Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക നവജാഗരണവും, നവസാമുദായിക വാദവും

scull-cap.jpg

ചരിത്രത്തിന്റെ താരാപഥങ്ങളില്‍ ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ തിളങ്ങുന്ന അധ്യായങ്ങള്‍ രചിച്ചുകൊണ്ടാണ് ഇന്ത്യയിലെ ഇസ്‌ലാമിസ്റ്റുകള്‍ ഏഴാം പതിറ്റാണ്ടിനോട് സംവദിക്കുന്നത്. ജാഹിലിയ്യത്തിന്റെ (Ignorance) സകല പവണതകളോടും സന്ധിയില്ലാ സമരം പ്രഖ്യാപിച്ചും ഇസ്‌ലാമിന്റെ തനതായ ആദര്‍ശത്തെ ധീരമായി അവതരിപ്പിച്ചുകൊണ്ടും തന്നെയാണ് ഇസ്‌ലാമിസ്റ്റുകള്‍ നിലകൊള്ളുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇസ്‌ലാമിക സമൂഹത്തെ ബാധിക്കുവാന്‍ സാധ്യതയുള്ള തീവ്ര-മൃദുല സാമുദായിക പ്രവണതകളില്‍ നിന്നും എന്നും ഇസ്‌ലാമിസ്റ്റുകള്‍ അകലം പാലിച്ചിട്ടുണ്ട്. ഒരുപക്ഷെ അവര്‍ക്ക് അങ്ങനെയേ സാധിക്കൂ. ഇന്ത്യയില്‍ അവര്‍ പിറവിയെടുത്തത് തന്നെ ആ ദൗത്യം നിര്‍വ്വഹിക്കുവാനാണ്.
    
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ഭായ് പരമാനന്ദയിലൂടെ ബീജാവാപം നല്‍കപ്പെട്ട ഹിന്ദുവര്‍ഗ്ഗീയ ശക്തി ഗോള്‍വാള്‍ക്കറിലൂടെ ഒരുവശത്ത് ശക്തി പ്രാപിക്കുകയും മറുവശത്ത് ജിന്നയിലൂടെ മുസ്‌ലിം സാമുദായികത ഉദിച്ചുയരുകയും ചെയ്ത അഖണ്ഡ ഭാരതത്തിലെ അതിസങ്കീര്‍ണ്ണമായ സാമൂഹ്യ അന്തരീക്ഷത്തിലാണ് ഇസ്‌ലാമിക നവോത്ഥാന ചിന്ത പിറവിയെടുക്കുന്നത് തന്നെ. എന്നിട്ടും മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷ താല്‍പര്യമായ പാക്കിസ്ഥാന്‍ വാദത്തെയും മറുവിഭാഗത്തിന്റെ ഹിന്ദു രാഷ്ട്ര വാദത്തെയും തത്വത്തില്‍ ഇന്ത്യ വിഭജനത്തെത്തന്നെയും ഇസ്‌ലാമിക ചിന്താധാര ധീരമായി ചോദ്യം ചെയ്തു. മാത്രമല്ല, എല്ലാവര്‍ക്കും തുല്ല്യ അധികാരവും അവകാശവുമുള്ള സ്വതന്ത്ര ഫെഡറല്‍ സ്റ്റേറ്റ് എന്ന ബദല്‍ സമര്‍പ്പിക്കുകയും ചെയ്തു. അതിലൂടെ ഇസ്‌ലാമിന്റെ ഏക മാനവികതയിലൂന്നിയ നവലോക ക്രമത്തെ വിഭാവനം ചെയ്യുവാനും ഇമാം അബുല്‍ അഅ്‌ലാ മൗദൂദിക്ക് സാധിച്ചു. ഇമാം മൗദൂദിയുടെ പ്രസംഗങ്ങളിലും എഴുത്തുകളിലും നിറഞ്ഞു നില്‍ക്കുന്നതും അദമ്യമായ സാമുദായിക വംശീയ ബോധങ്ങളില്‍നിന്ന് ‘ഉത്തമ സമൂഹം’ (Righteous Society), ‘മധ്യമസമൂഹം’ (Balanced Society) എന്നീ ഗുണവിശേഷങ്ങളുടെ ഔന്നിത്യത്തിലേക്ക് മുസ്‌ലിം സമൂഹത്തെ കൈപിടിച്ചുയര്‍ത്തുവാനുള്ള ചിന്തകളാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ മുമ്പില്‍ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടേയും അടിത്തറയുള്ള ഒരു രീതിശാത്രം  പിന്തുടരുവാനും വികസിപ്പിക്കുവാനും ഇസ്‌ലാമിക ചിന്തക്ക് സാധിച്ചുവെന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകതയും വിജയവും. ഈ ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് പുതിയ കാലത്തെ ഇസ്‌ലാമിക നവജാഗരണ ഭൂമികയുടെ പരിസരങ്ങളില്‍ നിന്ന് പ്രചരിക്കുന്നതും പ്രാക്ടീസ് ചെയ്യുന്നതുമായ നവസാമുദായിക പ്രവണതകള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്.

സവര്‍ണ്ണ മേല്‍ക്കോയ്മയും, സമുദായവും
ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിലെ പതിറ്റാണ്ടുകളിലൂടെ രൂപപ്പെട്ട യാഥാര്‍ത്ഥ്യമാണ് സമൂഹത്തില്‍ നിലനില്‍ക്കുന്ന സവര്‍ണ്ണാധിപത്യം. സവര്‍ണ്ണമേല്‍ക്കോയ്മയും അതിന്റെ ഉപോല്‍പ്പന്നമായും അധികാര ദ്രുവീകരണവും ഒരു പുതിയ പ്രവണതയല്ല. അതിന് കീഴടങ്ങിയും അഭിമുഖീകരിച്ച് അതിനെ കീഴടക്കിയുമുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് മാനവിക ചരിത്രം. വംശീയതയുടെയും ദേശീയതയുടെയും അതിന് സ്വതന്ത്രമായി വിഹരിക്കുവാന്‍ ഇടം നല്‍കുന്ന ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഉള്ളറകളെ ഇമാം മൗദൂദി ദാര്‍ശനികമായി നിരൂപണം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിസ്റ്റുകളും എക്കാലവും മനുഷ്യത്വ രഹിതമായ ഫാഷിസത്തിന്റെ മുനയൊടിച്ചിട്ടുമുണ്ട്. ഈ വസ്തുതകളെ മുന്നില്‍  വെക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കണ്ടുപിടിക്കപ്പെട്ട ഒരത്ഭുത പ്രതിഭാസമല്ല ഇതെന്ന് സൂചിപ്പിക്കുവാനാണ്. നവ സാമുദായിക വാദത്തിന്റെ ആശയ പ്രപഞ്ചം ചുറ്റിക്കറങ്ങുന്നത് മുസ്‌ലിം, ദളിത് ചരിത്രത്തിന്റെ ഭ്രമണ പഥത്തിലാണ്. മുസ്‌ലിം ദളിത് നവോത്ഥാന ചലങ്ങളില്‍ അതിസുക്ഷ്മമായി നിരീക്ഷിക്കുകയും ആസൂത്രിതമായും ചെറുക്കുകയും ചെയ്യുന്ന അമിതാധികാര പ്രവണതകള്‍ക്കുമേല്‍ കണ്ണടക്കുകയല്ല. മറിച്ച് ഇതിനെ ചെറുക്കുവാനായി ഉരകം കൊള്ളുന്ന നവസാമുദായികതയുടെ ഇടം ഇസ്‌ലാമിക നവോത്ഥാന മണ്ഡലമാകുന്നതിന്റെ വൈരുദ്ധ്യത്തിനുമേല്‍ കണ്ണുതുറക്കുകയാണ്. സാമ്രാജ്യത്വം തകര്‍ത്തുകളയുകയും പൗരോഹിത്യം അരങ്ങ് തകര്‍ക്കുകയും ചെയ്ത മുസ്‌ലിം സമുദായ ഭൂമികയില്‍ സംഭവിച്ച മുഴുവന്‍ അഭ്രംശങ്ങളും ചികഞ്ഞെടുത്ത് അതെല്ലാം ആസുത്രിതമായ സവര്‍ണ്ണ ശ്രമങ്ങളായിരുന്നു എന്നു വ്യവഹരിക്കുന്ന ചിന്താധാര ഇസ്‌ലാമിക വിരുദ്ധമായ നവസാമുദായികയുടെ മേച്ചില്‍ പുറങ്ങളില്‍ വിഹരിക്കുന്നതായും ചിലപ്പോഴൊക്കെ വിശ്രമിക്കുന്നതായും നമുക്ക് കാണാം. സാമുദായികതയെ വൈകാരികമായി പരിണയിക്കുന്ന വകഭേദങ്ങളില്‍ (മുസ്‌ലിം ലീഗ്, പോപ്പുലര്‍ ഫ്രണ്ട്) നിന്നും വ്യത്യസ്തമായി സാമുദായികതയെ വൈജ്ഞാനികവും സൈദ്ധാന്തികവുമായ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യത്യാസം മാത്രമാണ് നവസാമുദായിക ചിന്താധാരയില്‍ നിലനില്‍ക്കുന്നത്. കേരളത്തിന്റെ പൊതുബോധം സവര്‍ണ്ണമാണ് എന്നും ഇത് സൃഷ്ടിക്കുന്നത് ഭരണകൂടവുമാണെന്നുള്ള വാദം  ശ്രമത്തിന് ശക്തി പകരുന്നു.

