Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസ് ഭീകരസംഘടനയല്ലേ?

sangh-teror.jpg

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെററിസം റിസര്‍ച്ച് സെന്ററും OODALOOP (oodalooop.com) കമ്പനിയും രാഷ്ട്രീയ സ്വയംസേവക് സംഘിനെ (ആര്‍.എസ്.എസ്) ഭീകരസംഘടനയായിട്ടാണ് എണ്ണിയിരിക്കുന്നത്. ആര്‍.എസ്.എസിനെ വിദേശ ഭീകരസംഘടനയായി മുദ്രകുത്തണമെന്നാവശ്യപ്പെട്ട് 2015 ജനുവരി 21ന് അമേരിക്കന്‍ കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്ര പോലീസിലെ മുന്‍ ഐ.ജി. എസ്.എം മുശ്‌രിഫ് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരസംഘടന എന്നാണ് ആര്‍.എസ്.എസിനെ വിളിച്ചിരിക്കുന്നത്.

ഇന്ത്യയിലെ 17 ഭീകരകേസുകളുടെ കുറ്റപത്രങ്ങളില്‍ ആര്‍.എസ്.എസ് അനുബന്ധ സംവിധാനങ്ങളുടെ അല്ലെങ്കില്‍ ‘സംഘ്പരിവാര്‍’ ശക്തികളുടെ പേരുകള്‍ കാണാം. ആര്‍.എസ്.എസും അതിന്റെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന പോഷക ഘടകങ്ങളുമായി ബന്ധപ്പെട്ട വര്‍ഗീയ കലാപങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും കൊലപാതകങ്ങളുടെയും ചരിത്രവുമുണ്ട്. ഏതെങ്കിലും കുറ്റകൃത്യത്തിന്റെ പേരില്‍ ഹിന്ദുത്വ ആക്ടിവിസ്റ്റുകളോ സംഘടനകളോ പിടിക്കപ്പെട്ടാല്‍ അവയെ തള്ളിപ്പറയുക എന്ന രീതിയാണ് സംഘ്പരിവാര്‍ സ്വീകരിക്കുന്നത്.

സാമൂഹിക സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ANHAD ((Act Now for Harmony and Democracy) കൂട്ടായ്മ ‘സംഘ് ഭീകരതയും നീതിയുടെ പരാജയവും’ എന്ന തലക്കെട്ടില്‍ 2016 ആഗസ്റ്റ് 9ന് ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ആര്‍.എസ്.എസ് ഭീകരതയെ തുറന്നു കാട്ടുന്ന ഒരു സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ അടക്കമുള്ള ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങളായിരുന്നു അതില്‍ പങ്കെടുത്തത്. നാല് സെഷനുകളായി നടന്ന സെമിനാറിന്റെ ആദ്യ സെഷന്‍ മഹാരാഷ്ട്രയിലെ ധീരനായ പോലീസ് ഓഫീസറും എ.ടി.എസ് തലവനുമായിരുന്ന ഹേമന്ദ് കര്‍ക്കരെയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചായിരുന്നു. സംഘ്പരിവാറിന്റെ യഥാര്‍ഥ മുഖം ആദ്യമായി തുറന്നു കാട്ടിയത് അദ്ദേഹമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഹിന്ദുത്വ ശക്തികള്‍ക്ക് മേല്‍ ഭീകരകുറ്റം ചുമത്തപ്പെട്ടു. നേരത്തെ മുസ്‌ലിംകള്‍ക്ക് മേല്‍ കെട്ടിവെക്കപ്പെട്ടവയായിരുന്നു അത്. ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം യുവാക്കളുടെ കേസുകളിലേക്കും കര്‍ക്കരെയും അന്വേഷം വെളിച്ചം വീശി.

ജുഡിഷ്യന്‍ സംവിധാനത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ ആഴത്തിലുള്ള മുന്‍ധാരണ നിലനില്‍ക്കുന്നുണ്ടെന്നാണ് ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയില്‍ നിന്നുള്ള എഴുത്തുകാരി മനീഷ സേഥി അവിടെ പറഞ്ഞത്. ഭീകരസംഘടനയായി മുദ്രകുത്തപ്പെട്ട ‘സിമി’ക്കെതിരെ പോലീസ് കേസുകള്‍ കെട്ടിച്ചമച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ആര്‍.എസ്.എസ് വഹിച്ച പങ്കിനെ കുറിച്ചാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ എം.എല്‍.എ ജിതേന്ദ്ര അവാദ് സംസാരിച്ചത്. അദ്ദേഹം പറഞ്ഞു: ”സവര്‍ക്കറും ഗോള്‍വാക്കറും പിന്തുണ തേടിക്കൊണ്ട് ബ്രിട്ടീഷുകാര്‍ക്ക് കത്തെഴുതി. ഒരു ആര്‍.എസ്.എസ്സുകാരനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടില്ല.” സംഘ്പരിവാറിന്റെ ഹിന്ദു രാഷ്ട്രത്തില്‍ ദലിതുകളില്ലെന്നും നിലവിലെ ദലിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളോ സര്‍ക്കാറുകളോ പോലീസിനെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും അതാണ് ജുഡീഷ്യല്‍ സംവിധാനത്തിന്റെ പരാജയത്തിന് കാരണമെന്നും ഐ.പി.എസ് ഓഫീസര്‍ വിക്രം നാരായണ്‍ റായ് പറഞ്ഞു. 2007ല്‍ നടന്ന സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പക്ഷപാതിത്വവും ഇന്റലിജന്‍സ് ഏജന്‍സികളുടെ തെറ്റായ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു കൊണ്ടാണ് 2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. വഹാബ് ഖാന്‍ സെമിനാറില്‍ സംസാരിച്ചത്. അദ്ദേഹം പറയുന്നു: ”2008ലെ മലേഗാവ് കേസില്‍ എ.ടി.എസ് അറസ്റ്റ് ചെയ്തത് 9 നിരപരാധികളായ മുസ്‌ലിംകളെയാണ്. പിന്നീട് അഭിനവ് ഭാരത് പോലുള്ള ഹിന്ദുത്വ സംഘടനകളാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് തെളിയിക്കപ്പെട്ടതിന് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കുറ്റവിമുക്തരാക്കപ്പെട്ടു. 2006ലെ സ്‌ഫോടനത്തില്‍ എന്‍.ഐ.എ തെറ്റായി സ്വാമി അസീമാനന്ദക്കും സാധ്വി പ്രാഗ്യക്കും കേണല്‍ പുരോഹിതിനും ക്ലീന്‍ചിറ്റ് നല്‍കി. എന്‍.ഐ.എയുടെ വാദം തള്ളിയ കോടതി അവര്‍ക്ക് ജാമ്യം നല്‍കാന്‍ തയ്യാറായില്ല.” ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് മേലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭരണകൂടത്തിന്റെയും സ്വാധീനത്തെ കുറിച്ചും ഖാന്‍ വിവരിച്ചു. മലേഗാവ് സ്‌ഫോടനങ്ങളുടെ സൂത്രധാരനായ കേണല്‍ പുരോഹിത് ആര്‍.എസ്.എസ് കേഡറ്റായിരുന്നു എന്നത് ശ്രദ്ധേയമാണ്. ആര്‍.എസ്.എസ് സ്ഥാപിച്ച സ്വകാര്യ മിലിറ്ററി സ്‌കൂളായ നാസിലെ ഭോന്‍സാല മിലിറ്റിറി സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. അതിന്റെ സഹോദര സ്ഥാപനമായി നാഗ്പൂരിലും ഒരു മിലിറ്ററി സ്‌കൂളുണ്ട്.

സനാദന്‍ സാസ്ത, അഭിനവ് ഭാരത് പോലുള്ള ആര്‍.എസ്.എസ് ഭീകരസംഘങ്ങളുടെ പങ്കിനെ കുറിച്ചായിരുന്നു സാമൂഹ്യ പ്രവര്‍ത്തകയായ ടീസ്റ്റ് സെറ്റല്‍വാദ് വിവരിച്ചത്. സംഘ് സംവിധാനങ്ങളെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടുന്നത് സര്‍ക്കാറാണ്. അതുകൊണ്ടാണ് നിയമവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടായിട്ടും ഭീകരപരിശീലനം നല്‍കിയിട്ടും ഭോണ്‍സാല മിലിറ്റിറി സ്‌കൂളിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. ഇന്ന് മാധ്യമപ്രവര്‍ത്തനത്തെ ലജ്ജാകരമായ രീതിയില്‍ രാഷ്ട്രീയം സ്വാധീനിച്ചിരിക്കുകയാണ്. മലേഗാവ് സ്‌ഫോടനം നടന്ന അതേ കാലത്ത് നടന്ന മൊഡാസ സ്‌ഫോടനത്തെ കുറിച്ച് ഒരു അന്വേഷണാത്മക റിപോര്‍ട്ടും ഉണ്ടായിട്ടില്ല. സംഘ് ഭീകരരായിരുന്നു അതിന് പിന്നിലും പ്രവര്‍ത്തിച്ചത്.

ആര്‍.എസ്.എസ് ഇന്ത്യന്‍ റിപബ്ലിക്കിന് എതിരാണെന്നും സ്വയം ശക്തിപ്പെടുന്നതിന് കോണ്‍ഗ്രസിനെയാണത് കൂട്ടുപിടിച്ചതെന്നുമാണ് നീര റാഡിയ ടേപ് വിവാദം പുറത്തു കൊണ്ടുവന്ന ജേണലിസറ്റ് ഹര്‍തോഷ് സിംഗ് ബാല്‍ പറഞ്ഞത്. ആര്‍.എസ്.എസും അതിന്റെ അനുബന്ധ സംഘടനകളും നടത്തിയ സ്‌ഫോടനങ്ങളും വര്‍ഗീയ കലാപങ്ങളും നടന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്തായിരുന്നു എന്നത് വ്യക്തമാണ്. ആര്‍.എസ്.എസ് അതിന്റെ ചിറകുകള്‍ വിടര്‍ത്തിയതും 57000 ശാഖകളും 17000 ശിശു മന്ദിരങ്ങളും നിര്‍മിച്ച് ഇന്ത്യയിലൊട്ടാകെ വ്യാപിച്ചതും കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ച 49 വര്‍ഷക്കാലത്തിനിടയിലാണ്. നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും സര്‍ക്കാറുകള്‍ ആര്‍.എസ്.എസിനെ നിരോധിച്ചെങ്കിലും അതിന്റെ വളര്‍ച്ച തുടര്‍ന്നു. നിരവധി ആര്‍.എസ്.എസ്സുകാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പല സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആര്‍.എസ്.എസ് അംഗങ്ങള്‍ ഇപ്പോഴും ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ആര്‍.എസ്.എസ് ഇന്ത്യയുടെ ഭരണഘടനക്ക് എതിരാണെന്നും അവര്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തി ഹിന്ദുത്വ രാഷ്ട്രം രൂപീകരിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് Godse’s Children: Hindutva terror in India എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് സുഭാഷ് ഗത്താദ അഭിപ്രായപ്പെടുന്നത്. ആര്‍.എസ്.എസിന് വേണ്ടി 27 വര്‍ഷം പ്രവര്‍ത്തിച്ചയാളാണ് മോദിയെന്നത് നാം മറക്കരുതെന്നാണ് ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഓര്‍മപ്പെടുത്തിയത്. ഹിന്ദു രാഷ്ട്രം രൂപീകരിക്കുക എന്ന തങ്ങളുടെ ലക്ഷ്യം നേടാനുള്ള ആയുധമായിട്ടാണ് ആര്‍.എസ്.എസും ബി.ജെ.പിയും ഭീകരതയെ കാണുന്നതെന്നാണ് സി.പി.ഐ(എം) നേതാവ് സീതാറാം യെച്ചൂരി പറഞ്ഞത്.

അവലംബം: The Milli Gazette

Related Articles