Current Date

Search
Close this search box.
Search
Close this search box.

അബ്ദുല്‍ സത്താര്‍ ഈദിയില്‍ നിന്നും നമുക്കൊരുപാട് പഠിക്കാനുണ്ട്

abdul-sattar-edhi.jpg

എണ്‍പത്തിയെട്ടാം വയസ്സിലെ മരണത്തെ അകാലമരണം എന്ന് വിളിക്കാന്‍ കഴിയില്ല. പക്ഷെ അബ്ദുല്‍ സത്താര്‍ ഈദിയുടെ മരണം നേരത്തെയായി പോയെന്ന് അദ്ദേഹത്തെ അറിയുന്ന ആരും പറയും. അതിനനുസൃതമായ മാനവസേവന പ്രവര്‍ത്തനങ്ങളാണ് ആറ് ദശാബ്ദകാലത്തോളം അദ്ദേഹം പാകിസ്ഥാനില്‍ നടത്തിയത്. നിരാശയുടെ പിടിയിലമര്‍ന്ന ഒരു സമൂഹത്തിന്റെ പ്രതീക്ഷയായിരുന്നു അദ്ദേഹം. ഈദിയുടെ നഷ്ടദുഃഖത്തില്‍ നിന്നും മോചിതരാവാന്‍ അദ്ദേഹത്തിന്റെ സ്‌നേഹലാളനമേറ്റ ആ ജനത കുറച്ച് കാലമെടുക്കുമെന്നത് തീര്‍ച്ചയാണ്.

ഈദി ഫൗണ്ടേഷന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഈദിയുടെ ചുമലിലായിരുന്നു. പാകിസ്ഥാനിലെ ഏറ്റവും വലിയ ചാറ്റിരിയാണ് ഈദി ഫൗണ്ടേഷന്‍. അരനൂറ്റാണ്ട് മുമ്പാണ് അദ്ദേഹം ഈദി ഫൗണ്ടേഷന്‍ സ്ഥാപിച്ചത്.

‘പാകിസ്ഥാന്റെ ഫാദര്‍ തെരേസ’, ‘കാരുണ്യത്തിന്റെ മാലാഖ’, ‘പാകിസ്ഥാനിലെ ഏറ്റവും ആദരണീയ വ്യക്തിത്വം’ തുടങ്ങിയ പലപേരുകളില്‍ അദ്ദേഹം അറിയപ്പെട്ടു. റമോണ്‍ മഗ്‌സാസെ അവാര്‍ഡ്, ലെനിന്‍ പീസ് പ്രൈസ്, നിഷാനെ ഇംതിയാസ് തുടങ്ങിയ നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.

ഇന്നത്തെ ഗുജറാത്തില്‍ സ്ഥിതി ചെയ്തിരുന്ന ബന്ത്‌വയില്‍, 1928 ജനുവരി 1-നാണ് അബ്ദുല്‍ സത്താര്‍ ഈദിയുടെ ജനനം. തളര്‍വാതം വന്ന് കിടപ്പിലായ ഉമ്മയുടെ പരിചരണം 11 വയസ്സുകാരനായ ഈദിയുടെ ചുമലിലായിരുന്നു.

ഇന്ത്യാവിഭജനം ഈദിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കറാച്ചിയിലേക്ക് പറിച്ചുനട്ടു. അവിടെ അദ്ദേഹം ഒരു ഡിസ്‌പെന്‍സറി സ്ഥാപിച്ചു. മുന്നോട്ട് വെച്ച കാലടി പിന്നീട് പിന്നോട്ട് വെച്ചിട്ടില്ല. സഹജീവി ക്ഷേമത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്നുവെന്നും, പാകിസ്ഥാനിലെ ജനക്ഷേമ മുഖം ഒറ്റക്ക് തന്നെ മാറ്റുമെന്നും അദ്ദേഹം പ്രതിജ്ഞത ചെയ്തു. അങ്ങനെ അദ്ദേഹം ഈദി ഫൗണ്ടേഷന്‍ സ്ഥാപിച്ചു. ഒരുപാട് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും, ത്യാഗ-സമര്‍പ്പണങ്ങളുടെയും ഫലമായി, പാകിസ്ഥാനിലെ ഏറ്റവും വലിയ ജനക്ഷേമ സംഘടനയായി ഈ സാമൂഹിക പ്രവര്‍ത്തകന്‍ മാറുന്ന കാഴ്ച്ചക്ക് ചരിത്രം സാക്ഷിയായി.

ഇതുവരെയായി, 20000-ത്തിലധികം ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളെ ഈദി ഫൗണ്ടേഷന്‍ രക്ഷപ്പെടുത്തി, 50000-ത്തിലധികം അനാഥകുഞ്ഞുങ്ങളെ പുനരധിവസിപ്പിച്ചു, 40000-ത്തിലധികം നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കി. പാകിസ്ഥാനിലെ ഗ്രാമ-പട്ടണ പ്രദേശങ്ങളില്‍ ഭക്ഷണപാചകശാലകള്‍, പുനരധിവാസഗേഹങ്ങള്‍, അശരണരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സംരക്ഷണകേന്ദ്രങ്ങള്‍, മാനസികവെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വേണ്ടിയുള്ള ക്ലിനിക്കുകള്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന 330 ക്ഷേമകേന്ദ്രങ്ങള്‍ ഈദി ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ആംബുലന്‍സ് സര്‍വ്വീസ് ശൃംഖലയും ഈദി ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1500 ആംബുലന്‍സുകളാണ് 24 മണിക്കൂര്‍ സേവനസജ്ജരായി നിരത്തുകളിലൂടെ ഓടുന്നത്. സൗജന്യ നഴ്‌സിംഗ് ഹോമുകള്‍, അനാഥഅഗതി മന്ദിരങ്ങള്‍, ക്ലിനിക്കുകള്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സുരക്ഷിതകേന്ദ്രങ്ങള്‍, ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പുനരധിവാസകേന്ദ്രങ്ങള്‍ തുടങ്ങിയവും ഈദി ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒരു സേവന സാമ്രാജ്യം തന്നെ ഈദി കെട്ടിപടുത്തു. ദശലക്ഷകണക്കിന് പേരുടെ ദുരിതജീവിതമാണ് അതിലൂടെ സന്തോഷപൂര്‍ണ്ണമായി മാറിയത്. ഈ ഉദാരതയും, സേനവമനസ്ഥിതിയുമാണ് ഒരുപാട് പേരുടെ കണ്ണില്‍ ഈദിയെ ഒരു ജീവിക്കുന്ന വിശുദ്ധനാക്കി മാറ്റിയത്.

മുന്‍വിധികളും, വിവേചനങ്ങളും അരങ്ങുവാഴുന്ന ഒരു രാജ്യമാണ് പാകിസ്ഥാന്‍. വ്യത്യസ്ത സ്വത്വഗ്രൂപ്പുകളെല്ലാം തന്നെ അവരവരുടെ താല്‍പര്യങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നുണ്ട്. പക്ഷെ ഈ വിഭാഗീയതകളെയെല്ലാം അതിജയിക്കാന്‍ ശേഷിയുള്ളതായിരുന്നു ഈദിയുടെ സേവനപ്രവര്‍ത്തനങ്ങള്‍.

സ്വസമുദായത്തിലെ അംഗങ്ങള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയതായിരുന്നില്ല അദ്ദേഹം സേവനങ്ങള്‍, മാനവകുലം ഒന്നടങ്കം തന്റെ സ്വന്തമാണെന്ന് അദ്ദേഹം കരുതി. ദൈവവിശ്വാസിക്കും നിരീശ്വരവാദിക്കും, പാപിക്കും പുണ്യവാനും, മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഇടയില്‍ യാതൊരുവിധ വിവേചനവും അദ്ദേഹം കാണിച്ചില്ല. കാരുണ്യത്തിന്റെ ആ ഉറവില്‍ നിന്നും എല്ലാവരും ഒരുപോലെ സ്‌നേഹജലം പാനം ചെയ്തു.

സഹായമഭ്യര്‍ത്ഥിച്ച് കൊണ്ട് വരുന്നവര്‍ക്കിടയില്‍ യാതൊരു വിധത്തിലുള്ള വിവേചനവും ഈദി ഫൗണ്ടേഷന്‍ കാണിക്കുന്നില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവിധതരത്തിലുള്ള വിവേചനങ്ങളുടെയും, സ്വജനപക്ഷപാതിത്തത്തിന്റെയും, സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെയും വിഷം ഈദി ഫൗണ്ടേഷനെ ബാധിച്ചിട്ടില്ലെന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യം തന്നെയാണ്.

അതിര്‍ത്തിക്ക് അപ്പുറത്തുള്ളവരെയും സഹായിക്കാന്‍ ഈദി ഫൗണ്ടേഷന്‍ തങ്ങളാല്‍ കഴിയും വിധം ചെയ്യുന്നുണ്ട്. ആഫ്രിക്ക, അമേരിക്ക, മിഡിലീസ്റ്റ്, കിഴക്കന്‍ യൂറോപ്പ് തുടങ്ങിയടങ്ങളില്‍ സന്നദ്ധസന്നാഹ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഈദി ഫൗണ്ടേഷന്‍ നടത്തുകയുണ്ടായി.

ആളുകള്‍ക്കിടയില്‍ വിവേചനം കല്‍പ്പിക്കാതെയുള്ള തന്റെ പ്രവര്‍ത്തനശൈലിയെ തള്ളിപ്പറഞ്ഞ മതഭ്രാന്തന്‍മാര്‍ക്കെതിരെ ഈദി എല്ലായ്‌പ്പോഴും നിലകൊണ്ടു. ഒരിക്കല്‍, എന്തുകൊണ്ടാണ് താങ്കള്‍ ഹിന്ദുക്കള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും ആംബുലന്‍സ് സേവനം നല്‍കുന്നത് എന്ന് ഒരാള്‍ ഈദിയോട് ചോദിക്കുകയുണ്ടായി. പാകിസ്ഥാനിലെ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന തെറ്റായമതബോധത്തിന്റെ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ഈ ചോദ്യം. അമുസ്‌ലിംകളുമായി ഇടപെടുന്നത് അശുദ്ധിക്ക് ഇടവരുത്തുമത്രെ. മറുപടിയായി അദ്ദേഹം പറഞ്ഞു, ‘കാരണം, എന്റെ ആംബുലന്‍സ് താങ്കളേക്കാള്‍ നല്ല മുസ്‌ലിമാണ്.’

തന്റെ സമുദായമായ മേമന്‍ സമുദായം നടത്തിയിരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ 20-ാം വയസ്സില്‍ തന്നെ ഈദി സാഹിബ് ഭാഗഭാക്കായിരുന്നു. ആദ്യമൊക്കെ വളരെ ഉത്സാഹത്തില്‍ കാര്യങ്ങള്‍ ഏറ്റെടുക്കുകയും, നിര്‍വഹിക്കുകയും ചെയ്തിരുന്നെങ്കിലും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മേമന്‍ സമുദായത്തിന് മാത്രം പരിമിതമാണെന്ന് ഈദി പിന്നീട് മനസ്സിലാക്കി. ചാരിറ്റിയുടെ മേലധികാരികളുമായി ഈദി തര്‍ക്കിച്ചു. ‘ആവശ്യക്കാര്‍ക്കിടയില്‍ വിവേചനം കാണിച്ചാല്‍ സത്കര്‍മ്മങ്ങളുടെ മഹത്വം നഷ്ടപ്പെടും’ എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

ഈദി ഫൗണ്ടേഷന്റെ സേവനസംരഭങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘തൊട്ടില്‍ പദ്ധതി’. ബില്‍ക്കീസ് ഈദിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഒരുപാട് സ്ത്രീകള്‍ ജനിച്ച ഉടനെ തന്നെ തങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലുന്നതായി ഈദിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിവാഹേതരബന്ധങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കായിരുന്നു ഈ വിധി. പാകിസ്ഥാനിലെ ഒട്ടുമിക്ക ഈദി സെന്ററുകള്‍ക്ക് മുന്നിലും ഒരു തൊട്ടില്‍ സ്ഥാപിച്ചിട്ടുണ്ടാകും. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന മാതാക്കള്‍ക്ക് ആ തൊട്ടിലുകളില്‍ കുഞ്ഞുങ്ങളെ കിടത്തി പോകാം, ആരുമൊന്നും ചോദിക്കില്ല. ഓരോ തൊട്ടിലിലും ഇങ്ങനെ എഴുതിവെച്ചിട്ടുണ്ടാകും, ‘മറ്റൊരു പാപം കൂടി ചെയ്യാതിരിക്കുക; നിങ്ങളുടെ കുഞ്ഞിനെ ഞങ്ങളുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചു പോവുക.’

ഇത്തരത്തില്‍ 35000 കുഞ്ഞുങ്ങളാണ് തൊട്ടില്‍ പദ്ധതിയിലൂടെ ഈദി ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. പക്ഷെ ഈദിയുടെ ഈ പ്രവര്‍ത്തനം പാകിസ്ഥാനിലെ മതനേതാക്കളുടെ അപ്രീതി ക്ഷണിച്ചു വരുത്തി. ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് അവരുടെ മാതാപിതാക്കളുടെ സ്വത്തില്‍ അനന്തരാവകാശമുണ്ടായിരിക്കില്ലെന്ന് അവര്‍ വാദിച്ചു. മതത്തിന്റെ കേന്ദ്രാശയത്തിന് എതിരാണ് നിങ്ങളുടെ വാദമെന്ന് ഈദി തിരിച്ചടിച്ചു. ‘ദൈവത്തിന്റെ പേരില്‍ നീചമായ കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരെ സൂക്ഷിക്കുക’ എന്ന് ഈദി ഉറക്കെ പറഞ്ഞു.

പാകിസ്ഥാനിലെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായിരുന്നു ഈദി സാഹിബ്. 1982-ല്‍, ഇസ്‌ലാമിക തത്വങ്ങള്‍ക്ക് അനുസൃതമായി രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ശൂറ കൗണ്‍സില്‍ (കൂടിയാലോചന സമിതി) രൂപീകരിക്കുന്നതായി ജനറല്‍ സിയ പ്രഖ്യാപിച്ചു. ഈദി സാഹിബിലെ സംശയാലു ഉണര്‍ന്നു: ‘ദശലക്ഷകണക്കിന് വരുന്ന പീഡിതജനതയെയാണ് ഞാന്‍ പ്രതിനിധീകരിച്ചത്. എന്റെ സാന്നിധ്യം ഒരു നിയമവിരുദ്ധ ഭരണകൂടത്തിന് അതിനാവശ്യമായ അംഗീകാരം നല്‍കിയതായി ഞാന്‍ മനസ്സിലാക്കി.’

ദേശീയ അസംബ്ലിയില്‍ സംസാരിക്കാനായി റാവല്‍പിണ്ടിയിലേക്ക് തിരിച്ച അദ്ദേഹം, രാഷ്ട്രീയരംഗത്തെ കെടുകാര്യസ്ഥതയെ സംബന്ധിച്ച ഒരു അത്യുജ്ജ്വല പ്രഭാഷണം നടത്തുകയുണ്ടായി. ജനറല്‍ സിയ അടക്കമുള്ള, രാഷ്ട്രീയ രംഗത്തെ ഉന്നതരെല്ലാം സദസ്സില്‍ ഉണ്ടായിരുന്നു. ഈദി പറഞ്ഞു ‘ജനങ്ങള്‍ അവഗണിക്കപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഒരു ദിവസം ഭ്രാന്തന്‍മാരെ പോലെ അവര്‍ ഉയിര്‍ത്തെഴുന്നേറ്റ് വരും, അവരുടെ ഭാവിയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഈ കരിങ്കല്‍ഭിത്തികള്‍ അവര്‍ തകര്‍ത്ത് തരിപ്പണമാക്കും. എന്റെ വാക്കുകള്‍ മുഖവിലക്കെടുക്കുക. ഇപ്പോള്‍ വേട്ടക്കാരാണ് നിങ്ങള്‍, ജനങ്ങള്‍ ഇരകളും. എന്നാല്‍ ജനങ്ങള്‍ വേട്ടക്കാരും നിങ്ങള്‍ ഇരകളുമായി മാറുന്ന ഒരു കാലം വരും. അതിന് മുമ്പ് ജനങ്ങള്‍ക്ക് വേണ്ടത് നല്‍കുക.’

മുന്‍വിധികളെ അസ്ഥാനത്താക്കിയുള്ള ഈദി സാഹിബിന്റെ ഉയര്‍ച്ച അദ്ദേഹത്തിന്റെ മഹത്വം കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. സഹായഹസ്തം നീട്ടുന്നതില്‍ വിവേചനത്തിന് ഇടനല്‍കാതിരുന്ന ഈദി സാഹിബില്‍ നിന്നും ലോകത്തിന് ഒരുപാട് പഠിക്കാനുണ്ട്.

പാകിസ്ഥാനിലെ ഏറ്റവും വലിയ ജനക്ഷേമ സംഘടനയുടെ നായകത്വം, അദ്ദേഹത്തെ പ്രസിദ്ധനും, കൂടുതല്‍ ശക്തനുമാക്കി. പക്ഷെ, വ്യക്തിപ്രഭാവത്തില്‍ മതിമറന്ന ഒരാളായിരുന്നില്ല അദ്ദേഹം, ഒരിക്കല്‍ പോലും അദ്ദേഹത്തില്‍ നിന്നും അഹംഭാവത്തിന്റെയും, അഹങ്കാരത്തിന്റെയും ചലനങ്ങള്‍ ഉണ്ടായിട്ടില്ല, പല മഹാന്‍മാരെയും വഴിതെറ്റിച്ചിട്ടുള്ള ഒന്നാണല്ലോ അഹങ്കാരം.

അവസാനശ്വാസം വരേക്കും വിനയം അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. ശീതീകരിച്ച ഓഫീസ് മുറിയില്‍ അദ്ദേഹം സ്വയം തളച്ചിട്ടില്ല, തന്നാല്‍ ആവും വിധം ആവശ്യക്കാരെ സഹായിക്കാനാണ് അദ്ദേഹം സമയം ചെലവഴിച്ചത്. സഹായങ്ങള്‍ നല്‍കുന്നതിലൂടെ തന്റെ വലിപ്പം ആളുകളെ കാണിക്കുന്ന ചിലരെ പോലെയായിരുന്നില്ല അദ്ദേഹം. കുന്ന് കൂടിയ വന്‍ സമ്പത്ത് ശേഖരം കൈകാര്യം ചെയ്യുമ്പോഴും, ഒരു യോഗിയുടെ ജീവിതമാണ് അദ്ദേഹമാണ് നയിച്ചിരുന്നത്. സമ്പത്തിനെ കുറിച്ചുള്ള ഒരുവിധ ആവലാതികളും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അത്യാവശ്യത്തിന് ധരിക്കാനുള്ള കുറച്ച് വസ്ത്രങ്ങളുമായി, ലളിതമായ രണ്ട് മുറികളോടു കൂടിയ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് അദ്ദേഹത്തിന് ജീവിച്ചിരുന്നത്.

ഇസ്‌ലാമില്‍ അധിഷ്ടിതവും, എല്ലാ ജന-മത വിഭാഗങ്ങളെയും സ്വാഗതം ചെയ്യുന്നതുമായ മുഹമ്മദലി ജിന്നയുടെ രാഷ്ട്രസങ്കല്‍പ്പമായിരുന്നു ഈദിയുടേതും. സ്വാര്‍ത്ഥതാല്‍പ്പര്യക്കാരായ രാഷ്ട്രീയ വര്‍ഗം ജിന്നയുടെ രാഷ്ട്രസങ്കല്‍പ്പത്തിനോട് കാണിച്ച വഞ്ചനയുടെയും, ചതിയുടെയും ബാക്കിപത്രമാണ് ഈദി സാഹിബിന്റെ ജീവിതം.

ഒരിക്കല്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ഒബോണ്‍ പാകിസ്ഥാന്റെ ഭാവിയെ കുറിച്ച് ഈദി സാഹിബിനോട് ചോദിച്ചു. മറുപടിയായി അദ്ദേഹം പറഞ്ഞു ‘കാര്യങ്ങള്‍ മാറിയില്ലെങ്കില്‍, ഇവിടെ വിപ്ലവം നടക്കുമെന്ന് ഞാന്‍ പ്രവചിക്കുന്നു.’

Related Articles