Current Date

Search
Close this search box.
Search
Close this search box.

ആരാണ് എന്റെ ജീവിതം തിരിച്ചു തരിക!

nisar.jpg

അയാള്‍ക്ക് നടക്കാനും, ഉറങ്ങാനും കഴിയുമായിരുന്നില്ല. അതാണ് ജയ്പൂര്‍ ജയിലിലെ 23 വര്‍ഷത്തെ തടവുജീവിതം അയാളില്‍ ബാക്കിവെച്ചത്. ജയിലിന് പുറത്ത് തന്നേക്കാള്‍ രണ്ട് വയസ്സിന് മൂത്ത സഹോദരന്‍ സഹീറുദ്ദീന്‍ അഹ്മദ് നിസാറുദ്ദീന്‍ അഹ്മദിനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ‘കാലുകള്‍ക്ക് അതിയായ ഭാരം അനുഭവപ്പെട്ടു. ശരീരമാകെ ഒരു മരവിപ്പ്. ഒരു നിമിഷത്തേക്ക്, ജയില്‍മോചിതനായിരിക്കുന്നു എന്ന കാര്യം പോലും ഞാന്‍ മറന്നുപോയി.’ നിസാറുദ്ദീന്‍ പറയുന്നു.

ചുമത്തപ്പെട്ട എല്ലാ കേസുകളിലും നിരപരാധികളാണെന്ന് കണ്ട് എത്രയും പെട്ടെന്ന് വിട്ടയക്കാന്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി മെയ് 11 വിധിപറഞ്ഞപ്പോള്‍, ജയ്പൂര്‍ ജയിലില്‍ നിന്നും പുറത്തുവന്ന മൂന്ന് പേരില്‍ ഒരുവനാണ് നിസാര്‍. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടന്ന അഞ്ച് തീവണ്ടി സ്‌ഫോടന കേസുകളാണ് അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. സംഭവത്തില്‍ രണ്ട് യാത്രക്കാര്‍ കൊല്ലപ്പെടുകയും, എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിരപരാധികളാണെന്ന് തെളിഞ്ഞ് വിട്ടയക്കപ്പെടുമ്പോഴേക്കും, അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടം അവരുടെ കുടുംബങ്ങളെ എല്ലാംകൊണ്ടും തകര്‍ത്തു കഴിഞ്ഞിരുന്നു.

‘ജീവിതത്തിന്റെ നല്ലൊരു ഭാഗം, 8150 ദിവസം ഞാന്‍ ജയിലിനുള്ളിലാണ് കഴിഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം ജീവിതം അവസാനിച്ചിരിക്കുന്നു. നിങ്ങളിപ്പോള്‍ കാണുന്നത് എന്റെ ജഡമാണ്. അവരെന്നെ തടവറയിലേക്ക് വലിച്ചെറിയുമ്പോള്‍ എനിക്ക് 20 വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. ഇന്നെനിക്ക് 43 വയസ്സ്. എന്റെ അനിയത്തിയെ ഞാന്‍ അവസാനമായി കാണുമ്പോള്‍ അവള്‍ക്ക് 12 വയസ്സായിരുന്നു പ്രായം. ഇന്ന് അവളുടെ മകള്‍ക്ക് വയസ്സ് 12. എന്റെ സഹോദര/സഹോദരീ പുത്രിക്ക് അന്ന് ഒരു വയസ്സേ ആയിട്ടുണ്ടായിരുന്നുള്ളു. ഇപ്പോള്‍ അവളുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. എന്നേക്കാള്‍ രണ്ട് വയസ്സ് ഇളയതായിരുന്ന എന്റെ കസിന്‍, ഇന്നൊരു മുത്തശ്ശിയാണ്. ഒരു തലമുറയോടൊപ്പമുള്ള ജീവിതമാണ് എനിക്ക് പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്’

ജയ്പൂരിലെ ഒരു ഹോട്ടലിലാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യരാത്രി നിസാര്‍ ചെലവിട്ടത്. ‘ഹോട്ടല്‍ മുറിയിലെ ബെഡില്‍ കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. നിലത്ത് വിരിച്ച ഒരു നേരിയ പുതപ്പിന് പുറത്താണ് ഈ വര്‍ഷങ്ങളൊക്കെയും ഞാന്‍ കിടന്നുറങ്ങിയത്’, അദ്ദേഹം പറഞ്ഞു.

1995 ജനുവരി 15-ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലുള്ള തന്റെ വീടിന് സമീപത്ത് നിന്നും പോലിസ് തന്നെ പിടിച്ചുകൊണ്ടു പോയത് നിസാര്‍ ഓര്‍ക്കുന്നുണ്ട്. അന്ന് അദ്ദേഹം രണ്ടാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിയായിരുന്നു. ’15 ദിവസം കഴിഞ്ഞ് എനിക്കൊരു പരീക്ഷ ഉണ്ടായിരുന്നു. കോളേജിലേക്ക് പോകുന്ന വഴിയില്‍ ഒരു പോലിസ് വാഹനം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തോക്ക് ചൂണ്ടി വന്ന ഒരാള്‍ എന്നെ ബലംപ്രയോഗിച്ച് വാഹനത്തിലേക്ക് കയറ്റി. എന്റെ അറസ്റ്റിനെ കുറിച്ച് കര്‍ണാടക പോലിസിന് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ഹൈദരാബാദില്‍ നിന്നും വന്ന സംഘമായിരുന്നു അത്. അവര്‍ എന്നെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി.’ നിസാര്‍ പറഞ്ഞു.

1994 ഫെബ്രുവരി 28-ന് നിസാറിനെ കോടതിയില്‍ ഹാജറാക്കിയിരുന്നു എന്ന് രേഖകളില്‍ ഉണ്ട്. അങ്ങനെയാണ് നിസാര്‍ എവിടെയുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയുന്നത്. നിസാറിന് രണ്ട് സഹോദരന്‍മാരും രണ്ട് സഹോദരിമാരുമാണുള്ളത്. മുംബൈയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന മൂത്ത സഹോദരന്‍ സഹീറുദ്ദീനെ ആ ഏപ്രില്‍ മാസം അവര്‍ പൊക്കിയിരുന്നു.

‘ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയുള്ള ആ ഒറ്റയാള്‍ പോരാട്ടത്തില്‍ പിതാവ് നൂറുദ്ദീന്‍ അഹ്മദിന് എല്ലാം നഷ്ടപ്പെടുത്തേണ്ടി വന്നു. 2006-ല്‍ മരണപ്പെടുന്നത് വരേക്കും പ്രതീക്ഷയുടെ ഒരു കിരണം പോലും കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ഇ്‌നി ഒന്നും തന്നെ ബാക്കിയില്ല.’

‘ഒരു കുടുംബത്തിന്റെ ആകെയുള്ള രണ്ട് ആണ്‍തരികളും ജയിലില്‍ അടക്കപ്പെട്ടാലുള്ള അവസ്ഥ എന്താണെന്ന് ആ്ര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല.’ നിസാറിന്റെ സഹോദരന്‍ സഹീര്‍ പറഞ്ഞു. നിസാറിനെ പോലെ തന്നെ ജീവപരന്ത്യം തടവിനായിരുന്നു സഹീറും ശിക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ജയിലില്‍ വെച്ച് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചതിനാല്‍, ആരോഗ്യസ്ഥിതി പരിഗണിച്ച് 2008 മെയ് 9-ന് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ‘ഒരൊറ്റ കാര്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു ഞാന്‍ കേസിന് പിന്നാലെ പോയത്. ഞങ്ങളെങ്ങനെയാണ് കുറ്റവാളികളായി മാറിയതെന്ന് ചോദിച്ചു കൊണ്ട് ഞാന്‍ നിരന്തരം കോടതിയില്‍ അപേക്ഷ നല്‍കികൊണ്ടിരുന്നു. അവസാനം, ഞങ്ങളെയും, മറ്റു രണ്ടുപേരെയും നിരപരാധികളായി പ്രഖ്യാപിച്ചു കൊണ്ട് സുപ്രീംകോടതി വിധിപുറപ്പെടുവിച്ചു’. സഹീര്‍ പറഞ്ഞു.

1993 ഡിസംബര്‍ 5-6-ലെ രാത്രിയില്‍ കോട്ട, ഹൈദരാബാദ്, സൂറത്ത്, കാണ്‍പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നടന്ന അഞ്ച് വ്യത്യസ്തമായ തീവണ്ടി സ്‌ഫോടനങ്ങളുമായി പോലീസ് രേഖകള്‍ രണ്ടു പേരെയും ബന്ധിപ്പിച്ചു. ബാംഗ്ലൂര്‍ കുര്‍ള എക്‌സ്പ്രസ്സില്‍ സ്ഥാപിച്ചിരുന്ന ബോംബ് ഒരു യാത്രികന്‍ കണ്ടെത്തുകയും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു.

നിസാറിനെയും, സഹീറിനെയും കൂടാതെ ഗുല്‍ബര്‍ഗയിലെ അവരുടെ അയല്‍വാസിയും, കാര്‍ മെക്കാനിക്കുമായിരുന്ന മുഹമ്മദ് യൂസഫിനെയും ഹൈദരാബാദ് പോലിസ് പൊക്കി. ആദ്യം, 1993 ഒക്ടോബറില്‍ ഹൈദരാബാദിലെ ഒരു മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ഒരു ബോംബ് സ്‌ഫോടന കേസായിരുന്നു അവരുടെ മേല്‍ ചാര്‍ത്തിയിരുന്നത്. ആബിദ് റോഡ് പോലിസ് സ്‌റ്റേഷനിലായിരുന്നു ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ആ വര്‍ഷം തന്നെ ആഗസ്റ്റിലും, സെപ്റ്റംബറിലും നടന്ന ചില തെളിയിക്കപ്പെടാത്ത ബോംബ് സ്‌ഫോടന കേസുകളും അവരുടെ മേല്‍ കെട്ടിവെക്കപ്പെട്ടു. തൊട്ടുടനെ തന്നെ, തീവണ്ടി ബോംബ് സ്‌ഫോടന പരമ്പരയും അവരുടെ തലയില്‍ വെച്ചുകെട്ടി.

കസ്റ്റഡിയില്‍ വെച്ച് എടുത്തു എന്ന് പറയപ്പെടുന്ന അവരുടെ കുറ്റസമ്മത മൊഴികള്‍ മാത്രമായിരുന്നു പോലിസിന്റെ പക്കല്‍ ആകെയുണ്ടായിരുന്ന തെളിവ് എന്ന് പറയുന്നത്. പിന്നീട് വന്ന ടാഢ എന്ന ഭീകരനിയമത്തിന്റെ വകുപ്പുകള്‍ പ്രകാരം ആ തെളിവുകള്‍ സ്വീകാര്യമായി തീര്‍ന്നു.

നിസാര്‍, സഹീര്‍, യൂസഫ് എന്നിവരുടെ കുറ്റസമ്മത മൊഴികള്‍ ആബിദ് റോഡ് പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഹൈദരാബാദ് പോലീസ് ഉദ്യോഗസ്ഥരാണ് എടുത്തത് എന്നാണ് കോടതി രേഖകളില്‍ പറയുന്നത്.

‘06.12.1993 തിയ്യതിയില്‍ എ.പി എക്‌സ്പ്രസ്സ് കംപാര്‍ട്ട്‌മെന്റില്‍ ബോംബ് സ്ഥാപിച്ചതിലുള്ള തന്റെ പങ്ക് നിസാര്‍ സമ്മതിച്ചുവെന്നും, അന്നേ ദിവസം തന്നെ കെ.കെ എക്‌സപ്രസ്സില്‍ സ്ഥാപിക്കാന്‍ വേണ്ടിയുള്ള രണ്ട് ബോംബുകള്‍ അയാളുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നും, പക്ഷെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാല്‍ ബോംബുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ്’ പോലിസിന്റെ അവകാശവാദം. ഇതുപോലെ തന്നെ മറ്റുള്ളവരും തീവണ്ടി സ്‌ഫോടനങ്ങളിലെ തങ്ങളുടെ പങ്ക് സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍, ഈ കുറ്റസമ്മത മൊഴികളിലൊന്നില്‍ പോലും, ആദ്യം അവര്‍ അറസ്റ്റ് ചെയ്യപ്പെട്ട കേസിനെ കുറിച്ചുള്ള യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല.

ഓരോ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലെ പോലിസ് സേനകള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടെ, കേസന്വേഷണം ഗവണ്‍മെന്റ് സി.ബി.ഐ-ക്ക് കൈമാറി.

ഗുല്‍ബര്‍ഗയില്‍ നിന്നുള്ള ഈ മൂന്ന് പേരെ കൂടാതെ, വേറെ 13 പേര്‍ക്ക് എതിരെയും സി.ബി.ഐ കേസ് ഫയല്‍ ചെയ്തു. മുംബൈയില്‍ നിന്നുള്ള ജലീസ് അന്‍സാരിയും അവരില്‍പ്പെടും. ഇയാളെയാണ് സ്‌ഫോടനങ്ങളുടെ ബുദ്ധികേന്ദ്രമായി അവതരിപ്പിച്ചത്. ബാബരി മസ്ജിദ് ധ്വംസനത്തിന് പ്രതികാരം ചെയ്യാന്‍ വേണ്ടിയാണത്രെ അയാള്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്.

1996 മെയ് 21-ന്, ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി, കേസില്‍ നിന്നും ടാഡ വകുപ്പുകള്‍ റദ്ദു ചെയ്തു കൊണ്ട് വിധി പുറപ്പെടുവിച്ചു.  ഈ വിധിയെ ആന്ധ്രാ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നേരിട്ടു.

2001 ജൂലൈ 17-ന്, ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തങ്ങള്‍ നല്‍കിയ അപ്പീലുകള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുകയുണ്ടായി. പിന്നീട് കേസിലെ ടാഢ വകുപ്പുകള്‍ ദുര്‍ബലപ്പെടുകയും, പ്രസ്തുത കുറ്റസമ്മത മൊഴികളുടെ ആധികാരികത നഷ്ടപ്പെടുകയും ചെയ്തു.

1994 മാര്‍ച്ച് 11-ന് ഡി.സി.പി കെ.വി റെഡ്ഢി എടുത്ത് എന്ന് പറയപ്പെടുന്ന നിസാറിന്റെ കുറ്റസമ്മതമൊഴി, 1994 ഫെബ്രുവരി 27-ന് പോലിസ് ഇന്‍സ്‌പെക്ടര്‍ ബി. ശ്യാമ റാവു എടുത്ത് എന്ന് പറയപ്പെടുന്ന മറ്റൊരു കുറ്റസമ്മതമൊഴിയുടെ പദാനുപദ പകര്‍പ്പായിരുന്നു. അത് ഒപ്പു വെക്കപ്പെട്ടിട്ട് പോലുമുണ്ടായിരുന്നില്ല.

‘അത് വ്യാജമായി ഉണ്ടാക്കിയതായിരുന്നു. ഞാനത് ഉന്നയിച്ചു കൊണ്ടിരുന്നു,’ നിസാര്‍ പറഞ്ഞു. ഹൈദരാബാദിലെ വിചാരണകോടതി, 2007-ല്‍ ആരോപണവിധേയരായ എല്ലാവരെയും വെറുതെ വിട്ടു.

ടാഡ പിന്‍വലിച്ചതോടെ ഹൈദരാബാദില്‍ കുറ്റസമ്മതമൊഴികളുടെ നിയമപ്രാബല്യം നഷ്ടപ്പെട്ടുവെങ്കിലും, അതേ കുറ്റസമ്മതമൊഴികള്‍ അജ്മീറില്‍ വെച്ച് ഞങ്ങള്‍ക്കെതിരെ ഉപയോഗിക്കപ്പെട്ടു,’ നിസാര്‍ പറഞ്ഞു.

1999-ല്‍ പരോളിലിറങ്ങിയ കുറ്റാരോപിതരില്‍ ഒരാള്‍ അപ്രത്യക്ഷനായി. 2004 ഫെബ്രുവരി 28-ന്, നിസാര്‍, സഹോദരന്‍ സഹീര്‍, യൂസുഫ് എന്നിവരടക്കമുള്ള 15 പേര്‍ കുറ്റക്കാരാണെന്ന് അജ്മീറിലെ ടാഢ കോടതി വിധിക്കുകയും, ജീവപരന്ത്യം തടവിന് ശിക്ഷിക്കുകയും ചെയ്തു. കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം 2012-ല്‍ വിട്ടയക്കപ്പെട്ടു.

ടാഡ കോടതിയുടെ വിധിക്കെതിരെ അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. സഹീര്‍, നിസാര്‍, യൂസുഫ് എന്നിവരടക്കമുള്ള നാല് കുറ്റാരോപിതരുടെ കുറ്റസമ്മത മൊഴികള്‍ ‘നിയമത്തിന്റെ പിന്‍ബലമില്ലാത്തതും, വിശ്വസിക്കാന്‍ കൊള്ളാത്തതുമാണെന്ന്’ ജസ്റ്റിസ് ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുല്ലയും, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതും നിരീക്ഷിച്ചു. കുറ്റസമ്മത മൊഴികള്‍ അല്ലാതെ മറ്റുവിധത്തിലുള്ള തെളിവുകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ അവരുടെ മേലുള്ള ശിക്ഷാവിധി ഒരിക്കലും ശരിവെക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു.

‘സ്വാതന്ത്ര്യം തിരിച്ചുതന്നതിന് ഞാന്‍ സുപ്രീംകോടതിയോട് നന്ദിയുള്ളവനാണ്. പക്ഷെ, ആരാണ് എന്റെ ജീവിതം തിരികെ നല്‍കുക?’ നിസാര്‍ ചോദിച്ചു.

‘അവരുടെ കുറ്റസമ്മതമൊഴിയാണ് കേസിന്റെ തുടക്കവും അവസാനവും’ കുറ്റാരോപിതരില്‍ നിസാര്‍, സഹീര്‍ എന്നിവരടക്കമുള്ള അഞ്ച് പേര്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡ്വക്കേറ്റ് നിത്യ രാമകൃഷ്ണന്‍ പറഞ്ഞു.

മറ്റു പത്തുപേര്‍ക്ക് മേലുള്ള കുറ്റങ്ങള്‍ സുപ്രീംകോടതി ശരിവെച്ചു. അവരില്‍ ഒരാള്‍ക്ക് 85, മറ്റൊരാള്‍ക്ക് 79, മൂന്നാമതൊരാള്‍ക്ക് 74 എന്നിങ്ങനെയാണ് പ്രായം. ‘ജയിലില്‍ കിടന്ന് മരിക്കാനാണ് അവരുടെ വിധി,’ നിസാര്‍ പറഞ്ഞു.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles