Current Date

Search
Close this search box.
Search
Close this search box.

എങ്ങനെയാണ് വാജ്‌പെയ് ആര്‍.എസ്.എസിനോട് പടപൊരുതി തോറ്റത്

vajpeyi.jpg

ആര്‍.എസ്.എസ് ആണ് അടല്‍ജിക്ക് ജീവിതപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ വിദ്യാലയമെന്നും, സംഘടനയാണ് അദ്ദേഹത്തെ വളര്‍ത്തിയതെന്നും അടല്‍ജിയെ അടുത്തറിയുന്നവര്‍ പറയും. അദ്ദേഹം ഒരിക്കല്‍ എഴുതുകയുണ്ടായി, ‘സംഘാണ് എന്റെ ജീവാത്മാവ്’. പക്ഷെ ഒരു പ്രായോഗിക വാദിയെന്ന നിലക്ക്, തന്റെ ഓരോ നീക്കത്തിനും, ഒരോ ചുവടിനും സംഘ്പരിവാറിന്റെ കല്‍പനക്ക് കാത്ത് നില്‍ക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ആര്‍.എസ്.എസ്സില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ വിജയകരമായി പ്രതിരോധിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയ ഘടകമെന്തായിരുന്നെന്നാല്‍, ബി.ജെ.പിയിലും അതിന് മുമ്പുള്ള ജനസംഘിലും തന്നെ വെല്ലുവിളിക്കാന്‍ കഴിവുള്ളവര്‍ക്കെല്ലാം മുകളിലായിരുന്നു അടല്‍ജിയുടെ സ്ഥാനം. അതിനേക്കാളുപരി, അദ്ദേഹത്തെ വെല്ലുവിളിക്കാന്‍ മാത്രം പോന്ന ഒരു രണ്ടാമന്‍ ആര്‍.എസ്.എസ്സില്‍ ഉണ്ടായിരുന്നില്ല.

ഇനി ആരെങ്കിലുമുണ്ടെങ്കില്‍ തന്നെ അത് തന്റെ കഠിനപ്രയത്‌നത്തിലൂടെ യു.പിയില്‍ ജനസംഘ് വളര്‍ത്തിയെടുത്ത ആര്‍.എസ്.എസ്സുകാരനായിരുന്ന നാനാജി ദേശ്മുഖായിരുന്നു. ജനസംഘിന്റെ പ്രസിഡന്റ് എന്ന നിലയിലേക്ക് അടല്‍ജി ഉയരാന്‍ കാരണക്കാരായവരില്‍ പ്രധാനി നാനാജി ആണ്. അതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനം നേടിയെക്കാന്‍ അടല്‍ജിയെ അദ്ദേഹം സഹായിക്കുകയും ചെയ്തു.

പിന്നീട് ഇരുവരും വേര്‍പ്പിരിഞ്ഞു. അവസാനം നാനാജി പാര്‍ട്ടി വിട്ടു. യു.പിയുടെയും മധ്യപ്രദേശിന്റെയും അതിര്‍ത്തി പ്രദേശമായ ചിത്രകൂടില്‍ ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടിയാണ് നാനാജി പിന്നീട് ജീവിതം ഉഴിഞ്ഞുവെച്ചത്. അടല്‍ജി ഇനി തന്റെ കൈയ്യില്‍ ഒതുങ്ങില്ലെന്ന് നാനാജി തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. എന്നിരുന്നാലും, നാനാജിയുടെ പ്രവര്‍ത്തനഫലമായാണ് ബല്‍റാംപൂരിലെ ആദ്യ ലോകസഭാ തെരഞ്ഞെടുപ്പില്‍ അടല്‍ വിജയംവരിച്ചത്.

2002-ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷം, അടല്‍ജിയും ആര്‍.എസ്.എസ്സും തമ്മില്‍ എന്തോ ഒരു അകല്‍ച്ച സംഭവിച്ചതായി അനുഭവപ്പെടാന്‍ തുടങ്ങി.

പാര്‍ട്ടിയിലെ തീവ്രആശയക്കാരുടെ സഹായത്തോടെ അധികാരവും, സ്വാധീനശക്തിയും ആര്‍.എസ്.എസ് കൈപ്പിടിയിലൊതുക്കി. 2002 ഏപ്രില്‍ 4-ന് ഇതിന്റെ ആദ്യത്തെ സൂചന പുറത്ത് വന്നു. ആയിരകണക്കിന് ആളുകളുടെ ജീവനെടുത്ത ഗുജറാത്ത വംശഹത്യക്ക് ശേഷം അടല്‍ജി ഗുജറാത്ത് സന്ദര്‍ശിച്ച സമയത്തായിരുന്നു അതുണ്ടായത്. അയോധ്യയില്‍ നിന്നും കര്‍സേവകരുമായി വന്ന തീവണ്ടിക്ക് തീപിടിച്ചതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 2002 ഫെബ്രുവരി 27-നാണ് ഈ സംഭവം നടന്നത്.

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയോടൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ അടല്‍ജി പറഞ്ഞു, ‘രാജധര്‍മ്മം അനുഷ്ഠിക്കുക എന്നതാണ് സര്‍ക്കാറിന്റെ ജോലി. ജനനത്തിന്റെയും, ജാതിയുടെയും, മതത്തിന്റെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിവേചനം കല്‍പിക്കാന്‍ രാജാക്കാന്‍മാര്‍ക്കും ഭരണാധികാരികള്‍ക്കും കഴിയില്ല’. അപ്രതീക്ഷിതമായി, അടല്‍ജിയോട് നീരസം പ്രകടിപ്പിച്ചിട്ടെന്നോണം മോദി പറഞ്ഞു, ‘വോഹി തോ നിഭാ രഹേ ഹേം’ (അത് തന്നെയാണ് ഞങ്ങള്‍ ചെയ്യുന്നത്).’ സദസ്സിലുണ്ടായിരുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചു പോയി. അടല്‍ജി നിശബ്ദനായി ഇരുന്നു.

ഗുജറാത്ത് വംശഹത്യ കൈകാര്യം ചെയ്ത രീതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച അടല്‍ജി, ഒരാഴ്ച്ച കഴിഞ്ഞ് നടക്കാനിരുന്ന പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവില്‍ വെച്ച് മോദിയെ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. മോദിയുടെ മുഖം രക്ഷിക്കാനായി തയ്യാറാക്കി പദ്ധതിയനുസരിച്ച്, ഗോവയില്‍ വെച്ച് മോദി രാജി സമര്‍പ്പിക്കും, രാജി സ്വീകരിക്കുകയും ചെയ്യും.

ഗോവയിലേക്കുള്ള വിമാനത്തില്‍ വെച്ച്, മോദിയുടെ രാജി സ്വീകരിക്കാതിരിക്കാന്‍ അടല്‍ജിയുടെ മേല്‍ അദ്വാനി ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. മോദിയുടെ രാജിയുമായി ബന്ധപ്പെട്ട വിവരം അപ്പോഴേക്കും എങ്ങനെയോ ചേര്‍ന്നു കഴിഞ്ഞിരുന്നു. രാജിവെക്കാനായി മോദി എഴുന്നേറ്റ നിമിഷത്തില്‍ പാര്‍ട്ടിയിലെ യുവ-ഇടത്തരം നേതാക്കള്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി, ‘ഇസ്തിഫാ മത് ദോ, ഇസ്തിഫാ മത് ദോ (രാജി വെക്കരുത്, രാജി വെക്കരുത്)’. വംശഹത്യയുടെ സമയത്ത് നേരിട്ട വെല്ലുവിളികളെ മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാറും കാര്യക്ഷമമായി തന്നെ നേരിട്ടുവെന്ന് പ്രമേയം പാസാക്കി. അടല്‍ജി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ, ഒരു എം.എല്‍.എ.യോ എം.പിയോ ആവാതെയാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് മോദി നേരിട്ട് അവരോധിക്കപ്പെട്ടത്.

രണ്ട് മാസത്തിന് ശേഷം, 2002 ജൂലൈയില്‍, അദ്വാനിക്ക് ഉപപ്രധാനമന്ത്രിയായി സ്ഥാനകയറ്റം ലഭിച്ചു. അദ്വാനിയെ ഉപപ്രധാനമന്ത്രിയാക്കാനായി 1999-ന്റെ തുടക്കത്തില്‍ തന്നെ പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ ഗുണകാംക്ഷികള്‍ ചരടുവലികള്‍ തുടങ്ങിയിരുന്നെങ്കിലും, അടല്‍ജി ശക്തമായി എതിര്‍ത്തിരുന്നു.

മിതവാദികളായ നേതാക്കളുടെ ഒരു നിരയെ തന്നെ അടല്‍ജി തനിക്ക് ചുറ്റും വളര്‍ത്തിയെടുത്തു. ജസ്‌വന്ദ് സിംഗ്, ദേശീയ സുരക്ഷാ ഉപദേശാഷ്ടാവും, അടല്‍ജിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമായിരുന്ന ബ്രജേഷ് മിശ്ര എന്നിവര്‍ അവരില്‍ ചിലരാണ്. ബി.ജെ.പിക്കാരനല്ലായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് ഒരു പ്രധാനപദവി നല്‍കപ്പെട്ടു. ആര്‍.എസ്.എസ്സ് ലോബിയെ തടയാന്‍ നിതീഷ് കുമാറിന്റെയും, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണ അടല്‍ജി തേടിയിരുന്നു.

മോദിയെ രാജിവെപ്പിക്കാനുള്ള അടല്‍ജിയുടെ ശ്രമം പരാജയപ്പെട്ട് കുറച്ച് മാസങ്ങള്‍ക്ക് ശേഷം, 2002 ഓക്ടോബറില്‍, ബി.ജെ.പിയുമായും, ഗവണ്‍മെന്റ് പ്രതിനിധികളുമായും ഒരു ഉന്നതതല ചര്‍ച്ച നടത്തണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടു. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു അത്.

അന്നത്തെ പത്രവാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സാമ്പത്തിക നയങ്ങളില്‍ തിരുത്തല്‍ വേണമെന്ന ആവശ്യമാണ് ആര്‍.എസ്.എസ് പ്രധാനമായും ഉന്നയിച്ചത്. സാമ്പത്തിക നയം ഉദാരവും, സ്വദേശി വിരുദ്ധവുമാണെന്ന് ആര്‍.എസ്.എസ് സമര്‍ത്ഥിച്ചു; പാകിസ്ഥാന്‍, ഈ രാജ്യത്തിന്റെ നീക്കങ്ങള്‍ തടയാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്ന് ആര്‍.എസ്.എസ് തുറന്നടിച്ചു; രാമക്ഷേത്ര പ്രശ്‌നവും ഉയര്‍ത്തികാണിക്കപ്പെട്ടു. അടല്‍ജി, അദ്വാനി, ബി.ജെ.പി പ്രസിഡന്റ് വെങ്കയ്യ നായിഡു എന്നിവര്‍ ആര്‍.എസ്.എസ് തലവന്‍ കെ.എസ് സുദര്‍ശന്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി എച്ച്.വി ശേഷാദ്രി, മദന്‍ ദാസ് ദേവി തുടങ്ങിയവരടങ്ങുന്ന സംഘത്തെ സന്ദര്‍ശിച്ചു. ചര്‍ച്ച കൊണ്ട് വലിയ കാര്യമൊന്നും ഉണ്ടായില്ലെങ്കിലും, അടല്‍ജിയെ ഔദ്യോഗികമായി ചര്‍ച്ചാ ടേബിളില്‍ എത്തിക്കാന്‍ ആര്‍.എസ്.എസ്സിന് സാധിച്ചു.

രാമക്ഷേത്ര വിഷയത്തില്‍, 2003-ന്റെ തുടക്കം മുതല്‍ക്ക് വി.എച്ച്.പിയെ കൂട്ടുപിടിച്ച് ആര്‍.എസ്.എസ് പുതിയ ഒരു നീക്കം നടത്തി. വി.എച്ച്.പി ജനറല്‍ സെക്രട്ടറി ഗിരിരാജ് കിഷോര്‍ അടല്‍ജിയെ പരസ്യമായി ‘കപട ഹിന്ദു’ എന്ന് വിളിച്ചു, രാമക്ഷേത്ര വിഷയത്തില്‍ സഹകരിക്കുന്നില്ലെന്നായിരുന്നു അടല്‍ജിക്കെതിരായ ആരോപണം. അടലിന് അധികാരമത്ത് ബാധിച്ചിരിക്കുകയാണെന്നും, രാമ ക്ഷേത്രം നിര്‍മിക്കാനാവശ്യമായ നിയമനിര്‍മാണം നടത്താന്‍ കഴിയില്ലെങ്കില്‍ അടല്‍ രാജിവെക്കണമെന്നും വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍ ആവശ്യപ്പെട്ടു.

എന്തൊക്കെ പറഞ്ഞാലും, തന്റെ കാലാവധി പൂര്‍ത്തിയാക്കും കാലം വരെ അടല്‍ജി അധികാരത്തില്‍ തുടര്‍ന്നു. ‘ഇന്ത്യ തിളങ്ങുന്ന’തിലേക്ക് നയിച്ച തന്റെ സാമ്പത്തിക രംഗത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ വിജയിച്ചു എന്നു തന്നെയാണ് അടല്‍ജി വിശ്വസിക്കുന്നത്.

2004-ലെ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടാന്‍ കാരണം ഗുജറാത്ത് കലാപങ്ങളും, മോദിയെ തളക്കുന്നതിലുള്ള തന്റെ പരാജയവുമാണെന്ന് അടല്‍ജിക്ക് ബോധ്യമുണ്ട്. എന്നിരുന്നാലും, അടല്‍ ബിഹാരി വാജ്‌പെയിയുടെ ഔഗ്യോഗിക ജീവിതത്തിലേക്ക് നോക്കുമ്പോള്‍, രാഷ്ട്രീയ ജീവിതത്തിലുടനീളം ആര്‍.എസ്.എസ്സിന് വഴങ്ങാനും വഴങ്ങാതിരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നെന്ന് സംശയലേശമന്യേ പറയാന്‍ കഴിയും. പ്രധാനമന്ത്രി പദത്തിലെ അവസാനകാലത്ത് മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്.

(കിങ്ശുക് നാഗിന്റെ ‘Atal Bihari Vajpayee: A Man From All Seasons’ എന്ന ഗ്രന്ഥത്തില്‍ നിന്നും അടര്‍ത്തിയെടുത്തത്.)

അവലംബം: scroll.in

 

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles