Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ പറ്റി ഒരക്ഷരം മിണ്ടരുത്!

isr.jpg

നാല്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് എന്റെ ജന്മനാടായ ഫലസ്തീന്‍ ഉപേക്ഷിച്ച് ഇസ്രായേലിന്റെ അടിച്ചമര്‍ത്തലില്‍ നിന്നും അനീതികളില്‍ നിന്നും രക്ഷ നേടാനായി ഞാന്‍ യൂറോപ്പിലേക്ക് കുടിയേറിയത്. ഏറെ കേട്ടുകേള്‍വിയുള്ള യൂറോപ്പിന്റെ നീതിയബോധവും ജനാധിപത്യ മൂല്യങ്ങളും അനുഭവിക്കണമെന്നുള്ളതായിരുന്നു എന്റെ ആഗ്രഹം. സയണിസ്റ്റ് ഊര്‍ജ കേന്ദ്രങ്ങളിലിരുന്ന് കൊണ്ട് തന്നെ അവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യം കൂടി എനിക്കുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂറോപ്പ് ഏറെ മാറിയിരിക്കുന്നു എന്നു പറയാതെ വയ്യ. അല്ല ഇനി ഞങ്ങള്‍ അറബികള്‍ക്കാണോ മാറ്റം സംഭവിച്ചത്? എന്നാല്‍ ഞങ്ങള്‍ ഇന്ന് ഒരു പ്രഹസനമായി മാറിയിരിക്കുന്നു. പടിഞ്ഞാറന്‍ ലോകത്ത് അറബികള്‍ക്ക് കുറച്ചെങ്കിലും ഉണ്ടായിരുന്ന വിശ്വാസ്യതയും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

ബ്രിട്ടന്‍ ഇപ്പോള്‍ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരുടെയും ഇസ്രായേല്‍ നരനായാട്ടിനെ അനുകൂലിക്കുന്ന ജൂത ലോബികളുടെയും പോരാട്ട ഭൂമിയായി മാറിക്കഴിഞ്ഞിരിക്കുന്നു. നീണ്ട കാലമായി തുടരുന്ന ബൗദ്ധികവും രാഷ്ട്രീയവുമായ ഇസ്രായേല്‍ തീവ്രവാദത്തിന്റെ പേരിലുള്ള കോലാഹങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ഗസ്സക്കു മേലുള്ള ഇസ്രായേല്‍ അതിക്രമങ്ങള്‍ കനത്ത സമയത്ത് മുസ്‌ലിം ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എം.പിയായ നാസ് ഷാഹ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് സംവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. വര്‍ഷാവര്‍ഷം ബില്യണ്‍ കണക്കിന് ഡോളര്‍ ഇസ്രായേലിന് സഹായധനം നല്‍കുന്നതിലൂടെ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ബ്രിട്ടന്‍ എന്നായിരുന്നു നാസ് ഷാഹ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇസ്രായേലിനെ അമേരിക്കയിലേക്ക് മാറ്റണമെന്നും അങ്ങനെയാണെങ്കില്‍ ഫലസ്തീനികള്‍ക്ക് അവരുടെ ഭൂമിയും ജീവനും തിരിച്ചു കിട്ടുമല്ലോ എന്നും അവര്‍ പറഞ്ഞിരുന്നു. അത് നികുതി ദായകനായ അമേരിക്കന്‍ പൗരന് വലിയൊരു ആശ്വാസമായിരിക്കുമെന്നും അവര്‍ ആക്ഷേപിച്ചു. നാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ‘ഗൈഡോ ഫോക്‌സ്’ എന്ന പത്രം ചര്‍ച്ചയാക്കുകയും അവരെ ‘സെമിറ്റിക് വിരുദ്ധ’യെന്ന് മുദ്രകുത്തുകയും ചെയ്തു. ലേബര്‍ പാര്‍ട്ടിയാകട്ടെ നാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

