Current Date

Search
Close this search box.
Search
Close this search box.

ഇനി ആരെല്ലാമുണ്ടാകും സൈറയുടെ കൂടെ നില്‍ക്കാന്‍?

Dangal.jpg

സൈറ വസീമിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ ഇത്ര പെട്ടെന്ന് മാറി മറിഞ്ഞത് എന്നെ ശരിക്കും ഞെട്ടിച്ചു. ‘രാജ്യത്തിന്റെ അഭിമാനം’ എന്ന നിലയില്‍ നിന്നും ‘അടിച്ചമര്‍ത്തപ്പെട്ടവള്‍’ എന്ന വിളി കേള്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍, ഡംഗല്‍ ഹീറോക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

കേന്ദ്ര കായിക മന്ത്രിയും, ബി.ജെ.പി നേതാവുമായ വിജയ് ഗോയലിനെ ട്വിറ്റര്‍ യുദ്ധത്തില്‍ മലയര്‍ത്തടിച്ചിരിക്കുകയാണ് ഡംഗല്‍ ഹീറോയായ ഈ കാശ്മീരി ബാലതാരം. ഗോയല്‍ ട്വിറ്ററില്‍ ഒരു ഹിജാബ് ധരിച്ച സ്ത്രീയും, കൂട്ടിലടക്കപ്പെട്ട മറ്റൊരു സ്ത്രീയും ഒപ്പമുള്ള പെയ്ന്റിംഗ് പോസ്റ്റ് ചെയ്ത് ‘സൈറ വസീമിന്റെ അതേ കഥ തന്നെയാണ് ഈ പെയ്ന്റിംഗും പറയുന്നത്’ എന്ന് അടികുറിപ്പ് നല്‍കിയതോടെയാണ് വാക് പോരിന് തുടക്കം കുറിച്ചത്.

മന്ത്രിയുടെ ട്വീറ്റ് ഹിജാബിനെ അവഹേളിക്കുന്നതാണെന്നും, തനിക്ക് അത്തരത്തിലുള്ള യാതൊരു വിധത്തിലുള്ള കൂട്ടിലടക്കലുകളും നേരിടേണ്ടി വന്നിട്ടില്ലെന്നും വിശദീകരിക്കുന്നതായിരുന്നു 16 വയസ്സുകാരി സൈറയുടെ ട്വീറ്റര്‍ മറുപടികള്‍. സൈറ മറ്റൊരു സുപ്രധാന കാര്യം കൂടി പറഞ്ഞിരുന്നു. തന്റെ കുടുംബവും സുഹൃത്തുക്കളും സിനിമയില്‍ അഭിനയിക്കാനുള്ള തന്റെ തീരുമാനത്തെ എല്ലാവിധത്തിലും പിന്തുണച്ചവരാണെന്ന് അവള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഡംഗല്‍ സിനിമയിലെ അഭിനയമുഹൂര്‍ത്തങ്ങളുടെ പേരില്‍ കാശ്മീര്‍ താഴ്‌വരയിലെ ഭൂരിഭാഗം ആളുകളും സൈറയെ മുക്തകണ്ഠം പ്രശംസിച്ചവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ബി.ജെ.പി മന്ത്രിക്ക് നല്‍കിയ മറുപടിയില്‍ യഥാര്‍ത്ഥ വസ്തുതകള്‍ വിവരിക്കുന്നതോടൊപ്പം സൈറ എഴുതി: ‘ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ സുന്ദരികളും, സ്വതന്ത്രകളുമാണ്. അതിലുപരി, ആ പെയ്ന്റിംഗിലൂടെ പറയാന്‍ ശ്രമിക്കുന്ന കഥക്ക് എന്റെ ജീവിത സാഹചര്യങ്ങളുമായി വിദൂരമായ ബന്ധം പോലുമില്ല.’

‘വിജയ് ഗോയല്‍ സര്‍, താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ, ഞാന്‍ താങ്കളോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. അത്തരത്തിലുള്ള മര്യാദയില്ലാത്ത ചിത്രങ്ങളുമായി എന്നെ ബന്ധിപ്പിക്കരുതെന്ന് താങ്കളോട് ഞാന്‍ അപേക്ഷിക്കുന്നു’ ട്വിറ്ററില്‍ സൈറ കുറിച്ചു.

ഇതോടു കൂടി ആകാശലോകം ഇടിഞ്ഞു വീണ പോലെയായി കാര്യങ്ങള്‍. ഇത്തവണ കാശ്മീരികളല്ല അവളെ ട്രോളുകളുമായി വളഞ്ഞിട്ട് ആക്രമിച്ചത്. ഹിജാബിനെ കുറിച്ചുള്ള അവളുടെ ബോധ്യത്തെ, അഭിപ്രായത്തെ ചോദ്യം ചെയ്യുന്ന ട്രോളുകളുടെ പൂരമായിരുന്നു പിന്നീട് സോഷ്യല്‍ മീഡിയയില്‍ കണ്ടത്.

ഹിജാബ് ധരിക്കുന്നത് ഒരു നല്ല കാര്യമല്ലെന്നും, മന്ത്രിയോട് എതിര്‍ത്ത് സംസാരിക്കുന്നത് ധിക്കാരമാണെന്നും ട്രോളുകള്‍ സൈറയെ ഉപദേശിച്ചു കൊണ്ടിരിക്കുകയാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കാശ്മീരികളുടെ ട്രോളുകള്‍ അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ രാജ്യത്തെ ഭൂരിപക്ഷം പേരും സൈറക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് വരികയുണ്ടായി. ‘ഇസ്‌ലാമിസ്റ്റ്’ ട്രോളുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മാപ്പ് പറയാന്‍ അവള്‍ നിര്‍ബന്ധിക്കപ്പെട്ടതിനെ സംബന്ധിച്ചായിരുന്നു ചര്‍ച്ചകളും, ഷോകളും, എഡിറ്റോറിയലുകളും, കോളങ്ങളുമെല്ലാം.

ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകളെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുകയും, അതിനോട് തന്നെ ബന്ധിപ്പിക്കുകയും ചെയ്ത ബി.ജെ.പിയുടെ ശക്തനായ മന്ത്രിക്കെതിരെ വിയോജിച്ച് സംസാരിച്ചതിന്റെ പേരില്‍ ട്രോളുകളുടെ കൂട്ടംചേര്‍ന്ന ആക്രമണത്തിന് ഇരയായപ്പോള്‍ അതിനെ കുറിച്ച് ഒരു ചര്‍ച്ചയും, ഷോയും ഉണ്ടായില്ല, ആരും എഡിറ്റോറിയലും, കോളവും എഴുതിയില്ല. നേരത്തെ ഉയര്‍ന്ന് പൊങ്ങിയ ശബ്ദങ്ങളെല്ലാം നിശബ്ദത പാലിച്ചു.

ഈ നിശബ്ദത ഒട്ടേറെ ചോദ്യങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. തന്റെ അഭിപ്രായം തുറന്ന് പ്രകടിപ്പിച്ചതിന്റെ പേരില്‍ സൈറക്ക് നേരിടേണ്ടി വന്ന ട്രോളുകള്‍ എന്താണ് ആരെയും അസ്വസ്ഥപ്പെടുത്താത്തത്?

‘കാശ്മീരികളുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു’ എന്ന സൈറയുടെ മാപ്പ് പറച്ചിലിനെ രാജ്യമൊന്നടങ്കം എതിര്‍ക്കുകയും, എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് അറിയിച്ച് രാജ്യത്തെമ്പാട് നിന്നും രക്ഷകര്‍ അവതരിക്കുകയും ചെയ്തിരുന്നു. പക്ഷെ, ഹിജാബിനെയും, മുസ്‌ലിം സ്ത്രീയെ കുറിച്ചുമുള്ള സൈറയുടെ ധീരമായ അഭിപ്രായത്തോടൊപ്പം നില്‍ക്കാന്‍ നേരത്തെ സൂചിപ്പിച്ച ഐക്യദാര്‍ഢ്യക്കാരില്‍ ആരൊക്കെ ഉണ്ടാവും എന്നതാണ് ചോദ്യം?

മൊഴിമാറ്റം: irshad shariathi

Related Articles