Current Date

Search
Close this search box.
Search
Close this search box.

അപ്രഖ്യാപിത അടിയന്തരാവസ്ഥയോട് രാജിയാവരുത്

mahesh-chandra-guru.jpg

കഴിഞ്ഞ മാസം, ‘ദൈവമൊരു ജനാധിപത്യവാദിയല്ലെ?’ എന്ന തലകെട്ടില്‍ ഒരു തെലുങ്കു ദിനപത്രത്തില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ പ്രൊഫ. കാഞ്ച ഐലയ്യയുടെ പേരില്‍ ഹൈദരാബാദ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. സമൂഹത്തിലെ അസമത്വത്തെ ചോദ്യം ചെയ്യുന്നതും, ദൈവത്തെ കുറിച്ച് ചര്‍ച്ച നടക്കുകയും ചെയ്യുന്നതായിരുന്നു പ്രസ്തുത ലേഖനം. അതിന്റെ പേരില്‍ ഒരു സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി എന്ന് ആക്ഷേപിക്കപ്പെട്ട പ്രൊഫസര്‍ക്ക് മേല്‍, ഐ.പി.സി 153 (A), 295 (A) വകുപ്പുകള്‍ പ്രകാരം വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിന് ഇടവരുത്തി എന്ന പേരില്‍ കേസ് എടുക്കുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ അരങ്ങേറുന്ന നൂറ് കണക്കിന് സംഭവങ്ങളില്‍ ഒന്ന് മാത്രമാണിത്. ഒരു വിഷയത്തെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുകയും, ചരിത്രത്തെയും സമൂഹത്തെയും കുറിച്ച് വ്യത്യസ്തമായ ആഖ്യാനങ്ങള്‍ രചിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരു സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനെ (സി.എസ്.ഓ) വേട്ടയാടാന്‍ ഇന്ത്യയിലെ ഒരു നിയമം വ്യാഖ്യാനിക്കപ്പെടുന്നു, പ്രയോഗിക്കപ്പെടുന്നു എന്ന അസംബന്ധമാണ് ഇവിടെ വെളിപ്പെടുന്നത്.

വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പ്രധാനമന്ത്രി മോദി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, രാമ ഭഗവാന്‍ എന്നിവരെ അവഹേളിച്ചു എന്നതിന്റെ പേരില്‍ കഴിഞ്ഞാഴ്ച്ച മൈസൂര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മഹേഷ് ചന്ദ്ര ഗുരുവിന് മേല്‍ കേസ് ചാര്‍ജ് ചെയ്യുകയുണ്ടായി. രണ്ടാമത്തെ കേസുമായി ബന്ധപ്പെട്ട് മൈസൂര്‍ ജില്ലാ കോടതിയില്‍ ഹാജറാവുകയും, ജാമ്യാപേക്ഷ തള്ളപ്പെടുകയും ചെയ്ത സമയത്താണ് പ്രൊഫസര്‍ അറസ്റ്റിലായി ജയിലിലടക്കപ്പെട്ടത്.

കഴിഞ്ഞകാല സര്‍ക്കാറുകള്‍ പൗരാവകാശങ്ങളെ ഒരു തരത്തിലും മാനിക്കാതിരുന്നപ്പോള്‍, ഇന്നത്തെ ഭരണകൂടം അവയെ വളരെയധികം നിസ്സാരമായാണ് കാണുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യവാദികളുടെ സംഘമായ ഫ്രീഡം ഹൗസിന്റെ 2015 റിപ്പോര്‍ട്ട് പ്രകാരം, 2014-ലെ തെരഞ്ഞെടുപ്പിന് ശേഷം, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ മോദി വിരുദ്ധ പോസ്റ്റുകള്‍ ഇട്ടതിന്റെ പേരില്‍ ചുരുങ്ങിയത് 18 ആളുകളെങ്കിലും അറസ്റ്റ് ചെയ്യപ്പെടുകയും, ചോദ്യം ചെയ്യലിന് വിധേയരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

1936-ല്‍ ഡോ. അംബേദ്കറിന് പറയാന്‍ സാധിച്ചിരുന്നത് ഇന്ന് ഒരാള്‍ക്ക് പറയാന്‍ സാധിക്കില്ലെന്ന് അരുന്ധതി റോയ് ചൂണ്ടികാട്ടിയത് വളരെയധികം ശരിയാണ്. ഇവിടെ ഭയത്തിന്റെയും, ഭീതിയുടെയും അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, കലാകാരന്‍മാര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവരെല്ലാം തന്നെ നിസ്സഹായരാണ്. ഈ പരിതസ്ഥിതി അവരെ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വിശേഷിപ്പിച്ച പോലെ തങ്ങളുടെ വാക്കുകള്‍ ‘സ്വയം-സെന്‍സര്‍ഷിപ്പിന്’ വിധേയമാക്കാന്‍ നിര്‍ബന്ധം ചെലുത്തുന്നുണ്ട്.

അതേ സമയം, തങ്ങളുടെ പ്രത്യയശാസ്ത്രം, നയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെ എതിര്‍ക്കുന്ന സിവില്‍ സൊസൈറ്റി സംഘടനകളെ പരസ്യമായി തന്നെയാണ് ഗവണ്‍മെന്റ് പീഢിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ടീസ്റ്റ സെറ്റല്‍വാദിന്റെ സബ്‌രംഗ് ട്രസ്റ്റിന്റെയും, വക്കീല്‍ കൂട്ടായ്മയുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് ഗവണ്‍മെന്റ് റദ്ദാക്കിയത്. ഇതിന് മുമ്പ്, ഇന്‍സാഫ്, പീപ്പിള്‍സ് വാച്ച്, ഗ്രീന്‍ പീസ് എന്നീ സംഘടനകളും സമാനമായ നടപടിക്ക് വിധേയരായിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി ലോകം മൊത്തം ചുറ്റുന്ന സമയത്താണ്, അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രാലയം സിവില്‍ സൊസൈറ്റി സംഘടനകളെ തെരഞ്ഞുപിടിച്ച് അവയ്ക്ക് ലഭിക്കേണ്ട വിദേശ ഫണ്ടുകള്‍ തടയുന്നത് എന്ന വിരോധാഭാസം ഇവിടെ അരങ്ങേറുന്നത്. ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ സാംസ്‌കാരികവും, സാമൂഹികവുമായ പുരോഗതിക്ക് സഹായകരമാകുന്ന പണമാണ് സര്‍ക്കാര്‍ തടയുന്നത് എന്ന് ഓര്‍ക്കണം.

വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണത്തിന് പുറമെ, ബലപ്രയോഗത്തിലൂടെ സമ്മതി നേടിയെടുക്കുന്ന പ്രവര്‍ത്തനവും സജീവമായി നടക്കുന്നുണ്ട്. ഹിന്ദുത്വ സംഘടനകളുടെയും, രാജ്യത്ത് കൂണ്‍ പോലെ മുളച്ച് പൊന്തി കൊണ്ടിരിക്കുന്ന അതിന്റെ പ്രാദേശിക വകഭേദങ്ങളിലൂടെയുമാണ് അത് നടക്കുന്നത്. സമാധാന പ്രവര്‍ത്തക സിസില എല്‍വര്‍ത്തി വിശദീകരിച്ച പോലെ ഭീഷണിപ്പെടുത്താന്‍ രാഷ്ട്രീയവും, ശാരീരികവുമായ വയലന്‍സും, കീഴൊതുക്കാന്‍ വൈകാരികവും, മാനസികവുമായ വയലന്‍സുമാണ് ഹിന്ദുത്വ സംഘടനകള്‍ ഉപയോഗിക്കുന്നത്. അത്തരത്തിലൊരു സംഘടനയാണ്, ഹിന്ദു മതതീവ്രവാദികള്‍ക്ക് അപ്രിയകരമായ മതവീക്ഷണങ്ങള്‍ വെച്ച് പുലര്‍ത്തിയതിന്റെ പേരില്‍ ഡോ. ധബോല്‍ക്കര്‍, ഡോ. പന്‍സാരെ, പ്രൊഫ. കല്‍ബുര്‍ഗി തുടങ്ങിയ എഴുത്തുകാരെയും ബുദ്ധിജീവികളെയും കൊന്ന് തള്ളിയത്.

ചില ചരിത്ര പുസ്തകങ്ങള്‍ ( Wendy Doniger’s, The Hindus: An Alternative History) പിന്‍വലിച്ച നിലവിലെ സര്‍ക്കാര്‍, കഴിയാവുന്നിടത്തെല്ലാം ചരിത്രം മാറ്റി എഴുതുന്ന തിരക്കിലാണിപ്പോള്‍ (Christophe Jaffrelot, The Indian Express,7 June 2016). ‘വിദ്യാഭ്യാസ രംഗത്തിന്റെ കാവിവല്‍ക്കരണം നടപ്പില്‍വരും, അത് രാജ്യത്തിന് ഗുണകരമാണ്’ എന്ന് തുറന്ന് പ്രസ്താവിച്ച കേന്ദ്ര വിദ്യാഭ്യാസകാര്യ മന്ത്രിയുടെ പ്രസ്താവന സൂചിപ്പിച്ചത് പോലെ വിദ്യാഭ്യാസ രംഗത്തിന്റെ കാവിവല്‍ക്കരണ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

ഈ കാവി മനോഗതിയെ എതിര്‍ത്ത് തോല്‍പ്പിച്ച് ഇന്ത്യന്‍ ചരിത്രവും, സംസ്‌കാരവും, ഭരണഘടനയും ഉദ്‌ഘോഷിക്കുന്ന മതേതര മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുകയാണ് ഇന്നത്തെ പൗരസമൂഹത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. പ്രസ്ഥാനങ്ങളും, സംഘടനകളും ഈ പൊതുവായ ലക്ഷ്യത്തിന് വേണ്ടി കൈകോര്‍ക്കുകയും, ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് അഹിംസത്മക രീതികളും, രചനാത്മകമായ അനുഭവങ്ങളും പരസ്പരം പങ്കുവെക്കുകയും, വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്താല്‍ നാം ഇന്ന് അഭിമുഖീകരിക്കുന്ന കാവിവല്‍ക്കരണം എന്ന വെല്ലുവിളിയെ എളുപ്പം മറികടക്കാന്‍ നമുക്ക് സാധിക്കും.

വിവ:  ഇര്‍ഷാദ് കാളാച്ചാല്‍

Related Articles