Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യക്കാര്‍ക്ക് സാകിര്‍ നായികിന്റെ തുറന്ന കത്ത്

zakir-naik333.jpg

ദാരുണമായ ധാക്ക ആക്രമണം നടന്നിട്ട് രണ്ടുമാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഭരണകൂടത്തിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും മാധ്യമങ്ങളുടെയും ഒന്നാം നമ്പര്‍ ശത്രുവായിത്തീരാന്‍ മാത്രം എന്ത് അപരാധമാണ് ഞാന്‍ ചെയ്തതെന്ന് കഴിഞ്ഞ ഒരുമാസമായി ഞാന്‍ എന്നോടുതന്നെ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ്. കാല്‍നൂറ്റാണ്ടു കാലമായി സമാധാനത്തെ പ്രോത്സാഹിപ്പിക്കുകയും ഇസ്‌ലാമിനെക്കുറിച്ച് ബോധവത്കരണം നടത്തുകയും മതങ്ങളിലെ സമാനതകളെക്കുറിച്ച് സംസാരിക്കുകയും അനീതികളെ അപലപിക്കുകയും ചെയ്യുന്നയാളെന്ന നിലയില്‍ കഴിഞ്ഞ രണ്ടുമാസങ്ങള്‍ എന്നിലുണ്ടാക്കിയത് കനത്ത ആഘാതമാണ്.
 
ജനാധിപത്യത്തിന്റെ അന്തകരെയും മൗലികാവകാശ ലംഘകരെയും പറ്റി ഞാന്‍ ബോധവാനാണ്. മാധ്യമങ്ങളും ഇതര ഏജന്‍സികളും ഉപയോഗിച്ച് നേരത്തെ തയ്യാറാക്കിയ തിരക്കഥ പോലെ നമ്മുടെ സര്‍ക്കാറിന് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതിനക്കുറിച്ചും ഞാന്‍ ബോധവാനാണ്. സര്‍ക്കാര്‍ അതിന്റെ മാര്‍ഗദര്‍ശനങ്ങള്‍ കണ്ടെത്തേണ്ടത് ഭരണഘടനയില്‍ നിന്നാണ്. പ്രസ്തുത ഭരണഘടന എനിക്ക് നല്‍കുന്ന ഏതൊരു മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഞാന്‍ ഉപയോഗിക്കുന്നത്. ഈ ആക്രമണം കേവലം എന്നെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ല. ഇത് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണമാണ്. ഇത് സമാധാനത്തിനും ജനാധിപത്യത്തിനും നീതിക്കുമെതിരെയുള്ള ആക്രമണമാണ്.
 
ഇസലാമിക് റിസര്‍ച് ഫൗണ്ടേഷനും (ഐ.ആര്‍.എഫ്)യും എനിക്കുമെതിരെയുള്ള നിരോധനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. സാമ്പത്തികമോ അല്ലാത്തതോ ആയ ക്രമക്കേടുകള്‍ കണ്ടെത്താന്‍ നിയമ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യമെങ്കിലും. ഇതു നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. ഞാന്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. നിരോധനം എന്നത് ഏത് നിമിഷവും സംഭവിച്ചേക്കാം. എന്നാല്‍ ഈ കുറിപ്പ് കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനുവേണ്ടിയാണ്. ഐ.ആര്‍.എഫും ഞാനും നിരോധനത്തിനു തയ്യാറെടുത്തു കഴിഞ്ഞു. നമ്മുടെ ഭരണസംവിധാനങ്ങള്‍ നല്ലരീതിയില്‍ മനസ്സിലാക്കുകയും നിരോധന നടപടികള്‍ നിര്‍ത്തിവെക്കുകയും ചെയ്യാത്തപക്ഷം അത് തീര്‍ച്ചയാണ്.
 
ഐ.ആര്‍.എഫും ഞാനും നിരോധക്കപ്പെടുകയാണെങ്കില്‍ ഈ അടുത്തകാലത്ത് രാജ്യത്തെ ജനാധിപത്യത്തിന് ഏല്‍ക്കുന്ന കനത്ത ആഘാതമായിരിക്കുമത്. ഇത് എനിക്കെതിരെ മാത്രമല്ല, ഇന്ത്യയിലെ 20 കോടി മുസലിംകള്‍ക്കെതിരായ അനീതിയായിരിക്കും നിരോധനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഈയിടെ രാജ്യത്ത് അസഹിഷ്ണുത വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോഴും ഇതിന്റെ തോത് വളരെ ഉയര്‍ന്നതുതന്നെയാണ്. രാജ്യത്തെ മുസലിംകള്‍ നിലവില്‍ ഭീഷണിയിലും അരക്ഷിതാവസ്ഥയിലുമാണ്. അവര്‍ എങ്ങനെയാണ് ഈ നടപടിയെ അഭിമുഖീകരിക്കുക എന്ന് സങ്കല്‍പ്പിക്കുവാന്‍ കഴിയുന്നില്ല. ഇന്ന് സാകിര്‍ നായികാണെങ്കില്‍ നാളെ അവരില്‍ നിന്നും മറ്റൊരാളായിരിക്കും എന്നണവര്‍ ചിന്തിക്കുക.

ഞാന്‍ ഇപ്പോഴും എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് അവര് എന്നതന്നെ ലക്ഷ്യം വെക്കുന്നു? എന്നാല്‍ നിങ്ങള്‍ ഒരു സമുദായത്തെ ലക്ഷ്യം വെക്കുന്നുവെങ്കില്‍ നിങ്ങള്‍ ആദ്യം ലക്ഷ്യം വെക്കുക ആ സമുദായത്തിലെ ഏറ്റവും ജനകീയരും ഉന്നതരുമായ വ്യക്തികളെയായിരിക്കുമെന്ന വസ്തുത ഞാന്‍ തിരിച്ചറിയുന്നു. ഇത്തരം ആളുകള്‍ വീണുകഴിഞ്ഞാല്‍ പിന്നെ അവരെ തകര്‍ക്കുക എളുപ്പമായിരിക്കും. യഥാര്‍ഥത്തില്‍ ഞാന്‍ ആലോചിക്കുന്നത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ്. ഇത് കേവലമൊരു ഗൂഢാലോചനാ സിദ്ധാന്തമായി തോന്നിയേക്കാം. എന്നാല്‍ ഇതല്ലാതെ മറ്റൊരു യുക്തമായ കാരണം കണ്ടെത്താന്‍ എനിക്കു കഴിയുന്നില്ല. നിലവിലെ വിവാദത്തില്‍ നിന്നും അകന്നു നില്‍്ക്കാനാണ് യഥാര്‍ഥത്തില്‍ ജൂലൈ ആദ്യത്തില്‍ ഞാന്‍ ശ്രമിച്ചത്. ഇത് ആദ്യമായല്ല എന്നെ ലക്ഷ്യംവെക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില സംഘങ്ങള്‍ എന്നെ എതിര്‍ത്തിരുന്നു. എന്നാല്‍ അത്തരം എതിര്‍പ്പുകളെ ഞാന്‍ മുഖവിലക്കെടുത്തിരുന്നില്ല. എന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകലാണ് നല്ലത് മനസ്സിലാക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തിന്റെ തുടക്കത്തിലും സമാനരീതിയില്‍ മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം. അതേസമയം നിലവിലെ അവസ്ഥ വളരെ വ്യത്യസ്തമാണെന്ന് പെട്ടന്നുതന്നെ എനിക്കുബോധ്യമാവുകയായിരുന്നു. ഇവിടെ നിഗൂഢമായ മാധ്യമ – ഭരണകൂട ഇടപെടല്‍ ഉണ്ടായിരിക്കുന്നു. എനിക്കിതിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയില്ല. അതുകൊണ്ട് തന്നെ മാധ്യമങ്ങളാണോ ഭരണകൂടമാണോ എനിക്കെതിരെ ആദ്യം രംഗത്ത് വന്നത് എന്നതിനെക്കുറിച്ച് അറിയില്ല. ഇത് വളരെ ആസൂത്രിതമായിരീതയില്‍ എന്നെ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ എനിക്കെതിരെ ഉയര്‍ന്നുവന്ന മുഴുവന്‍ ആരോപണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെട്ടന്നുതന്നെ എന്റെ മനസ്സില്‍ എന്റേതായ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി.
    
രണ്ടുമാസങ്ങള്‍ക്കൊണ്ട് എനിക്ക് യാതൊരു അവസരവും നല്‍കാതെ അവര്‍ നിര്‍മ്മിച്ചെടുത്തിട്ടുള്ള ഈ സംഭവത്തില്‍ ചില ചോദ്യങ്ങള്‍ സഹപൗരന്മാരായ നിങ്ങളുടെ മുന്നിലേക്ക് സമര്‍പ്പിക്കുകയാണ്. കാര്യങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലാണെന്ന് എന്റെ നിയമോപദേഷ്ടാവ് വിലയിരുത്തുന്നു. കഴിഞ്ഞ രണ്ടു മാസമായി ഞാന്‍ എന്താണോ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അത് നിങ്ങളുമായി പങ്കുവെക്കാനാണ് ഇതെഴുതുന്നത്. അവര്‍ വേട്ടയാടല്‍ തുടരുമ്പോഴും നമുക്ക് ഇതിന്റെ നിയമവശങ്ങള്‍ മുറുകെ പിടിക്കാം. എന്റെ സാമ്പത്തികമായ ഇടപാടിലോ പ്രഭാഷണത്തിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റുചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ട്. അത്തരം ഒരു വീഴ്ച്ച കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നെ അസ്വസ്ഥപ്പെടുത്തുന്ന ചില ചോദ്യങ്ങളാണിവിടെ പങ്കുവെക്കുന്നത്. ഈ ചോദ്യങ്ങള്‍ നിങ്ങളോട് തന്നെ ചോദിച്ച് യുക്തമായ മറുപടി കണ്ടെത്താന്‍ ശ്രമിക്കുമല്ലോ.

എന്തുകൊണ്ട് ഇപ്പോള്‍?
ഞാന്‍ കഴിഞ്ഞ 25 വര്‍ഷമായി മതപ്രഭാഷണരംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിയില്‍ മാത്രമല്ല ലോകമെമ്പാടും. ‘ഭീകരവാദിയായ ഡോക്ടര്‍’, ‘ഭീകരവാദിയായ മതപ്രഭാഷകന്‍’, ‘വെറുക്കപ്പെടേണ്ട യുദ്ധക്കൊതിയന്‍’ തുടങ്ങിയ പേരുകളില്‍ വിളിക്കപ്പെടാന്‍ മാത്രം ഞാന്‍ ഇപ്പോള്‍ എന്താണ് ചെയ്തത്. 150 രാജ്യങ്ങളില്‍ ഞാന്‍ ബഹുമാനിക്കപ്പെടുകയും എന്റെ പ്രഭാഷണങ്ങള്‍ സ്വാഗതം ചെയ്യപ്പടുകയും ചെയ്യുമ്പോഴാണ് ഭീകരവാദത്തിന് പ്രേരിപ്പിക്കുന്നയാളെന്ന് സ്വന്തം രാജ്യത്താല്‍ വിളിക്കപ്പെടുന്നത്. എന്തൊരു വൈരുദ്ധ്യമാണിത്? കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ ഒരേ കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ഇപ്പോള്‍?

എന്തുകൊണ്ട് വീണ്ടും വീണ്ടും അന്വേഷണം?
സര്‍ക്കാറിന്റെ വിവിധ ഏജന്‍സികള്‍ സമഗ്രമായി അന്വേഷിച്ചിട്ടും, ഞാന്‍ എന്തെങ്കിലും തെറ്റുചെയ്തിന് ആധികാരികമായ ഒരു തെളിവുപോലും ഹാജരാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടിപ്പോള്‍ അന്വേഷകര്‍ പറയുന്നത് വീണ്ടും അന്വേഷണം വേണമെന്നതാണ്. എന്തുകൊണ്ട് ആദ്യത്തെ അന്വേഷണം സമഗ്രമായി നടത്തിയില്ല. എന്റെ മുഴുവന്‍ പ്രഭാഷണങ്ങളുടെയും വിഷയങ്ങളുടെയും മറുപടികളുടെയും എല്ലാവശങ്ങളും ഈ സമയം അവര്‍ പരിശോധിച്ചില്ല? ഇതില്‍ അവര്‍ക്ക് തെറ്റായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ എന്തെങ്കിലും കുറ്റം ചുമത്തി വേട്ടയാടാനുള്ള ശ്രമത്തിന്റെ ഭാഗമല്ലേ ഇത്?
 
എന്തുകൊണ്ട് പുതുക്കിയ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്തു?
എന്തുകൊണ്ട് സര്‍ക്കാര്‍ ഐ.ആര്‍.എഫിന്റെ FCRA രജിസ്‌ട്രേഷന്‍ ആദ്യം പുതുക്കുകയും പിന്നീട് റദ്ദ് ചെയ്യുകയും ചെയ്തു? അതിന് പിന്നിലെ യുക്തിരാഹിത്യത്തെയല്ലേ അത് കാണിക്കുന്നത്? ഇനി ഇത് പുതുക്കിയത് സര്‍ക്കാര് അജണ്ടക്ക് വിരുദ്ധമാണെങ്കില്‍ എന്തുകൊണ്ട് FCRA ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നില്ല. ഐ.ആര്‍.എഫിന്റെ രജിസ്‌ട്രേഷന്‍ പുതുക്കിയ സമയത്ത് അവര്‍ കൈക്കൊണ്ടത് സത്യസന്ധവും നിഷ്പക്ഷവുമായ നിലപാടായിരുന്നില്ലേ? അല്ലെങ്കില്‍ അവര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ രാഷ്ട്രീയ അജണ്ടക്ക് വഴങ്ങാത്തത് കൊണ്ടാണോ?

സര്‍ക്കാരിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും സോളിസ്റ്റര്‍ ജനറലിന്റെയും രഹസ്യവിവരങ്ങള്‍ ബോധപൂര്‍വ്വം ചോരുന്നുവോ?
ഇവിടെ സര്‍ക്കാരിന്റെ പ്രധാന രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ബോധപൂര്‍വ്വം ചോര്‍ത്തിനല്‍കുന്നുവോ? മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ യഥാര്‍ഥത്തില്‍ വ്യക്തമാക്കുന്നത് ഇതാണ്. ഈ സമയം വരെയും ഒരൊറ്റ അന്വേഷണ റിപോര്‍ട്ട് മാത്രമാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത് അതും കുറ്റം ചെയ്തു എന്നു സംശയിക്കുന്നത്. ഐ.ആര്‍.എഫിനെ നിരോധിക്കാന്‍ പോവുകയാണെന്ന സോളിസ്റ്റര്‍ ജനറലിന്റെ ‘തീരുമാനം’ എങ്ങനെ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി. എങ്ങിനെയാണ് ഇവിടെ വേലിചാട്ടം സംഭവിക്കുന്നത്. യാതൊരുവിധ തെളിവുകളും അതിനില്ല എന്നിരിക്കെ, എങ്ങനെയാണ് ഇവിടെ ഐ.ആര്‍.എഫിനെ നിരോധിക്കണമെന്നുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടത്?

നിര്‍ബന്ധിത മതപരിവര്‍ത്തനം?
ഈ ആധുനിക കാലഘട്ടത്തില്‍ ഒരു ശരാശരി പുരുഷനെയും സ്ത്രീയെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ കഴിയില്ല എന്നത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വസ്തുതയല്ലേ? എന്നിട്ടും ഐ.ആര്‍.എഫിനെ വേട്ടയാടാനുള്ള ആരോപണം നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നതാണ്. എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനുള്ള തെളിവുകള്‍ അവഗണിക്കുന്നു. എവിടെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായ ആളുള്ളത്? എവിടെയാണ് അവന്‍ അല്ലെങ്കില്‍ അവള്‍ താന്‍  നിര്‍ബന്ധിത മതപരിവര്‍ത്തന് വിധേയമായിട്ടുള്ളതായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്? എന്തുകൊണ്ട് ്‌നിര്‍ബന്ധിത മതപരിവര്‍ത്തന് തെളിവായി ഒരാളെപ്പോലും ഹാജരാക്കുന്നില്ല.  ഒരാളെപ്പോലും ഹാജരാക്കാനില്ലെങ്കില്‍ എന്തുകൊണ്ട് മുഴുവന്‍ വിഭാഗങ്ങളും കേട്ടുകേള്‍വിയുടെ അടിസ്ഥിനത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്തുകൊണ്ട് അന്വേഷണവിഭാഗം അടിസ്ഥാന തെളിവായി നിര്‍ബന്ധിത മതപരിവര്‍ത്തന് വിധേയമായ ഒരാളെയും കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. ഇനി അവര്‍ ശ്രമിക്കുകയാണെങ്കില്‍ ആരെയും കാണാന്‍ കഴിയില്ല. കാരണം ഇവിടെ ആരുംതന്നെ നിര്‍ബന്ധിത മതപരിവര്‍ത്തന് വിധേയമായക്കപ്പടുന്നില്ല.

 
ഇതുപോലെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതായി നിരവധി ചോദ്യങ്ങള്‍ ഇനിയും ധാരാളമുണ്ട്. ചിലര്‍ക്കെങ്കിലും ഇവക്ക് മറുപടി നല്‍കാന്‍ കഴിഞ്ഞേക്കും. ഞാന്‍ ഈ ചോദ്യങ്ങള്‍ സമര്‍പ്പിക്കുന്നത് എന്റെ സഹരാജ്യനിവാസികളായ നിങ്ങളുടെ മുന്നിലേക്കാണ്. മഹത്തായ രാജ്യത്തിലെ ബുദ്ധിയും വിവേകവുമുള്ള മുഴുവന്‍ ജനങ്ങളുടെയും മുന്നിലേക്ക്. എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുപറ്റിയിട്ടുണ്ടങ്കില്‍ ഏതര്‍ഥത്തിലുള്ള ശിക്ഷ ഏറ്റുവാങ്ങാനും ഞാന്‍ സന്നദ്ധനാണ്. ഇതു ഞാന്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോള്‍ വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു.  ഇപ്പോഴും ഭാവിയിലും എല്ലാവിധ അന്വേഷണവും നേരിടാന്‍ ഞാന്‍ സന്നദ്ധനാണ്.
 
ഞാന്‍ എന്റെ സ്വാതന്ത്ര്യം മാത്രമല്ല ഉത്തരവാദിത്വത്തെയും വളരെ ഗൗരവത്തിലാണെടുക്കുന്നത്. രാജ്യത്തെ ജനാധിപത്യ സംവിധാനം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ അറസ്റ്റ് ചെയ്യുകയും കോടതിക്കു മുമ്പില്‍ നിരപരാധിയാണന്നു തെളിയിക്കപ്പെടുന്നതിനു മുമ്പ് 7 ഉം10 ഉം വര്‍ഷങ്ങള്‍ ജയിലിലടക്കുകയും കൊണ്ടിരിക്കുന്നു. അപരാധിയാണെങ്കിലും നിരപരാധിയാണെങ്കിലും, ഇവരുടെ ജീവിതം തകര്‍ക്കപ്പെടുന്നു, ഇവരുടെ കുടുംബം തകര്‍ക്കപ്പെടുന്നു, ഇവര്‍ തൊഴില്‍ രഹിതരായിത്തീരുന്നു, ഇവരുടെ പെണ്‍മക്കള്‍ അവിവാഹിതരായിത്തുടരുന്നു. എങ്ങനെയാണ് ഇത് സംഭവിക്കുന്നത്? ഇതില്‍ നിന്നൊരു മാറ്റം അനിവാര്യമല്ലേ. ജനങ്ങളുടെ ജീവിതം അവര്‍ക്ക് കളിക്കാനുള്ളതല്ല. എന്നെപ്പോലെ ജനകീയനായിട്ടുള്ള ഒരാള്‍ക്കെതിരെ സര്‍ക്കാര്‍ അതിന്റെ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ ശരാശരി മുസ്‌ലിംകള്‍ക്ക് ഒരു അവസരം പോലും ലഭിക്കുകയില്ല. നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് 20 കോടിയോളം വരുന്നവരെക്കുറിച്ചാണ്.

ഞാന്‍ ഇപ്പോഴും നിയമവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിക്കുന്നു. സത്യം ഒരിക്കല്‍ പുറത്തുവരിക തന്നെ ചെയ്യും. നിലവിലെ നടപടി ഇപ്പോള്‍ പരിശോധിക്കുന്നില്ലെങ്കില്‍ അപ്പോഴേക്കും വലിയ വില കൊടുക്കേണ്ടിവരും. എല്ലാവരോടുമുള്ള എന്റെ അഭ്യര്‍ഥന ഭരണഘടനയെ അട്ടിമറിക്കാന്‍ അനുവദിക്കരുത് എന്നതാണ്. സര്‍ക്കാറിനോടുള്ള എന്റെ അഭ്യര്‍ഥന നിങ്ങളുടെ അന്വേഷണം നീതിയുക്തമായ രീതിയില്‍ നടത്തണം എന്നതാണ്. എനിക്ക് നിങ്ങളില്‍ നിന്നും ഒന്നും തന്നെ മറച്ചുവെക്കാനില്ല. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനൊ ഈ മഹത്തായ രാജ്യത്തിലെ സാധാരണ പൗരനോ ആരുമായിക്കൊള്ളട്ടെ നമുക്ക് സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിക്കാം. അല്‍പ്പം പോലും കൂടുകയോ കുറയുകയോ ചെയ്യാതെ.

ഒരുവേള എന്നെ ഇന്ത്യയില്‍ നിന്നും നാടുകടത്തുകയാണെങ്കില്‍, ഞാന്‍ സങ്കല്‍പ്പിക്കുന്നതിലും എത്രയോ മനോഹരമായ വാതിലുകള്‍ അല്ലാഹു എനിക്ക് തുറന്നുതന്നേക്കും. ദൈവത്തിന്റെ ഈ എളിയ ദാസനെ നിരവധി രാജ്യങ്ങള്‍ ചുവപ്പു പരവതാനി വിരിച്ച് സ്വാഗതം ചെയ്യും. ഇത് എനിക്ക് മാത്രമല്ല നമുക്ക് എല്ലാവര്‍ക്കും ലഭിക്കും. മഹത്തായ രാജ്യത്തിന്റെ ധാര്‍മികതയും മൂല്യവും ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവര്‍ക്കും.
   
മതങ്ങള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും അതീതമായി നീതിയുടെയും മതസൗഹാര്‍ദത്തിന്റെയും പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ളവരെ ഞാന്‍ ഈ സമയം പ്രത്യകം അഭിനന്ദിക്കുകയാണ്. കാരണം എനിക്കറിയാം എന്നെപ്പോലെ നിങ്ങളും ഈ രാജ്യത്തെ സംരക്ഷിക്കുകയാണ്. നിങ്ങള്‍ നീതിയും സഹിഷ്ണുതയും പോലുള്ള മൂല്യങ്ങളുടെ സംരക്ഷകരാണ്. ഇത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.
 
