Current Date

Search
Close this search box.
Search
Close this search box.

ഇസ്രേയല്‍ എന്തിന് ഉമര്‍ ബര്‍ഗൂഥിയെ അറസ്റ്റ് ചെയ്തു?

Omar-Barghouti.jpg

മറ്റേത് രാഷ്ട്രത്തേക്കാളും അന്താരാഷ്ട്ര നിയമം ലംഘിച്ചിട്ടുള്ള രാഷ്ട്രമാണ് ഇസ്രയേല്‍. എന്നാല്‍ കുറ്റകൃത്യങ്ങളുടെയും ദുര്‍നടപടികളുടെയും പേരില്‍ വളരെ അത്യപൂര്‍വമായി മാത്രമേ അവര്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളൂ. പാശ്ചാത്യ മാധ്യമ പങ്കാളികളിലൂടെ നടത്തുന്ന ഇസ്രയേല്‍ നടത്തുന്ന വിജയകരമായ കാമ്പയിനുകളിലൂടെയും അതിനൊപ്പം തന്നെ അവരുടെ കരുത്തുറ്റ സഹായികളായ വാഷിംഗ്ടണ്‍, ലണ്ടന്‍, പാരീസ് തുടങ്ങിയ സഖ്യങ്ങളുടെ നിരന്തര സമ്മര്‍ദവും ഞെട്ടിപ്പിക്കുന്ന ഫലങ്ങളാണ് നല്‍കുന്നത്.

അതേസമയം അധിനിവേശവും ഫലസ്തീനികള്‍ക്കെതിരെയുള്ള അവകാശ ലംഘനങ്ങളും തുടരുന്നതോടൊപ്പം തന്നെ മിഡിലീസ്റ്റിലെ ഏക ജനാധിപത്യ രാജ്യമായി സ്വയം അവരോധിക്കാന്‍ ഇസ്രയേലിന് കഴിയുന്നു. ഫലസ്തീനിലെ ശോചനീയമായ അവസ്ഥക്കെതിരെ ആരെങ്കിലും പ്രതിരോധത്തിലൂടെ വെല്ലുവിളി ഉയര്‍ത്തിയാല്‍ അവര്‍ ഉന്മൂലനം ചെയ്യപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിലെ പൊതു ഇടങ്ങളില്‍ ആരെങ്കിലും ഇസ്രേയേലിനെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ചാല്‍ അവര്‍ സെമിറ്റിക് വിരുദ്ധരോ ജൂതവിരോധിയോ ആയി മുദ്രകുത്തപ്പെടുന്നു.

കാര്യങ്ങള്‍ ഇസ്രയേലിന് അനുകൂലമായി വരുന്നതാണ് കാണുന്നത്. അമേരിക്കന്‍ – പാശ്ചാത്യ സാമ്പത്തിക, സൈനിക സഹായങ്ങളും അവയുടെ വലുപ്പവും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ജനസംഖ്യയും സാമ്പത്തിക നിലയും അതാണ് വ്യക്തമാക്കുന്നത്. കുടിയേറ്റ മേഖലയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ നിയമവിരുദ്ധമായി അധിനിവേശം നടത്തിയ ഫലസ്തീന്‍ മണ്ണില്‍ നിന്നും ഉല്‍പാദിപ്പിക്കപ്പെട്ടതാണെന്ന യാഥാര്‍ഥ്യം ഇസ്രയേലിന്റെ വ്യാപാര പങ്കാളികള്‍ മറന്നിരിക്കുകയാണ്. കുറച്ചു കാലമായി അധിനിവേശമെന്നത് വളരെ ആദായകരമായ ഒന്നായി മാറിയിരിക്കുകയാണ്.

എല്ലാ ഇസ്രയേല് നേതാക്കളും പറയേണ്ടുന്ന ചില കാര്യങ്ങളുണ്ട്. ഫല്‌സീനികള്‍ ഭീകരന്‍മാരാണ്, ഞങ്ങള്‍ക്ക് സമാധാന പങ്കാളികളില്ല, ഞങ്ങളുടെ യുദ്ധങ്ങളെല്ലാം തന്നെ പ്രതിരോധത്തിന് വേണ്ടിയാണ് എന്നിങ്ങനെയാണ് അവ. ഇത്തരം തെറ്റായ വാദങ്ങള്‍ മാധ്യമങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. അടിച്ചമര്‍ത്തപ്പെട്ടവരും പീഡിതരുമായി ഫലസ്തീനികള്‍ പൈശാകിവല്‍കരിക്കപ്പെടുന്നു. പ്രസ്തുത യാഥാര്‍ഥ്യം മനസ്സിലാക്കിയവര്‍ പോലും അതിന്റെ പേരില്‍ തങ്ങള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകല്‍ ഓര്‍ത്ത് മൗനം പാലിക്കുന്നു. കുറെ ആളുകളെ കുറെ കാലത്തേക്ക് വിഡ്ഢികളാക്കാന്‍ കഴിയുമെങ്കിലും എല്ലാവരെയും എല്ലായ്‌പ്പോഴും വിഡ്ഢികളാക്കാന്‍ സാധിക്കില്ലെന്ന ചൊല്ല് ഏറെ പ്രസക്തമാണ്.

രണ്ടായിരാമാണ്ടിലെ രണ്ടാം ഇന്‍തിഫാദയുടെ സമയത്ത് ഫലസ്തീനികള്‍ക്ക് നീതി വേണമെന്ന ആശയം ഉയര്‍ന്നു വന്നിരുന്നു. നിരവധി ബുദ്ധിജീവികളുടെയും മാധ്യമ പ്രവര്‍ത്തരുടെയും വിദ്യാര്‍ഥികളുടെയും പ്രവര്‍ത്തനത്തിലൂടെയുണ്ടായ അവബോധത്തിന്റെ ഫലമായി ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്‌മെന്റിന്റെ ഭാഗമായി ആയിരക്കണക്കിന് അന്താരാഷ്ട്ര ആക്ടിവിസ്റ്റുകള്‍ ഫലസ്തീനില്‍ എത്തുന്നത് കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അക്കാദമീഷ്യന്‍മാരും വിദ്യാര്‍ഥികളും കലാകാരന്‍മാരുടെ മതനേതാക്കളും സാധാരണക്കാരായ ആളുകള്‍ വരെ ഫലസ്തീനില്‍ വരികയും തങ്ങള്‍ക്ക് സാധ്യമായ മാധ്യമങ്ങളിലൂടെ അവരുടെ സന്ദേശം പല സമൂഹങ്ങളിലേക്കും പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. ബി.ഡി.എസ് (Boycott, Divestment and Sanctiosn) പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയ ഘടകമാണത്. ഫലസ്തീനികളെ അടിച്ചമര്‍ത്തി ഇസ്രേയല്‍ സൈന്യവും ഭരണകൂടവും കമ്പനികളും നടമാടുന്ന കുറ്റകൃത്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാനും അതിന്റെ പേരില്‍ അവരെ വിചാരണം ചെയ്യാനും 2005ല്‍ സ്ഥാപിതമായ ബി.ഡി.എസ് ലോകത്തോട് ആഹ്വാനം ചെയ്തു.

നേരത്തെ തന്നെയുണ്ടായിരുന്ന കണ്ണികളിലൂടെയുള്ള ബി.ഡി.എസിന്റെ വ്യാപനം ഇസ്രയേലിനെ പോലും അത്ഭുതപ്പെടുത്തി. കഴിഞ്ഞ ദശകത്തില്‍ ഇസ്രേയലിനെയും അവരുടെ അധിനിവേശത്തെയും ഫലസ്തീനികളുടെ അവകാശങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പുതിയ വേദികളും മാര്‍ഗങ്ങളും തുറന്ന ബി.ഡി.എസ് അതിന്റെ കരുത്തും ശക്തിയും തെളിയിച്ചു. ഇസ്രയേലിനെ പിന്തുണക്കുകയോ അതിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് മൗനം പാലിക്കുകയോ ചെയ്യുന്നവരുടെ ധാര്‍മിക ഉത്തരവാദിത്വത്തെ ബി.ഡി.എസ് ചോദ്യം ചെയ്തു.

ബി.ഡി.എസിന്റെ കാര്യത്തില്‍ ഇസ്രയേലിനെ ഏറ്റവുമധികം അസ്വസ്ഥപ്പെടുത്തിയത് ഇസ്രയേലിന്റെ നിയമസാധുത ഇല്ലാതാക്കാനുള്ള അതിന്റെ ശ്രമങ്ങളാണ്. ഇസ്രയേല്‍ അതിന്റെ തുടക്കം മുതല്‍ നിയമസാധുതക്ക് വേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരു രാജ്യം നിയമാനുസൃതമായി അംഗീകരിക്കപ്പെടുന്നതിന് വേണ്ട നിയമങ്ങള്‍ പാലിക്കാതെ നിയമസാധുത നേടുക പ്രയാസമാണ്. ഇസ്രയേലിന് അതിന്റെ ലാഭകരമായ അധിനിവേശം തുടരുകയും ഏറ്റവും പുതിയ ആയുധസാങ്കേതിക വിദ്യ പരീക്ഷിക്കുകയും അറസ്റ്റും പീഡനങ്ങളും കൊലപാതങ്ങളും തുടരണം. അതോടൊപ്പം തന്നെ അന്താരാഷ്ട്ര തലത്തില്‍ നിയമസാധുതയും ലഭിക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.

ഭീഷണപ്പെടുത്തിയും വിരട്ടിയും ഫണ്ടുകള്‍ വെട്ടിക്കുറച്ചും അമേരിക്കയും ഇസ്രയേലും ഇസ്രയേല്‍ വിമര്‍ശകരെ നിശബ്ദരാക്കുന്നു. അമേരിക്കയുടെ മിഡിലീസ്റ്റിലെ പ്രധാന സഖ്യകക്ഷി ഇസ്രയേലാണല്ലോ. ഇസ്രയേല്‍ ‘വംശീയ വിവേചന ഭരണകൂട’മാണെന്ന് പറയുന്ന ഐക്യരാഷ്ട്രസഭാ റിപോര്‍ട്ടിന്റെ പേരില്‍ ആ റിപോര്‍ട്ട് തയ്യാറാക്കിയ റീമ ഖലഫ് സമ്മര്‍ദത്തിന് വഴങ്ങി രാജി വെക്കേണ്ടി വന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ബി.ഡി.എസ് ക്രമേണ അന്താരാഷ്ട്ര തലത്തില്‍ നിരവധി ഇസ്രയേല്‍ വിമര്‍ശകര്‍ക്ക് ജന്മം നല്‍കി. ഇസ്രേയലിലേക്കുള്ള വിനോദ ട്രിപ് വേണ്ടെന്നു വെച്ച താരങ്ങള്‍ അതിന്റെ ഏറ്റവും പുതിയ ഫലമാണ്. പല കമ്പനികളും ഇസ്രയേലിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതുകൊണ്ടു തന്നെ വലിയ വെല്ലുവിളിയായിട്ടാണ് ഇസ്രേയല്‍ അതിനെ കാണുന്നത്.

എന്നാല്‍ ഇസ്രയേലിന് എന്തു ചെയ്യാന്‍ സാധിക്കും? ബി.ഡി.എസിനെ അവഗണിച്ചു തള്ളുന്നത് അപകടകരമാണെന്നും അതിന് വലിയ വിലയൊടുക്കേണ്ടി വരുമെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനെ യുദ്ധം ചെയ്യുന്നത് പൗരസമൂഹത്തിനെതിരെ യുദ്ധം ചെയ്യുന്നത് പോലെയുമായിരിക്കും. 2016 മാര്‍ച്ചില്‍ ഇസ്രയേല്‍ ഭരണകൂടത്തിലെ അംഗങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമ പ്രമുഖരും പണ്ഡിതന്‍മാരുമെല്ലാം സമ്മേളിച്ച വിപുലമായൊരു സമ്മേളനം നടന്നു. ഇസ്രയേലിലെ പ്രമുഖ മാധ്യമ കമ്പനിയായ യെദിയോത് അഹരനോത്തായിരുന്നു സമ്മേളനത്തിന്റെ സംഘാടകര്‍. അത്യപൂര്‍വമായിട്ടാണ് ഇസ്രയേല്‍ രാഷ്ട്രീയക്കാര്‍ ഇങ്ങനെ ഒരുമിക്കുന്നത്. ബി.ഡി.എസിനെ പരാജയപ്പെടുത്തുന്നതിനുള്ള നയം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമായിരുന്നു അത്. പല ആശയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. ബി.ഡി.എസിന്റെ സഹസ്ഥാപകനും കരുത്തുറ്റ ശബ്ദവുമായ ഉമര്‍ ബര്‍ഗൂഥിയുടെ വീടി ഇല്ലാതാക്കുമെന്ന ഭീഷണിയാണ് ആഭ്യന്തര മന്ത്രി ആരിയെ ഡേറി ഉയര്‍ത്തിയത്. ബി.ഡി.എസ് നേതാക്കളെ കൃത്യമായി ഉന്നം വെച്ച് സമൂഹത്തില്‍ നിന്ന് പുറംതള്ളാനാണ് ഇന്റലിജന്‍സ് ആണവോര്‍ജ്ജ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞത്. ബി.ഡി.എസ് പ്രവര്‍ത്തകര്‍ ‘അതിന്റെ വിലയൊടുക്കണം’ എന്ന് പൊതുസുരക്ഷാ മന്ത്രി ഗിലാഡ് എര്‍ദാന്‍ പറഞ്ഞു.

ബി.ഡി.എസിനെതിരെയുള്ള യുദ്ധം ഔദ്യോഗികമായി ആരംഭിച്ചു കഴിഞ്ഞു. ബി.ഡി.എസ് പ്രസ്ഥാനത്തെ പിന്തുണക്കുന്ന വ്യക്തികള്‍ക്ക് ഇസ്രയേലില്‍ പ്രവേശനം നിഷേധിക്കുന്ന നിയമം ഈയടുത്ത് ഇസ്രയേല്‍ പാസ്സാക്കി. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ എത്തിപ്പെടാനുള്ള ഏകമാര്‍ഗം ഇസ്രയേലാണെന്ന നിലക്കാണ് പ്രസ്തുത വിലക്ക്. ആഗോള ഐക്യദാര്‍ഢ്യ പ്രസ്ഥാനവുമായുള്ള ഫലസ്തീനികളുടെ ബന്ധം വിച്ഛേദിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ആ നിരോധനം. ഉമര്‍ ബര്‍ഗൂഥിയെ തന്നെ അറസ്റ്റ് ചെയ്യുന്നതിലും ചോദ്യം ചെയ്യുന്നതിലുമാണ് ബി.ഡി.എസ് വിരുദ്ധ കാമ്പയിന്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 19ന് നികുതി വെട്ടിപ്പിന്റെ പേരില്‍ ഇസ്രയേല്‍ നികുതി വകുപ്പ് ബര്‍ഗൂഥിയെ അറസ്റ്റ് ചെയ്തു. ഇസ്രയേല്‍ പോരാട്ടത്തിന്റെ അടുത്ത ഘട്ടം എന്താണെന്ന സൂചനയാണത് നല്‍കുന്നത്. പ്രമുഖ ബി.ഡി.എസ് ആക്ടിവിസ്റ്റുകളെ തീര്‍ത്തും അരാഷ്ട്രീയമായ കുറ്റം ചുമത്തി അടിയന്തിര രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്ന തന്ത്രമാണിവിടെ സ്വീകരിക്കുന്നത്. മറ്റ് നടപടികള്‍ക്കൊപ്പം നിയന്ത്രങ്ങളും യാത്രാവിലക്കുകളും വിരട്ടല്‍ തന്ത്രങ്ങളും ഉപയോഗിച്ച് ബി.ഡി.എസിനെ പരാജയപ്പെടുത്താമെന്നാണ് ഇസ്രയേല്‍ ധരിക്കുന്നത്.

ബര്‍ഗൂഥിക്കെതിരെയുള്ള കേസ് ഒരിക്കലും ബി.ഡി.എസിനെ തളര്‍ത്തില്ല. പ്രാദേശികമായും ദേശീയമായും അന്താരാഷ്ട്രതലത്തിലുമെല്ലാം കണ്ണികളുള്ള നൂറുകണക്കിന് നഗരങ്ങളിലായി വികേന്ദ്രീകരിച്ചു നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണത്. ഒന്നോ നൂറോ വ്യക്തികളെ പിടികൂടി അതിന്റെ പ്രവാഹത്തിന് തടയിടാനാവില്ല. ബി.ഡി.എസിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരെയുള്ള ഇസ്രയേലിന്റെ പോരാട്ടം വിജയിക്കില്ലെന്ന് വളരെ പെട്ടന്ന് തന്നെ ഇസ്രയേല്‍ തിരിച്ചറിയും. സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണ്‍ മുതല്‍ സ്വീഡനിലെ ഉപ്പ്‌സാല വരെ വ്യാപിച്ചു കിടക്കുന്ന ഒരു അന്താരാഷ്ട്ര സമൂഹത്തെ നിശബ്ദമാക്കാനുള്ള ശ്രമം നിഷ്ഫലമായിരിക്കും.

വിവ: നസീഫ്

 

Related Articles