Current Date

Search
Close this search box.
Search
Close this search box.

ആവിഷ്‌കാര ആത്മീയതയുടെ അടിമകള്‍

spirituality.jpg

മനുഷ്യന്റെ പ്രകൃതിപരമായ ഗുണങ്ങളില്‍ പെട്ടതാണ് ആത്മീയതയും സര്‍ഗാത്മകതയും. സര്‍ഗാത്മകത എന്ന സവിശേഷഗുണം സൃഷ്ടിപ്പിലേ മനുഷ്യനിലുണ്ട്. മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു ആദമിന് നാമങ്ങള്‍ പഠിപ്പിച്ചു നല്‍കി എന്നു ഖുര്‍ആന്‍ പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ അവിടെ വസ്തുക്കളെ പദങ്ങളില്‍ ആവിഷ്‌കരിക്കാനുള്ള കഴിവാണ് മനുഷ്യന് അല്ലാഹു നല്‍കിയത്. കേവലം ഒരു നാമമല്ല, മറിച്ച് ഒരുപാട് നാമങ്ങളിലൂടെ വസ്തുക്കളെ വര്‍ണ്ണിക്കാനും വിശദീകരിക്കാനും അവനു കഴിയുന്നു. മറ്റൊരു സൃഷ്ടിക്കും ഇത്തരം കഴിവുനല്‍കിയതായി കാണുന്നില്ല. മനുഷ്യന്റെ പ്രത്യേകതതന്നെ അതാണെന്നാണല്ലോ ഖുര്‍ആന്‍ ആദ്യം തന്നെ പ്രഖ്യാപിക്കുന്നത്. പ്രകൃതിപരമായി അവനില്‍ ഉള്‍ചേര്‍ന്നിട്ടുള്ള ഈ സര്‍ഗാത്മക ഗുണമാണ് നാഗരികതകളുടെ വികാസത്തിനും ത്വരിതഗതിയിലുള്ള മനുഷ്യപുരോഗതിക്കും കാരണമായി വര്‍ത്തിക്കുന്ന ഒരു ഘടകം.

മറ്റു സൃഷ്ടികളില്‍ നിന്നും മനുഷ്യനെ വേര്‍തിരിക്കുന്ന മറ്റൊരു സവിശേഷതയാണ് ആത്മീയത എന്നു പറയുന്നത്. ഏത് ദൈവനിഷേധിയും ഉള്ളിന്റെ ഉള്ളില്‍ അദൃശ്യനായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട്. അതു കൊണ്ടാണല്ലോ അത്യാഹിത സന്ദര്‍ഭങ്ങളില്‍ അവന്‍ അറിയാതെ ദൈവമെ എന്നു വിളിച്ചു പോകുന്നത്. man must live not on bread alone. but every utterence coming forth through jehowa’sa mouth എന്നു ബൈബിള്‍ പറയുന്നുണ്ട്. മനുഷ്യന്‍ അപ്പത്തിനു വേണ്ടി മാത്രം ജീവിക്കുന്നവനല്ല എന്നു ചുരുക്കം.

മനുഷ്യന്റെ ഈ രണ്ടു സവിശേഷതകള്‍ പലപ്പോഴും കൂടിച്ചേരുകയും ആത്മീയതയുടെ പുതിയ സര്‍ഗാത്മക രൂപങ്ങള്‍ ഉദയം കൊള്ളാറുമുണ്ട്. പ്രകൃതിപരമായി ഉള്‍ചേര്‍ന്ന ഒരു ഗുണമായതിനാല്‍ വിശ്വാസികള്‍ അത്തരം സര്‍ഗാത്മക ആത്മീയ ആവിഷ്‌കാരങ്ങളില്‍ പെട്ടു പോകാന്‍ സാധ്യത ഏറെയാണ്. സൂക്ഷ്മമായി നോക്കിയാല്‍ ആദിയിലെ ദൈവികമതദര്‍ശനത്തില്‍ നിന്നും മനുഷ്യസമൂഹം വ്യതിചലിച്ചുപോയതിന്റെ കാരണവും അതു തന്നെയെന്നു കാണാം.

ഇത്തരം ആവിഷ്‌കാരങ്ങളിലൂടെ പുതിയ മതങ്ങളെ രൂപപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നവര്‍ എല്ലാകാലത്തുമുണ്ടായിരുന്നു. മാത്രമല്ല, ചരിത്രത്തില്‍ അവരുടെ വസ്ത്രം എപ്പോഴും പൗരോഹിത്യത്തിന്റെയും സന്യാസത്തിന്റെതുമായിരുന്നു. മതത്തിന്റെ ചിഹ്നങ്ങളെയും അനുഷ്ഠാനങ്ങളെയുമാണ് ഇത്തരം ആളുകള്‍ അതിനായി കൂടുതല്‍ ഉപയോഗപ്പെടുത്തുക.

പ്രവാചകനു മുമ്പത്തെ മക്കയെക്കുറിച്ച് പറയുമ്പോള്‍ നാം കേള്‍ക്കാറുള്ളതാണ് ആളുകള്‍ നഗ്നരായി കഅ്ബ ത്വവാഫ് ചെയ്തിരുന്നു എന്നത്. പുറത്ത് നിന്നും നാം അത് നോക്കുമ്പോള്‍ അതില്‍ അശ്ലീലതയും ആഭാസവുമാണ് തോന്നുന്നതെങ്കില്‍ അത് നിര്‍വഹിച്ചിരുന്ന സാധാരണക്കാര്‍ അത് ഒരു ആത്മീയ പ്രവര്‍ത്തനമായാണ് കണ്ടിരുന്നത്. ഇത്തരം പുതിയ ആവിഷ്‌കാരങ്ങളെ പടച്ചു കൊണ്ട് (നഗ്നനായ സന്യാസിയും വ്യഭിചരിക്കുന്ന അമ്മയും കള്ളം പറയുന്ന ഉസ്താദുമൊക്കെ നേതൃത്വം കൊടുക്കുന്ന ആവിഷ്‌കാരം) ആത്മീയ ദാഹമെന്ന മനുഷ്യ ചോദനയെ ചൂഷണം ചെയ്യാന്‍ ആളുകള്‍ക്ക് സാധിക്കുന്നത് അതുകൊണ്ടാണ്.

ചിഹ്നങ്ങളിലും അനുഷ്ഠാനങ്ങളിലും തളച്ചിടപ്പെട്ട ആത്മീയതക്കു പകരം യഥാര്‍ഥമായ ആത്മീയ ചിന്തകൊണ്ടുതന്നെ മാത്രമേ ഇത്തരം കള്ള ആത്മീയതകളെ ചെറുക്കാന്‍ സാധിക്കൂ. മതത്തെക്കുറിച്ച് മനുഷ്യന്‍ വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടുകളെ അപ്പാടെ മാറ്റിക്കൊണ്ട് നിങ്ങള്‍ കിഴക്ക്, പടിഞ്ഞാറ് ദിക്കുകളിലേക്ക് മുഖം തിരിക്കുന്നതിലല്ല പുണ്യമെന്നും മറിച്ച് ഏകനായ ദൈവത്തില്‍ വിശ്വസിച്ച് ക്ഷമയോടെയും സ്ഥൈര്യത്തോടെയും ജീവിക്കുകയും സമൂഹത്തില്‍ പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ പരിശ്രമിക്കുകയും സത്യസന്ധത പാലിക്കുകയും കരാര്‍ പാലിക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥ ആത്മീയത എന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. (അല്‍ ബഖറ : 177)

ഭൗതികപ്രേമത്തില്‍ നിന്നും രൂപം കൊണ്ട ആത്മീയതയുടെ പുതിയ ആവിഷ്‌കാരരീതികളുടെ അടിമത്വത്തില്‍ നിന്നും അകന്ന് ലോകത്ത് വസന്തം വിരിയിക്കാന്‍ ശക്തിയുള്ള സത്യത്തിന്റെയും വിമോചനത്തിന്റെയും സ്വാതന്ത്യത്തിന്റെയും യഥാര്‍ഥ ആത്മീയതയെ വിശ്വസി സമൂഹം കയ്യിലെടുക്കേണ്ടതുണ്ട്.

Related Articles