Current Date

Search
Close this search box.
Search
Close this search box.

അറിവിന്റെ പ്രകാശഗോപുരമായി ജീവിച്ച മഹാന്‍

SALAM-SULLAMI.jpg

ആധുനിക കാലഘട്ടത്തില്‍ കേരളം കണ്ട ഒരു മഹാനായ പണ്ഡിതനായിരുന്നു അബ്ദുസ്സലാം സുല്ലമി. വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. അന്ധവിശ്വാസാനാചാരങ്ങളെ വിപാടനം ചെയ്യുന്നതിലും പ്രമാണങ്ങളെയും മതാനുശാസനകളെയും അടുത്തറിയാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതിലും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും വളരെ ശ്രദ്ധേയമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ക്കെതിരെ പല ഭാഗങ്ങളില്‍ നിന്നും വെല്ലുവിളികളുണ്ടാവുമ്പോഴൊക്കെ അദ്ദേഹം പ്രമാണങ്ങളുടെ കരുത്തുറ്റ പരിചയേന്തി രംഗത്തിറങ്ങും.

ചേകനൂര്‍ മൗലവിയുടെ വികലമായ ആശയങ്ങള്‍ രംഗപ്രവേശം ചെയ്ത കാലത്ത് ഹദീസ് നിഷേധ പ്രവണതകള്‍ക്കെതിരെ കരുത്താര്‍ന്ന പ്രബോധനവുമായി ജനമധ്യത്തിലേക്കിറങ്ങിയ സലാം മൗലവി ഹദീസ് സംരക്ഷണത്തിനു വേണ്ടി തന്റെ ഊര്‍ജ്ജവും സമയവും മാറ്റിവെച്ചു. ഖുര്‍ആനിന്റെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുന്നതിലും തൗഹീദിന്റെ ആശയം വളരെ കണിശതയോടെ ലളിതമായ ശൈലിയില്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കുന്നതിലും മൗലവി പ്രത്യേകം ശ്രദ്ധ പുലര്‍ത്തി.

തൗഹീദിന്റെ സന്ദേശം കൃത്യവും സമഗ്രവുമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ‘തൗഹീദ് ഒരു സമഗ്ര വിശകലനം’ എന്ന പുസ്തകം തൗഹിദീ പ്രബോധന രംഗത്ത് ഒരു അമൂല്യ സംഭാവനയാണ്. തികച്ചും ബുദ്ധിരഹിതവും അശാസ്ത്രീയവുമായ കാര്യങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തിട്ടുണ്ട്.

വിവാഹം മുതല്‍ ഗര്‍ഭധാരണവും ജനനവും മരണവും വരെയുള്ള മനുഷ്യ ജീവിതത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ നടപ്പിലുള്ള ഒട്ടുമിക്ക അനാചാരങ്ങളെയും പ്രമാണബദ്ധമായി തുറന്ന് കാണിക്കുന്നതാണ്, മുസ്ലിംകളിലെ അനാചാരങ്ങള്‍ ഒരു സമഗ്ര വിശകലനം എന്ന ഗ്രന്ഥം.

ആധുനിക കാലഘട്ടത്തിലെ പരിഷ്‌കര്‍ത്താക്കളായ മുഹമ്മദ് അബ്ദു, റഷീദ് രിദ തുടങ്ങിയവരുടെ വീക്ഷണങ്ങള്‍ മൗലവിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. എഴുത്തിലും പ്രസംഗത്തിലും ഇമാം റാസി, ത്വബ്‌രി തുടങ്ങിയ പഴയകാല പണ്ഡിതരെ അദ്ദേഹം ഉദ്ധരിക്കുന്നതില്‍ ഒരു പക്ഷപാതിത്തവും കാണിച്ചിരുന്നില്ല. ശാഫിഈ മദ്ഹബുകാരാണെന്ന് പറയുന്നവര്‍ തന്നെ ആ മദ്ഹബിലില്ലാത്ത കാര്യങ്ങള്‍ ആചരിച്ച് വരുന്നതിനെ തുറന്ന് കാട്ടുന്ന പുസ്തകമാണ് അദ്ദേഹത്തിന്റെ ശാഫിഈ മദ്ഹബ് എന്ന പുസ്തകം.

മൗലവിയുടെ പ്രധാനപ്പെട്ട രചനകള്‍ ;

• തൗഹീദ് ഒരു സമഗ്ര വിശകലനം
• ഹദീസ് നിഷേധികള്‍ക്ക് ഒരു മറുപടി
• നൂറുല്‍ ഖുര്‍ആന്‍ (തഫ്‌സീര്‍)
• ബുഖാരി പരിഭാഷ വ്യഖ്യാനം
• റിയാദുസ്വാലിഹീന്‍ പരിഭാഷ
• നൂറുല്‍ യകീന്‍ പരിഭാഷ
• സ്ത്രീപള്ളിപ്രവേശം നബി ചര്യയില്‍
• ജിന്ന് പിശാച് സിഹ്ര്‍
• സംഗീതം നിഷിദ്ധമല്ല
• മുസ്ലിംകളിലെ അനാചാരങ്ങള്‍
• ഇസ്‌ലാമിലെ അനുഷ്ട്ടാന മുറകള്‍
• സുന്നത് ജമാഅത് ഖുര്‍ആനിലോ
• തൗഹീദും നവ യാഥാസ്ഥികരുടെ വ്യതിയാനവും
• ആദര്‍ശ വൈകല്യങ്ങള്‍ സുന്നി ജമാഅത് സാഹിത്യങ്ങളില്‍
• ചന്ദ്രമാസ നിര്‍ണ്ണയവും കണക്കും കാഴ്ചയും
• മുജാഹിദ് പ്രസ്ഥാനവും വിമര്‍ശകരും
• ഇളവുകള്‍ ഇസ്ലാമിക വിധികളില്‍
• സുന്നത് ജമാത്തും ഹദീസ് ദുര്‍വ്യാഖ്യാനവും
• മദ്ഹബുകളുടെ സാധുത ഹദീസിന്റെ വെളിച്ചത്തില്‍
• സുന്നത്തും ബിദ്അത്തും ഒരു സമ്പൂര്‍ണ്ണ മുഖവുര
• ശാഫിഈ മദ്ഹബ് ഒരു സമഗ്ര പഠനം

ഹദീസ് വിജ്ഞാനങ്ങളിലെ സമഗ്ര സംഭാവനകളെ മുന്‍ നിര്‍ത്തി 2016 ല്‍ വക്കം മൗലവി പുരസ്‌ക്കാരത്തിന് അദ്ദേഹം അര്‍ഹ്ഹനായി. അറിവിന്റെ പ്രകാശ ഗോപുരമായ അബ്ദുസ്സലാം സുല്ലമി ദീനീ ദഅവത്തിന്റെ വിയര്‍പ്പുകണങ്ങളോടെ കര്‍മ്മരംഗത്ത് നിന്നും വിടവാങ്ങിയിരിക്കുകയാണ്. അല്ലാഹു അദ്ദേഹത്തിന് പാരത്രിക മോക്ഷം നല്‍കുമാറാവട്ടെ. ആമീന്‍

Related Articles