നാസിനെ അനുകൂലിച്ച് രംഗത്തു വന്ന മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും ലേബര്‍ പാര്‍ട്ടി അംഗവുമായ കെന്‍ ലിവിങ്സ്റ്റണിനും പുറത്തേക്കുള്ള വഴി തെളിഞ്ഞു. സയണിസ്റ്റ് വിരുദ്ധത സെമിറ്റിക് വിരുദ്ധതയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. നിരവധി ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കെതിരെ സയണിസ്റ്റ് ലോബി പ്രചാരണം നടത്തുകയും അവരൊക്കെ ബ്രിട്ടന്‍, അമേരിക്ക പോലുള്ള നാടുകളിലേക്ക് കടക്കുന്നത് വിലക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇന്ന് ഇസ്രായേല്‍ പല അറബ് രാജ്യങ്ങളുടെയും ഉറ്റ മിത്രമായി മാറിയിരിക്കുന്നു. നിരവധി ഇസ്രായേല്‍ എയര്‍ലൈനുകള്‍ പല അറബ് രാജ്യങ്ങളിലേക്കും പറക്കുന്നു. സയണസിത്തിന്റെ ഇന്നത്തെ വളര്‍ച്ചക്ക് പിന്നിലുള്ള മറ്റൊരു പ്രധാന കാരണം സൈബര്‍ ലോകം തന്നെയാണ്. സൈബര്‍ ലോകത്ത് സയണിസ്റ്റ് അജണ്ട നടപ്പിലാക്കാന്‍ 750 മില്യണാണ് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ചെലവഴിക്കുന്നത്. നക്ബയുടെ വാര്‍ഷികമായി പാരീസില്‍ നടക്കേണ്ടിയിരുന്ന പരിപാടിയില്‍ എന്റെ പ്രഭാഷണം സംഘാടകരായ ഫെഡറേഷന്‍ ഓഫ് സൊസൈറ്റീസ് ഓഫ് ഫലസ്തീനിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സയണിസ്റ്റ് സംഘടനകളുടെ ഭീഷണി മൂലം അത് ഒഴിവാക്കിയതായി സംഘടനയുടെ പ്രസിഡന്റ് തന്നെ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരെ പോലും ഭീഷണികളുണ്ടായിരുന്നു. പാരീസ് ഭീകരവാദ ആക്രമണവുമായി ബന്ധപ്പെട്ട് അങ്ങനെയൊരു പരിപാടിക്ക് മതിയായ പോലീസ് സുരക്ഷ ലഭിക്കാനും ഇടയില്ല.

രണ്ടാഴ്ചകള്‍ക്ക് മുമ്പ് ആസ്‌ത്രേലിയയിലും ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കാനിരുന്ന ഒരു പരിപാടി സയണിസ്റ്റുകള്‍ ഇടപെട്ട് റദ്ദാക്കി. ഫലസ്തീനിയന്‍ സായുധ പോരാളിയായിരുന്ന ലൈല ഖാലിദിനെ തീവ്രവാദിയായി മുദ്രകുത്തുകയും ചെയ്തു. രണ്ടു മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് ഫലസ്തീന്‍ ഭൂമി ദിനാചരണത്തില്‍ പങ്കെടുക്കാനായി ജര്‍മനിയിലെ ഒരു വിഭാഗം ഫലസ്തീന്‍ ഐകദാര്‍ഢ്യ ഗ്രൂപ്പുകള്‍ എന്നെ പരിപാടിക്ക് ക്ഷണിച്ചിരുന്നു. ഡോക്ടര്‍മാരും വിദ്യാര്‍ഥികളുമൊക്കെ അടങ്ങിയ സംഘടനകളായിരുന്നു അവ. ഈ പരിപാടിയും ഇടപെട്ട് അലങ്കോലമാക്കാന്‍ സയണിസ്റ്റുകള്‍ മുന്നോട്ടു വന്നു. എന്നാല്‍ കൃത്യസമയത്ത് മറ്റൊരു വേദി തരപ്പെട്ടതിനാല്‍ പരിപാടി നടത്താനായി. ചിലരൊക്കെ ചോദിക്കാറുണ്ട്, അറബ് ഫലസ്തീന്‍ സര്‍ക്കാറുകളോ എംബസികളോ എന്തുകൊണ്ട് പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നില്ല എന്ന്. ഏതാനും ഇസ്രായേലികള്‍ കൊല്ലപ്പെടുമ്പോള്‍ (ആയിരക്കണക്കിന് ഫലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ അല്ല) കണ്ണീരൊഴുക്കുന്ന, സാഇബ് അരീഖാത്തിനൊപ്പം ഇസ്രായേലി യൂത്ത് ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന, ഇസ്രായേലുമായുള്ള തന്റെ ധാരണകളെ കുറിച്ച് ഊറ്റം കൊള്ളുന്ന, ഫലസ്തീനിയന്‍ എംബസികളെ വൃദ്ധരുടെ റിട്ടയര്‍മെന്റ് കേന്ദ്രങ്ങളാക്കി മാറ്റുന്ന ഒരു ഫലസ്തീനിയന്‍ പ്രസിഡന്റ് ഉള്ളിടത്തോളം കാലം യൂറോപ്പാകെ നടന്നു മേയാന്‍ സയണിസ്റ്റ് ലോബികള്‍ എന്തിന് ഭയക്കണം?

എന്നാല്‍ ഫലസ്തീന് വേണ്ടി ഒരിക്കലും തോല്‍ക്കാന്‍ തയ്യാറാവാത്ത, ഇസ്രായേലിന്റെ വംശീയമായ ഉന്മൂല സിദ്ധാന്തങ്ങളെ നഖശിതാന്തം എതിര്‍ക്കുന്ന, അതിനെതിരെ ഏതറ്റം വരെയും പോകാന്‍ തയ്യാറായ അറബികളും യൂറോപ്യന്‍മാരും ഇനിയും ബാക്കിയുണ്ട്. അവരാണ് ഓരോ രാജ്യങ്ങളിലെയും ബി.ഡി.എസ് അടക്കമുള്ള ബഹിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് പിന്നിലെ വീരനായകന്മാര്‍. സെമിറ്റിക് വിരുദ്ധ എന്ന് സയണിസ്റ്റുകള്‍ മുദ്രകുത്തിയിട്ടും പതറാതെ മുന്നോട്ടു കുതിക്കുന്ന നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സിന്റെ പ്രസിഡന്റ് മാലിയ ഭൗട്ടിയ അടക്കമുള്ള സമരനായകന്മാരും നായികമാരും പാനം ചെയ്യുന്നത് നീതിയുടെയും മഹത്വത്തിന്റെയും നദിയില്‍ നിന്നാണ്. മുന്നില്‍ ഇനിയും ധാരാളം വെല്ലുവിളികള്‍ ഉണ്ട് എന്നത് ഒരിക്കലും അതിശയോക്തി കലര്‍ന്ന ഒരു വര്‍ത്തമാനമല്ല. തന്റെ ജീവിതകാലം മുഴുവന്‍ വംശീയതക്കെതിരെ പോരാടിയ കെന്‍ ലിവിംഗ്‌സ്റ്റണിനെ സെമിറ്റിക് വിരുദ്ധനായി മുദ്രകുത്തിയെങ്കില്‍, ഇറാഖ് യുദ്ധത്തിനെതിരെ ലണ്ടന്‍ തെരുവീഥികളില്‍ അണിനിരന്ന രണ്ടുലക്ഷം മനുഷ്യര്‍ വിസ്മരിക്കപ്പെട്ടുവെങ്കില്‍, 500-ഓളം കുട്ടികള്‍ അടക്കം 2200 പേര്‍ നിര്‍ദയം കൊല്ലപ്പെട്ട ഗസ്സാ ആക്രമണം ‘സ്വയം പ്രതിരോധം’ ആയി ഡേവിഡ് കാമറണ്‍ വിശേഷിപ്പിച്ചുവെങ്കില്‍, അതിനെതിരെ ക്ഷോഭിക്കാനും ശബ്ദിക്കാനും സങ്കടപ്പെടാനും ഞങ്ങള്‍ ബാധ്യസ്ഥരാണ്. കാലമെത്ര കഴിഞ്ഞാലും ഒരിക്കലും ഞങ്ങള്‍ പിന്‍വാങ്ങില്ല. കാരണം, ഒരുനാള്‍ ഞങ്ങള്‍ ലക്ഷ്യം നേടുക തന്നെ ചെയ്യും.

വിവ: അനസ് പടന്ന

Related Articles