Current Date

Search
Close this search box.
Search
Close this search box.

എന്താണ് തുനീഷ്യയിലെ അന്നഹ്ദക്ക് സംഭവിച്ചത്?

annahda-tunisia.jpg

രാഷ്ട്രീയത്തില്‍ നിന്ന് പ്രബോധന പ്രവര്‍ത്തനങ്ങളെ മാറ്റി നിര്‍ത്തുകയാണെന്നുള്ള തുനീഷ്യയിലെ അന്നഹ്ദ പ്രസ്ഥാനത്തിന്റെ പ്രഖ്യാപനം അകത്തും പുറത്തും സംസാരവിഷയമായിരിക്കുകയാണ്. ഈയടുത്ത കാലത്ത് പ്രത്യേകിച്ചും അറബ് വസന്ത വിപ്ലവങ്ങള്‍ക്ക് ശേഷം പല അറബ് നാടുകളിലെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ അവഗണിച്ച് അതിനെ വിശകലനം ചെയ്യാനാവില്ല.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തുനീഷ്യയില്‍ അറബ് വസന്തത്തിന് തിരികൊളുത്തപ്പെട്ടപ്പോള്‍ നിരവധി അറബ് നാടുകള്‍ക്കത് പ്രചോദനമായി മാറി. വര്‍ഷങ്ങളായി തുടരുന്ന മാറ്റമില്ലാത്ത ഭരണത്തിന്റെ ഫലമായുള്ള കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണത് വിരല്‍ ചൂണ്ടുന്നത്. സാമ്പത്തിക രംഗത്തും ജീവിതനിലവാരത്തിലുമുണ്ടായ തകര്‍ച്ച സാധാരണക്കാരെ കടുത്ത നിരാശയിലേക്കാണ് തള്ളിവിട്ടിരുന്നത്.

ശക്തമായ പ്രകമ്പനം സൃഷ്ടിച്ച അറബ് വസന്തം അറബ് നാടുകള്‍ക്കും ലോകത്തിനും ഒരുപാട് സന്ദേശങ്ങള്‍ കൈമാറി. തുടക്കത്തില്‍ വലിയ ആവേശത്തോടെ സ്വീകരിക്കപ്പെട്ടെങ്കിലും കാലക്രമേണ ദിശാ മാറ്റങ്ങള്‍ പ്രകടമായി. നിരവധി ചോദ്യങ്ങളും ആശങ്കകളും ഉയര്‍ന്നു. ക്രമേണ ഘട്ടംഘട്ടമായി ആ വിപ്ലവങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. അതിന് നിരവധി കാരണങ്ങളും പ്രേരകങ്ങളുമുണ്ട്. ഈ സന്ദര്‍ഭത്തില്‍ അതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ അറബ് സമൂഹങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രാധാന്യവും അവക്കുള്ള ജനകീയതയും സ്വാധീനവും എടുത്തു കാണിക്കുന്നതായിരുന്നു ഈ വിപ്ലവങ്ങള്‍. അറബ് വസന്തത്തിന് മുമ്പ് ഈ പ്രസ്ഥാനങ്ങളെ അവഗണിക്കുകയോ മോശമായി അവതരിപ്പിക്കുകയോ നിര്‍ണിതമായ വൃത്തത്തില്‍ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയോ ആയിരുന്നു ഭരണകൂടങ്ങളും മാധ്യമങ്ങളും ചെയ്തിരുന്നത്. അവയുടെ ജനകീയതയും സ്വാധീനവും അംഗീകരിക്കപ്പെട്ടിരുന്നില്ല. വിപ്ലവത്തിന് ശേഷം അവയുടെ സ്വാധീനത്തിന്റെ വ്യാപ്തി പലരെയും അത്ഭുതപ്പെടുത്തി.

മാധ്യമ രംഗത്ത് വിഹരിച്ചിരുന്ന, സ്വയം ബുദ്ധിജീവികളെന്ന് പരിചയപ്പെടുത്തുന്ന അറബ് ലോകത്തെ ഒരു വിഭാഗത്തില്‍ വലിയ ഞെട്ടലും പരിഭ്രമവുമാണ് അതുണ്ടാക്കിയത്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ജനകീയതയും ചിലയിടത്തെല്ലാം അവര്‍ അധികാരത്തില്‍ എത്തിയതും അവക്ക് നേരെ ആക്രമണം നടത്തുന്ന അവസ്ഥയില്‍ അവരെയെത്തിച്ചു. കാരണം അവരുടെയും അവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്ന പടിഞ്ഞാറന്‍ ശക്തികളുടെയും ചിന്തകള്‍ക്ക് എതിരായിരുന്നു അത്.

ശക്തവും ആസൂത്രിതവുമായ ആക്രമണങ്ങള്‍ക്കിടയിലും അധികാരത്തിലേക്ക് ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ നടത്താന്‍ അന്നഹ്ദക്ക് സാധിച്ചു. മറ്റു രാഷ്ട്രീയ ശക്തികളോട് കിടപിടിക്കാനും അധികാരത്തില്‍ പങ്കാളിത്തം നേടാനും അവര്‍ക്ക് സാധിച്ചു. വിപ്ലവത്തിന്റെ ലക്ഷ്യങ്ങളില്‍ സാധ്യമാകുന്നത് ചെയ്യുന്നതിന്റെ ഭാഗമായിരുന്നു അത്. എന്നാല്‍ കടുത്ത ആരോപണങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും അന്നഹ്ദ മോചിതമായില്ല. ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളില്‍ വരെ അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. സെക്യുലറിസ്റ്റുകളുടെ പ്രകോപനത്തിന്റെ രീതിയായിരുന്നു അത്. മുന്‍ ഭരണകൂടത്തിന്റെ ഭാഗമായിരുന്നവരുടെ ശക്തമായ പിന്തുണ അതിനവര്‍ക്ക് കിട്ടിയിരുന്നു. ബിന്‍ അലിയുടെ മാത്രമല്ല വിപ്ലവങ്ങളുണ്ടായ സമീപത്തെ അറബ് നാടുകളിലെ മുന്‍ ഭരണകൂട ശേഷിപ്പുകളില്‍ നിന്നും വിപ്ലവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടില്ലെങ്കിലും എന്തെങ്കിലും കാരണത്താല്‍ വിപ്ലവവിരുദ്ധ നിലപാട് സ്വീകരിച്ച അറബ് ഭരണകൂടങ്ങളുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നു.

വളര്‍ന്നു വരുന്ന ഇസ്‌ലാമോഫോബിയയുടെ പശ്ചാത്തലത്തില്‍ ഒരുതരത്തില്‍ പാശ്ചാത്യ രാഷ്ട്രങ്ങളും മാധ്യമങ്ങളിലൂടെയും രാഷ്ട്രീയമായും ഈ ആക്രമണത്തിന് ശക്തിപകര്‍ന്നു. അന്നഹ്ദയുടെ അടിസ്ഥാനം ഇസ്‌ലാമാണെന്ന ന്യായമുയര്‍ത്തി അതിന്റെ കഥകഴിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്ന വന്യമൃഗങ്ങള്‍ക്ക് നടുവില്‍ രാഷ്ട്രീയ ഭൂമികയില്‍ അവയോടെല്ലാം ഒറ്റക്ക് പോരാടേണ്ട അവസ്ഥയാണ് അവര്‍ അനുഭവിച്ചത്. ഏതൊരു സംഭവവും അവരെ വികൃതമായി ചിത്രീകരിക്കുന്നതിന് ഉപയോഗിക്കപ്പെട്ടപ്പോഴാണ് പ്രബോധന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അവര്‍ തീരുമാനിച്ചത്. തങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദം ലഘൂകരിക്കാനുള്ള ശ്രമമായും അതോടൊപ്പം രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനുള്ള നീക്കമായും അതിനെ കാണാം. ഈ വേര്‍തിരിവും ചെറിയ തോതിലുള്ള ബഹളങ്ങള്‍ക്ക് കാരണമായേക്കും. എന്നാല്‍ തങ്ങളുടെ അടിസ്ഥാനം ഇസ്‌ലാം തന്നെയായിരിക്കുമെന്ന് അന്നഹ്ദ വ്യക്തമാക്കിയിട്ടുണ്ട്.

വിവ: നസീഫ്‌

മുസ്‌ലിം മനസ്സില്‍ മതത്തിനും രാഷ്ട്രീയത്തിനും ഇടയില്‍ വേര്‍തിരിവില്ല: ഗന്നൂശി

Related Articles