Current Date

Search
Close this search box.
Search
Close this search box.

‘ഇന്നലെ വരെ സഹോദരങ്ങളായിരുന്നു ഞങ്ങള്‍, എവിടെ നിന്നാണ് വെറുപ്പ് കടന്നു വന്നത്?’

communal.jpg

2013ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലും ഷംലിയിലുമുണ്ടായ വര്‍ഗീയ ആക്രമണത്തെയും അതിനെ തുടര്‍ന്ന് കുടുംബത്തെ നഷ്ടമായി പിഴുതെറിയപ്പെട്ടതിനെയും കുറിച്ച് സംസാരിക്കുമ്പോഴും പത്തൊമ്പത്കാരനായ റഹീമിന്റെ സ്വരം ദൃഢമായിരുന്നു. കലാപത്തില്‍ നിന്നും ജീവന്‍ രക്ഷപ്പെട്ടവരുടെ അവസ്ഥ വിവരിക്കുന്ന Living Apart: Communal Violence and Forced Displacement in Muzaffarnagar and Shamli എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ് സന്ദര്‍ഭം. ഞാനും എന്റെ സുഹൃത്തുക്കളായ അക്രം അക്തര്‍, സഫര്‍ ഇഖ്ബാല്‍, രജന്യ ബോസ് എന്നിവര്‍ ചേര്‍ന്നാണ് അതിന്റെ രചന നിര്‍വഹിച്ചത്. ലഖ്‌നോയിലും ഡല്‍ഹിയിലും നടന്ന പ്രകാശന ചടങ്ങുകളിലേക്ക് കലാപത്തെ അതിജീവിച്ച ചിലരെ ഞങ്ങള്‍ ക്ഷണിച്ചിരുന്നു. അവരുടെ കൂട്ടത്തിലൊരാളാണ് റഹീം എന്ന ചെറുപ്പക്കാരന്‍. അവന്‍ ഒരു അഞ്ചു മിനുറ്റു വരെ സംസാരിക്കുമെന്നതായിരുന്നു ഞങ്ങളുടെ കണക്കു കൂട്ടല്‍. എന്നാല്‍ അര മണിക്കൂറോളം അവന് സംസാരിച്ചു. കുറേയേറെ കാര്യങ്ങള്‍ അവന് പറയാനുണ്ടായിരുന്നു.

തന്റെ കഥ ഗ്രാമത്തിന് പുറത്തുള്ള ലോകത്തെ അറിയിക്കുക അവനെ സംബന്ധിച്ചടത്തോളം അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അത്. ഇന്ത്യയില്‍ നടന്ന പല വര്‍ഗീയ കലാപങ്ങളുടെ ഇരകളുമായുള്ള ഇടപഴകലില്‍ നിന്ന് ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ട്. തങ്ങള്‍ അനുഭവിച്ച ദുരിതവും അനീതിയും കുടിയിറക്കപ്പെടലും പൊതുസമൂഹം അറിയുന്നതിലൂടെ ലഭിക്കുന്ന ആശ്വാസം നേടാനാണ് കലാപത്തെ അതിജീവിച്ചവര്‍ ഒന്നാമതായി ശ്രമിച്ചിരുന്നതെന്ന് നിരന്തരം ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. മിക്കപ്പോഴും അവരുടെ കഥകള്‍ കേള്‍ക്കപ്പെടുന്നതിലൂടെ വലിയ ആശ്വാസമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്.

പ്രകാശന ചടങ്ങിന് ശേഷം ആ കുട്ടിയോട് തന്റെ കഥ എഴുതി പ്രസിദ്ധീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു. വളരെ താല്‍പര്യത്തോടെ അതിന് സന്നദ്ധത അറിയിക്കുകയാണവന്‍ ചെയ്തത്. എന്നാല്‍ അല്‍പസമയമത്തിന് ശേഷം തിരിച്ചു വന്ന അവന്‍ പറഞ്ഞത് തന്റെ പേര് അതിലൊരിടത്തും പരാമര്‍ശിക്കപ്പെടരുത് എന്നായിരുന്നു. മുസഫര്‍നഗര്‍, ഷംലി കലാപങ്ങളെ അതിജീവിച്ചവരുടെ ഉള്ളില്‍ നഷ്ടപ്പെടലിന്റെ യാതന മാത്രമല്ല, കടുത്ത ഭീതിയും നിലനില്‍ക്കുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. റഹീം എന്നത് ഞാന്‍ അവന് നല്‍കിയ പേരാണ്. അവന്റെ കഥയാണിത്.

ലിഷാദ് എന്ന എന്റെ ഗ്രാമം എനിക്ക് നഷ്ടമായിരിക്കുന്നു. അക്രമം പൊട്ടിപ്പുറപ്പെടുന്നതിന്റെ അഞ്ചോ ആറോ ദിവസം വരെ ഞങ്ങള്‍ സഹോദരങ്ങളെ പോലെയായിരുന്നു അവിടെ ജീവിച്ചിരുന്നത്. സ്‌കൂളില്‍ എല്ലാ മതത്തിലും ജാതിയിലുമുള്ള കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നു. പരസ്പരം ഭക്ഷണപ്പൊതികള്‍ പങ്കുവെച്ചു കഴിക്കുന്നവരായിരുന്നു ഞങ്ങള്‍. ഞങ്ങളിലാരുടെയെങ്കിലും വീട്ടില്‍ വിവാഹം നടക്കുകയാണെങ്കില്‍ ജാട്ടുകളും മുസ്‌ലിംകളുമായ അയല്‍ക്കാര്‍ പറഞ്ഞിരുന്നത് ‘അതിനെ കുറിച്ചൊന്നും നിങ്ങള്‍ പ്രയാസപ്പെടേണ്ട, വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്തു കൊള്ളാം’ എന്നായിരുന്നു. ഞങ്ങളുടെ അതിഥികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നവരായിരുന്നു ഞങ്ങളുടെ അയല്‍ക്കാര്‍. കുടുംബത്തിലെ അംഗങ്ങളെ പോലെ അവര്‍ ഭക്ഷണവും വെള്ളവും അതിഥികള്‍ക്ക് വിളമ്പി കൊടുത്തിരുന്നു. അവര്‍ക്ക് വേണ്ടി ഞങ്ങളും അതുപോലെ ചെയ്തിരുന്നു.

മുന്നൂറോളം മുസ്‌ലിം കുടുംബങ്ങളും ജാട്ട് വിഭാഗക്കാരും കശ്യപ്, ദലിത് തുടങ്ങിയ മറ്റ് സമുദായക്കാരുമായ എഴുന്നൂറോളം കുടുംബങ്ങളുമാണ് ഗ്രാമത്തിലുണ്ടായിരുന്നത്. ഭൂവുടമകള്‍ അധികവും ജാട്ട് വിഭാഗക്കാരായിരുന്നു. ദലിതുകളും ബിഹാരി കുടിയേറ്റക്കാരും മുസ്‌ലിംകളില്‍ ചിലരുമായിരുന്നു അവരുടെ പാടങ്ങളില്‍ പണിയെടുത്തിരുന്നത്. ഭൂമിയുണ്ടായിരുന്ന മുസ്‌ലിംകളും ദലിതുകളും വളരെ ചുരുക്കമായിരുന്നു. അതും അവരുടെ വീട് നില്‍ക്കുന്ന സ്ഥലവും അതിനു ചുറ്റുമുള്ള ചുരുങ്ങിയ സ്ഥലവുമായിരുന്നു. മുസ്‌ലിംകള്‍ അധികവും ഗ്രാമങ്ങള്‍ തോറും വസ്ത്രങ്ങള്‍ വില്‍ക്കുന്നവരോ ടൈലര്‍മാരോ പച്ചക്കറി വില്‍പനക്കാരോ ഇഷ്ടിക ചൂളയില്‍ പണിയെടുക്കുന്നവരോ ആയിരുന്നു. എന്നാല്‍ നല്ല സ്വഭാവക്കാരായിരുന്നു അവര്‍.

കവാല്‍ സംഭവം
2013 ആഗസ്റ്റ് 27നാണ് എല്ലാം മാറി മറിഞ്ഞത്. മുസഫര്‍ നഗറിലെ ഒരു മോട്ടോര്‍സൈക്കിള്‍ ആക്‌സിഡന്റോടെയായിരുന്നു അതിന്റെ തുടക്കം. ഒരു മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്ന ജാട്ട് വംശജനായ സച്ചിനും മറ്റേ മോട്ടോര്‍ സൈക്കിളിലുണ്ടായിരുന്ന ഷാനവാസിനും ഇടയില്‍ അടിപിടിയുണ്ടായി. കടുത്ത വാക്ക്തര്‍ക്കം നടന്നു. ആ അടിപിടിക്ക് ശേഷം പ്രതികാരം ചെയ്യാനായി ഒരു സംഘം ജാട്ട് ചെറുപ്പക്കാര്‍ ഗ്രാമത്തിലെ മുസ്‌ലിംകള്‍ വസിക്കുന്ന പ്രദേശത്ത് ചെന്ന് ഷാനവാസിനെ കുത്തികൊലപ്പെടുത്തിയത് പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്. അതില്‍ കുപിതരായ പ്രദേശത്തെ മുസ്‌ലിംകള്‍ ജാട്ട് വിഭാഗക്കാരായ സച്ചിനെയും ബന്ധുവായ ഗൗരവനെയും പിടികൂടി കൊലപ്പെടുത്തി. രണ്ട് ദിവസത്തിനകം സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തുന്നതായിരുന്നു അതിലുണ്ടായിരുന്നത്. ബി.ജെ.പി എം.എല്‍.എ സംഗീത് സോമായിരുന്നു അത് പ്രചരിപ്പിച്ചത്. തങ്ങളുടെ സഹോദരിയുടെ മാനം രക്ഷിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളായ സച്ചിനും ഗൗരവും കൊല്ലപ്പെട്ടതെന്നും ഷാനവാസ് എന്ന മുസ്‌ലിം യുവാവ് അവളെ ഉപദ്രവിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായെന്നും അദ്ദേഹം പ്രചരിപ്പിച്ചു.

അത് കള്ളമായിരുന്നു എന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആ വീഡിയോ വൈറലായിരുന്ന സമയത്ത് അത് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാവരും തങ്ങളുടെ മൊബൈല്‍ ഫോണില്‍ അത് കണ്ടു. സ്‌കൂളില്‍ പോലും അന്തരീക്ഷം വളരെ സംഘര്‍ഷഭരിതമായി. ‘നാം മുല്ലമാരെ ഇല്ലാതാക്കേണ്ടതുണ്ട്’ എന്ന് ജാട്ടുകള്‍ പറഞ്ഞു. മുമ്പൊരിക്കലും അത്തരം ഭാഷ അവര്‍ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ അതവരുടെ തമാശയായി കണ്ട് ഞങ്ങള്‍ മുസ്‌ലിം കുട്ടികള്‍ ചിരിച്ചു തള്ളാന്‍ ശ്രമിച്ചു.

വിദ്വേഷത്തിന്റെ വേനല്‍
കാറ്റ് വേഗത്തില്‍ ചൂടുപിടിച്ചതും വിഷം നിറഞ്ഞതുമായി മാറി. അതോടൊപ്പം മറ്റൊരു അഭ്യൂഹം കൂടി പടര്‍ന്നു. ഒരു മാസം മുമ്പ് സഹാരന്‍പൂരില്‍ ഹിന്ദു പെണ്‍കുട്ടി മുസ്‌ലിമിനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നതായിരുന്നു അത്. പെണ്‍കുട്ടി അക്കാര്യം നിഷേധിക്കുകയും കെട്ടിചമക്കപ്പെട്ട ഒരു പ്രചാരണമായിരുന്നു അതെന്ന് പിന്നീട് തെളിയിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ആ പ്രചാരണം മുസ്‌ലിംകള്‍ അക്രമിക്കപ്പെടുന്നതിലേക്ക് നയിച്ചു. മുസ്‌ലിംകളെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 2014ല്‍ എം.പിയായി തെരെഞ്ഞെടുക്കപ്പെട്ട ഹുകം സിങിനെ പോലുള്ള ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ ഷംലി പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് അക്രമാസക്തമായ മാര്‍ച്ച് നടത്തി. മുസ്‌ലിം ആയിരുന്ന എസ്.പി അവരെ പിരിച്ചുവിടാന്‍ ലാത്തിചാര്‍ജ്ജിന് ഉത്തരവിട്ടു. എസ്.പി പ്രകടനത്തിന് നേരെ ലാത്തി ചാര്‍ജ്ജ് നടത്തിയെന്നല്ല ജാട്ടുകള്‍ പറഞ്ഞത്. മറിച്ച് ‘നമ്മുടെ’ ഹിന്ദു നേതാക്കളെ അടിക്കാന്‍ ഒരു മുസ്‌ലിം ധൈര്യം കാണിച്ചിരിക്കുന്നു, അദ്ദേഹം ശിക്ഷിക്കപ്പെടാതെ പോകരുത് എന്നായിരുന്നു അവര്‍ പറഞ്ഞത്. അദ്ദേഹത്തിന് പെട്ടന്ന് ട്രാന്‍സ്ഫര്‍ കിട്ടുകയും ചെയ്തു.

ഞങ്ങളുടെ ഗ്രാമത്തില്‍ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ സംഘര്‍ഷം ശക്തിപ്പെട്ടു. സെപ്റ്റംബര്‍ 5ന് പഞ്ചായത്ത് ചേരുമെന്നും അതില്‍ മുസ്‌ലിംകളെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് ഗ്രാമത്തിലുടനീളം അന്നൗണ്‍സ്‌മെന്റ് നടന്നു. ഞങ്ങളുടെ ഓര്‍മയില്‍ ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ലാത്ത സംഭവമാണത്. രണ്ട് വര്‍ഷം മുമ്പ് ജാട്ട് പെണ്‍കുട്ടി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടിയപ്പോള്‍ സംഘര്‍ഷം ഉണ്ടാവുകയും പഞ്ചായത്ത് വിളിച്ചു ചേര്‍ക്കുകയും ചെയ്തിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും അതില്‍ പങ്കെടുത്തിരുന്നു. ഇരു വിഭാഗത്തിലെയും മുതിര്‍ന്നവര്‍ ഒരുമിച്ചിരുന്ന് പ്രശ്‌ന പരിഹാരം തേടുകയായിരുന്നു അതില്‍. അവസാനം പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും അവര്‍ ഉജ്ജയിനിലാണെന്ന് മനസ്സിലാക്കി പോലീസ് അവരെ പിടികൂടി ഗ്രാമത്തിലേക്ക് കൊണ്ടുവന്നു. ജാട്ട് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നെങ്കിലും മുസ്‌ലിം യുവാവിനെ ഏതാനും മാസത്തേക്ക് ജയിലിലേക്ക് അയക്കുകയും മറ്റൊരു ജാട്ട് യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തുകയും ചെയ്തു. രണ്ട് മാസത്തോളം ഇരു വിഭാഗത്തിനും ഇടയില്‍ ചെറിയ സംഘര്‍ഷം നിലനിന്നിരുന്നു. ആ സമയത്ത് പള്ളികളില്‍ നിന്നുള്ള ബാങ്ക്‌വിളി നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുസ്‌ലിം യുവാവിന്റെ കുടുംബം ഗ്രാമം വിട്ടുപോയതോടെ പ്രശ്‌നങ്ങളെല്ലാം കെട്ടടങ്ങി. കവാല്‍ സംഘര്‍ഷത്തിന് മുമ്പ് സമുദായങ്ങള്‍ക്കിടയില്‍ ഇത്ര ആഴത്തിലുള്ള ഒരു ധ്രുവീകരണം ഉണ്ടായിട്ടില്ല.

പഞ്ചായത്ത് ചേരാന്‍ നിശ്ചയിച്ചിരുന്നതിന് ഒരു ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റും എസ്.പിയും വ്യക്തിപരമായി ജാട്ട് വിഭാഗത്തിലെ മുതിര്‍ന്നവരെ കണ്ട് പഞ്ചായത്ത് നടത്തരുതെന്ന് പറഞ്ഞു. എന്നാല്‍ അവരതിന് വഴങ്ങിയില്ല.

ഹിന്ദു പഞ്ചായത്ത്
അടുത്ത ദിവസം സെപ്റ്റംബര്‍ 5ന് പഞ്ചായത്ത് ചേരാന്‍ നിശ്ചയിച്ച സ്ഥലം ഒരു സര്‍ക്കാര്‍ സ്‌കൂളായിരുന്നിട്ട് പോലും സ്‌കൂളിന് അവധി നല്‍കി. വിദൂര ഗ്രാമങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ട്രാക്ടറുകളിലും മോട്ടോര്‍സൈക്കിളുകളിലും എത്തി. ഗ്രാമത്തിന് പുറത്ത് നൂറുകണക്കിന് ട്രാക്ടറുകളാണ് നിര്‍ത്തിയിട്ടിരുന്നത്. സ്‌കൂള്‍ കോമ്പൗണ്ടില്‍ ആയിരങ്ങള്‍ നിറഞ്ഞു. സ്ഥലമില്ലാതെ ആളുകള്‍ മരത്തിലും മതിലിലും കയറി സ്ഥലം പിടിച്ചു. മുസ്‌ലിംകളാരും പങ്കെടുപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഗേറ്റില്‍ ആളുകള്‍ വടിയുമായി കാവല്‍ നിന്നു. യോഗം തടയാന്‍ ഒന്നും ചെയ്യാതെ പോലീസുകാരും അവിടെ നിന്നു.

വീടുകളില്‍ തന്നെ കഴിഞ്ഞ ഞങ്ങള്‍ ഭീതിയോടെ യോഗത്തെ കുറിച്ച വാര്‍ത്തകള്‍ കേട്ടു. ചില ജാട്ട് കൂട്ടകാരെ ഞാന്‍ മൊബൈലില്‍ വിളിച്ചു. ‘വലിയ വിദ്വേഷ പ്രസംഗങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്, അന്തരീക്ഷം മോശമായി കൊണ്ടിരിക്കുകയാണ്’ എന്ന് അവര്‍ ശബ്ദമടക്കി പറഞ്ഞു. എങ്ങനെ ഒരോ പ്രസംഗവും വിദ്വേഷം വളര്‍ത്തിയെന്ന് അവര്‍ വിവരിച്ചു. അഞ്ച് മണിക്കായിരുന്നു ആ യോഗം പിരിച്ചുവിട്ടത്. അതുകഴിഞ്ഞ ആളുകള്‍ മുദ്രാവാക്യം വിളിച്ചാണ് ഗ്രാമങ്ങളിലേക്ക് മടങ്ങിയത്. മുസ്‌ലിംകള്‍ക്ക് രണ്ടിലൊരിടമേയുള്ളൂ, ഒന്നുകില്‍ പാകിസ്താന്‍ അല്ലെങ്കില്‍ ഖബര്‍സ്ഥാന്‍ എന്നവര്‍ പ്രഖ്യാപിച്ചു.

അന്നത്തെ പഞ്ചായത്തിന്റെ തീരുമാനങ്ങളിലൊന്നായിരുന്നു രണ്ട് ദിവസത്തിന് ശേഷം പ്രദേശത്തെ മുഴുവന്‍ ഹിന്ദുക്കളെയും വിളിച്ചു ചേര്‍ത്ത് മുസഫര്‍നഗറിലെ നഗ്‌ല മന്ദൗറില്‍ വെച്ച് ഒരു മഹാപഞ്ചായത്ത് വിളിക്കാനുള്ളതെന്ന് പിന്നീട് ഞങ്ങള്‍ അറിഞ്ഞു. ‘ബേഠി ബചാഓ, ബഹു ബനാഓ’ (നമ്മുടെ പെണ്‍മക്കളെ രക്ഷിക്കുക, അവരുടെ പെണ്‍മക്കളെ നമ്മുടെ മരുമക്കളാക്കുക) എന്നതായിരുന്നു പഞ്ചായത്തിന്റെ തലക്കെട്ട്. ഇന്നലെ വരെ ഞങ്ങള്‍ സഹോദരങ്ങളായിരുന്നു. പെട്ടന്ന് എവിടെ നിന്നാണ് ഈ വെറുപ്പ് കയറിവന്നത്?

ഭീതിയോടെ വീട്ടില്‍
അടുത്ത ദിവസം വെള്ളിയാഴ്ച്ചയായിരുന്നു. ജീവിതത്തിലാദ്യമായി അന്നാണ് ഭീതിയോടെ പള്ളിയില്‍ പോയത്. നേരത്തെ പള്ളിയിലേക്കന്നല്ല കൂട്ടുകാരുടെ അടുത്തു പോകുമ്പോള്‍ വരെ തൊപ്പിവെച്ച് ഒരു ആശങ്കയുമില്ലാതെയായിരുന്നു ഞങ്ങള്‍ പോയിരുന്നത്. ആ വെള്ളിയാഴ്ച്ച ആദ്യമായി ഞങ്ങള്‍ തൊപ്പി മടക്കി കീശയിലിട്ട് പള്ളിയില്‍ പോയി. പള്ളിയിലെത്തിയ ശേഷം മാത്രമാണ് ഞങ്ങളത് ധരിച്ചത്.

അന്തരീക്ഷം തണുക്കുന്നത് വരെ കുറച്ചു ദിവസത്തേക്ക് ഗ്രാമം വിട്ടു മറ്റേതെങ്കിലും മുസ്‌ലിം ഭൂരിപക്ഷ ഗ്രാമത്തിലേക്ക് മാറി നില്‍ക്കാന്‍ ബന്ധുക്കളും കൂട്ടുകാരും ഞങ്ങളെ ഉപദേശിച്ചു. ഒരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. അതില്‍ തീരുമാനങ്ങളെടുക്കുന്ന വല്ല്യുപ്പ ഉറപ്പിച്ചു പറഞ്ഞു: ”നമ്മുടെ അയല്‍ക്കാര്‍ നമ്മെ ദ്രോഹിക്കാനുള്ള ഒരു സാധ്യതയുമില്ല. തലമുറകളായി സമാധാനത്തോടെ ഒരുമിച്ചു ജീവിക്കുന്നവരാണ് നമ്മള്‍. എന്തുകൊണ്ട് ഇന്ന് ഇങ്ങനെയൊരു മാറ്റം? നമ്മള്‍ ആരും ഗ്രാമം വിട്ടുപോകുന്നില്ല.”

പണക്കാരൊന്നുമായിരുന്നില്ല ഞങ്ങള്‍. എന്റെ വല്ല്യുപ്പ ഒരു കൃഷിപ്പണിക്കാരനായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. വീട് മാത്രമായിരുന്നു ഞങ്ങള്‍ക്ക് സ്വന്തമായിട്ടുണ്ടായിരുന്നത്. കൃഷിഭൂമിയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഗ്രാമം മുഴുവന്‍ വല്ല്യുപ്പയെ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ ചെറുമകനാണെന്ന് സൂചിപ്പിച്ചാല്‍ തന്നെ എനിക്ക് വേണ്ടതെല്ലാം അവര്‍ ചെയ്തു തന്നിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ ഉപദ്രവിക്കപ്പെടില്ലെന്ന് ഞങ്ങളും കരുതി. ആളുകള്‍ക്ക് വീടു നിര്‍മിച്ചു കൊടുക്കുന്ന പ്രഗല്‍ഭനായ മേസ്ത്രിയായിരുന്നു എന്റെ പിതാവ്. ചിലപ്പോഴെല്ലാം സ്‌കൂള്‍ വിട്ട് വന്ന് ഞാനദ്ദേഹത്തെ സഹായിക്കാന്‍ പോയിരുന്നു. അതുകൊണ്ട് എന്നെയും ചിലരെല്ലാം മേസ്ത്രിയെന്ന് വിളിച്ചിരുന്നു. ഞങ്ങളുടെ വീടിനടത്തു തന്നെ താമസിച്ചിരുന്ന ഗ്രാമ മുഖ്യനെ ഞങ്ങള്‍ ചെന്നു കണ്ടു. ‘നിങ്ങള്‍ പേടിക്കേണ്ട മേസ്ത്രി, നിങ്ങള്‍ക്കൊന്നും സംഭവിക്കില്ല’ എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങളെ ആശ്വസിപ്പിച്ചു. വെറുപ്പിന്റെ അന്തരീക്ഷം ഞങ്ങളെ മൂടിയെങ്കിലും ഹിന്ദു അയല്‍ക്കാരില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിച്ചു.

മഹാപഞ്ചായത്തിന്റെ തലേ ദിവസം സെപ്റ്റംബര്‍ 6ന് വൈകുന്നേരത്തെ നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുന്ന വഴി പ്രായം ചെന്ന ഗ്രാമത്തിലെ ഒരു സംഘം ആളുകള്‍ വയറിന് കുത്തി. അയല്‍ക്കാര്‍ ഒരുമിച്ചു കൂടി ഗ്രാമ മുഖ്യനെയും പോലീസിനെയും വിളിച്ചു. അവര്‍ അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചിരുന്നത് കൊണ്ട് വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കേണ്ടതുണ്ടായിരുന്നു. അദ്ദേഹം അക്രമികളെ തിരിച്ചറിയുകയും അവരുടെ പേരുകള്‍ വ്യക്തമാക്കുകയും ചെയ്തു. ‘അവര്‍ കുടിയന്‍മാരാണ്, അവരിപ്പോള്‍ ഓടി രക്ഷപ്പെട്ടിട്ടുണ്ടാവും’ എന്നായിരുന്നു മുഖ്യന്‍ പറഞ്ഞത്. എന്നാല്‍ അവര്‍ക്ക് മുഖ്യന്‍ തന്റെ വീട്ടില്‍ അഭയം നല്‍കുകയും പോലീസ് പോയതിന് ശേഷം ഗ്രാമത്തിന് പുറത്ത് എത്തിക്കുകയുമായിരുന്നു എന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം.

ഞങ്ങളുടെ പേടിയും ഉത്കണ്ഠയും വര്‍ധിച്ചു. മുഖ്യന്റെ അമ്മാവന്‍ ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു: ”അത് കുറച്ച് കുടിയന്‍മാര്‍ ചെയ്തതാണ്. പേടിക്കേണ്ട, നിങ്ങളെല്ലാം സുരക്ഷിതരാണ്.”

ഞങ്ങളുടെ വീട്ടിലെ മുതിര്‍ന്നവരെല്ലാം വീണ്ടും ഒരുമിച്ചു കൂടി. തൊഴിലുടമകളുടെ പെരുമാറ്റത്തില്‍ വന്നിരിക്കുന്ന മാറ്റം എന്റെ പിതാവ് വിവരിച്ചു. അവരുടെ കാഴ്ച്ചപാടെല്ലാം മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് കിട്ടാനുള്ള പണം ചോദിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തോട് പറഞ്ഞത് എട്ടാം തിയ്യതി തരാമെന്നായിരുന്നു. എന്തായിരുന്നു അതുകൊണ്ടവര്‍ ഉദ്ദേശിച്ചത്? ഏഴാം തിയ്യതിയായിരുന്നു മഹാപഞ്ചായത്ത് ചേര്‍ന്നത്. അതുകൊണ്ടു തന്നെ അതില്‍ ഒരു ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു. ‘നമ്മുടെ അയല്‍ക്കാര്‍ നമ്മെ ഉപദ്രവിക്കില്ല’ എന്ന വാദത്തില്‍ ഞങ്ങളുടെ വല്ല്യുപ്പ ഉറച്ചു നിന്നു. ”അസ്വസ്ഥപ്പെടാനൊന്നുമില്ല, നമ്മള്‍ എവിടേയും പോകുന്നുമില്ല’ എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

എരിതീയിലെ എണ്ണ
ഏഴാം തിയ്യതി രാവിലെ അമ്പലങ്ങളില്‍ നിന്നും നാല്‍ക്കവലകളില്‍ നിന്നും നഗ്‌ല മന്ദൗറില്‍ നടക്കുന്ന മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു കൊണ്ട് അന്നൗണ്‍സ്‌മെന്റുകല്‍ നടന്നു. ട്രാക്ടറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും കാറുകളുടെയും ദീര്‍ഘിച്ച റാലി തന്നെ അവിടെ നടന്നു. ആളുകള്‍ കൂടിവരുന്നതിന് ആപത്‌സൂചനയോടെ ഞാന്‍ കണ്ടു. അവരില്‍ ഏറെയും യുവാക്കളായിരുന്നു. അതില്‍ പലരും എന്റെ സ്‌കൂള്‍ കാലത്തെ സുഹൃത്തുക്കളാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ലാത്തി, കഠാര, തോക്ക്, ശൂലം തുടങ്ങിയ ആയുധങ്ങള്‍ പരസ്യമായി പലരും കൈവശം വെച്ചിരുന്നു. അരിവാള്‍ പോലുള്ള കാര്‍ഷികോപകരണങ്ങളും ചിലരുടെ കൈവശമുണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ ആക്രമിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു എന്റെ പിതാമഹന്‍.

ഓരോ ദിവസവും രക്തം തണുത്തുറഞ്ഞു പോകുന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരുന്നത്. പ്രദേശത്തിന്റെ ചരിത്രത്തില്‍ ഇത്രത്തോളം ക്രുദ്ധരായ ആള്‍ക്കൂട്ടം മഹാപഞ്ചായത്തിനെത്തിയത് ഞങ്ങള്‍ കേട്ടിട്ടു പോലുമില്ലായിരുന്നു. തീവ്രമായ പ്രസംഗങ്ങള്‍ നടന്നു. മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തെ കുറിച്ച് പ്രസംഗകര്‍ പ്രഖ്യാപനം നടത്തി. മഹാപഞ്ചായത്ത് വരുന്ന വഴിയില്‍ അവര്‍ സ്ത്രീകളുടെ ബുര്‍ഖകള്‍ വലിച്ചു കീറുകയും പുരുഷന്‍മാരുടെ താടി പിടിച്ച് വലിക്കുകയും ചെയ്തിരുന്നു. മുസ്‌ലിംകള്‍ ജാട്ടുകളെ കൊലപ്പെടുത്തി അവരുടെ മൃതദേഹം കനാലില്‍ എറിഞ്ഞുവെന്ന അഭ്യൂഹങ്ങള്‍ പരന്നു. ആള്‍ക്കൂട്ടത്തിന്റെ രോഷം ഭീകരമായ അവസ്ഥയിലേക്ക് വളര്‍ന്നു.

ദിവസവും ഞങ്ങളുടെ മൊബൈലുകള്‍ അടിച്ചു കൊണ്ടേയിരുന്നു. ഗ്രാമം വിട്ടുപോകാന്‍ ബന്ധുക്കള്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. അന്ന് വൈകിയിട്ട് കുടുംബത്തിലെ മുതിര്‍ന്നവര്‍ ഒരുമിച്ചു കൂടി. അവസാനം ഗ്രാമം അത്ര സുരക്ഷിതമല്ലെന്ന് പിതാമഹനും അംഗീകരിച്ചു. ‘കുട്ടികളുടെ ചോര ചൂടുപിടിച്ചിരിക്കുകയാണ്’ എന്നദ്ദേഹം പറഞ്ഞു. മഹാപഞ്ചായത്ത് ചെറുപ്പക്കാരുടെ രക്തം തിളപ്പിച്ച് വിട്ടിരിക്കുകയാണെന്ന ഭയം അദ്ദേഹം പങ്കുവെച്ചു. ലിഷാദില്‍ നമ്മുടെ പെണ്‍കുട്ടികള്‍ ഇനിയത്ര സുരക്ഷിതരല്ല. സഹോദരിമാരുടെ മാനം രക്ഷിക്കാനാവശ്യമായത് ചെയ്യാനായിരുന്നു എന്റെ വല്ല്യുപ്പ ആദ്യം തീരുമാനിച്ചത്. എട്ട് കിലോമീറ്റര്‍ ദൂരെയുള്ള മുസ്‌ലിം ഭൂരിപക്ഷ ഗ്രാമമായ കണ്ട്‌ലയിലെ ബന്ധുക്കളുടെ അടുത്തേക്ക് അവരെ എത്തിക്കാന്‍ ഞങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഞങ്ങളോടൊപ്പം വരാന്‍ മുതിര്‍ന്നവരോട് ഞങ്ങള്‍ കേണപേക്ഷിച്ചു. ഞങ്ങളുടെ വീടും കാലികളെയും നോക്കാന്‍ അയല്‍ക്കാരോട് എന്റെ ഉപ്പ പറഞ്ഞു. എന്നാല്‍ അവരതിന് വിസമ്മതിക്കുകയായിരുന്നു. ഞങ്ങള്‍ പോയാല്‍ പിന്നെ തിരിച്ചു വരുമ്പോള്‍ കാലികളെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കരുതെന്നായിരുന്നു അവര്‍ പറഞ്ഞത്. അതുകൊണ്ട് എന്റെ മാതാപിതാക്കളും അമ്മാവന്‍മാരും അവരുടെ ഭാര്യമാരും വീടും കാലികളെയും നോക്കാന്‍ അവിടെ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു. വല്ല്യുപ്പയും അക്കാര്യം അംഗീകരിച്ചു. ”ഗ്രാമത്തിലെ മുതിര്‍ന്നവരെ ആര് ഉപദ്രവിക്കും?” എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

സഹോദരങ്ങള്‍ക്കൊപ്പം ഞാനും ഇരുട്ടിന്റെ മറവില്‍ ഞങ്ങള്‍ ഗ്രാമം വിട്ടു. റോഡ് വഴി പോകുന്നതിന് പകരം പാടത്തെ ഉയര്‍ന്നു നില്‍ക്കുന്ന വിളകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു. വിതുമ്പിക്കൊണ്ടായിരുന്നു ആ യാത്ര. പുലര്‍ച്ചെയോടെ ക്ഷീണിതരായി കണ്ട്‌ലയില്‍ എത്തിയ ഞങ്ങള്‍ അമ്പരന്നു. ഞങ്ങളുടെ സമീപ ഗ്രാമത്തില്‍ നിന്നുള്ള ആയിരക്കണക്കിന് മുസ്‌ലിംകള്‍ രാത്രിയില്‍ അവിടെയെത്തിയിട്ടുണ്ട്. ഗ്രാമത്തിലെ ഈദ് ഗാഹിനുപയോഗിച്ചിരുന്ന മൈതാനം അനൗദ്യോഗികമായി ക്യാമ്പായി മാറുകയായിരുന്നു അന്ന് മുതല്‍. മറ്റ് മുസ്‌ലിം ഭൂരിപക്ഷ ഗ്രാമങ്ങളിലും ഇതായിരുന്നു അവസ്ഥ. സഹോദരിമാരെ ബന്ധുക്കളുടെ കൂടെയാക്കി ഞങ്ങള്‍ ഈദ്ഗാഹ് ക്യാമ്പിലേക്ക് പോന്നു. ഞങ്ങള്‍ പോന്നതിന് ശേഷം ഞങ്ങളുടെ ഗ്രാമത്തില്‍ സംഭവിച്ചതെന്താണെന്ന് ഞങ്ങള്‍ പറഞ്ഞു കേട്ടു.

കൊടും വഞ്ചന
നേരം പുലര്‍ന്നതോടെ ഹിന്ദു ആള്‍ക്കൂട്ടം മുസ്‌ലിം വീടുകള്‍ക്ക് തീവെക്കാന്‍ തുടങ്ങി. എന്റെ മാതാപിതാക്കളും അമ്മാവന്‍മാരും അവരുടെ ഭാര്യമാരും വീടും കാലികളെയും ഉപേക്ഷിച്ച് പോരാന്‍ തീരുമാനിച്ചിരുന്നു. വല്ല്യുപ്പയോടും കൂടെ പോരാന്‍ അവര്‍ നിര്‍ബന്ധിച്ചു. പൂര്‍വപിതാക്കള്‍ നമുക്ക് തന്നിട്ടുള്ള സ്വത്താണ് ഈ വീട്, ഇതെല്ലാം സംരക്ഷിക്കുക നമ്മുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് അദ്ദേഹം പോരാന്‍ തയ്യാറായില്ല.

സാധ്യമായത്ര വേഗത്തില്‍ അവര്‍ ഓടി. ഒരു ആള്‍ക്കൂട്ടം – അവരെല്ലാം ഞങ്ങളുടെ അയല്‍ക്കാരായിരുന്നു, ഗ്രാമത്തിലെ ഉത്തരവാദപ്പെട്ട ചുമതല വഹിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു – അവരെ പിടികൂടി. പിന്നീട് നടന്ന സംഘര്‍ഷത്തില്‍ എന്റെ കുടുംബം ശിഥിലമാക്കപ്പെട്ടു. എന്റെ വല്ല്യുപ്പയെയും പ്രായമായൊരു അമ്മായിലെയും രണ്ട് അമ്മാവന്‍മാരെയും ഒരു അമ്മായിയെയും അവര്‍ കൊന്നു. ആ പ്രഭാതത്തില്‍ എന്റെ കുടുംബത്തിലെ അഞ്ച് പേരും ഗ്രാമത്തിലെ 13 പേരും കൊല്ലപ്പെട്ടു.

മറ്റുള്ളവര്‍ വയലിലൂടെ ഓടി കണ്ട്‌ലയില്‍ എത്തി. അവരെത്തുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. അപ്പോഴേക്കും ക്യാമ്പ് നിരാശയും ഭീതിയും നിറഞ്ഞ പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ഈദ്ഗാഹ് ക്യാമ്പില്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ മുതിര്‍ന്നവര്‍ ഞങ്ങളോട് പങ്കുവെച്ചു. കുടുംബത്തിലെ മുതിര്‍ന്നവരെ നഷ്ടപ്പെട്ട ഞങ്ങള്‍ പരസ്പരം സ്വാന്തനിപ്പിക്കാനാവാതെ കരഞ്ഞു.

ഞങ്ങളുടെ സഹായത്തിനെത്തിരിയിരുന്ന അയല്‍ക്കാര്‍ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു എന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി.

അപ്രതീക്ഷിത രക്ഷകര്‍
ഗ്രാമ മുഖ്യന്‍ അടക്കമുള്ളവര്‍ കൊലയിലും കൊള്ളിവെപ്പിലും പങ്കാളികളായി. എന്നാല്‍ എത്രയോ ജീവനുകള്‍ രക്ഷിച്ചവരും അവിടെയുണ്ടായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളായിരുന്നു അവര്‍. അവരില്‍ പ്രമുഖനാണ് ബബ്‌ലു എന്ന ജാട്ട് ഭൂവുടമ. അദ്ദേഹം ഒരു പൗള്‍ട്രി ഫാം നടത്തിയിരുന്നു. ആക്രമണങ്ങള്‍ നടക്കുന്നതിന് മുമ്പ് മുസ്‌ലിംകള്‍ പേടിയോടെയായിരുന്നു അയാളെ കണ്ടിരുന്നത്. അദ്ദേഹം വലിയൊരു ഗുണ്ടയാണെന്നായിരുന്നു ഞങ്ങള്‍ ധരിച്ചിരുന്നത്. എട്ടാം തിയ്യതി രാവിലെ അയാള്‍ ഗ്രാമത്തിലെ നയാ മസ്ജിദിലേക്ക് വണ്ടിയുമായി ചെന്ന് അവിടെ ഒളിച്ചു കഴിഞ്ഞിരുന്ന നിരവധി മുസ്‌ലിംകളെ രക്ഷപ്പെടുത്തി. പല തവണയായി തന്റെ ട്രാക്ടറില്‍ മുസ്‌ലിംകളെ തന്റെ ഫാമില്‍ എത്തിച്ചു. ഗ്രാമമുഖ്യന്റെ വീടു കടന്ന് പോകുന്നതിനിടെ ഒരു ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ഞാന്‍ പഠിച്ചിരുന്ന പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനും അക്കൂട്ടത്തിലുണ്ടായിരുന്നു. ബബ്‌ലുവിന്റെ ട്രാക്ടറിനും അതിലുള്ള ആളുകള്‍ക്കും തീവെക്കുമെന്ന് പ്രധാനാധ്യാപകന്‍ ഭീഷണി മുഴക്കി. ”എന്നാലതൊന്ന് കാണട്ടെ, എന്നെ തടയാന്‍ നോക്ക്, ഞാനെന്താണ് ചെയ്യുന്നതെന്ന് കാണിച്ചു തരാം’ എന്ന് തിരിച്ച് ഭീഷണിപ്പെടുത്തുകയാണ് ബബ്‌ലു ചെയ്തത്. ”അവരുടെ വോട്ടു വാങ്ങിയല്ലേ നിങ്ങള്‍ തെരെഞ്ഞെടുക്കപ്പെട്ടത്? എന്നിട്ടിപ്പോള്‍ എന്താണ് അവരെ രക്ഷിക്കാത്തത്?” എന്ന് മുഖ്യനോടും അദ്ദേഹം ചോദിച്ചു.

ഞങ്ങളുടെ ഗ്രമാത്തിലെ നൂറിനും നൂറ്റി അമ്പതിനും ഇടയില്‍ മുസ്‌ലിംകളെ ബബ്‌ലു അദ്ദേഹത്തിന്റെ ഫാമില്‍ ആക്കിയിരുന്നു. അവിടെ കെട്ടിയിരുന്ന അദ്ദേഹത്തിന്റെ എരുമകളെ കറന്ന് പാല്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് കൊടുക്കാന്‍ അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് റേഷന്‍ എത്തിച്ചു തരികയും അത് പാകം ചെയ്യാന്‍ മുസ്‌ലിംകളായ പാചകക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം അവരെയെല്ലാം അദ്ദേഹം കണ്ട്‌ലയില്‍ എത്തിച്ചു.

മറ്റൊരു രക്ഷകനായിരുന്നു റേഷന്‍ ഡീലറായ വിനോദ്. അദ്ദേഹത്തിന്റെ മാരുതി 800 കാറും രണ്ട് ബൈക്കുകളും ഉപയോഗിച്ച് അദ്ദേഹവും രണ്ട് മക്കളും നിരവധി ആളുകളെ കണ്ട്‌ലയില്‍ എത്തിച്ചു. ഒരു ജാട്ട് വിധവ മരിച്ച ഞങ്ങളുടെ അമ്മായിയുടെ ജാമാതാവിനെ അവരുടെ വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ചു. ഞങ്ങളൊട്ടും പ്രതീക്ഷിക്കാത്ത ആളുകള്‍ നിരവധി ജീവന്‍ രക്ഷിച്ചു. ഞങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരുന്നവര്‍ ഞങ്ങളെ കുടിയിറക്കുകയും ചെയ്തു.

രണ്ട് ദിവസത്തിന് ഗ്രാമത്തിലേക്ക് മടങ്ങി മുതിര്‍ന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി ശരിയായി മറമാടാന്‍ എന്റെ ഉപ്പ തീരുമാനിച്ചു. പോലീസ് സംരക്ഷണത്തിലാണ് അദ്ദേഹം പോയത്. എന്നാല്‍ അവിടെയെത്തിയ അദ്ദേഹം ഞെട്ടിത്തരിച്ചു പോയി. ഒരു മൃതദേഹവും അവിടെയുണ്ടായിരുന്നില്ല. ഒരു വിവാഹത്തിന് ഒരുക്കം നടത്തുന്നത് പോലെ എല്ലാം തൂത്തുവാരപ്പെട്ടിരുന്നു. തെളിവിന്റെ ഒരു കണിക പോലും അവിടെ ബാക്കിവെച്ചിരുന്നില്ല. പോലീസിന്റെ പിന്തുണയില്ലാതെ ഇതൊരിക്കലും നടക്കില്ല.

ദിവസങ്ങള്‍ക്ക് ശേഷം ബാഗ്പത് ജില്ലയിലെ കനാലില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കിട്ടി. മാധ്യമങ്ങളില്‍ വലിയ കോലാഹളത്തിന് അത് കാരണമായി. ചിത്രങ്ങള്‍ പത്രങ്ങളില്‍ വന്നു. ഞങ്ങളുടെ ഗ്രാമത്തിലെ മുസ്‌ലിംകളായ അലക്കുകാരുടെ കുടുംബത്തില്‍ നിന്നുള്ള രണ്ടു പേരുടേതാണതെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.

ഞങ്ങളുടെ കുടുംബത്തിലെ അഞ്ച് പേരുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഭരണകൂടം നഷ്ടപരിഹാരം പോലും നിഷേധിച്ചിരിക്കുകയാണ്. അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താത്തിടത്തോളം ‘കാണ്‍മാനില്ലാത്തവരുടെ’ ഗണത്തിലേ അവരെ എണ്ണാന്‍ സാധിക്കൂ എന്നതാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഏഴ് വര്‍ഷം മുമ്പ് അവര്‍ മരണപ്പെട്ടതായി സര്‍ക്കാര്‍ അംഗീകരിച്ചതാണ്.

പ്രയാസത്തിലും ഒരുമിച്ച്‌
കണ്ട്‌ല ക്യാമ്പിലെ പ്രയാസകരമായ ജീവിത്തോട് ഞങ്ങള്‍ പൊരുത്തപ്പെടാന്‍ തുടങ്ങി. ഡെല്‍ഹി പോലീസില്‍ ജോലി ചെയ്യുന്ന ഒരു അമ്മാവനുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അദ്ദേഹം ക്യാമ്പില്‍ വന്ന് അദ്ദേഹത്തോടൊപ്പം ഡല്‍ഹിക്ക് പോരാന്‍ ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന് ഭാരമേകേണ്ട എന്നു കരുതി മുതിര്‍ന്നവര്‍ അതിന് തയ്യാറായില്ല. എന്നാല്‍ കുട്ടികളെ കൊണ്ടു പോകാന്‍ അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ വലിയ കുടുസ്സത ഞങ്ങള്‍ അനുഭവിച്ചു. നിരന്തരം കരഞ്ഞു. കടുത്ത ആ പരീക്ഷണ ഘട്ടത്തില്‍ എന്തൊക്കെ പ്രയാസമുണ്ടെങ്കിലും കുടുംബത്തോടൊപ്പമായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.

ഒരു വര്‍ഷത്തോളം ക്യാമ്പില്‍ ഞങ്ങള്‍ കഴിഞ്ഞു. ഞങ്ങളുടെ ജീവിതത്തിലെ മോശപ്പെട്ട കാലമായിരുന്നു അത്. കടുത്ത തണുപ്പിലും മഴയിലും വെറും നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഞങ്ങള്‍ ഉറങ്ങി. നിരവധി കുട്ടികള്‍ മരിച്ചു. ആയിരക്കണക്കിന് ആളുകള്‍ക്ക് രണ്ട് കക്കൂസ് മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഓരോ ദിവസവും നിലവാരം കുറഞ്ഞു കുറഞ്ഞു വന്നിരുന്ന റേഷന്‍ ആഹാരം കഴിക്കാന്‍ അതിലേറെ പ്രയാസമായിരുന്നു. യുവതികളെ ക്യാമ്പിലുള്ളവര്‍ക്ക് തന്നെ വിവാഹം ചെയ്തു കൊടുക്കാന്‍ മൗലാനമാര്‍ പ്രേരിപ്പിച്ചു.

ആ വര്‍ഷം പതിനൊന്നാം ക്ലാസില്‍ ഞാന്‍ അഡ്മിഷന്‍ എടുത്തിരുന്നു. പഠിക്കാനുള്ള മാര്‍ഗമൊന്നും എനിക്കുണ്ടായിരുന്നില്ല. എങ്കിലും ഒരു വര്‍ഷം പാഴാകാതിരിക്കാന്‍ ഞാന്‍ പരീക്ഷാ ഫീസ് അടച്ചു പരീക്ഷയെഴുതാന്‍ തീരുമാനിച്ചു. യൂണിഫോം ധരിക്കാത്തതിന് പ്രിന്‍സിപ്പള്‍ എന്നെ ശകാരിക്കുകയും പരീക്ഷാഹാളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. വീട് കൊള്ളയടിച്ച് കത്തിക്കപ്പെട്ടിരിക്കുന്ന, ഇപ്പോള്‍ ക്യാമ്പില്‍ നിന്ന് വരുന്ന ഞാന്‍ എങ്ങനെ യൂണിഫോം ധരിക്കുമെന്ന് പറഞ്ഞ് ഞാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. അവസാനം ഞങ്ങളുടെ ഗ്രാമത്തിലെ ഒരു ടീച്ചര്‍ അദ്ദേഹത്തോട് എനിക്ക് വേണ്ടി അപേക്ഷിച്ചപ്പോഴാണ് അദ്ദേഹം എനിക്ക് അനുവാദം തന്നത്. പുസ്തകങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഞാന്‍ പരീക്ഷ പാസ്സായി. ചില ടീച്ചര്‍മാരുടെ ഔദാര്യം കൊണ്ടാണത് സാധിച്ചത്. അതേസമയം പ്രിന്‍സിപ്പള്‍ കൗണ്‍സില്‍ പറഞ്ഞത് പ്രയാസമുണ്ടെങ്കില്‍ പഠനം അവസാനിപ്പിക്കാനായിരുന്നു.

ഒരു ഡോക്ടറാവണമെന്നായിരുന്നു എന്റെ സ്വപ്നം. അതുകൊണ്ടാണ് ബയോളജി ഞാന്‍ തെരെഞ്ഞെടുത്തത്. കോളേജിലെ ഫീസ് ഒരു അഭയാര്‍ഥി കുടുംബത്തിന് താങ്ങാനാവുന്നതിനും അപ്പുറമായതിനാല്‍ ഞാന്‍ പഠനം അവസാനിപ്പിച്ചു. ഞാനിപ്പോള്‍ പിതാവിനെ വീടു നിര്‍മാണത്തില്‍ സഹായിക്കാന്‍ പോവുകയാണ്. ജാട്ടുകള്‍ അദ്ദേഹത്തെ ഇപ്പോള്‍ ജോലിക്ക് വിളിക്കാറില്ല. വളരെ പ്രയാസത്തോടെയാണ് ദിവസങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്.

ഞങ്ങളുടെ കുടുംബാംഗങ്ങളെ കൊന്നവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. കലാപവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പോലീസ് ഓഫീസറുമായി കൂടിക്കാഴ്ച്ചക്ക് ഞങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോഴെല്ലാം കലാപത്തിന്റെ സൂത്രധാരന്‍മാരായി പരാതിയില്‍ ഞങ്ങള്‍ പരാമര്‍ശിച്ച പ്രമുഖരെല്ലാം നേരത്തെ തന്നെ അദ്ദേഹത്തിന്റെ ഓഫീസില്‍ ഇരിപ്പുറപ്പിച്ചിരുന്നതാണ് കാണാന്‍ കഴിഞ്ഞത്. അവരുടെ പേരുകള്‍ പരാതിയില്‍ നിന്ന് ഒഴിവാക്കാനാണ് പോലീസ് സൂപ്രണ്ട് ഉപദേശിച്ചത്. ”എന്തിനാണ് ഈ ശത്രുത വെച്ചുപുലര്‍ത്തുന്നത്? അവരുടെ പേരുകള്‍ക്ക് പകരം ഗ്രാമത്തിലെ മറ്റു ചിലരുടെ പേരുകള്‍ ചേര്‍ക്കാം.” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഞങ്ങളുടെ രക്തം തിളക്കുകയായിരുന്നു. യഥാര്‍ഥ കുറ്റവാളികളെ ഒഴിവാക്കി എന്തിനാണ് നിരപരാധികളെ ഇതിലേക്ക് ഞങ്ങള്‍ വലിച്ചിഴക്കുന്നത്? ഞങ്ങളതില്‍ മൗനം പാലിച്ചു.

ഞങ്ങളെ അനുനയിപ്പിക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലാക്കിയ അവര്‍ ഒരു ഹിന്ദു സ്ത്രീയുടെ കൊലപാതകത്തില്‍ ഞങ്ങളുടെ കുടുംബത്തെ പ്രതിചേര്‍ത്തു. ആ സ്ത്രീയുടെ പിതാവും കുടുംബത്തിലെ മുതിര്‍ന്നവരും വിശ്വസിക്കുന്നത് അവളുടെ ഭര്‍ത്താവ് തന്നെയാണ് അവളെ കൊലപ്പെടുത്തിയതെന്നാണ്. എന്നാല്‍ വര്‍ഗീയ കലാപത്തിന്റെ ഭാഗമായി നടന്ന കൊലപാതകമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അതിനെ കണ്ടത്. അവരുടെ ഭര്‍ത്താവിന് 15 ലക്ഷം നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ലഭിച്ചു. കുറ്റകൃത്യം നടന്നതിന്റെ പരിസരത്തൊന്നും ഞങ്ങളുണ്ടായിരുന്നില്ലെന്ന് ഞങ്ങളുടെ മൊബൈല്‍ ലൊക്കേഷന്‍ വ്യക്തമാക്കിയെങ്കിലും ഞങ്ങള്‍ പ്രതികളായി ചേര്‍ക്കപ്പെട്ടു. പ്രമുഖര്‍ക്കെതിരെയുള്ള കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് സമ്മര്‍ദം ചെലുത്തല്‍ മാത്രമായിരുന്നു പോലീസ് ലക്ഷ്യമാക്കിയത്.

ക്യാമ്പിലെ ഒരു വര്‍ഷത്തെ ജീവിതത്തിന് ശേഷം ചെറിയൊരു വാടക വീട്ടിലേക്ക് ഞങ്ങള്‍ മാറി. അപ്പോഴും ലിഷാദിലേക്ക് തിരിച്ചു പോകാന്‍ ഞങ്ങള്‍ സാധിക്കുമായിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം നഷ്ടപരിഹാരം ഞങ്ങള്‍ക്ക് തന്നിരുന്നു. ഞങ്ങളുടെ ദുരിതം മുതലെടുത്ത് ഭൂവുടമകള്‍ വില സ്‌ക്വയര്‍ യാര്‍ഡിന് 800 രൂപയുണ്ടായിരുന്നത് 3000 രൂപക്ക് മുകളിലേക്ക് വര്‍ധിപ്പിച്ചു. വീട് വെക്കാന്‍ 100 സ്‌ക്വയര്‍ യാര്‍ഡ് വാങ്ങുകയല്ലാതെ മറ്റ് വഴികള്‍ ഞങ്ങളുടെ മുന്നിലുണ്ടായിരുന്നില്ല.

ചെറുതും ഇടുങ്ങിയതുമായിരുന്നു വീട്. രാത്രിയും പകലും ഗ്രാമത്തെ കുറിച്ച ഓര്‍മകള്‍ എന്നില്‍ നിറഞ്ഞു നിന്നു. കുടുംബത്തിലെ അംഗങ്ങളെ എനിക്ക് നഷ്ടമായി. കൂട്ടൂകാരെയെല്ലാം നഷ്ടമായി. ഇപ്പോള്‍ അവരാരും ഞാനുമായി ബന്ധപ്പെടുന്നില്ല. സ്‌കൂളും സൗഹൃദവുമെല്ലാം നഷ്ടമായിരിക്കുന്നു. ഞങ്ങളുടെ വീടും ഗ്രാമത്തിലെ ഒരുമിച്ചുള്ള ജീവിതവും പരസ്പരം പങ്കുവെച്ചിരുന്ന സ്‌നേഹവും സാഹോദര്യവുമെല്ലാം നഷ്ടമായിരിക്കുന്നു. നഷ്ടബോധത്തോടെ അവയെ കുറിച്ചെല്ലാം ഞാനെന്നും ഓര്‍ക്കുന്നു. എന്നാല്‍ എന്നെന്നേക്കുമായി ഞങ്ങളെയും അവര്‍ക്ക് നഷ്ടമായിരിക്കുകയാണെന്ന് എനിക്കറിയാം.

അവലംബം: scroll.in
വിവ: നസീഫ്‌

Related Articles