Current Date

Search
Close this search box.
Search
Close this search box.

ഇത് ഞങ്ങളുടെയും രാജ്യമല്ലേ!

Indian-muslim.jpg

ബറേലിയിലെ റോഹില്‍ഖണ്ഡ് യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് അനാം നിഷ. ബന്ധുക്കളുടെ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് മെക്കാനിക്കായ പിതാവ് അവളെ കോളേജിലയക്കാനും പഠിപ്പിക്കാനും കുടുംബത്തിലെ ആദ്യ എഞ്ചിനീയറാക്കി മാറ്റാനും തീരുമാനിച്ചത്. സഹപാഠികളുമായെല്ലാം നിഷ സൗഹൃദം സ്ഥാപിച്ചു. അവരിലേറെയും ഹിന്ദുമത വിശ്വാസികളായിരുന്നു. എന്നാല്‍ 2017ലെ ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പോടെ ചില മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.

”മുമ്പൊരിക്കലും എനിക്കിങ്ങനെ തോന്നിയിട്ടില്ല. എന്നാല്‍ ഈ തെരെഞ്ഞെടുപ്പോടെ ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ ഹിന്ദുവാണെന്നും മുസ്‌ലിമാണെന്നുമുള്ള തോന്നല്‍ ശക്തിപ്പെട്ടിരിക്കുന്നു. സംസാരത്തില്‍ ഞങ്ങളെ ഒരു വേറിട്ട വിഭാഗമായിട്ടാണ് സുഹൃത്തുക്കള്‍ കാണുന്നത്.” ബി.ജെ.പിയാണ് ഈ വേര്‍തിരിവ് ഉണ്ടാക്കിയതെന്ന് അവള്‍ പറയുന്നു.

അതിനെ ശരിവെക്കുന്നതാണ് ഗോരഖ്പൂരില്‍ നിന്നുള്ള അവസാന വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് തന്‍വീറിന്റെ വാക്കുകള്‍. ”പ്രധാനമന്ത്രി വന്ന് ഖബറിസ്ഥാനെയും ശ്മശാനെത്തെയും കുറിച്ച് സംസാരിച്ചപ്പോള്‍ ഞങ്ങള്‍ അസ്വസ്ഥത അനുഭവിക്കുകയാണ്. ഓരോ ദിവസവും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത് നോക്കൂ. ഞങ്ങള്‍ക്ക് വല്ല ചീത്തപേരുമുണ്ടോ എന്ന് ചിലപ്പോഴെല്ലാം ചോദിച്ചു പോവുകയാണ്.”

ഇന്ത്യന്‍ മുസ്‌ലിംകളെന്ന വ്യത്യസ്തവും വിപുലവുമായ ഒരു സമുദായത്തെ സംബന്ധിച്ച സാമാന്യവല്‍കരണം അത്ര കൃത്യമായി കൊള്ളണമെന്നില്ല. എങ്കിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് മുതല്‍ ബിഹാറിന്റെ കിഴക്കേ അറ്റം വരെയുള്ള നിരവധി യുവമുസ്‌ലിംകളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ നിന്ന് വ്യക്തമായത് നിഷയും തന്‍വീറും ഒറ്റപ്പെട്ട കേസുകളല്ലെന്നാണ്. മുസ്‌ലിംകള്‍ അസ്വസ്ഥരും ഉത്കണ്ഠാകുലരുമാണ്.

ദേശവിരുദ്ധരായി കൊണ്ടുള്ള ജീവിതം
ബിഹാറിലെ സീമാഞ്ചലിലെ കിഷന്‍ഗഞ്ചിലുള്ള അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കാമ്പസില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ഫിറോസ് അഹ്മദ്. ”മുസ്‌ലിംകള്‍ പൊതുസമ്മേളനങ്ങള്‍ ഒഴിവാക്കാന്‍ തുടങ്ങിയിരിക്കുന്നു. കാരണം നിങ്ങള്‍ പറയുന്നതെന്തും തെറ്റിധരിപ്പിക്കപ്പെടും. സോഷ്യല്‍ മീഡിയകളില്‍ നിങ്ങളെന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ നിങ്ങള്‍ ദേശവിരുദ്ധരും ഭീകരരും പാകിസ്താനിയുമായി മുദ്രകുത്തപ്പെടും.” അദ്ദേഹം പറയുന്നു.

സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിംഗ് സൗസൈറ്റീസ് ഗുജറാത്ത്, ഹരിയാന, ഒഡിഷ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേഫലം ഇത്തരം ഒരു മാനസികാവസ്ഥ ഒരുക്കപ്പെട്ടതിലേക്കാണ് സൂചന നല്‍കുന്നത്. 77 ശതമാനം മുസ്‌ലിംകള്‍ തങ്ങളെ ‘ദേശസ്‌നേഹികളായി’ കാണുന്നുണ്ടെങ്കിലും 13 ശതമാനം ഹിന്ദുക്കള്‍ മാത്രമാണ് മുസ്‌ലിംകളെ ‘ദേശസ്‌നേഹികളായി’ കാണുന്നത്.

അസ്വസ്ഥപ്പെടുത്തുന്ന സവിശേഷമായ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഫിറോസ് അഹ്മദ് പറയുന്നു: ”വിദ്വേഷ പ്രചരണങ്ങള്‍ കാണുന്നില്ലേ. ലൗ ജിഹാദ്, മുത്വലാഖ് വിവാദം, ഗോരക്ഷ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍, ഗര്‍വാപസി തുടങ്ങിയ വിഷയങ്ങള്‍ അവര്‍ ഉയര്‍ത്തിയപ്പോള്‍ ആരെയാണ് അവര്‍ ഉന്നംവെച്ചത്? അതിനെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. മുസ്‌ലിംകളെ ഉന്നംവെച്ചു കൊണ്ട് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്താനാണ് അവരാഗ്രഹിക്കുന്നത്.”

എം.ബി.എ ചെയ്തുകൊണ്ടിരിക്കുന്ന ഷാദാബ് ഖാന്‍ പറയുന്നു: ”ദേശീയത സംബന്ധിച്ച വിവാദം ഒരു വിടവുണ്ടാക്കിയിരിക്കുകയാണ്. ബാര്‍സലോണയെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോള്‍ ഞാനൊരു ദേശസ്‌നേഹിയാണ്. അതേസമയം പാകിസ്താന്‍ കളിക്കാരന്‍ ഷാഹിദ് അഫ്രീദിയെ ഇഷ്ടമാണെന്നാണ് ഞാന്‍ പറയുന്നതെങ്കില്‍ ഞാന്‍ ദേശവിരുദ്ധനാവുന്നു. എല്ലാ കോളേജുകളിലും തെരുവുകളിലും സോഷ്യല്‍ മീഡിയ സംഭാഷണങ്ങളിലുമെല്ലാം ഇത് അരിച്ചിറങ്ങുകയാണ്.

പ്രായ, സ്ഥല ഭേദത്തിനപ്പുറം മിക്ക മുസ്‌ലിംകളും ബി.ജെ.പിയെയും സംഘ്പരിവാറിനെയുമാണ് കുറ്റപ്പെടുത്തുന്നതെങ്കിലും മാധ്യമങ്ങളെയും അവര്‍ വിമര്‍ശിക്കുന്നുണ്ട്. ബറേലിയിലേക്ക് തന്നെ നമുക്ക് തിരിച്ചു വരാം. കെമിക്കല്‍ എഞ്ചിനീയറിംഗില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ഹീബ റോഷന്‍ ചിരിച്ചുകൊണ്ട് പറയുന്നു: ”നാമെല്ലാം ടി.വി. വാര്‍ത്തകള്‍ വേണ്ടെന്ന് വെച്ചാല്‍ ഇവിടെ കൂടുതല്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാകുമായിരുന്നു.” മാധ്യമങ്ങളുടെ അതിപ്രസരമാണ് ഉണ്ടായിരിക്കുന്നത്. എല്ലാ വീട്ടിലും വാര്‍ത്തകള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അത് പ്രത്യേകമായൊരു മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുന്നു. മുസ്‌ലിംകളെ അന്യരായി കാണുന്ന നിലപാടിനെയാണത് പൊതുവെ ശക്തിപ്പെടുത്തുന്നത്.

വിവേചനം
അന്യതാവല്‍കരണത്തിന്റെ മാനസിക തലത്തിലേക്കാണ് ഇതുവരെ സൂചിപ്പിച്ചത്. എന്നാല്‍ യാഥാര്‍ഥ്യ ലോകത്ത് ഇത് പ്രകടമാണോ? കിഷന്‍ഗഞ്ചിലെ അലിഗഡ് കാമ്പസ് പ്രവര്‍ത്തിക്കുന്നത് രണ്ട് താല്‍ക്കാലിക കെട്ടിടങ്ങളിലാണ്. അതിലൊന്ന് അക്കാദമിക് ബ്ലോക്കും അതിനൊപ്പം തന്നെ ഗേള്‍സ് ഹോസ്റ്റലുമാണ്. രണ്ട് കോഴ്‌സുകള്‍ മാത്രമാണ് അവിടെ അനുവദിച്ചിരിക്കുന്നത്. അവിടെ അധ്യാപകരെ വെക്കാനോ കോഴ്‌സുകള്‍ കൊണ്ടുവരാനോ ചുറ്റുമതില്‍ കെട്ടാന്‍ പോലും സാധിക്കില്ലെന്നാണ് ഡയറക്ടര്‍ റാശിദ് നിഹാല്‍ പറയുന്നത്. പുതിയ കാമ്പസ് കെട്ടിടത്തിനായുള്ള പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരിക്കുകയാണ്.

”ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഒരൊറ്റ പൈസ പോലും ഞങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. ഈ കാമ്പസിന് അനുവദിച്ചിരുന്ന ഫണ്ടുകള്‍ – പിന്നോക്ക മേഖലയെ സേവിക്കാനുള്ളത് – 136 കോടിയാണ്. അതില്‍ ഇതുവരെ ലഭിച്ചത് 10 കോടിയാണ്. അതും ബി.ജെ.പി അധികാരത്തിലേറുന്നതിന് മുമ്പ് ലഭിച്ചതാണ്.”

നിഹാല്‍ തുടരുന്നു: ”എന്താണ് ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്? മുന്‍വിധിയോടെയാണവര്‍ പെരുമാറുന്നത്.” ഇതിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്ന അദ്ദേഹം ഭരണകൂടങ്ങളുടെ സ്വഭാവത്തിലെ മാറ്റവും പ്രകടമാക്കുന്നു. മുസ്‌ലിം വോട്ടുകളെ ആശ്രയിച്ചിരുന്ന നിതീഷ് കുമാറിന്റെ ‘മതേതര സര്‍ക്കാര്‍’ കാമ്പസിന് എല്ലാവിധ പിന്തുണയും നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ശത്രുതാപരമായിട്ടാണ് കൈകാര്യം ചെയ്തതെന്നും നിഹാല്‍ പറയുന്നു.

പ്രമുഖ ഇസ്‌ലാമിക കലാലയത്തിന്റെ പേരില്‍ അറിയപ്പെടുന്ന കൊച്ചു നഗരമാണ് ദേവ്ബന്ദ്. അവിടത്തെ ഒരു തുണിക്കടയില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ 2017ലെ തെരെഞ്ഞെടുപ്പിനെ വിലയിരുത്തുകയാണ്. ഷാഹ് ആലം തന്റെ കൂട്ടുകാരോട് പറയുന്നു: ”തെരെഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കാന്‍ 18 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് സാധിക്കുമെന്ന ഒരു മിഥ്യാധാരണ നമുക്കുണ്ടായിരുന്നു. ഭൂരിപക്ഷമാണ് തെരെഞ്ഞുപ്പിനെ നിര്‍ണയിക്കുന്നത്. നമ്മെ ആവശ്യമില്ലെന്ന് ബി.ജെ.പി കാണിച്ചു തന്നിരിക്കുന്നു.”

മതേതര പാര്‍ട്ടികല്‍ കേവലം വോട്ടു ബാങ്കായിട്ടാണ് നമ്മെ കണ്ടത്. എങ്കിലും നന്നെചുരുങ്ങിയത് നമുക്ക് പോയി കാണാന്‍ നേതാക്കളെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് നമ്മെ ശ്രവിക്കാന്‍ ആരും ഇല്ലെന്നും ആലം പറയുന്നു.

തുണിക്കട നടത്തുന്ന അദ്‌നാന്‍ പറയുന്നു: ”മുദ്ര സ്‌കീം പ്രകാരം 5 ലക്ഷം ലോണിനായി ഞാന്‍ അപേക്ഷിച്ചു. നിരന്തരം അതിനായി ഞാന്‍ ബാങ്കില്‍ പോയെങ്കിലും എന്റെ അപേക്ഷ തള്ളപ്പെടുകയായിരുന്നു.” അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയത് ലോണിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലും ആവാമല്ലോ? അതിനെ മതവുമായി കൂട്ടികെട്ടേണ്ടതുണ്ടോ? അദ്ദേഹം അതിന് മറുപടി നല്‍കുന്നു: ”അതൊരു മാനസികാവസ്ഥയാണ്. നിനക്കത് കിട്ടില്ല എന്നാണ് ബാങ്കുദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞത്. നീ വെറുതെ സമയം കളയേണ്ട.”

അദ്‌നാന്റെ ലോണ്‍ അപേക്ഷ തിരസ്‌കരിക്കപ്പെട്ടതും, ആലമിന്റെ ശബ്ദം കേള്‍ക്കപ്പെടാതിരിക്കുന്നതും, അഹ്മദും ഖാനുമെല്ലാം ദേശവിരുദ്ധരെന്ന് വിളിക്കപ്പെടുന്നതും നിഷക്കും തന്‍വീറിനും കൂട്ടുകാരുമായുള്ള ബന്ധത്തില്‍ അകല്‍ച്ചയനുഭവപ്പെടുന്നതും, റോഷന് ടെലിവിഷന്‍ കാണുമ്പോള്‍ അസ്വസ്ഥതയുണ്ടാകുന്നതും, നിഹാല്‍ തന്റെ കാമ്പസിനുള്ള ഫണ്ടിന് വേണ്ടി പോരാടേണ്ടി വരുന്നതുമെല്ലാം അവരുടെ മതത്തിന്റെ പേരിലാണോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. തങ്ങളുടെ മതത്തിന്റെ പേരിലുള്ള വിവേചനമായിട്ടാണ് അവരെല്ലാം ഇതനുഭവിക്കുന്നത് എന്നതാണ് അതിലേറെ പ്രധാനം. കിഷന്‍ഗഞ്ചിലെ വിദ്യാര്‍ഥിയായ ഖാന്‍ അത്ഭുതത്തോടെ ചോദിക്കുന്ന ചോദ്യത്തിലേക്കാണ് ഇതെല്ലാം നമ്മെ എത്തിക്കുന്നത്. ”ഞാന്‍ ഇന്ത്യക്കാരനാണെന്നാണ് എപ്പോഴും എനിക്ക് തോന്നാറുള്ളത്. എന്നാല്‍ ഇന്ന് ‘ഇത് എന്റെ രാജ്യമല്ലേ’ എന്ന് സ്വന്തത്തോട് ചോദിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.

അവലംബം: ഹിന്ദുസ്ഥാന്‍ ടൈംസ്
വിവ: നസീഫ്‌

Related Articles