Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക് ബേങ്കിംഗ് സി.പി.എമ്മിന്റെ റോള്‍

halal-fayida.jpg

ചൂഷണാത്മ പലിശ വ്യവസ്ഥക്ക് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ക്രിയാത്മക സാമ്പത്തിക സംവിധാനത്തിന്റെ കാലിക രൂപമാണ് ഇസ്‌ലാമിക ബാങ്കുകള്‍. ലോകത്തിന്റെ നാനാദിക്കുകളിലും ഇവ പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തില്‍ ഇസ്‌ലാമിക ചിന്തകരുടെയും സംഘടനകളുടെയും ഭാഗത്തുനിന്ന് ഇത് സംബന്ധമായ ധാരാളം ചര്‍ച്ചകളും ചുവടുവെപ്പുകളും നടന്നിട്ടുണ്ട്. മര്‍ഹൂംടി.പി. കുട്ട്യമ്മുസാഹിബാണ് ഇക്കാര്യത്തില്‍ പ്രാത: സ്മരണീയന്‍. 1968ല്‍ പാലക്കാട് വെച്ചു നടന്ന ആറാം ഇസലാമിക സെമിനാറില്‍ കുട്ട്യമ്മു അവതരിപ്പിച്ച പ്രബന്ധം ഏറെ ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് അവ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു
(അവ ഉള്‍പ്പെടുന്ന, പ്രൊ:ടി.അബ്ദുല്ല അവതാരിക എഴുതിയ കുട്ട്യമ്മു സാഹിബിന്റെ ‘ദാറുല്‍ അമാനത്ത് ‘ എന്ന കൃതിയും പുറത്തു വന്നു)

ഇന്ത്യയില്‍ ഇസ്‌ലാമിക് ബാങ്ക് യാഥാര്‍ത്ഥ്യമായിക്കാണാന്‍ സംഘടനാ തലത്തില്‍ ഏറെ ശ്രമിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ്.  പ്രസ്ഥാനത്തിന്റെ  ആഭിമുഖ്യത്തില്‍ കേരളത്തിലുടനീളമുള്ള നൂറുക്കണക്കിനു പലിശരഹിത പരസ്പര സഹായനിധികളും ‘സംഗമം’ തുടങ്ങിയ സംവിധാനങ്ങളും കൊണ്ട് ഒരു സാമ്പത്തിക ബദല്‍ തന്നെ അവര്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഡോ. നജാതുല്ലാ സിദ്ദീഖി, പ്രൊഫ. ഖുര്‍ശിദ് അഹ്മദ്, ഡോ. എഫ്.ആര്‍.ഫരീദി തുടങ്ങിയ സാമ്പത്തിക വിദഗ്ദ്ധരായ ജമാഅത്തു നേതാക്കളുടെ രചനകളടങ്ങിയ ‘ഇസ്‌ലാമിക് ബാങ്കിംഗ് ‘ എന്ന ശ്രദ്ധേയമായ കൃതിയും ജമാഅത്ത് പുറത്തിറക്കിയിട്ടുണ്ട്.

സി.പി.എം ഈ മേഖലയിലേക്ക് കാലെടുത്തു വെച്ചതിന്റെ ഉദ്ദേശ്യം എന്തായാലുംശരി, അതുവഴി ഇസ്‌ലാമിക് ബാങ്കിംഗ് എന്ന ആശയം ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നത് ശുഭോദര്‍ക്കമായ കാര്യമത്രെ!. ഇസ് ലാമിക ധന വിതരണ സമ്പ്രദായത്തിന്റെ മേന്മ തിരിച്ചറിഞ്ഞ ഡോ: തോമസ് ഐസകിനെ പോലുള്ള പലരും ഇടതുപക്ഷത്തുണ്ട് എന്നതും ആശാവഹമാണ്. ഇസ്‌ലാമിക് ബാങ്കിംഗ്, ഇസ്‌ലാമിക രാഷ്ട്രം എന്നൊക്കെ പറഞ്ഞാല്‍ ചിലരെങ്കിലും തെറ്റുധരിച്ചതു പോലെ മുസ്‌ലിംകള്‍ക്ക് മാത്രമുള്ളതല്ലെന്ന തിരിച്ചറിവും പുതിയ ‘ഹലാല്‍ ഫാഇദ ‘ നല്‍കുന്നുണ്ട്.

ഗള്‍ഫാര്‍ മുഹമ്മദലി ചെയര്‍മാനായി 2009 ല്‍ 1000 കോടിയുടെ മുതല്‍മുടക്കില്‍ കേരളത്തില്‍ തുടങ്ങാന്‍ തീരുമാനിച്ച പലിശരഹിത സ്ഥാപനത്തിന്റെ 74% തുക മുടക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് തയ്യാറായതായി വാര്‍ത്ത ഉണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ മന്‍മോഹന്‍ സിംഗിന് ഇക്കാര്യത്തില്‍ നല്ല താല്‍പര്യം ഉണ്ടായിരുന്നെങ്കിലും ‘ഇസ്‌ലാം ‘ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്ന സുബ്രഹ്മണ്യസ്വാമിമാരുടെ തെറ്റായ വായന അന്നും ഇന്നും ജനകോടികളുടെ വിമോചന സ്വപ്നത്തില്‍ മണ്ണിട്ടു കൊണ്ടിരിക്കുന്നു.

 

Related Articles