Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിനെ കുറിച്ച ചര്‍ച്ചിലിന്റെ കാഴ്ച്ചപ്പാട്

winston.jpg

ഭീകരവാദ ഭീഷണിയെ കുറിച്ച് ലോകം വര്‍ധിച്ച തോതില്‍ ആശങ്കവെച്ചു പുലര്‍ത്തുന്ന ഈ അവസരത്തില്‍, എല്ലാ വിരലുകളും എല്ലായ്‌പ്പോഴും മുസ്‌ലിംകള്‍ക്കെതിരെയാണ് ചൂണ്ടുന്നത്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ബഹുമാന്യനായ രാഷ്ട്രതന്ത്രജ്ഞന്‍ വിന്‍സന്റ് ചര്‍ച്ചില്‍ ഇസ്‌ലാമിനോട് അങ്ങേയറ്റം താല്‍പര്യമുള്ള വ്യക്തിയായിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. ഒരു വേള അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുമോ എന്നു വരെ അദ്ദേഹത്തിന്റെ കുടുംബം ശങ്കിച്ചിരുന്നു.

1907-ല്‍ ഭാവിയില്‍ അദ്ദേഹത്തിന്റെ സഹോരന്‍ വിവാഹം ചെയ്യാന്‍ പോകുന്ന ഗ്വന്‍ഡോലിന്‍ ബെര്‍റ്റി ചര്‍ച്ചിലിന് എഴുതി: ‘ദയവു ചെയ്ത് താങ്കള്‍ ഇസ്‌ലാം സ്വീകരിക്കരുത്. ഒരു മുസ്‌ലിമാവാനുള്ള പ്രവണത താങ്കളില്‍ ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. ഇസ്‌ലാമുമായി താങ്കള്‍ ബന്ധപ്പെടുകയാണെങ്കില്‍, താങ്കള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലായിരിക്കും അത് താങ്കളില്‍ ഉണ്ടാക്കുന്ന സ്വാധീനം. രക്തക്കൊതിയുടെ മതം, ഞാന്‍ എന്താണെന്ന് ഉദ്ദേശിക്കുന്നത് തങ്കള്‍ക്കറിയാമല്ലോ, അതിനെതിരെ പോരാടുക.’ ഗ്വന്‍ഡോളിന്‍ പിന്നീട് ചര്‍ച്ചിലിന്റെ സഹോദരന്‍ ജാക്കിനെ വിവാഹം ചെയ്തു.

ചര്‍ച്ചിലിനെ കുറിച്ച് ഒരു ഗ്രന്ഥം രചിക്കാന്‍ ഗവേഷണം നടത്തിയിരുന്ന കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ചരിത്ര ഗവേഷകന്‍ ഡോ. വാറന്‍ ഡോക്‌ടെര്‍ ആണ് 1907 ലേഡി ഗ്വന്‍ഡോളിന്‍ എഴുതിയ പ്രസ്തുത കത്ത് കണ്ടെടുത്തത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സമഭാവനയോടെ കണ്ടിരുന്ന ചര്‍ച്ചില്‍ ഒരു പുരോഗമനവാദിയായിരുന്നെങ്കിലും, മതം മാറുന്നതിനെ കുറിച്ച് അദ്ദേഹം ഗൗരവപൂര്‍വ്വം ചിന്തിച്ചിരുന്നില്ലെന്ന് ബ്രിട്ടീഷ് പത്രമായ ദി ഇന്‍ഡിപെന്റന്റിനോട് ഡോക്‌ടെര്‍ പറഞ്ഞു. ‘അദ്ദേഹം ഏറിയോ കുറഞ്ഞോ ഒരു നിരീശ്വരവാദിയായിരുന്നു. ഇസ്‌ലാമിക സംസ്‌കാരത്തിനോട് അദ്ദേഹത്തിന് ഒരുതരം അഭിനിവേശം ഉണ്ടായിരുന്നു എന്നത് ശരിയാണ്. അത് പക്ഷെ വിക്‌റ്റോറിയന്‍മാര്‍ക്കിടയില്‍ സര്‍വ്വസാധാരണമാണ്.’ ഡോക്‌ടെര്‍ കൂട്ടിചേര്‍ത്തു.

ഇസ്‌ലാമിനെ അദ്ദേഹം അങ്ങേയറ്റത്തെ ആദരവോടെയാണ് കണ്ടിരുന്നത്. പിന്നീട് ജൂതന്മാര്‍ അദ്ദേഹത്തെ ഒരു സയണിസ്റ്റ് വീരപുരുഷനായി വാഴ്ത്തുകയുണ്ടായി. കൊളോണിയല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന സമയത്ത് ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി ചര്‍ച്ചില്‍ ചെയ്ത സംഭാവനകളെ ജൂതന്മാര്‍ ഹാര്‍ദമായി സ്വാഗതം ചെയ്തു. മിഡിലീസ്റ്റിലെ രാജ്യങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിന് തയ്യാറാക്കിയ പദ്ധതി, അവിടെ എണ്ണ കമ്പനികള്‍ സ്ഥാപിക്കല്‍, വിപ്ലവങ്ങളെ കൈകാര്യം ചെയ്യല്‍- 1920 ഇറാഖില്‍ മാത്രമല്ല ചര്‍ച്ചില്‍ ഇടപെട്ടിട്ടുള്ളത്-  തുടങ്ങിയ കാര്യങ്ങളുടെ പേരിലാണ് പൊതുസമൂഹത്തിന് മുമ്പില്‍ ചര്‍ച്ചില്‍ അറിയപ്പെട്ടത്. ചരിത്രം എടുത്ത് പരിശോധിക്കുമ്പോള്‍ മിഡിലീസ്റ്റിലെ ജനങ്ങള്‍ ചര്‍ച്ചിലിനെ ഒരു മാന്യവ്യക്തിത്വമായി കണ്ടിരുന്നില്ലെന്ന് വ്യക്തമാവും.

19-ാം നൂറ്റാണ്ടില്‍ സുഡാനില്‍ ബ്രിട്ടന്‍ നടത്തിയ യുദ്ധത്തെ കുറിച്ച് 1899-ല്‍ എഴുതിയ പുസ്തകത്തില്‍ ഇസ്‌ലാമിനെ അപലപിച്ചു കൊണ്ട് ചര്‍ച്ചില്‍ ഒരു ഖണ്ഡിക എഴുതിയിരുന്നു: ‘ശക്തമായ പ്രതിലോമ സ്വഭാവം വെച്ചുപുലര്‍ത്തുന്ന മറ്റൊരു ശക്തിയും ലോകത്ത് നിലനില്‍ക്കുന്നില്ല. ജനങ്ങളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതും, സായുധാക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഒന്നാണ് മുഹമ്മദനിസം.’

അദ്ദേഹം ഒരു തീവ്രയാഥാസ്ഥികനായിരുന്നില്ല. ശരിക്കും ചര്‍ച്ചില്‍ ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായിരുന്നു. പിന്നീട് 1904-ലാണ് സെന്റര്‍-ലഫ്റ്റ് ലിബറല്‍സുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കൊളോണിയല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചര്‍ച്ചില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും, ഡോക്‌ടെര്‍ പറയുന്നു : ‘വടക്കന്‍ നൈജീരിയയുടെ ഹൈകമ്മീഷണര്‍ ഫ്രെഡറിക് ലുഗാര്‍ഡിനെ പോലെയുള്ള തീവ്രസാമ്രാജ്യത്വവാദികളുടെ സമ്രാജ്യത്വനയങ്ങളോട് ചര്‍ച്ചില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വടക്കന്‍ നൈജീരിയയിലെ മുസ്‌ലിം ഗോത്രങ്ങള്‍ക്കെതിരെ ലുഗാര്‍ഡ് നടപ്പിലാക്കിയ കടന്നാക്രമണങ്ങള്‍ ചര്‍ച്ചില്‍ ശക്തമായി എതിര്‍ത്തു.’

പിന്നീടുള്ള ജീവിതത്തില്‍ ചര്‍ച്ചിലും, അദ്ദേഹത്തിന്റെ അടുത്തസുഹൃത്തും മുസ്‌ലിംകള്‍ക്ക് വേണ്ടി ശബ്ദിച്ചിരുന്ന കവിയുമായിരുന്ന വില്‍ഫ്രിഡ് എസ് ബ്ലഡും മുസ്‌ലിം ലോകത്തില്‍ അങ്ങേയറ്റത്തെ താല്‍പര്യം കാണിച്ചു. വ്യക്തിജീവിതത്തില്‍ അറബികളുടെ വേഷവിധാനം സ്വീകരിക്കുന്നതിലേക്ക് വരെ ആ താല്‍പര്യം വളര്‍ന്നു. 1940-ല്‍ നാസി ജര്‍മനിയുമായി ബ്രിട്ടന്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന സമയത്ത് റിജന്റ്‌സ് പാര്‍ക്കില്‍ സെന്‍ട്രല്‍ ലണ്ടന്‍ മസ്ജിദ് നിര്‍മിക്കാനുള്ള പദ്ധതിക്ക് ഔദ്യോഗിക പദത്തിലിരിക്കെ ചര്‍ച്ചില്‍ അനുമതി നല്‍കി. പദ്ധതിക്ക് വേണ്ടി അദ്ദേഹം 152000 ഡോളര്‍ നീക്കിവെക്കുകയും ചെയ്തു.

പദ്ധതിക്കെതിരെ പൊതുജനങ്ങള്‍ രംഗത്തുവന്നിരുന്നെങ്കിലും, മുസ്‌ലിംകള്‍ക്കിടയില്‍ ബ്രിട്ടനോട് അനുകൂല സമീപനം സൃഷ്ടിക്കാന്‍ മസ്ജിദ് നിര്‍മാണം കൊണ്ട് സാധിക്കുമെന്ന് ചര്‍ച്ചില്‍ പ്രത്യാശിച്ചു.

ഡോക്‌ടെര്‍ എഴുതുന്നു ‘മുസ്‌ലിംകള്‍, ഇസ്‌ലാമിക സംസ്‌കാരം എന്നിവയെ സംബന്ധിച്ച് ചര്‍ച്ചിലിന്റെ വീക്ഷണങ്ങള്‍ എല്ലായ്‌പ്പോഴും പരസ്പരവിരുദ്ധമെന്ന് തോന്നുന്നതും, സാമ്രാജ്യത്വ പരിപ്രേക്ഷ്യങ്ങളുടെ സങ്കീര്‍ണമായ ചേരുവയുമായിരുന്നു. സൈന്യത്തിലായിരിക്കെ അദ്ദേഹം അനുഭവിച്ചറിഞ്ഞ ബഹുമാനം, പരസ്പരം മനസ്സിലാക്കല്‍, മഹാമനസ്‌കത എന്നിവ കൊണ്ട് പരസ്പരം ചേര്‍ക്കപ്പെട്ട സവിശേഷമായ പൗരസ്ത്യ മൂല്യങ്ങളാല്‍ ചിട്ടപ്പെടുത്തപ്പെട്ടതാണ് അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍. ഇതാണ് അതുല്യമായ ചര്‍ച്ചിലിയന്‍ പരിപ്രേക്ഷ്യത്തിന് പിന്നിലെ നിര്‍മാണ യുക്തി.’

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles