Current Date

Search
Close this search box.
Search
Close this search box.

ആക്ഷേപകരുടെ രക്തം കൊണ്ടല്ല ഇസ്‌ലാം വളര്‍ന്നത്

MATHRUBHUMI.jpg

കയ്യൂക്ക് കാര്യംനേടുന്ന കാലത്ത്, ചിന്തിയ ചോരയുടെയും കുടിച്ച മദ്യത്തിന്റെയും കൊന്നുതള്ളിയ തലകളുടെയും എണ്ണം പറഞ്ഞ് വീരസ്യം നടിക്കുന്ന അജ്ഞത മുറ്റിയകാലത്ത്, എല്ലാ തെമ്മാടിത്തത്തിന്റെയും ആദ്യ സ്രോതസ്സ് അജ്ഞതയാണെന്ന് തെളിയിച്ച് വായിക്കാനും പഠിക്കാനും സത്യം കണ്ടെത്താനും പഠിപ്പിച്ച ദൈവികദീനിനെ ജീവിച്ചു കാണിച്ച മഹാന്‍. കഴുത്തിലണിയിച്ച കുടല്‍മാലയുടെ ദുര്‍ഗ്ഗന്ധം വമിക്കുന്ന ഭാരംകൊണ്ട് തലപൊന്തിക്കാനാവാതെ തളര്‍ന്നുപോയിട്ടും വാക്കുകൊണ്ടുപോലും പ്രതികരിക്കാതിരുന്ന സഹനത്തിന്റെ പ്രവാചകന്‍. ചപ്പുചവറുകള്‍ വാരിയെറിഞ്ഞ് അപമാനിക്കാന്‍ ശ്രമിക്കുന്ന ജൂതപ്പെണ്ണിനെ കാണാതായപ്പോള്‍ അവളുടെ സുഖവിവരമന്വേഷിച്ചു ചെന്ന മനുഷ്യസ്‌നേഹിയായ പ്രവാചകന്‍. വെള്ളവും ഭക്ഷണവും കിട്ടാതെ പച്ചില തിന്നുപോലും ജീവിക്കേണ്ടി വന്ന മഹാത്മാവ്. ഇരുപത്തിമൂന്ന് വര്‍ഷംകൊണ്ട് ഇന്നോളം ലോകത്തിന് മാതൃകയില്ലാത്ത സമത്വലോകം കാഴ്ചവെച്ച ദൈവിക ദൂതന്‍. ആ പ്രവാചകന്‍ വിട്ടേച്ചുപോയ ദൈവിക ദീനിനെ സംരക്ഷിക്കാനാണോ നാം ഒരുപിടി കടലാസ്സുകള്‍ കത്തിച്ചു പ്രതിഷേധിച്ചത്.

നാം വായിച്ചുകേട്ട ഒന്നാം ലോകയുദ്ധവും രണ്ടാം ലോകയുദ്ധവും വിജയിച്ചതും നടന്നതും ആയുധബലത്തിലാണ്. എന്നാല്‍ നമ്മുടെ കണ്‍മുന്നിലൂടെ കണ്ട യുദ്ധങ്ങള്‍ സാമ്രാജ്യത്വവും ഇസ്‌ലാം വിരോധികളും വിജയിപ്പിച്ചെടുത്തതും ആയുധബലത്തിലല്ല. അക്ഷരബലത്തിലും വിവരബലത്തിലുമാണ്. മിസൈലും റോക്കറ്റും മാത്രമല്ല അവരുടെ യുദ്ധപണിയായുധങ്ങള്‍. പേനയും കടലാസും കൂടിയാണ്. പെട്ടെന്നു പ്രകോപിതരാവുന്നവര്‍ എന്നാണ് മുസ്‌ലിം യുവത്വത്തെക്കുറിച്ച് വിരോധികള്‍ നിര്‍മ്മിച്ചെടുത്ത പര്യായം. അതിനവര്‍ ആയുധമാക്കിയത് അക്ഷരങ്ങളെ തന്നെയാണ്. പത്രങ്ങളും ചാനലുകളും തന്നെയായിരുന്നു അവരുടെ ബലം. (നാം വല്ലാതെ മികവുകാണിക്കാതെ പോയ രംഗവും അതുതന്നെ). അതുവായിച്ചും കേട്ടും പ്രകോപിതരായി നാം ബെല്‍റ്റുബോംബും ചാവേറും ആയി. കുറച്ചെങ്കിലും മുസ്‌ലിം ചെറുപ്പക്കാര്‍ ആരെയൊക്കെയോ കൊന്നു എന്തിനെയൊക്കെയോ തീവെച്ചു എവിടെയൊക്കെയോ സ്‌ഫോടനമുണ്ടാക്കി. സാമ്രാജ്യത്വത്തിന്റെയും ഇസ്‌ലാം വിരോധികളുടെയും ആവശ്യവും അതുതന്നെയായിരുന്നു. മദ്രസകളില്‍നിന്നും പ്രവാചകന്റെ സഹനശീലം കേട്ടുപഠിച്ച മുസ്‌ലിം യുവത്വത്തെ പ്രകോപിതരാണെന്നു വരുത്തിത്തീര്‍ത്തു നിഷ്‌ക്രിയരാക്കണം. ഊര്‍ജ്ജവും ആയുസ്സും ആരോഗ്യവും സമയവും ഇങ്ങനെ വിനിയോഗിച്ചു സ്വയം നശിക്കണം. എന്നിട്ടുവേണം അവര്‍ക്കു കാര്യം നേടാന്‍. ഈ കെണി ഇനിയും നമുക്കു തിരിച്ചറിയാനാവുന്നില്ലേ.

ജനാധിപത്യത്തിലും മഹത്തായ ഇസ്‌ലാമിന്റെ മൂല്യങ്ങളിലും വിശ്വസ്സിക്കുന്നവര്‍ക്ക് സംവാദത്തിന്റെ വഴികള്‍ ജനാധിപത്യത്തില്‍ ഉണ്ട്. പ്രവാചകന്റെ വഴിയും മാതൃകയും അതാണ്. ജോസഫ് മാഷിന്റെ കയ്യില്‍ നിന്ന് ഒരു കഷ്ണം പറിച്ചെടുത്തിട്ടും അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തിട്ടും മൂവാറ്റുപുഴയില്‍ ഇസ്‌ലാം വളര്‍ന്നിട്ടില്ല. ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ ഒരു കഷ്ണം കൈപ്പത്തികൂടെ വേണമെന്നില്ലായിരുന്നു. പെരുമാള്‍ മുരുകനെ എഴുതാന്‍ അനുവദിക്കാത്ത എം.എഫ് ഹുസൈനെ നാടുകടത്തിയ കല്‍ബുര്‍ഗിയെ വെട്ടിക്കൊന്ന, കനയ്യയെ ജയിലിലടച്ച അങ്ങനെയങ്ങനെ ഒരുപാടുപേരുടെ തലയും കൈയും വായയും അരിഞ്ഞ തീവ്ര ഫാസിസത്തിന്റെ അസഹിഷ്ണുതയുടെ തെരുവില്‍ തെറിവിളിക്കുന്ന പാഠങ്ങള്‍ പ്രവാചകന്റെ അനുയായികള്‍ക്ക് വേണോ. വീരേന്ദ്രകുമാറിന് ഇലക്ഷനില്‍ മറുപടി കൊടുക്കുന്നതല്ലേ ബുദ്ധി. ഇസ്‌ലാമിനെ എതിര്‍ക്കാന്‍ ഇസ്‌ലാം എന്താണ് അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നുപഠിക്കാത്തവരാണ് കേരളത്തിലെ പല പ്രബുദ്ധ പത്രക്കാരും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ എന്ന ബഹുമാന്യനായ പണ്ഡിതശ്രേഷ്ഠന്‍ മരിച്ചപ്പോള്‍ ‘ങേ ചെറുശ്ശേരി (സാഹിത്യകാരന്‍) ഇപ്പോള്‍ മരിക്കുന്നതേയുള്ളൂ’വെന്നു ചോദിച്ച ഒരു പ്രമുഖ പത്രാധിപരെകുറിച്ച് ഒരാള്‍ പറഞ്ഞിരുന്നു. അതുപോലെ സൗദി അമീര്‍ മരിച്ചപ്പോള്‍ സുജൂദ് ചെയ്തുകൊണ്ടു നമസ്‌കരിക്കുന്ന ഫോട്ടോ പ്രസിദ്ധീകരിച്ച പത്രവും നാം കണ്ടതാണ്. തീരെ വിവരമില്ലാത്തതുകൊണ്ടോ മനപൂര്‍വ്വം അധിക്ഷേപിക്കുന്ന അതിവിവരം കൊണ്ടോചെയ്യുന്ന അസഹിഷ്ണുതക്കുള്ള മറുപടി കത്തിച്ചുകാണിക്കുന്നതു പോലെയുള്ള പ്രതിഷേധമല്ല. തെരുവില്‍കാണിക്കുന്ന ഇത്തരം പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് ഏതെങ്കിലുമൊരാള്‍ ഒരു കല്ലെറിഞ്ഞാല്‍ മതി വര്‍ഗീയത പടരാന്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് ഡാനിഷ് പത്രം പ്രവാചകനെ നിന്ദിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും അതിനെതിരെ കത്തിച്ചും കല്ലെറിഞ്ഞും പ്രതിഷേധം ഉണ്ടായിരുന്നു. പക്ഷേ അവര്‍ മാപ്പു പറഞ്ഞില്ല. അവസാനം ആ സര്‍ക്കാറിന്റെ ഉല്‍പ്പന്നങ്ങല്‍ ബഹിഷ്‌കരിക്കാനുള്ള മുസ്‌ലിം ലോകത്തിന്റെ ആഹ്വാനം വരേണ്ട താമസം അവര്‍ മാപ്പുപറഞ്ഞു രംഗത്തുവന്നു. (വരാനിരിക്കുന്ന ഇലക്ഷന്‍ മുന്നില്‍ കണ്ടാകണം വീരേന്ദ്രകുമാറിന്റെ പത്രം വേഗം മാപ്പുപറഞ്ഞത്.) സാമ്പത്തികവും അധികാരവും ആണ് ആരുടെയും മേല്‍ കുതിരകയറാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അതേരൂപത്തിലാണ് നാം പ്രതികരിക്കേണ്ടത്.

ഇനി വേറൊന്നു കൂടി പറയട്ടെ. പ്രവാചന് ഒന്‍പത് ഭാര്യമാരുണ്ടായിരുന്നു. പക്ഷേ പ്രവാചകകാലത്ത് അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തെ ആരും വിമര്‍ശിച്ചിട്ടില്ല. അത്രക്കും മാതൃകാപരമായിരുന്നു ആ ജീവിതം. തൗഹീദും കുഫ്‌റും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. പക്ഷേ പ്രവാചകനെ ഇസ്‌ലാം വിരോധികള്‍ക്ക് ആക്ഷേപിക്കാന്‍ ഇടം കൊടുക്കുന്നത് നാമാണ്. ഇസ്‌ലാമിന്റെതല്ലാത്ത ദാമ്പത്യനിയമങ്ങള്‍ ഇന്ത്യന്‍ പേഴ്‌സണല്‍ ലോയില്‍ ചേര്‍ത്തുവെച്ച് തോന്നിയപോലെ ജീവിക്കാന്‍ സമുദായത്തെ അനുവദിക്കുന്ന പണ്ഡിതന്മാര്‍ കൂടിയാണ് ഇതിനുത്തരവാദികള്‍. കമാല്‍ പാഷയുടെ അറിവില്ലായ്മക്ക് എതിരെയും മറ്റുള്ളവരുടെ അസഹിഷ്ണുതക്കെതിരെയും മറുപടി പറയാന്‍ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും പിന്‍ബലത്തില്‍ വ്യക്തിനിയമത്തെ പരിഷ്‌കരിക്കാന്‍ സമുദായം മുന്നിട്ടിറങ്ങണം. സംവാദങ്ങള്‍ അവിടെ നടക്കട്ടെ അപ്പോള്‍ നമുക്ക് ഇസ്‌ലാമിലെ കുടുംബജീവിതത്തിന്റെ മേന്മയും അനേകജാതിമതങ്ങളുളള ഇന്ത്യ പോലൊരുരാജ്യത്ത് ഏകസിവില്‍കോഡിന്റെ അപ്രായോഗികതയും മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയും.

Related Articles