Current Date

Search
Close this search box.
Search
Close this search box.

അറഫ ദിനവും അറഫ നോമ്പും

arafa.jpg

പതിവു പോലെ മാസപ്പിറവി വീണ്ടും ചര്‍ച്ചയാവുന്നു. ചര്‍ച്ചാ തൊഴിലാളികള്‍ക്ക് ഒരു ഇര കിട്ടിയ ആവേശം.. ഐക്യചിന്തകള്‍ക്ക് ജീവന്‍ വെക്കുന്നത് ഇത്തരം ചര്‍ച്ചകളിലാണല്ലോ… വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും അങ്ങനെയൊരു സംവാദം ശുഭകരം തന്നെ….. പക്ഷേ, പണ്ഡിതന്മാരായ ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്:

മാന്യമഹാ ജനങ്ങളേ, അറഫക്കും ബലി പെരുന്നാളിനും ഹജ്ജുമായി യാതൊരു ബന്ധവുമില്ലാ എന്ന് ഇതിനാല് അറിയിക്കുന്നു.. അവ ദുല്‍ഹജ്ജ് മാസത്തിലെ ചില ആരാചരങ്ങള്‍ മാത്രമാണ്. മാസം കാണലുമായിട്ടാണ് അതിന് ബന്ധം… ശാസ്ത്രത്തില്‍ നമുക്ക് വിശ്വാസമില്ല… കാരണം നാം പണ്ടുമുതലേ എഴുത്തും വായനയും ഗണിതവും അറിയാത്തവരാണ്…. ശാസ്ത്രം പറഞ്ഞ കണക്കനുസരിച്ചാണല്ലോ ബാങ്ക് നടക്കുന്നത് എന്ന് പറഞ്ഞ് ആരും ഇതിനെ എതിര്‍ക്കേണ്ട… നിഴല്‍ നോക്കി സമയം കണക്കാന്‍ ഇന്ന് ആര്‍ക്കും ഒഴിവില്ലാത്തതുകൊണ്ടാണ്… മാസപ്പിറവിയുടെ കാര്യം നോക്കാന്‍ ചില ആളുകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്… അതും കൂടി ശാസ്ത്രത്തിന് വിട്ടു കൊടുത്ത് അവരെ വഴിയാധാരമാക്കരുത്… അവരുടെ പുനരധിവാസം മറ്റൊരു പ്രശ്‌നമായി മാറും.

ഇത്തവണ അറഫ വെള്ളിയാഴ്ചയാണല്ലോ… വെള്ളിയാഴ്ച എല്ലായിടത്തും ജുമുഅ നടക്കുമല്ലോ… പിന്നെയെന്താ അന്ന് അറഫാ നോമ്പെടുത്താല്‍ എന്നൊന്നും ചോദിക്കരുത്. അറഫയില്‍ സംഗമിക്കുന്ന ഹാജിമാരോടുള്ള ഐക്യദാര്‍ഢ്യമാണ് അറഫാ നോമ്പിന്റെ ലക്ഷ്യമെന്ന് ചിലര്‍ മനസിലാക്കുന്നു. മക്കത്തെ അറഫയാണോ മുക്കത്തെ അറഫയോണോ പരിഗണിക്കേണ്ടത് എന്നൊക്കെ ചോദിക്കുന്നത് അവരാണ്.

രണ്ടര മണിക്കൂര് വ്യത്യാസമുണ്ടെന്ന് കാരണത്താല് ശനിയാഴ്ചത്തേക്ക് അറഫാ നോമ്പ് നമ്മള്‍ മാറ്റണോ? വെള്ളിയാഴ്ച നോമ്പെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് ഏതാനും മണിക്കൂര്‍ അറഫ ദിനവുമായി ഐക്യപ്പെടാന്‍ കഴിയും… എന്നാല്‍ ശനിയാഴ്ച നോമ്പെടുക്കുന്നവര്‍ക്ക് ഒരു മിനുട്ടെങ്കിലും ആ ദിനത്തോട് ഐക്യപ്പെടാന്‍ സാധിക്കുമോ… എന്നൊക്കെ ചോദിക്കുന്ന ആളുകളുണ്ട്. യഥാര്‍ഥത്തില്‍ അറഫാ നോമ്പിന് അറഫയുമായി യാതൊരു ബന്ധവുമില്ല… അത് അങ്ങനെയൊരു സുന്നത്ത് നോമ്പ്…. അത്രയും മനസിലാക്കിയാല്‍ മതി…. കൂടുതല്‍ ചിന്തിച്ച് പരിധിക്ക് പുറത്താവാതിരിക്കാന്‍ ശ്രദ്ധിക്കുക!
    
അറഫയില്‍ നില്‍ക്കുന്ന ഹാജിമാരോടുള്ള ഐക്യദാര്‍ഢ്യമാണ് അറഫാ നോമ്പ് എന്നാരാണ്  പറഞ്ഞത്.. അക്ഷരാഭ്യാസമില്ലാത്ത ജനതയാണെന്നാണല്ലോ നാം സ്വയം അഭിമാനിക്കുന്നത്.. അത് ഹദീസ് ഉദ്ധരിച്ച് സമര്‍പ്പിക്കുകയും ചെയ്യുന്നു…. അതുകൊണ്ട് വൈജ്ഞാനികമോ ബുദ്ധിപരമോ ആയ കാര്യങ്ങള്‍ക്ക് ഇതില്‍ പങ്കില്ല.

പുതിയ ലോകസാഹചര്യത്തില്‍ ഭരണസൗകര്യത്തിന് വേണ്ടി അതിര്‍ത്തികള്‍ തിരിച്ചതുകൊണ്ടല്ലേ യഥാര്‍ഥത്തില്‍ കേരളത്തില്‍ ഒരു ദിവസം, കര്‍ണാടകയില്‍ മറ്റൊരു ദിവസം, സൗദിയിലും ഒമാനിലും വേവ്വേറെ ദിവസം എന്നിങ്ങനെ നോമ്പും പെരുന്നാളുമൊക്കെ ഛിന്നഭിന്നമായത്. ഇന്ത്യ മുഴുവന്‍ ഒരു സംസ്ഥാനമായിരുന്നെങ്കില്‍ ഇന്ത്യയില്‍ എല്ലായിടത്തും ഒരേ സമയം നോമ്പ് ആരംഭിക്കുകയും പെരുന്നാള്‍ നിര്‍വഹിക്കപ്പെടുകയും ചെയ്യുമായിരുന്നില്ലേ. അങ്ങനെ ലോകം മുഴുവന്‍ ഒരു രാഷ്ട്രമാണെന്ന് കരുതിയാല്‍ പോരെ? അങ്ങനെയാവുമ്പോള്‍ ചന്ദ്രോദയം കണക്കാക്കി എല്ലാറ്റിന്റെയും ദിവസം നേരത്തെ തീരുമാനിക്കാമല്ലോ. ആഗോള മുസ്‌ലിം സാഹോദര്യമല്ലേ ഇസ്‌ലാം പഠിപ്പിക്കുന്നത്? ആദര്‍ശത്തിനെന്ത് അതിര്‍ത്തി? ഇനി ജില്ലകള്‍ തോറും മാസം കാണണം ജില്ലാ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുമോ? നോമ്പും പെരുന്നാളും മാത്രമല്ലല്ലോ ഓരോ പ്രദേശത്തും മാസപ്പിറവി ദര്‍ശിക്കണം എന്ന വാശികൊണ്ട് തര്‍ക്കവിധേയമാവുന്നത്. യുദ്ധം നിഷിദ്ധമായ 4 മാസങ്ങളും ഇതില്‍ പരിധിയില്‍ വരില്ലേ? ഒരു ഭാഗത്തുള്ളവര്‍ക്ക് യുദ്ധം നിഷിദ്ധം, മറുഭാഗത്തുള്ളവര്‍ക്ക് യുദ്ധം ഹലാല്‍.. ഹെന്തൊരു മറിമായം! എന്നൊക്കെ ചോദിച്ചും വാദിച്ചും ഈ വിഷയം പര്‍വതീകരിക്കുന്നവരോട് നമുക്കൊന്നും പറയാനില്ല. കാരണം ദീനീ കാര്യങ്ങളില്‍ അങ്ങനെയൊന്നും ചിന്തിക്കാന്‍ പാടില്ല. പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ മുറുകെ പിടിക്കലാണ് നമ്മുടെ ശരിയായ രീതി.
ഇത്തരം വിഷയങ്ങള്‍ ആര്‍ ഉന്നയിച്ചാലും അവയെ കുറിച്ചൊന്നും ചിന്തിക്കരുത്…. പഠിക്കരുത്… ആരോടും ചോദിക്കരുത്… മാനത്തേക്ക് നോക്കിയിരിക്കുക… ബാലചന്ദ്രന്‍ തീരുമാനിക്കട്ടെ കാര്യങ്ങള്‍… നോമ്പിന്റെയും പെരുന്നാളിന്റെയും സന്ദേശവുമായി അവന്‍ ലോകം മുഴുവന്‍ സഞ്ചരിച്ച് മാലോകരെ അറിയിക്കട്ടെ…. ആഘോഷങ്ങളിലും ഇബാദത്തുകളിലുമുള്ള ഈ ഭിന്നിപ്പ് മുസ്‌ലിം സമൂഹത്തിന് കിട്ടിയ അനുഗ്രഹമാണ്… കാരണം ഐക്യത്തെ കുറിച്ച ചര്‍ച്ചയെങ്കിലും ഓരോ വര്‍ഷവും വഴിപാട് പോലെ നടക്കുമല്ലോ. അതൊരു നിസ്സാരകാര്യമാണോ… അല്ല പിന്നെ!

കൗതുക വാര്‍ത്ത : ഈദുല്‍ ഫിത്‌റിന് ഒമാന്‍ മറ്റു അറബ് രാഷ്ട്രങ്ങളില്‍ നിന്ന് ഭിന്നമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. പക്ഷേ അറഫയും ബലിപെരുന്നാളും അവര്‍ക്ക് സൗദിയോടൊപ്പമാണ്… കണ്ണടച്ചാല്‍ ഇരുട്ടാവില്ലല്ലോ.

Related Articles