Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസ്സിന്റെ മുസ്‌ലിം സ്‌നേഹം; നിര്‍ബന്ധിതാവസ്ഥയോ നയംമാറ്റമോ?

rss-sangh.jpg

ഞായറാഴ്ച്ച നാഗ്പൂരില്‍ വെച്ച് നടന്ന രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ദസറ ആഘോഷങ്ങളിലേക്കും, ബാല സ്വയംസേവകര്‍ക്ക് വേണ്ടി നടത്തുന്ന ആയുധ പൂജ ചടങ്ങുകളിലേക്കും ഒരു പ്രമുഖ മുസ്‌ലിം ഹോമിയോപതി ഡോക്ടര്‍ ചീഫ് ഗസ്റ്റായി പരിപാടിയുടെ സംഘാടകരാല്‍ ക്ഷണിക്കപ്പെടുകയുണ്ടായി. ആര്‍.എസ്.എസ്സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുസ്‌ലിമിന് അവര്‍ ഇത്തരമൊരു പദവി നല്‍കുന്നത്. മുസ്‌ലിംകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അവരുടെ പ്രവര്‍ത്തന പരിപാടിയുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. ആര്‍.എസ്.എസ്സിന്റെ വാര്‍ഷിക കലണ്ടറില്‍ സുപ്രധാനമായ ഒന്നാണ് ദസറ ആഘോഷം. 1925-ലെ വിജയദശമി നാളില്‍ കെ.ബി ഹെഡ്ഗവാറാണ് അതിന് തുടക്കം കുറിച്ചത്.

മുസ്‌ലിംകള്‍ക്കിടയില്‍ സ്വീകാര്യത നേടാനുള്ള ആര്‍.എസ്.എസ്സിന്റെ പരിശ്രമങ്ങളിലെ ശ്രദ്ധേയമായ ചുവടുവെപ്പാണ് മുനവ്വര്‍ യൂസുഫിനെ ചീഫ് ഗസ്റ്റായി ക്ഷണിക്കാനുള്ള തീരുമാനം. കൂടാതെ പ്രശസ്തരും, രാഷ്ട്രീയമായി നിഷ്പക്ഷരുമായ മുസ്‌ലിംകളെ ചേര്‍ത്തുപിടിച്ച് നിര്‍ത്താനുള്ള ഒരു വഴികൂടി ഇതിലൂടെ തുറക്കപ്പെടുന്നുണ്ട്.

ബോഹ്‌റ വിഭാഗത്തില്‍ നിന്നും വരുന്നയാളാണ് യൂസുഫ്, അദ്ദേഹത്തിന്റെ അമ്മാവന് പ്രമുഖ ആര്‍.എസ്.എസ് പ്രചാരക്മാരുമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. നാഗ്പൂരില്‍ ഞായറാഴ്ച്ച വൈകുന്നേരം നാല് ആഘോഷപരിപാടികള്‍ അരങ്ങേറുകയുണ്ടായി. ഓരോന്നിലും ഒന്നാം തരം മുതല്‍ എട്ടാം തരം വരെ പഠിക്കുന്ന ഏകദേശം 600-ഓളം ആണ്‍കുട്ടികള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ദസറ ആഘോഷങ്ങളും, ആയുധ പൂജയും യുവ ആര്‍.എസ്.എസ് സ്വയംസേവകര്‍ക്ക് എല്ലാവര്‍ഷവും പ്രത്യേകമായാണ് നടത്തപ്പെടുന്നത്. ഏകദേശം 2000-2500 കുട്ടികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തും.

ആര്‍.എസ്.എസ്സിന്റെ പരമ്പരാഗത ആചാരമായ ആയുധ പൂജയില്‍ ബി.ജെ.പി നേതാക്കള്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാറുണ്ട്, എല്ലായ്‌പ്പോഴും വിവാദങ്ങള്‍ ഉണ്ടാകാറുമുണ്ട്. ബാല സ്വയംസേവകരെ അഭിസംബോധന ചെയ്യാന്‍ ഒരു മുസ്‌ലിം വിശിഷ്ടവ്യക്തിയെ ലഭിക്കുകയെന്നത്, മതന്യൂനപക്ഷങ്ങളെ കുറിച്ചുള്ള ഹിന്ദു കുട്ടികളുടെ വാര്‍പ്പുമാതൃകാ സങ്കല്‍പ്പങ്ങള്‍ തകര്‍ക്കാന്‍ വളരെ സുപ്രധാനമാണെന്ന് ദീര്‍ഘകാല ആര്‍.എസ്.എസ് സേവകനും, മുന്‍ ഭാരവാഹിയുമായ ദിലിപ് ദിയോദര്‍ അടിവരയിട്ടു പറഞ്ഞു.

ഈയ്യടുത്തായി സാമൂഹിക-മതകീയ പ്രതലങ്ങളില്‍ മുസ്‌ലിംകളുമായി ആര്‍.എസ്.എസ് അടുത്തിടപഴകി കൊണ്ടിരിക്കുന്നുണ്ട്. 2015-ല്‍, ആര്‍.എസ്.എസ്സുമായി ബന്ധമുള്ള മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ മുന്നണിപ്പോരാളി ഇന്ദ്രേഷ് കുമാര്‍, മുസ്‌ലിം സ്ത്രീകള്‍ അവരുടെ ‘സഹോദരന്‍മാര്‍ക്ക്’ രാഖി കെട്ടികൊടുക്കുന്ന ഒരു പൊതുപരിപാടി നടത്തിയിരുന്നു. അന്നുമുതല്‍, മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദു ആണ്‍കുട്ടികള്‍ക്കും, തിരിച്ചും രാഖി കെട്ടി കൊടുക്കുന്ന പരിപാടി ഓരോ വര്‍ഷവും മുസ്‌ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിക്കുന്നുണ്ട്.

ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍, സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്, ബോഹ്‌റകളുടെ ആത്മീയനേതാവായ സയ്യിദ്‌നാ മുഫദ്ദലിനെ അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയില്‍ പോയി സന്ദര്‍ശിച്ചിരുന്നു. മേക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് അടക്കമുള്ള പ്രധാനമന്ത്രി മോദിയുടെ നിരവധി സംരഭങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പിന്തുണ നല്‍കിയിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ പ്രാദേശികതലത്തില്‍ വളരെ പ്രശസ്തനായ ഒരു മുസ്‌ലിം ഹോമിയോപ്പതി ഡോക്ടര്‍ക്ക് നല്‍കിയ ഈ സ്വീകരണം ആര്‍.എസ്.എസ് ഘടകങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

‘ഇതൊരു ‘സ്വാഗതാര്‍ഹമായ നീക്കമാണ്’, കൂടാതെ മുസ്‌ലിംകള്‍ക്കിടയിലെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഇത് ആര്‍.എസ്.എസ്സിന് ഗുണം ചെയ്യും’ എന്ന മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ദേശീയ ഉപാധ്യക്ഷന്‍ വിരാഗ് പാച്ച്‌പോറയുടെ പ്രസ്താവന, എതിരാളികള്‍ പങ്കെടുക്കുകയോ, സംഘടിപ്പിക്കുകയോ ചെയ്യുമ്പോള്‍ ‘പ്രീണനം’ എന്ന് മുദ്രകുത്താറുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആര്‍.എസ്.എസ് നിര്‍ബന്ധിതരായിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. ‘ഹോമിയോപ്പതി ഡോക്ടറുടെ സാന്നിധ്യം ആര്‍.എസ്.എസ്സിനെ കുറിച്ചുള്ള മുസ്‌ലിംകളുടെ സംശയങ്ങള്‍ നീക്കംചെയ്യും’ എന്നാണ് നാഗ്പൂരിലെ മഹല്‍ യൂണിറ്റ് സര്‍സംഘ്ചാലക് അജയ് ധഖ്‌റയുടെ അഭിപ്രായം.

അത്തരം പരിപാടികള്‍ പരമ്പരാഗതമായി ആര്‍.എസ്.എസ്സിനും അതിന്റെ പോഷകസംഘങ്ങള്‍ക്കും ഒരു പ്രശ്‌നം തന്നെയായിരുന്നു. തത്ഫലമായി, ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരെയുള്ള സവര്‍ക്കറുടെ ശത്രുതാമനോഭാവം തന്നെയാണ് ആര്‍.എസ്.എസ് നേതൃത്വവും സ്വീകരിച്ചത്. എന്നാല്‍ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കര്‍ മുതല്‍ താഴോട്ടുള്ളവര്‍ വി.ഡി സവര്‍ക്കറുടെ കണ്ണുകളിലൂടെയല്ല മുസ്‌ലിംകളെ നോക്കിക്കണ്ടത്.

മുസ്‌ലിംകള്‍ക്ക് നേരെയുള്ള ഈ ‘തുറന്ന’ സൗഹൃദഹസ്തം, സംഘ്പരിവാറിന്റെ വളര്‍ന്നുവരുന്ന രാഷ്ട്രീയ നിര്‍ബന്ധിതാവസ്ഥയുടെ ഒരു സൂചനയാണ്. 1990-കളുടെ അവസാനം മുതല്‍ക്ക് ഒരു മുഖ്യധാരാ രാഷ്ട്രീയശക്തിയായി പരിവാര്‍ മാറിയപ്പോള്‍, ചുരുങ്ങിയത് തത്വത്തിലെങ്കിലും സാമൂഹിക ഉള്‍ക്കൊള്ളല്‍ അവര്‍ക്ക് അനിവാര്യമായിത്തീര്‍ന്നു.

2002 ഡിസംബറിലാണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് സ്ഥാപിക്കപ്പെട്ടത്, അതായത് ഗുജറാത്ത് വംശഹത്യ നടന്ന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണെന്ന വസ്തുത ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ഗുജറാത്തിന്റെ സാമ്പത്തിക പുനര്‍നിര്‍മാണത്തിന് മുന്‍ഗണന നല്‍കാനുള്ള മോദിയുടെ തീരുമാനവും അതോടൊപ്പം ഉണ്ടായി. മതജാതി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ബിസിനസ്സ്-ജോലി സാധ്യതകള്‍ പ്രദാനം ചെയ്ത ഒരു പ്രക്രിയയാണ് സാമ്പത്തിക പുനര്‍നിര്‍മാണം. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മോദിയുടെ മുദ്രാവാക്യത്തിന്റെ ആരംഭമുഹൂര്‍ത്തമാണത്.

സവര്‍ക്കറുടെ വീക്ഷണത്തില്‍ ആര്‍.എസ്.എസ്സിനുള്ളില്‍ വൈരുദ്ധ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. സംഘടനാ സംസ്ഥാപനത്തില്‍ ഹെഡ്ഗവാറിന് പ്രചോദനം നല്‍കിയെങ്കിലും, സംഘടനയെ പരിഹസിക്കുന്നത കാര്യത്തില്‍ യാതൊരു മയവും സവര്‍ക്കര്‍ കാണിച്ചിരുന്നില്ല. ആര്‍.എസ്.എസ്സുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന ഹിന്ദു മഹാസഭയുടെ നേതൃപദവിയും സവര്‍ക്കര്‍ വഹിച്ചിരുന്നു.

ദസറ ആഘോഷത്തിലേക്ക് ഒരു മുസ്‌ലിമിനെ ക്ഷണിച്ചതിനോടുള്ള പ്രതികരണത്തെ സംഘ്‌നേതൃത്വം നിസ്സംശയം കണക്കിലെടുക്കുക തന്നെ ചെയ്യും. സര്‍സംഘ്ചാലക്, വര്‍ഷത്തിലെ തന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രഭാഷണം നിര്‍വഹിക്കുന്ന പരിപാടിയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് സംഘടനാവൃത്തത്തിന് പുറത്ത് നിന്നുള്ള ഏതെങ്കിലും വ്യക്തിയെ എല്ലായ്‌പ്പോഴും പരിവാര്‍ ക്ഷണിക്കാറുണ്ട്.

വാദ്യാഘോഷമേളകളോടെ പ്രധാന ദസറ ആഘോഷപരിപാടിയെ ഒരു മുസ്‌ലിം അഭിസംബോധന ചെയ്ത സംസാരിക്കുന്നതിനുള്ള കാര്യങ്ങള്‍ തയ്യാറായിട്ടുണ്ടോ എന്ന് പറയാന്‍ സമയമായിട്ടില്ല. അതിന് പക്ഷെ, പ്രകടനപരതക്ക് അപ്പുറത്തേക്ക് സംഘ്പരിവാര്‍ ചലിക്കേണ്ടതായി വരും. കൂടാതെ നിര്‍ബന്ധിതാവസ്ഥക്ക് പകരം ആത്മാര്‍ത്ഥയാല്‍ സംഘ്പരിവാര്‍ നയിക്കപ്പെടേണ്ടതായും വരും.

മൊഴിമാറ്റം: Irshad Shariati
അവലംബം: The economic times

Related Articles