Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലും വംശീയ പുറന്തള്ളലുകളും

nethanyahu.jpg

ഒരു നിരീക്ഷകന്‍ പ്രസ്താവിച്ചത് പോലെ കോഴിക്കൂട് നോക്കാന്‍ കുറുക്കനെ ഏല്‍പ്പിച്ചത് പോലെയാണ് ഇസ്രായേലിലെ പുതിയ ക്യാബിനറ്റ് നിയമനം. നേരിയ ഭൂരിപക്ഷമുള്ള തന്റെ പുതിയ സര്‍കാരിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ വലതുപക്ഷ വിധേയത്വം വ്യക്തമായി. നിര്‍ണായക പദവികളുടെ കാര്യത്തില്‍ വിശേഷിച്ചും. അങ്ങനെ ഇസ്രായേല്‍ നിയമമന്ത്രിയായത് കുടിയേറ്റ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ് അയലറ്റ് ഷെയ്ക്ട് ആയിരുന്നു.

ഗസ്സക്കെതിരെ ഏറ്റവും അവസാനം നടന്ന ആക്രമണത്തില്‍ ഫലസ്തീന്‍ ജനങ്ങളെ കൊന്നൊടുക്കുന്നതിനെ ന്യായീകരിച്ച് കൊണ്ട്, ഫലസ്തീനികള്‍ തിന്മയെ വളര്‍ത്തുന്നവരും പാമ്പിന്‍കുഞ്ഞുങ്ങളെ ഊട്ടുന്നവരുമാണെന്ന് ഫേസ്ബുക്കില്‍ എഴുതിയ ഇവരെ നിങ്ങള്‍ ഓര്‍മിക്കുന്നുണ്ടാവും. ഇസ്രയേല്‍ ഹൈകോടതിയെ തന്റെ ആക്ടവിസത്തിന്റെ ഉപകരണമായാണ് അവര്‍ കാണുന്നത്. ആ നിലക്ക് കോടതിയെ അട്ടിമറിക്കാനുള്ള വഴികളും അവര്‍ ആരായുന്നു. അത് പോലെ ജ്യൂയിഷ് ഹോം പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റ് വിദ്യാഭ്യാസ മന്ത്രിയാണ്. ആഭ്യന്തര വകുപ്പില്‍ സഹമന്ത്രി സ്ഥാനം വഹിക്കുന്ന ഒരു അംഗവും പാര്‍ട്ടിക്കുണ്ട്.

കൂടുതല്‍ മോശം വാര്‍ത്തകള്‍
ഇതെല്ലാം തന്നെ ഇസ്രായേല്‍ അധീന ജറുസലേമിലെയും, വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികളെ സംബന്ധിച്ചടത്തോളം മോശം വാര്‍ത്തകളാണ്. ഇസ്രായേല്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് അധിവസിക്കുന്ന 20 ശതമാനത്തോളം വരുന്ന ഫലസ്തീന്‍ പൗരന്മാരെ സംബന്ധിച്ചടത്തോളവും ഇത് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാനാവാത്തതാണ്. കാരണം പുതിയ സര്‍ക്കാരിലെ അധികപേരും ന്യൂനപക്ഷ അവകാശങ്ങളോട് നല്ല മനോഭാവം പുലര്‍ത്തുന്നവരല്ല.

എത്യേപ്യന്‍ ജൂതന്മാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഭീകരമായ വംശവെറിയുടെയും വിവേചനത്തിന്റെയും പ്രശ്‌നങ്ങളും പുതിയ സര്‍ക്കാറിന് കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്. മേഖലയൊന്നാകെ ഐസിസിന്റെ കൂട്ടക്കൊലയുടെയും അന്യമതവിരോധത്തിന്റെയും വിഷയങ്ങളില്‍ അകപ്പെട്ടുനില്‍ക്കെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇതൊട്ടും യാദൃശ്ചികമാവാനും തരമില്ല. അതിര്‍ത്തികളില്‍ ഭീഷണി മുറുകുമ്പോള്‍ ഇസ്രായേലികള്‍ കൂടുതല്‍ തീവ്രതയിലേക്കും, സങ്കുചിതമായ വിഭാവനകളുള്ള ജൂതരാഷ്ട്രത്തിലേക്കും മനസ് ചായ്ക്കുന്നവരാണ്. ഐസിസിന്റെ ഉദയവും അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങളും, വികൃതവും മനുഷ്യത്വഹീനമായ പ്രവൃത്തികളും ആഘോഷിക്കപ്പെടുന്ന മുറക്ക് ഇസ്രായേലില്‍ പടരുന്ന വലതുപക്ഷവ്യതിയാനവും തീവ്രമതാനുരാഗവും കൂടുതല്‍ പ്രശ്‌നങ്ങള്‍ കൊണ്ടുവരുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

കാനഡയിലെ സിമോണ്‍ ഫ്രെയ്‌സര്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രഫസറായ പോള്‍ സെദ്ര പറയുന്നത് മേഖലയിലെ സംഭവവികാസങ്ങള്‍ ഒരേ തരത്തിലുള്ള വംശീയവാദവും വംശശുദ്ധി വികാരവും ശക്തമാക്കിയിട്ടുണ്ടെന്നാണ്. വിസ്മൃത സാമ്രാജ്യങ്ങളുടെ അനന്തരാവകാശികള്‍ എന്ന പുസ്തകത്തിന്റെ രചയിതാവായ ജെറാര്‍ഡ് റസല്‍ പറയുന്നത് അറബ് ലോകത്ത് നിന്നും തീര്‍ത്തും ഒറ്റപ്പെട്ട ഒരു രാഷ്ട്രമല്ല ഇസ്രായേല്‍ എന്നാണ്. അറബ് ജനതയുടെ ചില വിശ്വാസങ്ങളും ധാരണകളും അവരും പങ്ക് വെക്കുന്നുണ്ട്.

ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന വംശശുദ്ധീകരണത്തെ ഇരുപതാം നൂറ്റാണ്ടില്‍ ശക്തിയാര്‍ജിച്ച അറബ് സയണിസ്റ്റ് ദേശീയതയുടെ പശ്ചാതലത്തിലാണ് ഈ രണ്ട് നിരീക്ഷകരും വായിക്കുന്നത്. അന്നോളം സജീവമായിരുന്ന ബഹുത്വസമ്പന്നമായ സമൂഹജീവിതത്തിന് അന്ത്യം കുറിച്ചത് ഇരുപതാം നൂറ്റാണ്ടില്‍ ശക്തമായ വംശീയ ദേശീയതാവാദമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ അറബ് ദേശീയതാവാദം ദുര്‍ബലമാവുകയും മതരാഷ്ട്രീയം കൂടുതല്‍ സജീവമാവുകയും ചെയ്തു. എന്ന് മാത്രമല്ല, ദേശീയതയെയും, സ്വത്വത്തെയും, നിലനില്‍പ്പിനെയും നിര്‍വചിക്കുന്ന ഘടകമായി മതം മാറി. അസ്ഥിരത, അധിനിവേശം, രാഷ്ട്രീയ ശൂന്യത, അവസാനിക്കാത്ത ഭീതി-ഇതൊക്കെയാണ് മേഖലയിലെ ജനങ്ങളെ ഗോത്ര, വിഭാഗീയ പ്രവണതകളിലേക്ക് ആകര്‍ഷിക്കുന്നത്. ഈ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരം വംശീയ, മത വ്യതിരിക്തതകളെ ഉപാധിയാക്കുകയും ചെയ്യുന്നു.

അമേരിക്കയിലെ വിറ്റ്മാന്‍ കോളേജിലെ മിഡില്‍ ഹിസ്റ്ററി അസോസിയേറ്റ് പ്രഫസറായ എലിസ് സെമര്‍ദിജന്‍ ചൂണ്ടിക്കാട്ടുന്നത്, ലോകവ്യാപകമായി തന്നെ വലതുപക്ഷ വ്യതിയാനം ശക്തമാണെന്നാണ്. ചര്‍ച്ചും സ്റ്റേറ്റും തമ്മില്‍ വിഭജനം ആവശ്യമില്ലെന്ന് വാദിക്കുന്നവര്‍ അമേരിക്കയില്‍ പോലും സജീവമാണ്. അതായത്, അത്തരം ഘടകങ്ങള്‍ മിഡില്‍ ഈസ്റ്റിലേത് മാത്രമായതല്ല. സ്വത്വത്തെ നിരാകരിക്കുന്ന ശീതയുദ്ധാനന്തര കാലഘട്ടത്തിലെ ആഗോളവത്കരണ നടപടികള്‍ക്കെതിരായ പ്രതികരണങ്ങളും ഇതില്‍ ഘടകങ്ങളായിരിക്കാം.

അറബ് വസന്തത്തിന്റെ ഏറ്റവും വലിയ പരാജയം, പ്രതീക്ഷിക്കപ്പെട്ടത് പോലെ പൗരത്വത്തെയും പൗരത്വത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയ സ്വത്വത്തെയും സംബന്ധിച്ചുള്ള സംവാദങ്ങളെയൊന്നും മുന്നോട്ട് വെക്കാന്‍ അതിനായില്ലെന്നതാണ്. ഒരു പൗരദേശീയതക്കായുള്ള നീക്കങ്ങള്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ അത്തരം നീക്കങ്ങള്‍ തകിടം മറിക്കപ്പെടുകയും അതിനെ അരികുവത്കരിക്കുകയും ചെയ്തു. എന്നാല്‍ നിരന്തരം തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബഹുലതയെ പുനസ്ഥാപിക്കാന്‍ ഇപ്പോള്‍ അരികുവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീക്കങ്ങള്‍ക്കേ സാധിക്കൂ എന്നത് തീര്‍ത്തും വ്യക്തമാണ്.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles