Current Date

Search
Close this search box.
Search
Close this search box.

എതിര്‍ക്കുന്നവര്‍ക്ക് കൊലക്കയര്‍ ഒരുക്കുന്ന ശൈഖ് ഹസീന

bangla333.jpg

ബംഗ്ലാദേശിലെ പ്രമുഖ ഇസ്‌ലാമിക് പാര്‍ട്ടിയായ ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവ്, മുതീഉര്‍റഹ്മാന്‍ നിസാമി, 2016 മെയ് 11 ബുധനാഴ്ച്ച അര്‍ധരാത്രി ധാക്ക സെന്‍ട്രല്‍ ജയില്‍ വെച്ച് തൂക്കിലേറ്റപ്പെടുകയുണ്ടായി. പാകിസ്ഥാനില്‍ നിന്നും കിഴക്കന്‍ പാകിസ്ഥാന്‍ (ഇന്നത്തെ ബംഗ്ലാദേശ്) വേര്‍പ്പെട്ട് പോയ 1971-ലെ വിമോചന യുദ്ധത്തിന്റെ സമയത്ത്, ബുദ്ധിജീവികളുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുകയും, കൂട്ടകുരുതിയും ബലാത്സംഗങ്ങളും നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് 2014-ല്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.

മനുഷ്യാവകാശ സംഘടനകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, ബുദ്ധിജീവികള്‍ എന്നിവരെ കൂടാതെ വിവിധ രാജ്യങ്ങളുടെ നേതാക്കളും പ്രതിപക്ഷാംഗങ്ങളും നിസാമിയുടെ വധശിക്ഷയെ അപലപിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. അവരില്‍ ഭൂരിഭാഗവും പറയുന്നത്, നിസാമിക്കെതിരെ ഉണ്ടെന്ന് പറയപ്പെടുന്ന ‘തെളിവുകള്‍’ ദുര്‍ബലവും കെട്ടിച്ചമച്ചതാണെന്നുമാണ്; വിചാരണ തന്നെ പ്രഹസന്നമായിരുന്നു. വിധിയാകട്ടെ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതും. വിചാരണ പ്രക്രിയ മൊത്തത്തില്‍ അന്താരാഷ്ട്ര ചട്ടകൂടുകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായിരുന്നു.

മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നത് പോലെ, നിസാമിക്ക് മുമ്പ് വധശിക്ഷക്ക് വിധേയരായ മറ്റു നാല് ഉന്നത രാഷ്ട്രീയ നേതാക്കളുടെ കാര്യത്തിലും ഇതുതന്നെയാണ് നടന്നത്. അവരില്‍ മൂന്ന് പേര്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കളും, ഒരാള്‍ പ്രതിപക്ഷമായ ബംഗ്ലാദേശി നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നേതാവുമായിരുന്നു. നിസാമിയെ പോലെ, 1971-ലെ യുദ്ധത്തിനിടെ നടത്തിയെന്ന് പറയപ്പെടുന്ന കുറ്റകൃത്യങ്ങളാണ് അവരുടെ മേലും ചാര്‍ത്തപ്പെട്ടിരുന്നത്. 1971-ലെ യുദ്ധം കഴിഞ്ഞ് ഏതാണ്ട് 40 വര്‍ഷത്തിന് ശേഷം, അതായത് 2010-ലാണ് തൂക്കിലേറ്റപ്പെട്ടവര്‍ക്കും, മറ്റു ചിലര്‍ക്കുമെതിരെ യുദ്ധകുറ്റം ആരോപിക്കപ്പെടുന്നത് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. 70കളുടെ തുടക്കത്തില്‍, ബംഗ്ലാദേശി സ്റ്റേറ്റിന്റെ സ്ഥാപകനും, നിലവിലെ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പിതാവുമായ, അന്തരിച്ച ശൈഖ് മുജീബുറഹ്മാന്‍ അധികാരത്തിലിരിക്കുന്ന സമയത്ത്, യാതൊരു വിധ യുദ്ധകുറ്റാരോപണങ്ങളും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ അവാമി ലീഗ് (എ.എല്‍) 1996 മുതല്‍ 2001 വരെ വീണ്ടും അധികാരത്തിലേറിയിട്ട് പോലും – അദ്ദേഹത്തിന്റെ മകളും മന്ത്രിസഭയില്‍ ഉണ്ടായിരുന്നു – യുദ്ധകുറ്റം ആരോപിച്ച് കൊണ്ട് ആരും തന്നെ കോടതിയെ സമീപിച്ചിട്ടില്ല. 2009-ല്‍ മൂന്നാം തവണയും അവാമി ലീഗ് അധികാരത്തിലേറിയതിന് ശേഷമാണ് ജമാഅത്തെ ഇസ്‌ലാമിയിലെയും, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയിലെയും ‘യുദ്ധകുറ്റവാളികള്‍’ക്കെതിരെ നീങ്ങാന്‍ ശൈഖ് ഹസീന തീരുമാനിച്ചത്.

കോടതി വിചാരണകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് മാധ്യമ-രാഷ്ട്രീയ നിരീക്ഷകര്‍ കരുതാന്‍ തക്കതായ കാരണങ്ങളുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെയും, ബി.എന്‍.പി-യെയും ദുര്‍ബലപ്പെടുത്തി, അവാമി ലീഗിന് അധികാരത്തില്‍ പിടിമുറുക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണിതൊക്കെ. കുറച്ച് കാലത്തേക്ക് അവാമി ലീഗ് ചിലപ്പോള്‍ വിജയിച്ചേക്കാം. പക്ഷെ ഭാവിയിലും അധികാരം തങ്ങളുടെ കൈയ്യില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്താന്‍ അവര്‍ക്ക് കഴിയുമോ?

പ്രതിപക്ഷത്തെയും, എതിര്‍ശബ്ദങ്ങളെയും, അഭിപ്രായഭിന്നതകളെയും അതിക്രൂരമായി അടിച്ചമര്‍ത്തുന്നത് അവസാനം അസ്ഥിരതയിലേക്കും, അരക്ഷിതാവസ്ഥയിലേക്കുമാണ് നയിക്കുക. വേട്ടക്കാരും അവരുടെ പിന്‍മുറക്കാരും തങ്ങള്‍ ചെയ്തുകൂട്ടിയ അക്രമപ്രവര്‍ത്തനങ്ങളുടെ അപകടകരമായ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. ഇന്നത്തെ വിജയികള്‍ തങ്ങളാണ് യഥാര്‍ത്ഥ പരാജിതര്‍ എന്ന് അന്ന് തിരിച്ചറിയുക തന്നെ ചെയ്യും.
(ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് ഫോര്‍ എ ജസ്റ്റ് വേള്‍ഡിന്റെ പ്രസിഡന്റാണ് ലേഖകന്‍)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles