Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ ഖദ്ര്‍; ‘ഗ്വാണ്ടനാമോയിലെ കുട്ടി’

omarqadr.jpg

13 വര്‍ഷത്തെ തടവിന് ശേഷമുള്ള ഉമര്‍ ഖദ്‌റിന്റെ മോചനം ‘ഗ്വാണ്ടനാമോയിലെ കുട്ടി’ എന്ന പേരിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ കേസില്‍ എല്ലാവരിലും വലിയ താല്‍പര്യം സൃഷ്ടിച്ചിട്ടുണ്ട്. ഞാനും ഗ്വാണ്ടനാമോയില്‍ ഉണ്ടായിരുന്നെങ്കിലും അവിടെ വെച്ച് അവനെ നേരില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ബഗ്‌റാം ജയിയില്‍ വെച്ച് ഒരു പയ്യനെ മാത്രമാണ് ഞാന്‍ കണ്ടത്. അവന്റെ മുഖത്തും, ശരീരത്തിലും, മനസ്സിലും 9/11-ാനന്തര അമേരിക്കന്‍ സൈനിക യന്ത്രത്തിന്റെ പകവീട്ടലേല്‍പ്പിച്ച മുറിവുകളുണ്ടായിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2002-ലെ വേനല്‍ കാലത്ത്, അത്തരമൊരവസ്ഥയിലാണ് ഞാന്‍ ആദ്യമായി ഉമര്‍ ഖാദറിനെ കണ്ടുമുട്ടുന്നത്.

ഇസ്‌ലാമാബാദില്‍ വെച്ച് പാകിസ്ഥാന്‍ ഇന്റലിജന്‍സ് സര്‍വ്വീസസ് (ഐ.എസ്.ഐ) ആണ് എന്നെ തടവിലാക്കിയത്. ബഗ്‌റാമിലെ അമേരിക്കന്‍ സൈനിക ജയിലിലേക്ക് അയക്കുന്നതിന് മുമ്പ് എന്നെ സി.ഐ.എ ചോദ്യം ചെയ്തിരുന്നു. ഗ്വാണ്ടനാമോയിലേതിനേക്കാള്‍ അതിഭീകരമാണ് ബഗ്‌റാമില്‍ തടവുകാരോടുള്ള സമീപനം.

ഓരോന്നിലും പത്തു മുതല്‍ പന്ത്രണ്ട് വരെ ആളുകളെന്ന കണക്കില്‍ ആറ് സെല്ലുകളിലാണ് തടവുകാരെ പാര്‍പ്പിച്ചിരുന്നത്. ഓരോ സെല്ലിലേക്കുമുള്ള പ്രവേശനത്തിന് രണ്ട് വാതികലുകള്‍ കടക്കണം. ‘എയര്‍ ലോക്ക്’ അല്ലെങ്കില്‍ ‘സാലി പോര്‍ട്ട്’ എന്നിവിടങ്ങളില്‍ തടവുകാര്‍ ഒറ്റക്കായിരിക്കും. ഇവിടെ തടവുകാരെ ചങ്ങലക്കിടുകയാണ് പതിവ്. കൂടാതെ മറ്റു തടവുകാരില്‍ നിന്നും ഒറ്റപ്പെടുത്താനും, ശിക്ഷിക്കാനും ഇവ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിന് ജനാലകളില്ല, കൂടാതെ പ്രകൃതിദത്തമായ സൂര്യപ്രകാശവും ലഭ്യമല്ല. തീക്ഷ്ണപ്രകാശമുള്ള ലൈറ്റുകള്‍ ഞങ്ങളുടെ തലക്ക് മുകളില്‍ രാത്രിയും പകലും പ്രകാശിച്ചു കൊണ്ടിരിക്കും. ഓരോ സെല്ലിന്റെയും പുറകുവശത്ത് പകുതി മുറിച്ച ഒരു ഓയില്‍ ബാരല്‍ വെച്ചിട്ടുണ്ടാകും. അതാണ് ഞങ്ങളുടെ ടോയ്‌ലറ്റ്.

അടക്കിപിടിച്ച സംസാരങ്ങള്‍
തടവുകാര്‍ തമ്മില്‍ പരസ്പരം സംസാരിക്കുന്നതിന് ജയില്‍ നിയമം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ എല്ലാവരും അടക്കിപിടിച്ച സംഭാഷണങ്ങളിലേര്‍പ്പെടും. ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ചുരുക്കം ചില തടവുകാരില്‍ പെട്ട ഞാന്‍, ഗാര്‍ഡുകളുമായി എല്ലായ്‌പ്പോഴും സംസാരിക്കുമായിരുന്നു. അവരിലൊരാളാണ് അവര്‍ പിടികൂടിയ മാരകമായി മുറിവേറ്റ ഒരു കൗമാരക്കാരനെ കുറിച്ച് എന്നോട് പറഞ്ഞത്. അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡുകള്‍ എറിഞ്ഞു എന്നായിരുന്നു അവനെതിരെയുള്ള ആരോപണം.

പിന്നീട് ഉമറിനെ എന്റെ തൊട്ടടുത്തുള്ള സെല്ലിലേക്ക് കൊണ്ടു വന്നപ്പോള്‍, ദേഹമാസകലം മാരകമായ മുറിവുകളേറ്റ, പതിനഞ്ച് വയസ്സ് അടുത്ത് തികഞ്ഞ, മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതത്തോടുള്ള ഒരുകുട്ടിയാണ് അവനെന്ന് വ്യക്തമായി. അവന്റെ ഒരു കണ്ണിന് കാഴ്ച്ച ശക്തിയില്ലായിരുന്നു. തോളിലും നെഞ്ചിലും ആഴമേറിയ മുറിവുകളുണ്ടായിരുന്നു. മുറിവുകള്‍ക്ക് മേലുള്ള തുന്നല്‍ കണ്ടപ്പോള്‍ പോസ്റ്റമോര്‍ട്ടത്തിന് ശേഷമുള്ള ശവശരീരമാണ് എനിക്ക് ഓര്‍മവന്നത്.

രാത്രിയില്‍, പട്ടാളക്കാര്‍ വന്ന് ഉമറിനെ എയര്‍ലോക്കില്‍ ഒറ്റക്കാക്കും. എന്നിട്ടവന് നേരെ ചീറിയടുത്ത് അവനെ കൊലപാതകിയെന്ന് വിളിച്ചു കൊണ്ടിരിക്കും. മരണം അര്‍ഹിക്കുന്ന ഭീകരവാദിയാണ് നീയെന്ന് അവനോട് അവര്‍ പറയും. പക്ഷെ ഉമര്‍ ശാന്തനായി തന്നെ ഇരിക്കും. ഒരിക്കല്‍ പോലും അതിനെ കുറിച്ച് അവന്‍ പരാതിപ്പെട്ടിട്ടില്ല.

നടക്കലും, സംസാരിക്കലും, ജമാഅത്തായുള്ള നമസ്‌ക്കാരവും, ശബ്ദമുയര്‍ത്തി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുമെല്ലാം തന്നെ നിയമവിരുദ്ധമായിരുന്നു. ഇതിനുള്ള ശിക്ഷയായി ഞങ്ങളെ ‘സാലി പോര്‍ട്ടില്‍’  ഏകാന്തതടവിന് വിധിക്കും. ഞങ്ങളുടെ തലമൊത്തം മൂടിയിരിക്കും, വാതിലിന്റെ മുകള്‍ ഭാഗത്തായി ഞങ്ങളുടെ കൈകള്‍ ചങ്ങലയില്‍ ബന്ധിച്ചു കൊണ്ട് മണിക്കൂറുകളോളം നിര്‍ത്തും. ഞങ്ങളെ പോലെ നല്ല ശാരീരികക്ഷമതയുള്ള പുരുഷന്‍മാര്‍ക്ക് പോലും ഇത് അതികഠിനമാണ്. പക്ഷെ ഉമറിനെ ഇതിന് വിധേയനാക്കുമ്പോള്‍ ഞങ്ങളുടെ ഹൃദയം പൊട്ടിപ്പൊട്ടിപ്പോകും.

പക്ഷെ മാരകമായ മുറിവുകളുണ്ടെങ്കിലും അവന്‍ ഒരിക്കല്‍ പോലും പരാതിപ്പെട്ടിട്ടില്ല, സങ്കടം പറഞ്ഞിട്ടില്ല. അവന്‍ എല്ലായ്‌പ്പോഴും ശാന്തനായിരുന്നു. ശബ്ദസൗകുമാര്യത്തോടെ, ശ്രുതിമധുരമായി അവന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അവന്‍ കൂടുതല്‍ ശാന്തനായിത്തീരും.

ഇതിനിടെ ഉമറും ഞാനും ഒരേ സെല്ലിലേക്ക് മാറ്റപ്പെട്ടു. കുറച്ച് സമയം ഞങ്ങള്‍ അടക്കിപ്പിടിച്ച സംസാരങ്ങളിലേര്‍പ്പെട്ടു. ഡാമിയന്‍ കൊര്‍സെറ്റിയെ പോലുള്ള –  തടുവകാരെ പീഢിപ്പിക്കുന്നു എന്ന ആരോപണമുണ്ടെങ്കിലും- കുറച്ച് സൈനികര്‍ ഉമറിന്റെ ദയനീയാവസ്ഥ തിരിച്ചറിയുകയും, ഉമറിന് ചില മാനുഷിക പരിഗണനകള്‍ നല്‍കുകയും ചെയ്തു.

ഗാര്‍ഡുകള്‍ ഉമറിനെ ‘ബക്ക്‌ഷോട്ട് ബോബ്’ എന്നാണ് വിളിച്ചിരുന്നത്. അവന്റെ ശരീരത്തിലെ മുറിവുകളായിരുന്നു ഈ വിളിപ്പേരിനാധാരം. അമേരിക്കന്‍ ബോംബിംങില്‍ തകര്‍ന്ന് തരിപ്പണമായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മുറിവേറ്റ് കിടന്നിരുന്ന സമയത്താണ് ഉമറിനെ പിടികൂടിയത്. എന്നിട്ട് പോലും പട്ടാളക്കാര്‍ അവന്റെ പുറകില്‍ ഷോട്ട്ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു. തൊട്ടടുത്ത് വെച്ചായിരുന്നു വെടിവെച്ചത്. പക്ഷെ ഉമര്‍ അത്ഭുതകരമായി അതിജീവിച്ചു. അവന്‍ മാത്രമാണ് അതിജീവിച്ചത്.

കുറച്ച് മാസങ്ങള്‍ മാത്രമാണ് ഉമര്‍ ബഗ്‌റാമില്‍ തങ്ങിയത്. പിന്നീട് എനിക്ക് മുമ്പേ അവന്‍ ഗ്വാണ്ടനാമോയിലേക്ക് അയക്കപ്പെട്ടു. പിന്നീട് ഞാനവനെ കണ്ടിട്ടില്ല. ഞാന്‍ മോചിതനായതിന് ശേഷം, അവന്റെ ഒരുപാട് വക്കീലുമാരെ പോയി കണ്ടിരുന്നു. അവന്റെ കുടുംബവുമായി സംസാരിച്ചു. ആ സമയത്ത് മോചിതനാവാനുള്ള അവസാനത്തെ പാശ്ചാത്യ പൗരന്‍ അവനായിരുന്നു.

അവന് മുമ്പ് ഞങ്ങളെല്ലാം മോചിതരായി. ‘യുദ്ധകുറ്റം’ ചെയ്തുവെന്ന് കുറ്റസമ്മതം നടത്തിയതു കൊണ്ട് മാത്രമാണ് സ്വദേശമായ കാനഡയിലേക്ക് മടങ്ങാന്‍ അവന് സാധിച്ചത്. അവന്‍ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും, രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട സൈനികര്‍ക്കെതിരെ അവന്‍ ഗ്രനേഡുകള്‍ എറിഞ്ഞിട്ടില്ലെന്ന കാര്യം തീര്‍ച്ചയാണ്.

ഗ്വാണ്ടനാമോയിലെ തോന്നിയ പോലെ പ്രവര്‍ത്തിക്കുന്ന സൈനിക കമ്മീഷനുകള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയ ഒട്ടുമിക്ക തടവുകാരും സ്വദേശത്തേക്ക് പോയി. അങ്ങനെയാണ് ഉമറിനും സ്വദേശത്തേക്ക് മടങ്ങാനുള്ള ടിക്കറ്റ് കിട്ടിയത്. അവിടെ വെച്ച് അവന് ഗ്വാണ്ടനാമോയിലെ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും, മോചനം നേടാനുള്ള വഴികള്‍ ആരായാനും സാധിക്കും.

മോചനത്തിനെ തുടര്‍ന്ന് ഗ്വാണ്ടനാമോയില്‍ വെച്ച് നടത്തിയ കുറ്റസമ്മതമൊഴിയെ വെല്ലുവിളിച്ചു കൊണ്ട് ഉമര്‍ രംഗത്തു വന്നു. അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നതിന് വഴിവെച്ച ഗ്രനേഡ് എറിയാന്‍ അവന് സാധിക്കുമായിരുന്നോ എന്നതിനെ സംബന്ധിച്ച് ഗൗരവതരമായ സംശയം പ്രകടിപ്പിച്ചു. മറ്റാരോ ആണ് ഗ്രനേഡ് എറിഞ്ഞത് എന്ന വാദത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു പട്ടാളക്കാരുടെയും, ദൃക്‌സാക്ഷികളുടെയും സാക്ഷിമൊഴികള്‍.

ജാമ്യത്തില്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ഉമര്‍ പറഞ്ഞ വാക്കുകള്‍ അവനെ അനുകൂലിക്കുന്നവരെ ആവേശഭരിതരാക്കുകയും, വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തു. അവന്‍ ആവലാതി പറഞ്ഞില്ല. ആരോടും ദേഷ്യം പ്രകടിപ്പിച്ചുമില്ല.

ഉമര്‍ ഖദ്ര്‍ ഇപ്പോഴും പൂര്‍ണ്ണമായി സ്വതന്ത്രനല്ല : ഒരേ വിലാസത്തില്‍ തന്നെ തുടരണം, എങ്ങോട്ടും പോകാന്‍ അനുവാദമില്ല, ഒരു ഇലക്ട്രോണിക് ടാഗ് അണിഞ്ഞിട്ടുണ്ട്, മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ പാടില്ല. കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ അനുകൂല വിധി വരുന്നത് വരേക്കും 3200 കിലോമീറ്റര്‍ അകലെയുള്ള തന്റെ കുടുംബത്തെ കാണാന്‍ അവന് സാധിക്കില്ല.

ഡെന്നിസ് എഡ്‌നെയ്, ഉമറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അവന്റെ വക്കീലാണ് എന്നതിനേക്കാള്‍ മറ്റെന്തൊക്കെയോ ആണ്. അവന്റെ എല്ലാ കാര്യങ്ങളും ആത്മാര്‍ത്ഥമായി നോക്കുന്ന പ്രതിബദ്ധതയുള്ള കൂട്ടുകാരനാണ് ഡെന്നിസ്. പക്ഷെ, നമ്മില്‍ ചിലരെ പോലെ തന്നെ, അര്‍ധരാത്രിയില്‍, എല്ലാം നിശബ്ദമായിരിക്കെ, ഉമര്‍ ബെഡിനടിയിലേക്ക് നീങ്ങി കരയാന്‍ തുടങ്ങും. കൗമാര കാലത്ത് അവന്റെ മുറിവേറ്റ കണ്ണുകള്‍ ഗ്വാണ്ടനാമോയുടെയും ബഗ്‌റാമിന്റെയും ജയിലറകള്‍ കുതിര്‍ത്തു കൊണ്ട് കരഞ്ഞിരുന്നത് പോലെ.
(മുന്‍ ഗ്വാണ്ടനാമോ തടവുപുള്ളിയായ മുഅസ്സം ബേഗ് നിലവില്‍ തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.)

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : അല്‍ജസീറ

Related Articles