എന്റെ പ്രിയപ്പെട്ട മുസ്‌ലിം സഹോദരീ സഹോദരന്മാരേ, ഇനി എനിക്ക് നിങ്ങളോടാണ് പറയാനുള്ളത്. ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുമ്പില്‍ നിങ്ങളുടെ മനോദാര്‍ഢ്യം നഷ്ടപ്പെട്ടുപോകരുത്. അല്ലാഹു അവന്റെ കരാര്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. മുമ്പുള്ള സമൂഹം സത്യം കെടുത്തിക്കളയാനുള്ള ശ്രമം എങ്ങനെയാണ് അതിജീവിച്ചത് എന്ന് നിങ്ങള്‍ ഓര്‍ക്കുക. അവരെക്കുറിച്ച് അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം” എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: ”ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കാന്‍ ഏറ്റം പറ്റിയവന്‍ അവനാണ്.” (ആലു ഇംറാന്‍ 173). തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു തന്റെ പ്രകാശം പൂര്‍ണതയിലെത്തിക്കാതിരിക്കില്ല. സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും. ( അത്തൗബ: 32)

ബഹുദൈവ വിശ്വാസികള്‍ സര്‍വവിധത്തിലുള്ള കുതന്ത്രങ്ങളും നിലപാടുകളും സ്വീകരിച്ചിട്ടും പ്രവാചകന്റെ വിജയത്തെ തടയുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലല്ലോ. സത്യത്തെ അടിച്ചര്‍ത്താന്‍ വൃഥാശ്രമിക്കുന്നത് എന്തിന്. ചരിത്ര പുസ്തകങ്ങളില്‍ ഇങ്ങനെയുള്ള ധാരാളം പാഠങ്ങളാണെല്ലോ നമുക്ക് മുന്നിലുള്ളത്. അല്ലാഹു പറയുന്നു തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു തന്റെ പ്രകാശം പൂര്‍ണതയിലെത്തിക്കാതിരിക്കില്ല. സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും! ( അത്തൗബ 32)

സത്യം പ്രചരിപ്പിക്കാനുള്ള എളിയ ശ്രമം മാത്രമാണ് ഞാന്‍ നടത്തുന്നത്. എന്നാല്‍ മുന്‍കാല സമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന പരീക്ഷണങ്ങള്‍ നിസ്സാരമാണ്. നമ്മുടെ പരിശ്രമങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ അല്ലാഹുവിനോട്, പ്രാര്‍ഥിക്കുന്നു. അല്ലാഹു വ്യക്തമാക്കിയതുപോലെ  വിശ്വസിച്ചവരേ, നിങ്ങളിലാരെങ്കിലും തന്റെ മതം ഉപേക്ഷിച്ച് പോവുന്നുവെങ്കില്‍ അല്ലാഹു മറ്റൊരു ജനവിഭാഗത്തെ പകരം കൊണ്ടുവരും. അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ. അവര്‍ വിശ്വാസികളോട് വിനയവും സത്യനിഷേധികളോട് പ്രതാപവും കാണിക്കുന്നവരായിരിക്കും. ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരും ആരുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവനതു നല്‍കുന്നു. അല്ലാഹു വിപുലമായ ഔദാര്യമുടയവനാണ്. എല്ലാം അറിയുന്നവനും. (അല്‍ മാഇദ: 54) നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഫലം എന്തു തന്നെയാണെങ്കിലും അവ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ അതിന് കൂടുതല്‍ കരുത്തു പകരുക മാത്രമേയുള്ളൂ എന്ന ഉറപ്പ് എനിക്കുണ്ട്. അല്ലാഹു പറയുന്നു:  സത്യനിഷേധികള്‍ ഗൂഢതന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. തന്ത്രപ്രയോഗങ്ങളില്‍ മറ്റാരെക്കാളും മികച്ചവന്‍ അല്ലാഹു തന്നെ (ആലുഇംറാന്‍: 54)

വിവ: റഈസ് വേളം

Related Articles