സമാനതകളുടെ ഏകീകരണം
കേരളത്തിലെ ദളിത് കീഴാള സമൂഹം അവഗണനയുടെയും അപരവല്‍ക്കരണത്തിന്റെയും ഇരകളാണ്. പിന്നാക്ക സമുദായം എന്ന അര്‍ത്ഥത്തില്‍ തുടര്‍ച്ചയായ ഒരു നവോത്ഥാന പ്രക്രിയക്ക് ആ സമുദായം വിധേയമായിട്ടില്ല. ലോകത്തിന് മുമ്പില്‍ ശ്രദ്ധേയമായ നവോത്ഥാന നായകര്‍ക്ക് ജന്മം നല്‍കിയ പാരമ്പര്യമുണ്ടെങ്കിലും പിന്നീട് അത്തരം പോരാളികള്‍ക്ക് ജന്മം നല്‍കാന്‍ കഴിയാതെ പോയിയെന്നുള്ളത് ആ വിഭാഗത്തിന്റെ വികാസപരിണാമ പ്രക്രിയക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
    
സവര്‍ണ്ണ മേല്‍ക്കോയ്മയുടെ വാളോങ്ങലില്‍ വിറങ്ങലിച്ച് നില്‍ക്കുന്നത് ദലിത് കീഴാള വിഭാഗവും പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായവുമാണെന്ന് സമവാക്യം രൂപപ്പെടുകയും ഇരകളുടെ ഐക്യപ്പെടല്‍ എന്ന അര്‍ത്ഥത്തിലേക്ക് ഈ ചിന്താധാര വികസിക്കുകയും ചെയ്തിരിക്കുന്നു. വിവിധ കാലഗണനയില്‍ പരീക്ഷിച്ച് പരാജയപ്പെട്ട പ്രതിചിന്തകളുടെ അടവുനയങ്ങള്‍തന്നെയാണ് ഇതുപിന്തുടരാന്‍ ശ്രമിക്കുന്നത്. പൊതു ശത്രുവിനെതിരെയുള്ള രോഷം ഒരു സാമൂഹ്യപരിവര്‍ത്തനത്തിന് അടിത്തറപാകുവാന്‍ ശേഷിയുള്ള ആയുധമല്ല. അതുകൊണ്ട്തന്നെ ഈ ഐക്യപ്പെടല്‍ വിസ്മൃതിയിലായതും വര്‍ത്തമാനകാലത്ത് വിയര്‍ക്കന്നതായും നമുക്ക് കാണാം.
    
ഒന്നാമതായി ദളിത് സമൂഹം ഒരു ശക്തമായ നേതൃത്വത്തിന് കീഴില്‍ അണിനിരക്കപ്പെട്ടവരല്ല. സംഘടിതരായവര്‍ കേവല പ്രായോഗിക രാഷ്ട്രീയ താല്‍പര്യങ്ങളില്‍ തളക്കപ്പെട്ടവരുമാണ്. ഏകമാനവികതയിലൂന്നിയ നവയുഗ പിറവിക്കുതകുന്ന ഒരു ദാര്‍ശനികാടിത്തറ അതുകൊണ്ട് തന്നെ ഇരുവിഭാഗങ്ങള്‍ക്കും കെട്ടിപ്പടുക്കുവാന്‍ സാധിക്കുന്നില്ല.

ലോജിക്കല്‍ ഇസ്‌ലാം
ഇത് ഇസ്‌ലാമിക ലോകത്ത് പുതുതായി പ്രാക്ടീസ് ചെയ്യുന്ന മനോഘടനയാണ്. പ്രവണതകള്‍, ചിന്തകള്‍, ചരിത്രത്തിലുടനീളം അതിന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ദൈവികാദര്‍ശത്തിന്റെ സത്യവും യുക്തിയും അംഗീകരിക്കുമ്പോള്‍തന്നെ അതിനെ പൂര്‍ണ്ണമായും ആശ്ലേഷിക്കുവാന്‍ വിമുഖത കാണിക്കുകയും അതിന് സങ്കുചിതവും പരിമിതവുമായ തങ്ങളുടെ യുക്തിയെ മാനദണ്ഡമാക്കുകയും ചെയ്യുന്ന സ്വതന്ത്ര സമീപനമാണിത്.
    
അറിവില്ലായ്മയുടെ അന്ധകാരത്തില്‍ നിന്ന് പുനര്‍ജ്ജനിക്കുന്ന ജാഹിലിയത്തിന്റെ നവഭൂമികയിലാണിത് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഈ ഭൂമികയിലാണ് ദൈവിക വിരുദ്ധമായ സ്വതന്ത്ര ജീവിതകാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുന്നത്. ഇതിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങലാണ് സാംസ്‌കാരികതയുടെ ഉര്‍വരതയില്‍ വലയം പ്രാപിക്കുന്നതും. വര്‍ത്തമാനകാലത്തിലെ ഇസ്‌ലാമിക പ്രതിനിധാനത്തിന് ഉപോല്‍പ്പദമാകുന്ന ഈ മൂന്നു ഘടകങ്ങളും ഇസ്‌ലാമിക പ്രബേധനത്തിന്റെ രീതിശാസ്ത്രത്തിന് എതിരാണ്. ”പ്രവാചകാ, നന്മയും തിന്മയും തുല്ല്യമാവുകയില്ല. നീ തിന്മയെ ഏറ്റവും ഉല്‍കൃഷ്മായ നന്മകൊണ്ട് തടുക്കുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവര്‍ ഒരു ആത്മ മിത്രമായിത്തീരുന്നത് നിനക്കു കാണാം (ഖുര്‍ആന്‍ 41 : 34-36) ഈ ഒരു ഉദാത്തമായ ചിന്തയെ പിന്തുടരുന്നത് കൊണ്ടാവാം മാനവ ചരിത്രത്തില്‍ എല്ലാ പ്രവാചകന്മാരും ആ കാലഘട്ടതിലെ സവര്‍ണ്ണ മേല്‍ക്കോയ്മക്കെതിരെ വൈകാരികമായി പ്രതികരിക്കാതിരുന്നത്. ഇബ്രാഹീം പ്രവാചകന്റെ കാലത്തെ അധികാര വംശവും അതിന് നേതൃത്വം കൊടുത്ത ഉര്‍നമ്മുവും, മൂസാ പ്രവാചകന്‍ അഭിമുഖീകരിച്ച ഫറോവയും, ഹാമാനും, ഖാറൂനും സവര്‍ണ്ണതയുടെയും വംശീയതയുടെയും ഉത്തുംഗതയില്‍ വിരാജിച്ചവര്‍തന്നെയാണ്. എന്നിട്ടും ധിക്കാരിയും ഇസ്‌റാഈല്യരെ മര്‍ദ്ദിച്ചൊതുക്കിയ സ്വേച്ഛാതിപതിയുമായ ഫറോവക്ക് മുമ്പില്‍ മനുഷ്യന്റെ മൃദുല വികാരങ്ങളെ പ്രതിനിധീകരിക്കുന്നതിന് പകരം ദൈവിക നീതിയുടെ ഉന്നതവും വിശാലവുമായ അദ്ധ്യാപനങ്ങളാണ് മൂസാ പ്രവാചകന്‍ പഠിപ്പിക്കപ്പെടുന്നത് (ഖുര്‍ആന്‍ 20 : 44)
    
ഇനി രണ്ടാമത്തെ ഘടകത്തെ പരിശോധിക്കുമ്പോള്‍ സമാനതകളുടെ ഏകീകരണമല്ല, വൈവിധ്യങ്ങളുടെ സമാഹരണമാണ് ഇസ്‌ലാമിക ചരിത്രത്തില്‍ കാണുവാന്‍ സാധിക്കുക. സമാനതകളുടെ ഏകീകരണത്തിന്റെ അടിത്തറ ദുര്‍ബ്ബല വികാരങ്ങളാകുമ്പോള്‍ വൈവിധ്യങ്ങളുടെ സമാഹരണത്തിന്റെ അടിത്തറ ഏകമാനവികതയാണ്. മദീന ചാര്‍ട്ടറില്‍ പോലും ആ കാലഘട്ടത്തിലെ സവര്‍ണ്ണ ബോധത്തിന്റെ വക്താക്കളായ ജൂത സമുദായത്തെയടക്കം പങ്കാളികളായിരുന്നുവെന്നും, അവരടങ്ങുന്ന സാമൂഹ്യ സംവിധാനത്തെ ‘ഒരൊറ്റ സമൂഹം’ എന്ന് വിളിക്കുവാന്‍ പ്രവാചകന് സാധിച്ചുവെന്നും നമുക്ക് കാണാം. അതായത്, ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് ഏകമാനവികതയിലൂന്നിയ വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രാഷ്ട്രസങ്കല്‍പ്പമാണ്. പ്രതിലോമപരമോ വിഘടനവാദപരമോ അല്ല.
    
പുതിയ സങ്കീര്‍ണ്ണമായ ഇന്ത്യന്‍ സാമൂഹ്യ സാചര്യത്തില്‍ കൂടുതല്‍ ഉള്ളടക്കത്തോടെയും, ആഴത്തിലും, പരിഷ്‌കരണത്തിന്റെ ദര്‍ശനവും മുദ്രാവാക്യങ്ങളും ഉയര്‍ത്തി ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭാഗദേയത്തിന് ആത്മവിശ്വാസത്തോടെ രംഗപ്രവേശം ചെയ്യുകയെന്നത് പുതിയകാലത്തിന്റെ അനിവാര്യതയാണ്.

 

Related Articles