Current Date

Search
Close this search box.
Search
Close this search box.

ഇക്കാരണത്താലാണ് ഞാന്‍ നഷ്ടപരിഹാരം സ്വീകരിച്ചത് : രാധിക വെമുല

Radhika-Vemula.jpg

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ,

ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവു, ബി.ജെ.പി നേതാക്കളായ ബന്ദാരു ദത്തത്രേയ, രാമചന്ദര്‍ റാവു, സ്മൃതി ഇറാനി എന്നിവരുടെ പീഢനം മൂലം ആത്മഹത്യ ചെയ്ത എന്റെ മകന്‍ രോഹിത് വെമുലയുടെ മരണത്തിന് നഷ്ടപരിഹാരമായി ഹൈദരാബാദ് സര്‍വകലാശാല നല്‍കിയ 8 ലക്ഷം രൂപയുടെ ചെക്ക്, എന്റെ അഭിഭാഷകന്റെ ഉപദേശ പ്രകാരം സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ച വിവരം ഈ അവസരത്തില്‍ നിങ്ങളെ അറിയിക്കുകയാണ്.

ആദ്യം ഞാനത് സ്വീകരിക്കാന്‍ വിസമ്മതിച്ചത് നിങ്ങളൊരുപക്ഷെ ഓര്‍ക്കുന്നുണ്ടാകും. അപ്പറാവുവിന്റെ ആജ്ഞപ്രകാരമാണ് പ്രസ്തുത തുക നല്‍കുന്നതെന്ന തെറ്റിദ്ധാരണ മൂലവും, അവര്‍ എന്റെ മൗനം വിലകൊടുത്ത് വാങ്ങാന്‍ ശ്രമിക്കുകയാണെന്ന് കരുതിയതിനാലുമാണ് അപ്പോള്‍ അത്തരമൊരു നിലപാട് സ്വീകരിച്ചത്.

എന്നാല്‍, നിയമപരവും, സാമൂഹികവുമായ പിന്തുണ നല്‍കുന്നവരുടെ ഉപദേശ നിര്‍ദേശങ്ങളില്‍ നിന്നും, പ്രസ്തുത തുക നല്‍കുന്നത് അപ്പറാവുവിന്റെ ആജ്ഞ പ്രകാരമല്ലെന്നും, മറിച്ച് ദേശീയ പട്ടികജാതി കമ്മീഷന്റെ (എന്‍.സി.എസ്.സി) ഉത്തരവ് പ്രകാരമാണെന്നും അറിയാന്‍ കഴിഞ്ഞു. ബഹുമാന്യനായ ശ്രീ. പി.എല്‍ പുനിയയുടെ നേതൃത്വത്തിലുള്ള എന്‍.സി.എസ്.സി എന്റെ മകന്‍ രോഹിത് ഒരു ദളിതനായിരുന്നു എന്ന് പ്രഖ്യാപിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. എന്റെ മകന്റെ മരണം അന്വേഷിക്കാന്‍ സ്മൃതി ഇറാനി നിയോഗിച്ച ജസ്റ്റിസ് ഏ.കെ രൂപന്‍വാള്‍ കമ്മീഷന്റെ കണ്ടെത്തലുകളെ ശ്രീ പുനിയ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രൂപന്‍വാള്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ ‘വ്യാജവും, അസത്യജഡിലവും’ ആണെന്ന് പ്രസ്താവിച്ചു കൊണ്ട് അദ്ദേഹം സത്യത്തിന്റെയും ഞങ്ങളുടെയും പക്ഷത്ത് നിന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടും സത്യത്തിന്റെ കൂടെ നിലകൊണ്ട ശ്രീ പുനിയക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ചെയ്യുന്നതെല്ലാം സുതാര്യമായിരിക്കണമെന്ന കാരണത്താലാണ് ഞാന്‍ ഈ പത്രകുറിപ്പ് എഴുതുന്നത്. രാധിക വെമുല സര്‍വകലാശാല അധികൃതരുമായി രഹസ്യധാരണയുണ്ടാക്കി പണം കൈപ്പറ്റി എന്ന കിംവദന്തി നാടുനീളെ പരക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ പണം സ്വീകരിച്ചാല്‍ അപ്പറാവു അത്തരത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. നഷ്ടപരിഹാരം സ്വീകരിക്കല്‍, അത് രോഹിത് വെമുലയുടെ കുടുംബത്തിനും ആശ്രിതര്‍ക്കും അവകാശപ്പെട്ടത് തന്നെയാണ്, ഒരുതരത്തിലും യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റുമായുള്ള അനുരജ്ഞനമല്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അപ്പറാവുവും, അയാളുടെ ബി.ജെ.പി യജമാനന്‍മാരും അവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടും വരെ ഞാന്‍ വിശ്രമിക്കുകയില്ല.

ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ ബാബാസാഹേബിന്റെ ദൗത്യനിര്‍വഹണത്തിന് വേണ്ടിയാണ് ഞാന്‍ നീക്കിവെച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം മറ്റെന്തിനേക്കാളും പ്രധാന്യം അതിനാണ്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം രാജ്യത്തുടനീളം നൂറുകണക്കിന് റാലികളില്‍ ഞാന്‍ പങ്കെടുത്തു, ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജനങ്ങളില്‍ നിന്നും ലഭിച്ച സ്‌നേഹവും, ആദരവും എന്നെ അതിശയപ്പെടുത്തി. എവിടെ പോയാലും ആളുകള്‍ എന്നെ ‘വീര മാത’ എന്ന് വിളിച്ചു, അതായത് രക്ഷസാക്ഷിയുടെ മാതാവ്. ഞാനെന്റെ ഉത്തരവാദിത്തെ കുറിച്ച് സദാ ബോധവതിയായിരിക്കും. എന്തിന് വേണ്ടിയാണോ എന്റെ മകന്‍ അവന്റെ ജീവന്‍ ബലിയര്‍പ്പിച്ചത്, അതില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു.

ജയ് ഭീം

മൊഴിമാറ്റം :  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles