്‍ഗങ്ങളെയും, രാജാക്കന്‍മാരെയും തലസ്ഥാനത്ത് തുടരാന്‍ ബ്രിട്ടീഷുകാര്‍ അനുവദിച്ചതും ഒരു പ്രധാന പ്രശ്‌നം തന്നെയായിരുന്നു. അങ്ങനെ, ഉപഭൂഖണ്ഡത്തില്‍ ഒരുവശത്ത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളുടെ ആവിര്‍ഭാവം നാം ദര്‍ശിക്കുന്നു, അതേസമയം തന്നെ, ഫ്യൂഡല്‍ പ്രത്യയശാസ്ത്രമായ ‘ജാതി ലിംഗ അധികാരശ്രേണി’, തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന സാമൂഹിക വിഭാഗങ്ങളുടെ കൊടിക്കൂറയായി തുടരുകയും ചെയ്യുന്നു. ഈ വിഭാഗങ്ങളെയാണ് പിന്നീട് സാമുദായിക സംഘടനകളായ മുസ്‌ലിം ലീഗും, ഹിന്ദു മഹാസഭയും, ആര്‍.എസ്.എസ്സും പ്രതിനിധീകരിച്ചത്. ഈ വിഭാഗങ്ങള്‍ തന്നെയാണ് ‘മതാടിസ്ഥാനത്തിലുള്ള ദേശരാഷ്ട്രം’ എന്ന ആശയം നിര്‍മിച്ചെടുത്തത്. ഫ്യൂഡല്‍ മൂല്യങ്ങളുടെയും, ദേശരാഷ്ട്രത്തെ കുറിച്ചുള്ള ആധുനിക സങ്കല്‍പ്പത്തിന്റെയും സംയോജനത്തില്‍ നിന്നാണ് പ്രസ്തുത ആശയം ഉടലെടുക്കുന്നത്. അവരുടെ സാമുദായിക രാഷ്ട്രീയം ഒരു ആധുനിക പ്രതിഭാസം തന്നെയാണ്. പക്ഷെ പ്രാചീനകാലത്തു നിന്നാണ് അതിന്റെ സ്വത്വം ഉരുവെടുക്കുന്നത്. ഒരൊറ്റ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യന്‍ രാജാവും ‘മതാത്മക ദേശീയവാദി’ ആയിരുന്നില്ല. യഥാര്‍ത്ഥത്തില്‍ അവരുടെ സാമ്രാജ്യങ്ങളിലെ അധ്വാനിക്കുന്ന കര്‍ഷകര്‍ നല്‍കുന്ന നികുതിയുടെ അടിസ്ഥാനത്തിലാണ് അവര്‍ അവരുടെ രാജ്യത്തിന്റെ അധികാരം കൈയ്യാളിയിരുന്നത്. അവരുടെ സമ്പത്തും അധികാരവും ചില സമയങ്ങളില്‍, ധര്‍മ്മയുദ്ധത്തിനും, ജിഹാദിനും, കുരിശുയുദ്ധത്തിനും വേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നു. അധികാര വ്യാപനമായിരുന്നു അതിന് പിന്നിലെ പ്രേരകശക്തി.

സ്വാതന്ത്ര്യ സമരം നടക്കുന്ന സമയത്ത്, കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍, ‘ഇന്ത്യ നിര്‍മാണത്തിലിരിക്കുന്ന ഒരു രാഷ്ട്രമാണ്’ എന്ന് പറഞ്ഞിരുന്നു. ഗതാഗതം, വ്യവസായവല്‍ക്കരണം, വിദ്യാഭ്യാസം, അധികാരനിര്‍വ്വഹണം തുടങ്ങിയ മേഖലകളിലെ ആധുനികവല്‍ക്കരണവുമായി സമാന്തരമായി പോകുന്നതായിരുന്നു പ്രസ്തുത ആശയം. 8-ാം നൂറ്റാണ്ട് മുതല്‍ക്ക് നമ്മുടേത് ഒരു മുസ്‌ലിം രാഷ്ട്രമായിരുന്നെന്ന് മുസ്‌ലിം ലീഗ് പറഞ്ഞു, ചരിത്രാതീത കാലം മുതല്‍ക്ക് തന്നെ നമ്മുടേത് ഒരു ഹിന്ദു രാഷ്ട്രമായിരുന്നെന്ന് ഹിന്ദു മഹാസഭയും ആര്‍.എസ്.എസ്സും വാദിച്ചു. രാജഭരണത്തില്‍ നിന്നാണ് മുസ്‌ലിം ലീഗ് വ്യക്തിത്വം ആര്‍ജിക്കുന്നത്, അതേസമയം, ഗ്രാമീണ-ഇടയ-കാര്‍ഷിക വ്യവസ്ഥ നിലനിന്നിരുന്ന കാലത്തെ രാജ്യസങ്കല്‍പ്പത്തെയാണ് ഹിന്ദുമഹാസഭയും ആര്‍.എസ്.എസ്സും ഉയര്‍ത്തിപിടിക്കുന്നത്. വര്‍ഗീയവാദികളെ സംബന്ധിച്ചിടത്തോളം വ്യവസായവല്‍ക്കരണത്തിന്റെയും, ആധുനിക വിദ്യാഭ്യാസത്തിന്റെയും പ്രധാനമാറ്റങ്ങള്‍ ഒരുവിധ ഫലങ്ങളും സൃഷ്ടിക്കാത്തതാണ്.

നാശോന്മുഖ വിഭാഗങ്ങള്‍ രാജാക്കന്‍മാരെ അവരുടെ മതങ്ങളുടെ പേരില്‍ പുകഴ്ത്തിപാടുമ്പോഴും, ചരിത്രത്തില്‍ ഒരൊറ്റ രാജാവും തന്റെ മതത്തിന്റെ വ്യാപനാര്‍ത്ഥം ഇറങ്ങിപുറപ്പെട്ടിട്ടില്ല. അവരെല്ലാം തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കാനാണ് പടപ്പുറപ്പാട് നടത്തിയത്. അശോക ചക്രവര്‍ത്തി ഇതിനൊരപവാദമാണ്. അദ്ദേഹം തന്റെ മതം പ്രചരിപ്പിച്ചിരുന്നു.

ബ്രിട്ടീഷ് കോളനിയായി മാറിയിരുന്നില്ലെങ്കില്‍, ഇന്ത്യയുടെ ചരിത്രഗതി എന്തായിരിക്കുമെന്നും, എന്തൊക്കെ തരത്തിലുള്ള വ്യവസായവല്‍ക്കരണ-ആധുനികവല്‍ക്കരണമായിരിക്കും ഇവിടെ നടക്കുകയെന്നും ഇന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ, ഈ കാണുന്ന സാമുദായിക രാഷ്ട്രീയവും, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മതങ്ങളെ അപഹസിക്കുന്നതും നമ്മെ ഉപദ്രവിക്കാനും, നിരപരാധികളെ കൊല്ലാനുമായി ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. അവയ്ക്ക് നമ്മുടെ തെരുവുകളെ അടക്കിഭരിക്കാന്‍ സാധിക്കുമായിരുന്നില്ല. കഴിഞ്ഞ ആറു ദശാബ്ദക്കാലങ്ങളായി രാജ്യം വളര്‍ത്തി കൊണ്ടുവന്ന ജനാധിപത്യസ്ഥാപനങ്ങളുടെ മേല്‍ അവര്‍ അധികാരം അവകാശപ്പെടുമായിരുന്നില്ല.

ബ്രിട്ടീഷ് ഭരണത്തിന്റെ രണ്ട് വ്യത്യസ്ത വശങ്ങളിലേക്കാണ് തരൂരും, മന്‍മോഹന്‍ സിങും വിരല്‍ ചൂണ്ടുന്നത്. അതേസമയം ഈ രാജ്യത്ത് വിഭാഗീയ രാഷ്ട്രീയത്തിന് തുടക്കം കുറിച്ച ബ്രിട്ടീഷുകാരുടെ നയങ്ങളിലേക്ക് നാം ആഴത്തില്‍ ഇറങ്ങി ചെല്ലുകയും, അവയുടെ അനന്തരഫലങ്ങള്‍ നോക്കിക്കാണുകയും ചെയ്യേണ്ടതുണ്ട്. പ്രസ്തുത വിഭാഗീയ-വര്‍ഗീയ രാഷ്ട്രീയം ദക്ഷിണേഷ്യയെ മൊത്തത്തില്‍ പീഢിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഹിന്ദു ദേശീയവാദത്തിന്റെ രൂപത്തില്‍ ഇന്ത്യ ഇന്നതിന് സാക്ഷിയായി കൊണ്ടിരിക്കുന്നു.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles