Current Date

Search
Close this search box.
Search
Close this search box.

ആഫിയ സിദ്ധീഖിയുടെ മാതാവ് ഒബാമക്കെഴുതിയ കത്ത്

afiaya-mother.jpg

രാഷ്ട്രീയ തടവുകാരിയായി ആഫിയ സിദ്ധീഖിയുടെ ഉമ്മ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് അയച്ച തുറന്നകത്താണിത്. ഡോ. ഫൗസിയ സിദ്ധീഖിയും അവരുടെ ഉമ്മ ഇസ്മത്തും കറാച്ചിയിലെ കുടുംബവീട്ടിലാണ് താമസിക്കുന്നത്. വിചാരണക്കും തടവിലിടുന്നതും വേണ്ടി ആഫിയയെ അമേരിക്കയിലേക്ക് കൊണ്ടുപോയതോടെ ഒറ്റക്കായ അവരുടെ കുട്ടികള്‍ ഇപ്പോള്‍ ഫൗസിയയുടെ കൂടെയാണ് താമസം. 2003-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത് മുതല്‍ക്ക് തന്നെ ആഫിയയുടെ മോചനത്തിന് വേണ്ടി ഇവര്‍ വളരെയധികം പരിശ്രമിച്ചിരുന്നു. ജൂഡി ബെല്ലോയാണ് ഈ കത്ത് പകര്‍ത്തിയെഴുതിയത്.

ബറാക് ഒബാമ
പ്രസിഡന്റ്
വൈറ്റ് ഹൗസ്
വാഷിംഗ്ടണ്‍, ഡി.സി 20500

പ്രിയപ്പെട്ട പ്രസിഡന്റ്,

എന്റെ പേര് ഇസ്മത്ത് സിദ്ധീഖി. ഞാനൊരു ഉമ്മയും, വല്യുമ്മയും, വിധവയുമാണ്. പക്ഷെ ഏറ്റവും പ്രധാനമായി ഞാന്‍ നിങ്ങളുടെ സഹജീവി കൂടിയാണെന്ന് ഓര്‍മപ്പെടുത്തുന്നു. എന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഞാനിത് എഴുതുന്നത്. അതുകൊണ്ടു തന്നെ എന്റെ ആവശ്യം ഒരു അത്യാവശ്യമാണെന്ന് താങ്കള്‍ക്ക് ഉടന്‍ തന്നെ ബോധ്യമാകും.

ആഫിയ സിദ്ധീഖി ഇന്ന് എല്ലാവരുടെയും മകളാണ്. പക്ഷെ അവള്‍ എന്റെ മകള്‍ കൂടിയാണ്.

മിസ്റ്റര്‍ പ്രസിഡന്റ്, എന്റെ മകള്‍ ആഫിയ സിദ്ധീഖിയെ കുറിച്ച് താങ്കള്‍ കുറച്ചെങ്കിലും കേട്ടിരിക്കും. അശുഭകരമായ കാര്യങ്ങളായിരിക്കും അവയില്‍ കൂടുതലും. അവളെ കുറിച്ചുള്ള അഭ്യൂഹങ്ങളും വാഴ്ത്തലുകളും കൊണ്ട് നിറഞ്ഞ മില്ല്യണ്‍ കണക്കിന് പേജുകള്‍ ഇന്റര്‍നെറ്റിലും മാധ്യമങ്ങളിലും ലഭ്യമാണ്. പിന്തുണക്കുന്നവര്‍ അവള്‍ മാലാഖയായി വാഴ്ത്തുന്നു, എതിര്‍ക്കുന്നവര്‍ പൈശാചികതയുടെ മൂര്‍ത്തീരൂപമായി അവളെ ചിത്രീകരിക്കുന്നു. ഇവക്കെല്ലാമിടയില്‍ ഒരു മനുഷ്യജീവിയെ കുറിച്ചുള്ള യഥാര്‍ത്ഥ സത്യം മറഞ്ഞ് കിടക്കുകയാണ്. ആഫിയ സിദ്ധീഖി മൂന്ന് കുട്ടികളുടെ മാതാവും, ബുദ്ധിമതിയായ ഒരു മുസ്‌ലിം സ്ത്രീയുമാണ് എന്നതാണ് സത്യം. സഹജീവികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലായിരുന്നു അവള്‍ സന്തോഷം കണ്ടെത്തിയിരുന്നത്, അതിനോട് മാത്രമായിരുന്നു അവളുടെ അഭിനിവേശം. അതിന് വേണ്ടിയാണ് അവള്‍ എം.ഐ.ടി, അമേരിക്കയിലെ ബ്രാന്‍ഡീസ് തുടങ്ങിയ ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദങ്ങള്‍ കരസ്ഥമാക്കിയതും. എന്നാല്‍, 2001 സെപ്റ്റംബര്‍ 11-ന് ശേഷം, മറ്റുപലരെയും പോലെ ആഫിയയും ഭീകരവിരുദ്ധ യുദ്ധത്തിന്റെ ഇരയായി മാറുന്ന കാഴ്ച്ചയാണ് എനിക്ക് കാണേണ്ടി വന്നത്.

രോഗബാധിതയായ ഒരു മാതാവ് പറയുന്ന ദുഃഖസാന്ദ്രമായ ഒരു കഥയല്ലിത്. ഏറ്റവും സംസ്‌കാര സമ്പന്നരെന്ന് സ്വയം അവകാശപ്പെടുന്നവര്‍ നടത്തിയ ക്രൂരമായ മര്‍ദ്ദനത്തിന്റെയും പീഢനത്തിന്റെയും, വഞ്ചനയുടെയും, അപമാനിക്കലിന്റെയും യഥാര്‍ത്ഥ്യങ്ങളാണ് എനിക്ക് പറയാനുള്ളത്. മുന്‍വിധിയോടെയുള്ള വിധിപറച്ചിലുകളില്‍ നിന്നും മുക്തമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു രാഷ്ട്രം നടത്തിയ മുന്‍വിധിയോടെയുള്ള തീര്‍പ്പുകല്‍പ്പിക്കലിന്റെ വിരോതിഹാസമാണിത്. ഇത് കേവലം ഒരു സ്ത്രീയുടെ ദുരിതാനുഭവങ്ങള്‍ മാത്രമല്ല, ലോകത്തിലെ ഏറ്റവും ശക്തമായ ഒരു രാഷ്ട്രത്തിനും അതിന്റെ ഭരണാധികാരികള്‍ക്കുമേറ്റ ഒരു കളങ്കംകൂടിയാണിത്. സര്‍, രണ്ട് അമേരിക്കന്‍ ഭരണാധികാരികളുടെ നാണംകെട്ടപൈതൃകമായി ഇത് വാഴ്ത്തപ്പെടും. ഭീകരമായ ഈ കേസിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല, പ്രോസിക്യൂട്ടര്‍മാരില്‍ നിന്നും കേസിനെ കുറിച്ചുള്ള ‘വസ്തുതകള്‍’ താങ്കള്‍ക്ക് എളുപ്പും ലഭ്യമാവുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ, ഇന്റര്‍നാഷണല്‍ ജസ്റ്റിസ് നെറ്റ്‌വര്‍ക്ക് തയ്യാറാക്കിയ ഒരു ഫാക്റ്റ് ഷീറ്റ് ഞാന്‍ ഇതോടൊപ്പം വെക്കുന്നുണ്ട്. താങ്കള്‍ അത് ശ്രദ്ധിക്കുമെന്നും കേസിന് മറ്റൊരു വശംകൂടിയുണ്ടെന്ന് മനസ്സിലാക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. താങ്കളൊരു അതിസമര്‍ത്ഥനായ അഡ്വേക്കറ്റാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഹാര്‍വാര്‍ഡിലെ താങ്കളുടെ സമകാലികരില്‍ ഉന്നതസ്ഥാനം താങ്കള്‍ക്കായിരുന്നല്ലോ. അതുകൊണ്ടു തന്നെ കെട്ടുകഥകളില്‍ നിന്നും യഥാര്‍ത്ഥ വസ്തുതകളെ തിരിച്ചറിയാന്‍ താങ്കള്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

മിസ്റ്റര്‍ പ്രസിഡന്റ്, എന്റെ മകള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടു, കുട്ടികളില്‍ നിന്നും അകറ്റപ്പെട്ടു, മര്‍ദ്ദനത്തിന് ഇരയായി, വെടിയേറ്റു, ചങ്ങലക്കിട്ട് പീഢിപ്പിക്കപ്പെട്ടു, പൂര്‍ണ്ണനഗ്നയാക്കി പരിശോധനക്ക് വിധേയമാക്കപ്പെട്ടു, ഒരു മാതാവിന്റെ ഹൃദയം വേദനകൊണ്ട് പൊട്ടിപ്പിളരാന്‍ ഇതിലധികം ഇനിയെന്ത് വേണം. ഇപ്പോഴും മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ച് കൊണ്ടുള്ളതും, മാനുഷികത തൊട്ട് തീണ്ടാത്തതുമായ രീതിയിലാണ് അവളുടെ തടവ് ജീവിതം. ഒരു വിധത്തിലുള്ള മാനുഷിക പരിഗണനയും അവള്‍ ലഭിക്കുന്നില്ല.

വെടിയുണ്ടയേറ്റ പരിക്കുകളോടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ വന്നിറങ്ങിയ അവള്‍ക്ക് ഒരു മാസത്തോളം എല്ലാവിധത്തിലുമുള്ള ചികിത്സയും നിഷേധിക്കപ്പെട്ടു. ന്യൂയോര്‍ക്കിലായിരുന്നപ്പോഴും, ഫോര്‍ട്ട് വര്‍ത്തിലെ കാര്‍സ്‌വെല്‍ മെഡിക്കല്‍ ഫെസിലിറ്റിയിലായിരുന്നപ്പോഴും അവളെ പിടിച്ചുകൊണ്ടുപോയവര്‍, വക്കീലുമാരുമായി സഹകരിക്കരുതെന്ന് അവളെ നിരന്തരം ഭീഷണിപ്പെടുത്തുകയുണ്ടായി. അഥവാ സഹകരിക്കുകയാണെങ്കില്‍ കഠിനമായ പീഢനത്തിന് ഇരയാകേണ്ടി വരുമെന്നായിരുന്നു ഭീഷണി. കഠിനമായ തിരിച്ചടിയുണ്ടാവുമെന്ന് ഭയന്ന് കൊണ്ട് തന്നെയാണ് കുടുംബത്തിന് പോലും കാണാന്‍ സാധിക്കാത്ത വിധത്തില്‍ അവളെ തടവില്‍ പാര്‍പ്പിച്ചത്. കഠിനമായ പരീക്ഷണങ്ങളിലൂടെ അവള്‍ കടന്ന് പോകാന്‍ തുടങ്ങിയിട്ടിപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു. അഞ്ച് വര്‍ഷം രഹസ്യതടങ്കലിലും, ഏഴ് വര്‍ഷം ഭരണകൂടത്തിന്റെ ഒത്താശയോടെയുള്ള തടങ്കലിലും അവള്‍ കഴിയേണ്ടി വന്നു.

അവള്‍ക്ക് 17 വയസ്സ് പ്രായമുള്ളപ്പോഴാണ് ഞാന്‍ അവളെ താങ്കളുടെ രാജ്യത്തേക്ക് അയച്ചത്. ലോകത്ത് മറ്റെവിടെയും ലഭിക്കാത്ത വിദ്യാഭ്യാസം അവള്‍ക്ക് അവിടെ ലഭിക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. കരുണയും, നീതിയുമാണ് ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളെന്നും, ആവശ്യക്കാരും, നിസ്സഹായരുമായ ആളുകളെ സഹായിക്കണമെന്നും ഞാന്‍ അവളെ പഠിപ്പിച്ചിരുന്നു. പക്ഷെ ആ മൂല്യങ്ങളെല്ലാം താങ്കള്‍ വിസ്മരിച്ചു കളഞ്ഞിരിക്കുന്നോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു. എന്തിനാണ് അന്ന് ഉമ്മയോടൊപ്പം ഞങ്ങളെയും കൂടി തട്ടിക്കൊണ്ടു പോയി പീഢിപ്പിച്ചതെന്ന് അമേരിക്കന്‍ പൗരന്‍മാര്‍ കൂടിയായ അവളുടെ കുഞ്ഞുങ്ങള്‍ ചോദിക്കുന്നു. താങ്കള്‍ക്ക് അതിനുള്ള ഉത്തരം നല്‍കാന്‍ കഴിയുമോ?

സമാധാനത്തോടും, നീതിയോടും, അതിലുപരി ദൈവത്തോടും ആത്മാര്‍ത്ഥ പുലര്‍ത്തിയ വ്യക്തിയാണ് ആഫിയ. അവളൊരു ഭീകരവാദിയല്ല. തന്റെ അറിവ് കൊണ്ട് ലോകത്തിന്റെ ഇരുട്ട് നിറഞ്ഞ മൂലകളില്‍ അത്യുജ്ജല പ്രകാശം ചൊരിയാന്‍ അവള്‍ക്ക് കഴിയുമായിരുന്നു. ശൈശവ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട അവളുടെ ഗവേഷണം ലോകത്തിന്റെ എല്ലായിടത്തുമുള്ള മില്ല്യണ്‍ കണക്കിന് കുട്ടികള്‍ക്ക് ഒരു വലിയ സഹായമായി മാറുമായിരുന്നു. എന്നത്തേക്കാളുമുപരി മൂല്യങ്ങള്‍ തേടുന്ന ഇന്നത്തെ ലോകത്തിന് ഒരു മുതല്‍ക്കൂട്ടായി മാറുമായിരുന്നു എന്റെ മകള്‍.

വര്‍ത്തമാന കാലത്തെ ഈ നീതി നിഷേധത്തിന് അന്ത്യം കുറിക്കാന്‍ താങ്കളുടെ പ്രസിഡന്റ് പദവി ഉപയോഗിക്കാന്‍ വിനീതമായി ഞാന്‍ അപേക്ഷിക്കുന്നു. മുസ്‌ലിം ലോകത്തിന്റെ മുഴുവന്‍ സ്‌നേഹവും നേടാന്‍ ആ ഒരു നീക്കത്തിലൂടെ താങ്കള്‍ക്ക് കഴിയും. മില്ല്യണ്‍ കണക്കിന് വരുന്ന ഡോളര്‍ ധനസഹായം നല്‍കിയത് കൊണ്ട് ചിലപ്പോള്‍ അത് നേടാന്‍ കഴിഞ്ഞെന്ന് വരില്ല. മരണത്തോട് അടുത്ത് നില്‍ക്കുന്ന ഒരു മാതൃഹൃദയത്തിന് സാന്ത്വനമേകാന്‍ താങ്കളുടെ ഒരു ഉത്തരവ് കൊണ്ട് സാധിക്കും. ആഫിയയുടെ പിതാവിന്റെ സ്ഥാനത്ത് താങ്കള്‍ ഒരുനിമിഷം താങ്കളെ പ്രതിഷ്ഠിക്കുക. എന്നിട്ടൊന്ന് ആലോചിച്ച് നോക്കൂ. താങ്കളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ താങ്കളോട് പറയുന്നതെല്ലാം അവഗണിക്കുക, എന്റെ മകള്‍ ആര്‍ക്കും ഒരു ഭീഷണയല്ലെന്ന് എനിക്കുറപ്പ് നല്‍കാന്‍ കഴിയും. അവളെ സ്വതന്ത്രയാക്കുന്നതിലൂടെ താങ്കളുടെ ശക്തിയും മഹത്വവും വര്‍ദ്ധിക്കുക മാത്രമേയുള്ളു.

താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി,
ഇസ്മത്ത് സിദ്ധീഖി

(ആഫിയ മൂവ്‌മെന്റ് അംഗമാണ് ജൂഡി ബെല്ലോ)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles