Current Date

Search
Close this search box.
Search
Close this search box.

ഇന്‍ഫാക് : അയല്‍ക്കൂട്ട സംരംഭങ്ങള്‍ക്കൊരു മാതൃക

infaac.jpg

സമ്പത്ത് ദൈവാനുഗ്രഹമാണ്. അത് എല്ലാവര്‍ക്കും  ഒരേ അളവില്‍ ലഭിക്കാറില്ല. അതിനാല്‍ സാമ്പത്തിക അസമത്വങ്ങള്‍ എല്ലാ സമൂഹങ്ങളിലും ഉണ്ടായിട്ടുണ്ട്. ലഭ്യമായ സമ്പത്തിന്റെ ഗുണഫലങ്ങള്‍ പരസ്പര സഹകരണത്തിലൂടെ എല്ലാവര്‍ക്കും എത്തിക്കാന്‍ മനുഷ്യന് കഴിയും. അതിന് വ്യത്യസ്ത രീതികള്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. കടം ദാനം, സകാത്ത്, പിന്തുടര്‍ച്ചാവകാശം എന്നിവ അതില്‍ പ്രധാനമാണ്.
ജനങ്ങളില്‍ നിന്ന് സമ്പാദ്യങ്ങള്‍ സ്വരൂപിച്ച് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന സ്ഥാപനങ്ങളായ ബാങ്കുകള്‍ പലിശാധിഷ്ഠിതമായാലും അല്ലെങ്കിലും അതിന്റെ സേവനം മിക്ക രാജ്യങ്ങളിലും സാമ്പത്തികമായി ഉയര്‍ന്നുനില്‍്ക്കുന്നവരിലും ഇടത്തരക്കാരിലും പരിമിതമാണ്. നല്ലൊരു ശതമാനം വരുന്ന ദരിദ്രരും പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും ബാങ്കുകളുടെ സേവനം അന്യമാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ 40% ജനങ്ങള്‍ ഈ മേഖലയില്‍ നിന്ന് അകന്നു നില്‍ക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദാരിദ്ര്യത്തിന്റെ അടിസ്ഥാന കാരണങ്ങളില്‍ ഒന്ന് സാമ്പത്തിക മേഖലയില്‍ നിന്നുള്ള ഈ ഒഴിച്ചുനിര്‍ത്തലാണ് എന്ന് സാമ്പത്തിക വിദഗ്ദര്‍ കണ്ടെത്തുകയും അതിനായി അവര്‍ക്ക് പ്രത്യേക സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കി ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിയുകയും ചെയ്തതോടെയാണ് മൈക്രോ ഫിനാന്‍സ് സംവിധാനങ്ങള്‍ ലോകത്ത് വ്യാപകമാവുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് ചെറുകിട വായ്പകള്‍ ലഭ്യമാക്കി അവരുടെ ഉത്പാദനക്ഷമതയെയും സംരംഭകത്വത്തെയും ഉണര്‍ത്തി അതുവഴി വരുമാനം വര്‍ദ്ധിപ്പിച്ച് ദാരിദ്ര്യനിര്‍മാര്‍ജ്ജനം സാധ്യമാക്കുക എന്നതാണ് മൈക്രോ ഫിനാന്‍സ് ലക്ഷ്യം വെക്കുന്നത്. ഉപരിവര്‍ഗത്തിന്റെയും മധ്യവര്‍ഗത്തിന്റെയും പുരോഗതിയോടൊപ്പം അടിസ്ഥാന ജനവിഭാഗങ്ങളും പുരോഗതി പ്രാപിക്കുമ്പോഴാണ് ഒരു രാഷ്ട്രത്തില്‍ സമഗ്രമായ പുരോഗതിയും വളര്‍ച്ചയും ഉണ്ടാകുന്നത് എന്നതും ശ്രദ്ദേയമാണ്.

മൈക്രോ ഫൈനാന്‍സ് രംഗത്ത് അയല്‍ക്കൂട്ടങ്ങള്‍ വഹിക്കുന്ന പങ്ക് ഇന്ന് അവഗണിക്കാന്‍ കഴിയാത്ത ഒരു യാഥാര്‍ഥ്യമായിരിക്കുന്നു. സൂക്ഷ്മ സാമ്പത്തിക രംഗങ്ങള്‍ക്ക് ഔദ്യോഗിക- അനൗദ്യോഗിക മേഖലകളില്‍ നിന്നും പ്രോത്സാഹനവും സഹായവും ലഭിച്ച് കൊണ്ടിരിക്കുന്നു. ഈ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഏജന്‍സികള്‍ ഗ്രാമീണ നഗര മേഖലകളിലെ സ്ത്രീകളില്‍ വമ്പിച്ച സ്വാധീനമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ കേരളത്തിലും മറ്റും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അയല്‍ക്കൂട്ട സംവിധാനങ്ങളും പലിശാധിഷ്ഠിതമാണ്. ചിലത് കടുത്ത ചൂഷണമാണ് നടത്തുന്നത്. ഇവിടെയാണ് പലിശരഹിത അയല്‍ക്കൂട്ട സംവിധാനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത്. ആസൂത്രിതമായ സംഘാടനവും നിസ്വാര്‍ഥ സേവനവുമുണ്ടെങ്കില്‍ ഈ രംഗത്ത് അവഗണിക്കാന്‍ പറ്റാത്ത ഒരു ശക്തിയായി ഇതിനെ വളര്‍ത്തുവാന്‍ സാധിക്കും. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയാടിത്തറ ഉണ്ടാക്കുന്നതില്‍ അയല്‍ക്കൂട്ടങ്ങള്‍ സഹായകമാകും.

‘ഇന്‍ഫാക്’ സസ്റ്റയിനബിള്‍ ഡവലെപ്‌മെന്റ് സൊസൈറ്റി (INFACC Sustainable development Society)കേരളത്തിലുടനീളം പ്രാദേശിക തലങ്ങളില്‍ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു പലിശരഹിത രീതികളിലൂടെ സാമ്പത്തിക സഹകരണം ശക്തമാക്കി ജനക്ഷേമം വര്‍ദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപവല്‍കരിച്ച ഒരു NGO ആണ്. ഇത്തരം സേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും പ്രവര്‍ത്തനത്തിനാവശ്യമായ സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതിന് പ്രാദേശിക സന്നദ്ധ സംഘടനകള്‍(Local NGO) രൂപീകരിക്കേണ്ടതുണ്ട്. ഇവയാണ് അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. അയല്‍ക്കൂട്ടങ്ങള്‍ വഴി വായ്പ ലഭ്യമാക്കുന്നതിനു പുറമെ സമ്പാദ്യ സ്വരൂപണം, മൈക്രോ സംരംഭങ്ങളുടെ ആരംഭം, സാമൂഹ്യ ബോധവല്‍കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാവുന്നതാണ്.

അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പലിശ രഹിതമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍(പലിശ രഹിത മൈക്രോഫിനാന്‍സ്) ശക്തിപ്പെടുത്തിയാല്‍ മികച്ച ഫലം ലഭിക്കും. ധാരാളം വ്യക്തികളെ സാമൂഹിക പ്രവര്‍ത്തനരംഗത്ത് അണിനിരത്താനും പൊതുജനങ്ങളുടെ സഹകരണം ഉറപ്പുവരുത്താനും സാധിക്കും. പലിശ രഹിതനിധിയില്‍ ഏതാനും വ്യക്തികളില്‍ നിന്നും ശേഖരിക്കുന്നത് ആവശ്യക്കാര്‍ക്ക് കടമായി നല്‍കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ അയല്‍ക്കൂട്ട രീതിപ്രകാരം ഗുണഭോക്തക്കളുടെയടക്കം നിക്ഷേപമുപയോഗിച്ച് കൂടുതല്‍ ജനകീയമായ രീതിയില്‍ പലിശരഹിത മൈക്രോ ഫിനാന്‍സ് സംവിധാനം ഫലപ്രദമാക്കാന്‍ സാധിക്കും. പലിശരഹിത നിധികളേക്കാള്‍ അയല്‍ക്കൂട്ട സംവിധാനമാണ് കൂടുതല്‍ ഫലപ്രദമെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണം ;
പ്രാദേശിക സൊസൈറ്റിയുടെ പരിധിയില്‍ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ ആദ്യം കണ്ടെത്തണം. ഓരോ അയല്‍ക്കൂട്ടത്തിലും 10 മുതല്‍ 20വരെയുള്ള അംഗങ്ങള്‍ അധികം ദൂരത്തിലാവാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരുവീടും അതിനു ചുറ്റുമുള്ള മുഴുവന്‍ വീടുകളെയും( എപില്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ) ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
ഉദ്യേശ്യ ലക്ഷ്യങ്ങള്‍ :
1. അയല്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുക
2.അംഗങ്ങള്‍ക്ക് പലിശരഹിത വായ്പകള്‍ അനുവദിക്കുക.(ഇതിന്റെ സംഖ്യയും കാലയളവും ഓരോ സൊസൈറ്റിക്കും തീരുമാനിക്കാവുന്നതാണ്.
3.സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ
4.ബോധവത്കരണ പരിശീലന ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, തൊഴില്‍പരിശീലനം.

നമ്മുടെ പ്രദേശങ്ങളിലും ഈ രീതിയിലുള്ള പലിശ രഹിത സംരംഭങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ നിരവധി കുടുംബങ്ങള്‍ക്കത് വളരെയേറെ പ്രയോജനകരമായിരിക്കും. മാത്രമല്ല, പാരത്രിക പ്രതിഫലം നേടിത്തരാന്‍ കഴിയുന്ന ഒരു സല്‍ക്കര്‍മം കൂടിയാണ് സഹോദരന്റെ പ്രയാസത്തില്‍ അവനെ സഹായിക്കുക എന്ന കാര്യം. അതിനാല്‍ തന്നെ നമ്മുടെ പ്രാദേശികമായ വികസനത്തിനും പുരോഗതിക്കും ആവശ്യമായ ചെറിയ ചെറിയ പലിശരഹിത സഹകരണ സംരംഭങ്ങള്‍ നാം തുടങ്ങേണ്ടിയിരിക്കുന്നു.  സാമ്പത്തിക പരാശ്രിതത്വം ഒഴിവാക്കി കുടുംബ ശാക്തീകരണം ത്വരിതപ്പെടുത്താനും ഇത് ഒരു പരിധിവരെ സഹായിക്കും.

Related Articles