Current Date

Search
Close this search box.
Search
Close this search box.

അസദുദ്ദീന്‍ ഉവൈസി; ആശയും ആശങ്കയും

uvaisi.jpg

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പുതിയ രാഷ്ട്രീയ ഭാവി വാഗ്ദാനം ചെയ്തിരിക്കുന്ന, അവര്‍ക്ക് പ്രചോദനം നല്‍കുന്ന യുവനേതാവ് അസദുദ്ദീീന്‍ ഉവൈസിയുടെ സംസാരം ശ്രവിക്കാനായി ഏകദേശം 60000-ത്തിനടുത്ത് മുസ്‌ലിംകളാണ് കഴിഞ്ഞ ഓക്ടോബറില്‍ ഔറംഗാബാദിലെ പരേഡ് മൈതാനങ്ങളില്‍ തടിച്ചുകൂടിയത്. തന്റെ വെളുത്ത നിറത്തിലുള്ള എസ്.യു.വി-യില്‍ ഉവൈസി വന്നിറങ്ങുന്നതിന് തൊട്ടുമുമ്പ്, ഉച്ചത്തില്‍ ആരവങ്ങള്‍ മുഴക്കി കൊണ്ട് കൗമാരപ്രായക്കാര്‍ അവരുടെ മോട്ടോര്‍ സൈക്കിളുകളില്‍ റോന്തുചുറ്റുന്നുണ്ടായിരുന്നു, ‘നോക്ക്, അതാ അദ്ദേഹം എത്തിയിരിക്കുന്നു! സിംഹം എത്തിയിരിക്കുന്നു!’ അവര്‍ വിളിച്ചു പറഞ്ഞു.

ഉവൈസി പ്രസംഗപീഠത്തില്‍ എത്തിയതോടെ മൈതാനത്ത് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന പടക്കങ്ങള്‍ക്ക് തിരികൊളുത്തപ്പെട്ടു. പിന്നീട് അല്‍പ്പ നേരത്തെ പ്രാര്‍ത്ഥനക്ക് ശേഷം, തൊഴില്‍ മേഖലയിലും, ബാങ്ക് ലോണുകളുടെ കാര്യത്തിലും, പോലിസുകാരില്‍ നിന്നുള്ള പെരുമാറ്റത്തിലും മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന വിവേചനങ്ങളെ സംബന്ധിച്ച, അളന്നു മുറിച്ച മുന്‍കൂര്‍ത്ത വാക്കുകളാല്‍ അലങ്കരിക്കപ്പെട്ട തന്റെ പ്രസംഗത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു.

‘നിങ്ങളുടെ പോലെ തന്നെ ഇത് ഞങ്ങളുടെയും രാജ്യമാണ്. ഞങ്ങളിവിടെ വാടകക്ക് താമസിക്കാന്‍ വന്നവരല്ല, ഇത് ഞങ്ങള്‍ക്കും ഈ ഭൂമിയില്‍ ഉടമസ്ഥാവകാശമുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടെ അവകാശങ്ങള്‍ ലഭിക്കുക തന്നെ വേണം,’ യുവാക്കളോട് നമസ്‌കാരം കൃത്യമായി നിര്‍വഹിക്കണമെന്നും, കോളേജ് ഡിഗ്രികള്‍ കരസ്ഥമാക്കണമെന്നും ഉണര്‍ത്തുന്നതിന് മുന്നോടിയായി ഉവൈസി പറഞ്ഞു. ആരാധകര്‍ അദ്ദേഹത്തിന്റെ കരം ഗ്രഹിച്ച് ഹസ്തദാനം ചെയ്യുന്നതിനായി വേദിയിലേക്ക് വലിഞ്ഞു കയറി. ഒരു അരമണിക്കൂര്‍ നേരത്തേക്ക് അദ്ദേഹത്തിന്റെ മടക്കയാത്ര വൈകിപ്പിച്ചു കൊണ്ട് അവര്‍ അദ്ദേഹത്തിന്റെ കാറിന് ചുറ്റും കൂടി നിന്നു.

‘ആരെയും ഭയപ്പെടാത്ത ഇദ്ദേഹത്തെ പോലെയൊരു നേതാവിനെ ഞാന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല,’ 200 മൈല്‍ അകലെയുള്ള മുംബൈയില്‍ നിന്നും ഉവൈസിയെ കാണാനായി ഔറംഗാബാദിലെത്തിയ 22 വയസ്സുകാരന്‍ സയ്യിദ് ജവാദ് പറഞ്ഞു. ‘ഞങ്ങളുടെ പുതിയ മിശിഹയാണ് ഉവൈസി.’

ദക്ഷിണേന്ത്യയിലെ ഒരു ചെറിയ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു കൊണ്ട് മൂന്നാം വട്ടവും പാര്‍ലമെന്റംഗമായ ഉവൈസി, ഒരു വര്‍ഷം മുമ്പ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറിയതിനെ തുടര്‍ന്ന് ഹിന്ദുത്വവാദ ശക്തികള്‍ക്കുണ്ടായ വളര്‍ച്ച, 170 ദശലക്ഷം വരുന്ന ഇന്ത്യന്‍ മുസ്‌ലിംകളില്‍ സൃഷ്ടിച്ച വര്‍ദ്ധമാനമായ ഉത്കണ്ഠയെ സമര്‍ത്ഥമായി മുതലെടുത്താണ് മുസ്‌ലിം രാഷ്ട്രീയത്തില്‍ ഒളിമങ്ങാതെ തിളങ്ങി നില്‍ക്കുന്നത് തുടരുന്നത്.

‘മുസ്‌ലിം സമുദായത്തിന്റെ സൂപ്പര്‍താരം’, ‘സത്യം വിളിച്ചു പറയുന്ന രോഷാകുലനായ ചെറുപ്പക്കാരന്‍’, ‘പ്രതീക്ഷയുടെ കിരണം’ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ കൊണ്ടാണ് 46-കാരനായ ഉവൈസി അഭിവാദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ മൊത്തം 120 കോടി ജനങ്ങളില്‍ 14 ശതമാനമാണ് മുസ്‌ലിംകള്‍. പക്ഷെ ചരിത്രപരമായി വളരെ കുറഞ്ഞ രാഷ്ട്രീയ സ്വാധീനം മാത്രമേ സമുദായത്തിന് കൈവരിക്കാന്‍ സാധിച്ചിട്ടുള്ളു.

മൊത്തം 543 സീറ്റുകളുള്ള ലോകസഭയില്‍ മുസ്‌ലിം പ്രാധിനിത്യം 22 ആയി ചുരുങ്ങി. രാജ്യസഭയിലെ 245 സീറ്റുകളില്‍ 24 സീറ്റുകളില്‍ മാത്രമാണ് മുസ്‌ലിംകളുള്ളത്.

‘മുസ്‌ലിംകള്‍ ഒരുമിച്ച് നില്‍ക്കുകയും, രാഷ്ട്രീയ ശബ്ദം ആര്‍ജ്ജിക്കുകയും വേണമെന്നാണ് എന്റെ ആഗ്രഹം. മുസ്‌ലിംകള്‍ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സമുദായങ്ങളും പുരോഗതി പ്രാപിച്ചു കഴിഞ്ഞു,’ ന്യൂഡല്‍ഹിയില്‍ വെച്ച് ഒരു അഭിമുഖത്തില്‍ ഉവൈസി പറഞ്ഞു.

‘എന്നെ നിങ്ങള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്നവനെന്നും, ദേശവിരുദ്ധനെന്നും വിളിക്കാം. പക്ഷെ, വിവേചനം, അനീതി എന്നിവയെ സംബന്ധിച്ച് ഞാന്‍ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും നിങ്ങള്‍ ഉത്തരം തരണം,’ അദ്ദേഹം പറഞ്ഞു.

അടുത്തിടെ, യാകൂബ് മേമന്റെ വധശിക്ഷക്കെതിരെ പ്രതികരിച്ചു കൊണ്ട് ഉവൈസി വിവാദം സൃഷ്ടിച്ചിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട് പിന്നീട് മാപ്പ് നല്‍കപ്പെട്ടവരുടെ പേരുകളും, അതുപോലെ മുസ്‌ലിംകളല്ലാത്ത കലാപകാരികളോടും, കൊലപാതകികളോടും കാണിക്കുന്ന മൃദുസമീപനവും എടുത്ത് കാണിച്ച അദ്ദേഹം, വധശിക്ഷ ഒരു ‘രാഷ്ട്രീയ ഉപകരണമായി’ മാറിയിട്ടുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. അത് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി മാറ്റി. പ്രത്യേകിച്ച് യാകൂബ് മേമന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 15000 വരുന്ന മുസ്‌ലിംകള്‍ക്കിടയില്‍. മേമന്റെ വധശിക്ഷയെ താന്‍ എതിര്‍ത്തത് മുസ്‌ലിം സമുദായത്തിന് ഒരു ‘ആശ്വാസമായി’ വര്‍ത്തിച്ചെന്നാണ് ഉവൈസി പറഞ്ഞത്.

ഉവൈസി വിഭാഗീയത സൃഷ്ടിക്കുകയാണെന്നും, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍, നമ്മുടെ വളരെ നേര്‍ത്ത ബഹുമത സാമൂഹിക ചട്ടകൂടിനെ തകര്‍ക്കാന്‍ ഇടയാക്കുമെന്നുമാണ് വിമര്‍ശകരുടെ വാദം. ‘മുസ്‌ലിംകളുടെ അരക്ഷിതബോധത്തെ ഏറ്റെടുകയാണ് ഉവൈസി ചെയ്യുന്നത്,’ ഭരണ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി റാം മാധവ് സൂചിപ്പിച്ചു. ‘അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ അപകടകരമാണ്. കാരണം അത് മുസ്‌ലിംകള്‍ക്കിടയിലെ അന്യതാബോധം വര്‍ദ്ധിപ്പിക്കും’, ’21-ാം നൂറ്റാണ്ടിലെ ജിന്നയാവാനാണ് ഉവൈസി ശ്രമിക്കുന്നത്.’ മാധവ് കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ഭൂരിപക്ഷ ദക്ഷിണേന്ത്യന്‍ നഗരമായ ഹൈദരാബാദിലാണ് ഉവൈസി ജനിച്ചു വളര്‍ന്നത്. ഒരു നിയമജ്ഞന്റെ മകനായി ജനിച്ച ഉവൈസി ബ്രിട്ടനില്‍ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബം ഒരു മെഡിക്കല്‍ കോളേജും ഒരു ആശുപത്രിയും നടത്തുന്നുണ്ട്.

‘വിദ്യാസമ്പന്നനാണ് ഉവൈസി. അദ്ദേഹത്തിന് നന്നായി വാദിക്കാനറിയാം. അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ അദ്ദേഹത്തിന് നല്ല വശമാണ്. അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ളവനാണ്, പ്രമാണി വര്‍ഗവുമായി സംസാരിക്കാന്‍ യോഗ്യനുമാണ്,’ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി അസിസ്റ്റന്റ് പ്രഫസര്‍ അര്‍ഷദ് ആലം പറഞ്ഞു. ‘ആത്മാഭിമാനവും, ആത്മവിശ്വാസവുമില്ലാത്ത ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം, ഉവൈസിയുടെ ഈ ഗുണങ്ങള്‍ ഒരു വലിയ വിടവ് നികത്താന്‍ സഹായകരമാണ്. പക്ഷെ ഇരവാദ രാഷ്ട്രീയം മാത്രം പറഞ്ഞു കൊണ്ട് മുന്നോട്ട് പോകാനാണോ അദ്ദേഹത്തിന്റെ തീരുമാനം അതോ അതിനപ്പുറം പോകുമോ?

കഴിഞ്ഞ തവണ ഔറംഗാബാദില്‍ വെച്ച് നടന്ന ഒരു പ്രഭാഷണത്തിനിടയില്‍, നമസ്‌കാര സമയമായപ്പോള്‍ ഉവൈസി പ്രസംഗം പകുതിവെച്ച് നിര്‍ത്തി വേദിയില്‍ നിന്നും ഇറങ്ങി. ആയിരക്കണക്കിന് വരുന്ന ജനങ്ങള്‍ മസ്ജിദിലേക്ക് അദ്ദേഹത്തെ അനുഗമിച്ചു. മറ്റു രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന് സായുധ പോലിസ് ഗാര്‍ഡുകളുടെ സംരക്ഷണമില്ല. എല്ലാ ദിവസവും തന്റെ ഓഫീസില്‍ വെച്ച് ജനങ്ങളുമായി കൂടികാഴ്ച്ച നടത്തുന്നത് അദ്ദേഹത്തിന്റെ ദൈനംദിന കര്‍മ്മങ്ങളില്‍ പെട്ടതാണ്.

സൗമ്യമായ പെരുമാറ്റം കാത്തുസൂക്ഷിക്കുന്നതില്‍ അതീവശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും, ഉവൈസി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല. 2007-ല്‍ ഇസ്‌ലാം മത വിമര്‍ശകയായ വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ പങ്കെടുത്ത ഒരു ചടങ്ങ് അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗങ്ങള്‍ അലങ്കോലപ്പെടുത്തിയിരുന്നു. 2012-ല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസി, വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടു. ആ കേസിന്റെ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.

ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും, അവരുടെ പൂര്‍വ്വികരുടെ മതം ഹിന്ദുമതമാണെന്ന് പറഞ്ഞ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷം ഹിന്ദുത്വ സംഘങ്ങള്‍ ‘ഘര്‍വാപസി’ക്ക് തുടക്കമിട്ട സമയത്ത്, എല്ലാ മതങ്ങളുടെയും യഥാര്‍ത്ഥ ഗേഹം ഇസ്‌ലാമാണെന്നും, ഇസ്‌ലാം ആശ്ലേഷിക്കുന്നതാണ് യഥാര്‍ത്ഥ ഘര്‍വാപസിയെന്നും പറഞ്ഞ് ഉവൈസി വിവാദത്തിന് തിരികൊളുത്തിയിരുന്നു.

പക്ഷെ, അദ്ദേഹത്തിന്റെ മുനകൂര്‍ത്ത വാക്ക്ശരങ്ങള്‍ കണക്കെയുള്ള പ്രഭാഷണങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ ജനകീയത വര്‍ദ്ധിപ്പിച്ചത്. ഹൈദരാബാദ് എന്ന സാമ്പ്രദായിക കേന്ദ്രത്തിന് അപ്പുറത്തേക്ക് ഉവൈസിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇന്ന് വളരെ വ്യവസ്ഥാപിതമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ നടന്ന മഹാരാഷ്ട്രാ സംസ്ഥാന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ രണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. കൂടാതെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ ഒരു ഡസനിലധികം പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത കാലത്തായി മുസ്‌ലിംകളെ കൂടാതെ സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട ദലിത് വിഭാഗത്തിലേക്കും തന്റെ സ്വാധീനവലയം വ്യാപിപ്പിക്കാന്‍ ഉവൈസി ശ്രമങ്ങള്‍ നടത്തി തുടങ്ങിയിട്ടുണ്ട്.

ഇപ്പോള്‍, അദ്ദേഹത്തിന്റെ പാര്‍ട്ടിയായ, ‘ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍’, അനേകം മുസ്‌ലിം വോട്ടര്‍മാരുള്ള ബീഹാറിലും, ഉത്തര്‍പ്രദേശിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ഗൗരവപ്പെട്ട ആലോചനയിലാണ്.

‘ഉവൈസിയുടെ പ്രഭാഷണശൈലി ഹിന്ദു മതമൗലികവാദ ശക്തികളെ ശക്തിപ്പെടുത്തും. കാരണം അത് മുസ്‌ലിംകളെ കുറിച്ചുള്ള അവരുടെ മോശമായ വാര്‍പ്പുമാതൃകകളെ ഊട്ടിയുറപ്പിക്കുന്നതാണ്,’ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വക്താവ് മധു ഗൗഡ് യക്ഷി പറഞ്ഞു. ‘വികസനരംഗത്ത് ഉവൈസിയുടെ ട്രാക്ക് റെക്കോഡ് തുറന്ന് കാണിക്കുക എന്നതാണ് അയാളെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. മുസ്‌ലിംകള്‍ക്ക് തൊഴില്‍ നല്‍കാനായി ഒരു ഫാക്ടറി നിര്‍മിക്കാന്‍ അയാള്‍ വല്ലതും ചെയ്തിട്ടുണ്ടോ? ഒരു റോഡെങ്കിലും അയാള്‍ നിര്‍മിച്ചിട്ടുണ്ടോ?

സര്‍ക്കാര്‍ തലത്തില്‍ മുസ്‌ലിംകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തണമെന്നാണ് ഉവൈസി ആവശ്യപ്പെടുന്നത്. ‘രണ്ട് കാര്യങ്ങളാണ് ഞാന്‍ ജനങ്ങളോട് എല്ലായ്‌പ്പോഴും പറയാറുള്ളത്: വിദ്യാഭ്യാസം നേടുക, രാഷ്ട്രീയമായി കര്‍മ്മനിരതരാവുക. സര്‍ക്കാറിന്റെ ഹജ്ജ് സബ്‌സിഡിയും, നോമ്പുകാലത്ത് സര്‍ക്കാര്‍ നടത്തുന്ന വമ്പിച്ച നോമ്പുതുറ പരിപാടിയൊന്നുമല്ല സമുദായത്തിന് വേണ്ടത്. ഞങ്ങള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും വേണം. അവ ലഭിച്ചാല്‍, കേവലം ഒരു ദശാബ്ദത്തിനുള്ളില്‍ വമ്പിച്ച ഒരു പരിവര്‍ത്തനം സംഭവിക്കുക തന്നെ ചെയ്യും’ ഉവൈസി പറഞ്ഞു.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles