Current Date

Search
Close this search box.
Search
Close this search box.

ഉന്നം രോഗമല്ല രോഗിയാണ്

Farook college

ആ നാട്ടിലെ ആചാരം അനുസരിച്ചു വിവാഹത്തിന്റെ മുഴുവന്‍ ചിലവും അമ്മാമന്‍ ചെയ്യണം. കുറച്ചു ദിവസം മുതല്‍ അമ്മാവന്റെ ചിന്ത അതു മാത്രമാണ്. എങ്ങിനെ പെങ്ങാളുമായി ഒന്ന് തെറ്റാം. അങ്ങിനെയെങ്കില്‍  കുറെ പൈസ ലാഭമാണ്. കണ്ട ഉപായം കല്യാണ വീടിന്റെ വാതില്‍ പടിയില്‍ നിവര്‍ന്നു കിടക്കുക എന്നതും. ആരോ അറിയാതെ കാലെടുത്തു വെച്ച് കടന്നു പോയി. ‘ അമ്മാവനെ അവഹേളിച്ചു’ എന്ന പേരില്‍ പിന്നെ തെറ്റിപ്പോകാന്‍ എളുപ്പമായി.

ഫാറൂഖ് കോളേജ് വിഷയം അങ്ങിനെ വേണം വിലയിരുത്താന്‍. ഒരു പാട് മുഖ്യ വിഷയങ്ങളെ അവഗണിക്കാന്‍ പുതിയ വിഷയങ്ങള്‍ക്ക് കഴിഞ്ഞു. ഇടതു പക്ഷ സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ആനുകാലിക സംഭവം. സര്‍ക്കാരിനെതിരെ പല ഭാഗത്തു നിന്നും പ്രതിഷേധം ഉയര്‍ന്നു വന്നു. അതെ പോലെ ദേശീയ പാത വികസനത്തിന്റെ പേരില്‍ നടക്കുന്ന പോലീസ് നായാട്ടും.  രണ്ടു ദിവസം മുമ്പ് കേരളത്തിലെ വിഷയങ്ങള്‍ ഇതൊക്കെയായിരുന്നു. അപ്പോഴാണ് ഫാറൂഖ് കോളേജ് ചിലര്‍ക്ക് കണ്ടു കിട്ടിയത്.  കിട്ടിയ സന്ദര്‍ഭം അവര്‍ പാഴാക്കിയില്ല. കേരളത്തിലെ മൊത്തം സ്ത്രീകളുടെ വിഷയം പുറത്തു നിന്നും വന്ന ഒരധ്യാപകന്‍ നടത്തി എന്ന് പറയുന്ന ചില വാക്കുകളായി.  അതിനേക്കാള്‍ മോശമായ  വാക്കു തന്നെ മറ്റു പലരും പല വേദിയിലും രീതിയിലും പറഞ്ഞു. അതൊന്നും ആരും ശ്രദ്ധിച്ചില്ല. അതിനു പിന്നിലെ രാഷ്ട്രീയമാണ് വിഷയം.

അതിനു മുമ്പ് അധ്യാപക വിദ്യാര്‍ത്ഥി വിഷയത്തില്‍ ഫാറൂഖ് കോളേജ് ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ എന്തിന്റെ പേരിലായാലും ഭൂഷണമല്ല.  വിദ്യാര്‍ത്ഥികളുടെ പ്രായവും പക്വതയുമല്ല അധ്യാപകരുടേത് എന്നത് തന്നെ കാരണം. വിദ്യാര്‍ത്ഥികള്‍ പലപ്പോഴും ചേരി തിരിഞ്ഞു കലഹിക്കുക എന്നത് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാധാരണമാണ്. അതില്‍ അധ്യാപകര്‍ ഭാഗം ചേരുക എന്നത് അത്യപൂര്‍വവും. രണ്ടു പേര്‍ക്കും ന്യായീകരണം കാണും. ഫാറൂഖ് കോളേജ് പോലുള്ള ഒരു ഉന്നത സ്ഥാപനം പലരുടെയും നോട്ടത്തിലാണ്. കുറുക്കന്റെ കണ്ണുമായി ഇത്തരം കലാലയങ്ങളില്‍ ഇടപെടാന്‍ കാത്തിരിക്കുന്ന ഒരു സമൂഹം പുറത്തുണ്ട്. കേരള മുസ്ലിം സമുദായത്തിന് ദിശാബോധം നല്‍കിയതില്‍ ഈ സ്ഥാപനത്തിന്റെ പങ്കു വലുതാണ്. മലബാറിന്റെ വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞാല്‍ ഫാറൂഖ് കോളേജ് എന്നത് അവഗണിക്കാന്‍ കഴിയില്ല എന്നവര്‍ക്കറിയാം. അപ്പോള്‍ ബാക്കി ചെയ്യാന്‍ കഴിയുക ആരോപണങ്ങള്‍ സൃഷ്ടിക്കുക എന്നത് മാത്രം. അവര്‍ക്കു വഴി മരുന്നിട്ടു കൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കരുത്.

വിദ്യാര്‍ത്ഥികളെ ശത്രു പക്ഷത്തു നിര്‍ത്തി ഒരു മേനേജ്‌മെന്റിനും മുന്നോട്ട് പോകാന്‍ കഴിയില്ല. അവരും കൂടി അത് മനസ്സിലാക്കണം. ഇന്ന് വരെ ഫാറൂഖ് കോളേജിന്റെ മതേതരത്വം ആരും ചോദ്യം ചെയ്തിട്ടില്ല. ഇപ്പോള്‍ ചിലര്‍ അവിടെയാണ് ഉന്നം വെക്കുന്നതും.  ഫാറൂഖ് കോളേജ് എന്നത് ഒരു സാമുദായിക വികാരമാണ് എന്ന് അപ്പുറത്തു നില്‍ക്കുന്നവര്‍ മനസ്സിലാക്കിയിരിക്കുന്നു. അതിനെ എങ്ങിനെ വൈകാരികമാക്കാം എന്നതില്‍ അവര്‍ക്കു കൃത്യമായ നിലപാടുണ്ട്. അതില്‍ തല വെച്ച് കൊടുക്കാന്‍ സമുദായത്തില്‍ ആളുണ്ട് എന്നതും സത്യമാണ്.

വിഷയങ്ങളെ അതിന്റെ സ്ഥാനത്തു നിന്നും മാറ്റുക എന്നതാണ് ഇത്തരം പദ്ധതികളുടെ പിന്നിലെ ഉദ്ദേശം. പുറത്തു നിന്നും ക്ലാസെടുക്കാന്‍ വന്നയാള്‍ എന്ത് പറഞ്ഞു എന്നത് കോളേജിന്റെ വിഷയമല്ല. അത് ആരാണോ നടത്തിയത് അവരാണ് അതിനു ഉത്തരവാദി.  ഉന്നം രോഗമല്ല രോഗിയാണ് എന്ന് വന്നാല്‍ അസുഖം ഒരിക്കലൂം മാറില്ല. പരസ്പരം കലഹിക്കുമ്പോള്‍ പുറത്തു ചുടു ചോര കുടിക്കാന്‍ ചെന്നായ്ക്കള്‍ കാവലിരിക്കുന്നു എന്ന ബോധം മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമാണ്.

പണം കൊടുക്കാതിരിക്കാന്‍ വാതിലിനു മുന്നില്‍ കിടന്ന അമ്മാവന്‍ ഒരു പര്യായമാണ്. പല അമ്മാവന്മാരും അവിടെ തന്നെ പായും വിരിച്ചു കിടക്കുന്നു.

 

Related Articles