Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമാണ് തുര്‍ക്കിയുടെ പ്രതാപത്തിന്റെ നിദാനം

qaradawi8764.jpg

ഇസ്‌ലാമിനും അറബ് മുസ്‌ലിം വിഷയങ്ങളിലുമുള്ള തുര്‍ക്കിയുടെ സേവനങ്ങള്‍ക്ക് അറബ് ലോകത്തിന്റെ നന്ദി രേഖപ്പെടുത്താന്‍ വെള്ളിയാഴ്ച്ച ഇസ്തംബൂളിലെ ബാകിര്‍കോയി പ്രദേശത്ത് സംഘടിപ്പിക്കപ്പെട്ട ‘തുര്‍ക്കിക്ക് നന്ദി’ പരിപാടിയില്‍ ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ശൈഖ് യൂസുഫുല്‍ ഖറദാവി നടത്തിയ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:

ഈ സവിശേഷ സുദിനത്തില്‍ ഞാനും എന്റെ സഹോദരങ്ങളും ഖത്തറില്‍ നിന്ന് എത്തിയിരിക്കുകയാണ്. ഖത്തറിന്റെ പേരിലും അറബ് ജനതയുടെ പേരിലും സൗദിയുടെയും മുഴുവന്‍ ഗള്‍ഫ് നാടുകളുടെയും അറബ് മുസ്‌ലിം പ്രദേശങ്ങളുടെ പേരിലും തുര്‍ക്കിക്ക് അഭിവാദ്യമര്‍പ്പിക്കുന്നതിനാണ് ഞങ്ങളിവിടെ എത്തിയിരിക്കുന്നത്. അഭിവാദ്യം ചെയ്തു കൊണ്ട് ഞങ്ങള്‍ പറയുന്നു: ‘തുര്‍ക്കിക്ക് നന്ദി.. തുര്‍ക്കിക്ക് നന്ദി…’

അനുഗ്രഹം ചെയ്തവര്‍ക്ക് നന്ദി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഞങ്ങളുടെ പ്രിയ തുര്‍ക്കി നന്ദി രേഖപ്പെടുത്തപ്പെടാന്‍ അര്‍ഹയാണ്. അതിന് നന്ദി രേഖപ്പെടുത്തല്‍ ഞങ്ങളുടെ കടമയാണ്. ചരിത്രത്തിലുടനീളം ഇസ്‌ലാമിന് നിലക്കാത്ത സേവനങ്ങള്‍ അര്‍പിച്ചിട്ടുള്ള നാടാണ് തുര്‍ക്കി. തുര്‍ക്കിയുടെ സേവനങ്ങള്‍ ഖിലാഫത്തിന്റെ കാലത്തായിരുന്നുവെന്ന് കരുതുന്ന ആളുകള്‍ ഒരുപക്ഷേ ഉണ്ടാവാം. സുപ്രധാന സഹായമായിരുന്നു അതെന്നതില്‍ ഒട്ടും സംശയമില്ല. അതിന് മുമ്പ് സല്‍ജൂഖികളുടെ കാലത്തും അവര്‍ ഇസ്‌ലാമിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. തുര്‍ക്കിക്കാര്‍ ഇസ്‌ലാമിന് വേണ്ടി സുദീര്‍ഘമായ സേവനങ്ങളാണ് നല്‍കിയിട്ടുള്ളത്. തുര്‍ക്കിയുടെ ഈ സേവനങ്ങളെ വിസ്മരിക്കാന്‍ നമുക്കാവില്ല. ബാഗ്ദാദിലെയും നൈസാബൂരിലെയും ഇസ്‌ലാമിക പാഠശാലകളിലൂടെ അവര്‍ നിര്‍വഹിച്ച സേവനങ്ങളെ നമുക്ക് മറക്കാനാവില്ല. ഇസ്‌ലാമിക പൈതൃകത്തെ കാത്തുസൂക്ഷിച്ച ഇമാം ഗസാലിയെ പോലുള്ള നിരവധി മഹാന്‍മാര്‍ ആ പാഠശാലകളില്‍ നിന്ന് പുറത്തിറിങ്ങിയിട്ടുണ്ട്. ഇസ്‌ലാമിന്റെ കഥകഴിക്കാനുള്ള ഗൂഢാലോചനകള്‍ അന്നുണ്ടായിരുന്നു. അന്ന് തുര്‍ക്കിയെ അല്ലാഹു സജ്ജമാക്കിയില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു…. നിര്‍ണായക ഘട്ടങ്ങളില്‍ ഇസ്‌ലാമിന് വേണ്ടി തുര്‍ക്കി നിലകൊണ്ടു. തുര്‍ക്കിക്കാര്‍ ഇസ്‌ലാമിന് വേണ്ടി പ്രതിരോധം തീര്‍ത്ത് അവരുടെ പങ്ക് നിര്‍വഹിച്ചു.

പ്രിയ സഹോദരന്‍മാരെ, പൗരാണിക തുര്‍ക്കിക്കും മധ്യകാലത്തെ തുര്‍ക്കിക്കും ആധുനിക തുര്‍ക്കിക്കും നന്ദി രേഖപ്പെടുത്താതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അത്രത്തോളം മഹത്തായ സേവനങ്ങളാണ് ഇവിടത്തുകാര്‍ ഇസ്‌ലാമിന് അര്‍പിച്ചിട്ടുള്ളത്. ഇന്നും തുര്‍ക്കിക്കാര്‍ ഇസ്‌ലാമിന് വേണ്ടി നിലകൊള്ളുന്നു. ജനങ്ങള്‍ റജബ് തയ്യിബ് ഉര്‍ദുഗാന്‍ എന്നു വിളിക്കുന്ന മഹാനായ ആ സുല്‍ത്താന്റെ സാന്നിദ്ധ്യം നിഷേധിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? മുസ്‌ലിംകളുടെയും മുസ്‌ലിം സമുദായത്തിന്റെയും സുല്‍ത്താനായ അദ്ദേഹത്തെ എതിര്‍ക്കാന്‍ ആര്‍ക്കാണ് സാധിക്കുക? മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഇസ്‌ലാമിക ലോകത്തിന് വേണ്ടി ഇസ്‌ലാമിന്റെയും ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും ആദര്‍ശത്തിന്റെയു ശരീഅത്തിന്റെയും പേരില്‍ അദ്ദേഹം ശബ്ദിക്കുന്നു. വെറും വാക്കുകളിലൂടെയല്ല, പ്രവര്‍ത്തനങ്ങളിലൂടെയും സമര്‍പ്പണത്തിലൂടെയും പോരാട്ടത്തിലൂടെയുമാണ് ധിക്കാരികളായ ശക്തികള്‍ക്ക് മുന്നില്‍ അദ്ദേഹം സംസാരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദുരിതബാധിതരും അഭയാര്‍ഥികളുമായി സ്ത്രീ പുരുഷന്‍മാരും കുട്ടികളും തുര്‍ക്കിയിലേക്ക് വന്നു. അവര്‍ക്ക് പ്രയാസമുണ്ടാക്കുകയല്ല, അവരെ സ്വാഗതം ചെയ്യുകയാണ് തുര്‍ക്കി ചെയ്തത്. തങ്ങളുടെ വീടുകളും മണ്ണും അവര്‍ക്കായി തുറന്നു കൊടുത്തു. ആ മാര്‍ഗത്തില്‍ സഹിക്കേണ്ടി വന്ന പ്രയാസങ്ങള്‍ അവര്‍ സഹിച്ചു.

തുര്‍ക്കിയിലെ ഞങ്ങളുടെ സഹോദരങ്ങളോടുള്ള ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുകയാണ്. ഞങ്ങള്‍ അവരെ സ്‌നേഹിക്കുകയും അവരുടെ പേരില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. ലോകത്ത് നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള പ്രതാപവും സ്ഥാനവും മഹത്വവും ഈ ഇസ്‌ലാം കൊണ്ട് മാത്രമാണെന്നതാണ് തുര്‍ക്കിക്കാരോട് എനിക്ക് പറയാനുള്ളത്. ഈ ദീനാണ് മറ്റു സമൂഹങ്ങള്‍ക്ക് മുകളിലായി നിങ്ങളെ നിര്‍ത്തുന്നത്. നിങ്ങള്‍ ഈ ദീനിനെ മുറുകെ പിടിക്കണം. ഇസ്‌ലാമിലേക്ക് നിങ്ങള്‍ മടങ്ങണം.

മുസ്‌ലിംകള്‍ ഒരു മഹാശക്തിയാണ്. ഭൂമിയില്‍ അവരെ അടിമകളാക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല, അവരത് സ്വയം സ്വീകരിച്ചാലല്ലാതെ. മുസ്‌ലിമായി ജീവിക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ അല്ലാഹു ഉദ്ദേശിച്ച പോലെ ജീവിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ”നിങ്ങളുടെ ഈ സമുദായം യഥാര്‍ഥത്തില്‍ ഒരൊറ്റ സമുദായമാകുന്നു; ഞാന്‍ നിങ്ങളുടെ റബ്ബും. അതിനാല്‍, എനിക്ക് ഇബാദത്തു ചെയ്യുവിന്‍.” ഐക്യത്തിലൂടെയല്ലാതെ തഖവ്‌യോ ഇബാദത്തോ ഇല്ല. പരസ്പരം ശക്തിപ്പെടുത്തുന്ന മതില്‍കെട്ടു പോലെ ഒറ്റ ശക്തിയായിരിക്കണം നാം എന്നാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്.

മൊഴിമാറ്റം: അഹ്മദ് നസീഫ്‌

Related Articles