Current Date

Search
Close this search box.
Search
Close this search box.

ഇമാം ഖതീബുമാരുടെ ജീവിതം നിലവാരം ഉയര്‍ത്തുകയാണ് ആദ്യം വേണ്ടത്

pp.jpg

ഇസ്‌ലാമിക ഖിലാഫത്തിന്റെ തിരുശേഷിപ്പാകുന്നു മഹല്ലുകള്‍. ആ തിരുശേഷിപ്പ് എങ്ങനെയൊക്കെയോ നിലനിര്‍ത്തിക്കൊണ്ട് പോകാനാണ് സമുദായം ആഗ്രഹിക്കുന്നത്. എന്നാല്‍ നിലവിലുള്ള രീതിയെ ഒന്നുകൂടി പുഷ്ടിപ്പെടുത്തി നന്നാക്കിയെടുക്കേണ്ടതുണ്ട്. പള്ളി കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു സാമൂഹിക സംവിധാനമാണ് മഹല്ല്. പള്ളിയാകട്ടെ കഅ്ബാലയത്തിലേക്ക് മുഖം തിരിച്ചിട്ടുള്ള അതിന്റെ ശാഖയാകുന്നു. ഈ പള്ളി നിലകൊള്ളുന്നത് ഇമാം-ഖതീബുമാരുടെ നേതൃത്വത്തിന്‍ കീഴിലും. ഒരു മഹല്ല് നന്നാകണമെങ്കില്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് പള്ളി ഭരണത്തിന് നേതൃത്വം നല്‍കുന്ന ഇമാമുമാരുടെയും ഖതീബുമാരുടെയും കാഴ്ചപ്പാടുകളും വീക്ഷണങ്ങളും നന്നാകണം. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ അതിനു പ്രതീക്ഷയില്ല. കാരണം, അങ്ങേയറ്റത്തെ ഗതികേടിലും ദുര്‍ബലാവസ്ഥയിലുമാണ് ഇന്നത്തെ ഇമാമുമാരും ഖതീബുമാരും നിലനിന്നു പോരുന്നത്. അത്തരത്തിലുള്ളവരില്‍ നിന്നും ഉയര്‍ന്ന ചിന്തയും കാഴ്ചപ്പാടും പ്രതീക്ഷിക്കാന്‍ തന്നെ വകയില്ല. സ്വന്തം ഉപജീവനത്തിനു പോലും പ്രയാസപ്പെടുന്നവരാണവര്‍. ഈ സമുദായത്തിനും അവര്‍ക്ക് വന്ന ഗതികേടില്‍ പങ്കുണ്ട്. പ്രാര്‍ഥനയിലും ആരാധനാ കാര്യങ്ങളിലും മാത്രം മുന്നിലും മറ്റു സമയങ്ങളില്‍ സമൂഹത്തിനു പിന്നിലും കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ടവരാണവര്‍. അതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട ഉപജീവനം നടത്തുന്നതിന് അന്ധവിശ്വാസ അനാചാരങ്ങളില്‍ അഭയം തേടി മറ്റു വരുമാന മാര്‍ഗം തേടാന്‍ നിര്‍ബന്ധിതാരാകുന്നു. പരമാര്‍ഥത്തില്‍ സമുദായമാണ് ഈ അവസ്ഥക്ക് പ്രധാന കാരണം.

ഓരോ പ്രദേശങ്ങളിലും ആര്‍ഭാട കല്ല്യാണങ്ങള്‍ നടക്കുമ്പോഴും രമ്യഹര്‍മങ്ങള്‍ ഉയരുമ്പോഴും ആഢംബര ജീവിതം നടക്കുമ്പോഴും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ എന്ന അവസ്ഥയാണ് ഇമാം-ഖതീബുമാരുടേത്. ഇത് തുടര്‍ന്നു കൊണ്ടിരുന്നാല്‍  ‘യശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് യശ്ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ’ എന്ന രീതിയിലേക്ക് നമ്മുടെ ബാങ്ക് മാറുന്ന അവസ്ഥ വിദൂരമല്ലാതാകും. ഈ ബാങ്ക് കേള്‍ക്കുന്ന ഹാജ്യാര്‍ ഓടിവന്ന് ബാങ്ക് തെറ്റിയിരിക്കുന്നു എന്ന് പറയുമ്പോള്‍ അത് ഈ പണിക്ക് സമുദായക്കാരെ കിട്ടാത്തതിനാല്‍ അന്യസമുദായത്തില്‍ നിന്നൊരാളെ ഏല്‍പിച്ചിരിക്കുകായണെന്നും അദ്ദേഹത്തിനു അശ്ഹദു എന്ന് പറയാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഇക്കൂട്ടര്‍ സാക്ഷ്യം വഹിക്കുന്നു എന്നര്‍ഥം വരുന്ന യശ്ഹദു പറയുകയാണെന്നും വിശദീകരിച്ചു കൊടുക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകും. ഇമാം ഖതീബുമാരുടെ ജീവിത നിലവാരം ഉയര്‍ത്താതെ  ഇവരുടെ വീക്ഷണത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുക സാധ്യമല്ല.

രണ്ടാമത്തെ കാര്യം, മഹല്ലില്‍ ക്രിയാത്മകമായ ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. മഹല്ല് എന്ന് പറഞ്ഞാല്‍ മുഴുവന്‍ മുസ്‌ലിംകളുടെയും പൈതൃകമാണ്. മുസ്‌ലിംകളായ എല്ലാ ആളുകള്‍ക്കും അതില്‍ പങ്കാളിത്തം വേണം. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം സമൂഹത്തിലെ കക്ഷി വഴക്കുകളുടെ ഫലമായി അത്തരം കൂട്ടായ്മ പല സ്ഥലത്തും കാണാന്‍ സാധ്യമല്ല. എന്നല്ല, നമ്മളറിയാതെ മഹല്ലിന്റെ നിയന്ത്രണം ഒരു പിടി തീവ്രചിന്താഗതിയുള്ള പുരോഹിതന്മാരുടെ കൈയില്‍ അകപ്പെട്ടിരിക്കുകയാണ്. വിശാല വീക്ഷണമുള്ള പലരും മഹല്ലിനു പുറത്താണ്. പല മഹല്ലുകളിലും തെറ്റായ നിയമാവലികള്‍ ഉണ്ടാക്കിയിട്ട് പുരോഹിതന്മാര്‍ തങ്ങളുടെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും സ്ഥൈര്യം നല്‍കാന്‍ തുനിയുന്നു. ഉല്‍പതിഷ്ണുക്കളെന്നറിയപ്പെടുന്ന മുജാഹിദുകള്‍ ഒരു പള്ളിയെടുക്കുകയും ജമാഅത്തുകാര്‍ മറ്റൊരു പള്ളിയെടുക്കുകയും ചെയ്യുമ്പോള്‍ ബാക്കി വരുന്ന യാഥാസ്ഥിതിക വിഭാഗം മഹല്ലില്‍ സ്ഥാനം നേടുന്നു. അവരില്‍ തന്നെ തീവ്രവിഭാഗക്കാരും മിതവാദികളോട് യാതൊരു വിധ സഹിഷ്ണുതയും പ്രകടിപ്പിക്കാത്തവരുമായ ആളുകള്‍ അവരെ ആട്ടിപ്പുറത്താക്കി മഹല്ല് പിടിച്ചെടുക്കുകയും ചെയ്യുന്ന അവസ്ഥയാണിന്ന് കാണാന്‍ സാധിക്കുന്നത്. ഇത് മഹല്ലുകള്‍ക്ക് ഭീഷണിയാണ്. തങ്ങളുണ്ടാക്കിയ നിയമാവലികള്‍ അനുസരിക്കാത്തവരെ ഭ്രഷ്ട് കല്‍പിക്കാന്‍ വരെ ഇത്തരക്കാര്‍ മുതിരുന്നു. ഒരു ഭാഗത്ത് അനാചാരങ്ങളെ നിലനിര്‍ത്താന്‍ പാടുപെടുന്നു. മറുഭാഗത്ത് വിശാല വീക്ഷണമുള്ളവരെ പുറത്താക്കുന്നു. ബാക്കിയുള്ളവര്‍ തന്നെ കൂടെനില്‍ക്കാന്‍ കഴിയില്ല എന്നു പറഞ്ഞ് പിരിഞ്ഞ് പോകുന്നു. അവസാനം, സങ്കുചിത-തീവ്ര ചിന്താഗതിക്കാര്‍ മാത്രം അവശേഷിക്കുന്നു. ഇത് മഹല്ല് അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്.

മൂന്നാമതായ കാര്യം, മാന്യമായ വേതനവും ചുറ്റുപാടും ഇല്ലാത്ത അവസ്ഥയില്‍ പള്ളികളിലെ ഇമാമുമാര്‍ കേവലം ഊമകളായി മാറിയിരിക്കുന്നു. എന്ന് പറഞ്ഞാല്‍ മാതൃഭാഷ വശമില്ലാത്ത ബംഗാളികളും ഹിന്ദുസ്ഥാനികളും ഇമാമുമാരായി എത്തിയിരിക്കുന്നു. ഖിബ്‌ലക്ക് നേരെത്തിരിഞ്ഞ് എന്തോ മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ട് ആരാധന നിര്‍വഹിക്കുന്ന ഇവര്‍ മഹല്ലിലെ ആളുകളുമായിട്ട് യാതൊരുവിധ ആശയവിനിമയവും നടത്തുന്നില്ല. കാരണം, തുഛമായ ശമ്പളം കൊടുക്കുന്നതു മൂലം മലയാളികളെ കിട്ടാതായിരിക്കുന്നു. നാട്ടിലെ എല്‍പി സ്്കൂള്‍ അധ്യാപകന്റെ ശമ്പളത്തിന്റെ അത്രപോലും  പള്ളി ഇമാമിനും ഖതീബിനും നല്‍കാന്‍ മഹല്ല് അധികൃതര്‍ തയ്യാറല്ല.

മഹല്ലില്‍ സമുദായത്തിന്റെ അര്‍ധവിഭാഗത്തിനു ഒരു പങ്കാളിത്തവുമില്ല എന്നതാണ് മറ്റൊരു കാര്യം. ഇസ്‌ലാമില്‍ സ്ത്രീയും പുരുഷനും ഒരു പോലെയല്ല. എന്നാല്‍ ഇക്കാരണത്താല്‍ സ്ത്രീക്ക് ഒരു പങ്കാളിത്തവുമില്ല എന്നോ അവരെ പരിഗണിക്കാന്‍ പാടില്ല എന്നോ അര്‍ഥമില്ല. കുടുംബത്തില്‍ പങ്കാളിത്തമുള്ളതു പോലെത്തന്നെ കുടുംബങ്ങളുടെ കൂട്ടായ്മയായ സമൂഹത്തിലും അവര്‍ക്ക് പങ്കാളിത്തമുണ്ട്. അവരുടെ അച്ചടക്കം പാലിച്ചു കൊണ്ട് നില്‍ക്കുകയാണെങ്കില്‍ പങ്കാളിത്തം മൂലം മഹല്ല് പ്രവര്‍ത്തനം കാര്യക്ഷമമാകും. മഹല്ല് കൈകാര്യം ചെയ്യുന്ന വിവാഹം, വിവാഹമോചനം, ഖബര്‍സ്ഥാന്‍ ഇവയെല്ലാം സ്ത്രീകളെയും കൂടി ബാധിക്കുന്ന കാര്യങ്ങളാണ്. അതിനാല്‍ സ്ത്രീകളെ അത്തരം കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനാല്‍ മഹല്ലിനു ജനാധിപത്യ അവസ്ഥയില്ലാതാകുന്നു. അതിനാല്‍ സ്ത്രീകള്‍ക്കും കൂടി പങ്കാളിത്തമുള്ള ഒരു അവസ്ഥയിലേക്ക് മഹല്ലുകള്‍ എത്തിച്ചേരണം. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും പങ്കാളിത്തം ഉണ്ടാകുകയും അങ്ങനെ വിശാലമായ ഒരു കൂട്ടായ്മയായി മഹല്ല് മാറുകയും വേണം. മഹല്ലിന്റെ ആഭിമുഖ്യത്തില്‍ സകാത്ത് സംഭരണം നടക്കുകയും മറ്റ് സേവസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇതിനൊക്കെ നേതൃത്വം കൊടുക്കാന്‍ ഇമാമുമാര്‍ മുന്നിട്ടിറങ്ങുകയും ചെയ്താല്‍ മഹല്ല് ഒരു ഗ്രാമപഞ്ചായത്തിന്റെ വിതാനത്തിലേക്ക് ഉയരാനിടയുണ്ട്. കാരണം സമുദായത്തില്‍ കാശുണ്ട്. വിശാലത ഉണ്ടെങ്കില്‍ പരസ്പര സഹകരണമുണ്ടെങ്കില്‍ മഹല്ലില്‍ വ്യത്യസ്ത സ്‌കീമുകള്‍ അതുവഴി നടപ്പാക്കാം. ഒരു പക്ഷേ നായന്മാരുടെ കരയോ ക്രിസ്ത്യാനികളുടെ ഇടവകയോ നമ്മളുടെ മഹല്ലുകളേക്കാള്‍ ഒരുപിടി ഉയര്‍ന്ന നിലവാരത്തിലാണ് നില്‍ക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സമുദായത്തിന്റെ ഉണര്‍വിനും പുനരുദ്ധാരണത്തിനും മഹല്ലുകളുടെ ദുര്‍ബലാവസ്ഥ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.

മറ്റൊരു കാര്യം പറയാനുള്ളത്, മഹല്ലുകളുടെ കേന്ദ്ര സ്ഥാനമായ പള്ളികളെ ചിലരെങ്കിലും പാര്‍ട്ടി ഓഫീസാക്കി മാറ്റിയിട്ടുണ്ട്. മദീനയിലെ പള്ളിയില്‍ ക്രിസ്ത്യാനികള്‍ വന്നപ്പോള്‍ നബി(സ) അവര്‍ക്ക് പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത ചരിത്രം ആവര്‍ത്തിച്ചു പറയുന്നതോടൊപ്പം തന്നെ നമ്മുടെ പള്ളിയില്‍ കര്‍മശാസ്ത്ര പരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം സ്വന്തം സമുദായത്തില്‍ പെട്ടവര്‍ക്ക് തന്നെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. സഹിഷ്ണുത എന്നു പറയുന്നത് നമ്മളില്‍ നിന്നും ഇല്ലാതെ പോയിരിക്കുന്നു. മറ്റുള്ളവര്‍ക്കു കൂടി അഭിപ്രായത്തിനു അവസരം നല്‍കിക്കൊണ്ട് നമ്മുടെ സമൂഹത്തില്‍ വിശാലത അനുഭവപ്പെടേണ്ടതുണ്ട്. കഅ്ബാലയത്തിലേക്ക് തിരിയുന്ന അതിന്റെ ശാഖയായി പള്ളിയെ കാണാമെങ്കില്‍ അവിടെ പുലരുന്ന എല്ലാ വിശാലതയും ഇവിടെ പള്ളിയിലും പുലരേണ്ടതുണ്ട്. എല്ലാ മ്ദ്ഹബിന്റെ ആളുകളും പരസ്പരം സഹകരണത്തോടെ വര്‍ത്തിക്കുന്നു. ആരാധനാ കാര്യങ്ങളിലേര്‍പ്പെടുന്നു. ആ ഒരു വിശാലതയും പരസ്പര സഹകരണവും നമ്മുടെ മഹല്ല് കേന്ദ്രങ്ങളായ പള്ളികളിലും പുലര്‍ന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും ആവശ്യപ്പെടുകയാണ്.
(കേരള വഖഫ് ബോര്‍ഡ് അംഗമാണ് ലേഖകന്‍)

Related Articles