Current Date

Search
Close this search box.
Search
Close this search box.

അക്ഷരവായന ഇത്ര അപലപനീയമോ?

reading-scholors.jpg

ഏതാനും മലയാളി ചെറുപ്പക്കാര്‍ ഐസിസില്‍ ചേര്‍ന്നുവെന്ന ഇനിയും സ്ഥിരീകരിക്കാത്ത ഒരു വാര്‍ത്തയില്‍ തൂങ്ങി, കേരളത്തില്‍ സലഫി വിമര്‍ശനം ഈയിടെ ഏറെ ശക്തിപ്പെട്ടിട്ടുണ്ട്. ഐസിസ് പോലെ തീവ്രസ്വഭാവമുള്ള ഗ്രൂപുകളിലേക്ക് ചെറുപ്പക്കാരെ നയിക്കുന്നത് സലഫിസത്തിന്റെ അധ്യാപനങ്ങളാണെന്നാണ് പൊതുവെയുള്ള വിമര്‍ശനം. ഇത്തരം സംഘടനകള്‍ മൂലം, ഇസ്‌ലാമിനെതിരില്‍ പൊതുവായുയരുന്ന വിമര്‍ശങ്ങള്‍ കൂടാതെ, ഇപ്പോള്‍ മുസ്‌ലിം സമുദായത്തിനകത്തു നിന്നു തന്നെയും കാമ്പയിനുകളായും ലേഖനപരമ്പരകളായും ചാനല്‍-സോഷ്യല്‍ മീഡിയാ ചര്‍ച്ചകളായും സലഫിവിമര്‍ശം കൊടുമ്പിരികൊണ്ടിരിക്കുന്നു. ഏതൊരു കാര്യത്തെയും പോലെ സലഫിസത്തെയും നിരൂപണവിധേയമാക്കാനുള്ള ജനാധിപത്യപരവും ധാര്‍മികവുമായ അവകാശത്തെ ആദ്യമേ അംഗീകരിക്കുകയാണ്. എന്നാല്‍, അതൊടൊപ്പം ആ വിമര്‍ശനങ്ങളിലെ ചില അതിരുകവച്ചിലുകളും അവാസ്തവങ്ങളും തുറന്നു കാട്ടപ്പെടേണ്ടതും ആവശ്യമാണ്. സലഫിസത്തിന്റെ പ്രബോധനശൈലിയും അതുയര്‍ത്തിപ്പിടിക്കുന്ന വികസ്വരക്ഷമമല്ലാത്ത സാമൂഹ്യകാഴ്ച്ചപ്പാടുകളോടും ഏറെ വിയോജിപ്പുള്ള വ്യക്തിയാണ് ഈ ലേഖകനും. എന്നാല്‍, ഏറെ അപകടരവും ജനാധിപത്യസമൂഹത്തിന് ഒട്ടും അനുയോജ്യവുമല്ലാത്ത ഒരു ധാരയാണ് പൊതുവെ സലഫിസം, വിശിഷ്യാ അതിലെ ഡീവിയേറ്റഡ് ഗ്രൂപുകള്‍ എന്നു സ്ഥാപിക്കാന്‍, വിമര്‍ശകര്‍ ഉന്നയിക്കുന്ന ന്യായം;സലഫികളുടെ അക്ഷരവായനയോ പ്രമാണങ്ങളുടെ തെറ്റായ വ്യാഖ്യാനമോ ആണ് എന്ന വിമര്‍ശനത്തോട് വിയോജിക്കാതിരിക്കാന്‍ കഴിയില്ല.
 
സലഫീ ആശയധാര സ്വീകരിക്കുന്നവര്‍, പ്രമാണങ്ങളെ, അവയുടെ മുന്‍ഗണനാക്രമവും പ്രാധാന്യവും പരിഗണിക്കാതെ, സ്വീകരിക്കുക വഴി മതത്തിന്റെ പ്രായോഗികമുഖം നഷ്ടപ്പെടുത്തുകയും മതം അനുഷ്ഠിക്കുന്നതില്‍ അനാവശ്യമായ ക്ലേശം തീര്‍ക്കുകയും ചെയ്യുന്നുണ്ട്. പ്രമാണങ്ങളുടെ അക്ഷരവായനയും പ്രമാണങ്ങളെ സ്ഥകാല സാഹചര്യങ്ങള്‍ക്കനുസൃതമായി ഫിറ്റ് ചെയ്യുന്നതില്‍ വരുന്ന വന്‍വീഴ്ചയും ഒരുവേള സലഫികളെ ഏറെ പിന്തിരിപ്പന്‍മാരാക്കിത്തീര്‍ക്കുന്നുമുണ്ട്. ഈയര്‍ത്ഥത്തില്‍ വിമര്‍ശകര്‍ ഉയര്‍ത്തുന്ന പല ന്യായങ്ങളും തീര്‍ച്ചയായും പരിഗണിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍, സലഫിസത്തിന്റെ അക്ഷരവായനയാണ് സകലപ്രശ്‌നങ്ങള്‍ക്കും ഹേതു എന്ന തരത്തിലുള്ള വിധിതീര്‍പ്പുകള്‍ ഒട്ടും നീതിപൂര്‍വകമല്ല. അതുപോലെ പ്രമാണങ്ങളെ അക്ഷരങ്ങളില്‍ വായിക്കുന്നത് തീവ്രവാദത്തിലേക്കു നയിക്കുമെന്ന തരത്തിലുള്ള വിമര്‍ശനങ്ങളിലും എത്രമാത്രം കഴമ്പുണ്ടെന്നു പരിശോധിക്കപ്പെടേണ്ടതാണ്.

പ്രമാണങ്ങള്‍ അക്ഷരങ്ങളില്‍ വായിക്കപ്പെടുന്നത് ഇസ്‌ലാമില്‍ അക്ഷന്തവ്യമായ ഒരു കുറ്റമാണോ? അതിന് ഇസ്‌ലാമില്‍ എന്തെങ്കിലും നിയമസാധുത ഉണ്ടോ? ഉണ്ടെങ്കില്‍ എത്രമാത്രം?ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍, നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം, പ്രമാണങ്ങളെ അക്ഷരങ്ങളില്‍ വായിക്കുന്നതിനും ഇസ്‌ലാമില്‍ വിലക്കില്ല എന്നതാണ്. വിശാലമായ അര്‍ത്ഥതലങ്ങളില്‍ അവ വിശദീകരിക്കപ്പെടാന്‍ നിയമസാധുതയുള്ളപോലെ തന്നെ പരിമിതമായ അര്‍ത്ഥത്തിലും അവ മനസ്സിലാക്കപ്പെടാന്‍ ഇസ്‌ലാമില്‍ ഇടമുണ്ട്. ഇസ്‌ലാമിന്റെ ഒന്നാം ദിനം മുതല്‍ ഇന്നുവരെയും അക്ഷരവായനയും ഇസ്‌ലാമിക സമൂഹത്തിനകത്ത് തുടര്‍ന്നു പോന്ന ഒരു ആശയധാരയോ, ഒരു സമീപനരീതിയോ ആയിരുന്നു. ഇസ്‌ലാമില്‍ അനുവദനീയമായ ആയ ഒരു കാര്യത്തെ, ഇസ്‌ലാം ഭീതിയെന്ന ഒരു താല്‍കാലിക പ്രവണത മുന്‍നിര്‍ത്തി, അനിസ്‌ലാമികമാണെന്നും വ്യതിചലനമാണെന്നും വിധിയെഴുതുന്നത് ശരിയല്ല. സലഫികളില്‍ ചിലര്‍ തീവ്രവാദത്തിലേക്കു തിരിഞ്ഞുവെങ്കില്‍ അതിന്റെ കാരണങ്ങള്‍ വേറെ അന്വേഷിക്കേണ്ടതാണ്. അക്ഷരവായനയും ലിറ്ററലിസവും ഭീകരവാദത്തിലേക്കു നയിക്കുമെന്നുള്ള എടുത്തുചാടിയുള്ള വിധിയെഴുത്ത് നീതിപൂര്‍വകമല്ല.

പ്രമാണ വായനയില്‍ എല്ലായിടങ്ങളിലും പ്രത്യക്ഷാര്‍ത്ഥം സ്വീകരിക്കുന്നത് നിയമനിര്‍മാതാവ് ഉദ്യേശിക്കുന്ന മുഴുവന്‍ ആശയവും ഗ്രഹിക്കാന്‍ മതിയാവുകയില്ല. അതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ വരികള്‍ക്കിടയിലെ വായനക്കും വാക്കുകളുടെ പ്രത്യക്ഷാര്‍ത്ഥത്തിനു പുറത്തുള്ള ആശയഗ്രാഹ്യത്തിനും സാധ്യത വര്‍ധിക്കുന്നു. എന്നാല്‍ മൊത്തം പ്രമാണങ്ങളെടുത്താല്‍ പ്രമാണങ്ങളുടെ അധികവായനയും പ്രത്യക്ഷാര്‍ത്ഥത്തില്‍ ഉള്ളതുതന്നെയാണ് വേണ്ടതെന്നു ബോധ്യപ്പെടും. ചില പ്രത്യേക സന്ദര്‍ഭങ്ങളിലും വാക്യഘടനയിലും പ്രയോഗങ്ങളിലുമാണ് വാചികാര്‍ത്ഥത്തിനു പുറത്തുള്ള ആശയം തേടല്‍ അനിവാര്യമാകുന്നുള്ളൂ. അത്തരം ആശയലോകത്തേക്ക് കടന്നു ചെല്ലാന്‍ കഴിയാത്തത് വലിയ അപരാധമായും വഴിപിഴക്കലായും വിലയിരുത്തപ്പെടുന്നത് ശരിയല്ല. കാരണം അത് മനുഷ്യന്റെ വ്യത്യസ്തമായ ബൗദ്ധികനിലവാരത്തിന്റെ സ്വാഭാവിക പ്രതിഫലനം മാത്രമാണ്. പ്രവാചക തിരുമേനി തന്റെ സമൂഹത്തില്‍ ആ പ്രവണതയെ കണ്ടറിയുകയും അംഗീകരിക്കുകയും ചെയ്തിട്ടുമുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ജനങ്ങളുടെ ഗ്രാഹ്യശേഷിയും ബുദ്ധിവൈഭവവും ഒരു പോലെയല്ല എന്ന് അവിടുന്ന് മനസ്സിലാക്കിയതിനാല്‍, സഹാബാക്കളില്‍ കാര്യങ്ങളെ പ്രത്യക്ഷാര്‍ത്ഥത്തില്‍ മാത്രം മനസ്സിലാക്കിയവരെയും അവിടുന്ന് അംഗീകരിച്ചിരുന്നതായി കാണാം. ചിലപ്പോള്‍ അവിടുന്ന് അത്തരം മനസ്സിലാക്കലുകളെ തിരുത്തി. മറ്റു ചിലപ്പോള്‍ തിരുത്തിയതുമില്ല. പരിമിതമായ അര്‍ത്ഥത്തില്‍ കാര്യങ്ങളെ മനസ്സിലാക്കിയവരെ അവിടുന്ന് ഒരിക്കലും അതിക്ഷേപിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.

ഉദാഹരണത്തിന്, സൂറതുല്‍ ബഖറയിലെ 187-ാമത് സൂക്തം അവതരിച്ച സന്ദര്‍ഭത്തില്‍ അതിനെ വാചികാര്‍ത്ഥത്തില്‍ മനസ്സിലാക്കിയ സഹാബികള്‍ ഉണ്ടായിരുന്നു. ‘രാവിന്റെ കരിവരകളില്‍ നിന്ന് പ്രഭാതത്തിന്റെ വെള്ളവരകള്‍ തെളിഞ്ഞുകാണുന്നതുവരെ നിങ്ങള്‍ക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം’എന്ന സൂക്തത്തിലെ ‘ഖയ്തുല്‍ അബ്‌യദ്, ഖയ്തുല്‍ അസ്‌വദ്’എന്ന പദങ്ങളെ അദിയ്യ് ബിന്‍ ഹാതിം എന്ന സ്വഹാബി മനസ്സിലാക്കിയത് വെള്ള നൂലും കറുത്ത നൂലും എന്ന അതിന്റെ പ്രത്യക്ഷാര്‍ത്ഥത്തിലാണ്. സമയമറിയാന്‍ തന്റെ തലയണക്കരികില്‍ കറുത്ത നൂലും വെളുത്ത നൂലും കൊണ്ടു വച്ചാണ് അദ്ദേഹം കിടന്നുറങ്ങിയത്. സംശയനിവാരണത്തിന് തിരുമേനിയുടെ അടുക്കലെത്തിയപ്പോഴാണ്, അതിന്റെ പൊരുള്‍, രാത്രിയുടെ കറുപ്പും പകലിന്റെ വെളുപ്പുമാണെന്ന് മനസ്സിലായത്. (തഫ്‌സീര്‍ ഇബ്‌നു കസീര്‍) ജനാബതുകാരന് കുളിക്കാന്‍ വെള്ളം ലഭിക്കാതെ വന്നാല്‍, തയമ്മും ചെയ്യേണ്ടത് മണ്ണില്‍ കിടന്നുരുണ്ടാണെന്നാണ് സാക്ഷാല്‍ ഉമര്‍ പോലും ഏറെ കാലം മനസ്സിലാക്കിയത്. മുന്‍കൈയ്യും മുഖവും മാത്രം തയമ്മും ചെയ്താല്‍ മതിയെന്ന അമ്മാര്‍(റ) ന്റെ ഉപദേശമൊന്നും ചെവിക്കൊള്ളാന്‍ ഉമറിനായില്ല. വാചികാര്‍ത്ഥത്തിലുള്ള തന്റെ മനസ്സിലാക്കലിന് മാറ്റമുണ്ടാകുന്നത് ഏറെ കഴിഞ്ഞാണ്. (ശാഹ് വലിയുല്ലാഹ്, അല്‍ ഇന്‍സാഫ് ഫീ ബയാനി അസ്ബാബില്‍ ഇഖ്തിലാഫ്, 29). പ്രവാചകാനുചരന്‍മാര്‍ തന്നെയും വാചികാര്‍ത്ഥത്തില്‍ പലകാര്യവും മനസ്സിലാക്കിപോന്നിരുന്നുവെന്നതിന് തെളിവാണ് ഈ സംഭവങ്ങള്‍. അതൊരു തെറ്റായോ, മോശപ്പെട്ട പ്രവര്‍ത്തിയായോ നബിയോ മറ്റുള്ളവരോ കണ്ടിട്ടില്ല. സ്വാഭാവികമായ ഒന്നുമാത്രമായേ അവരതിനെ മനസ്സിലാക്കിയിരുന്നുള്ളൂ. പ്രമാണങ്ങളെ അതിന്റെ ബാഹ്യാര്‍ത്ഥത്തില്‍ മനസ്സിലാക്കിയവരും ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗം തന്നെയായിരുന്നു. അവരെയും നബി അംഗീകരിച്ചു. ഗ്രാഹ്യ ശേഷി കുറഞ്ഞതിന്റെ പേരില്‍ ആക്ഷേപത്തിനര്‍ഹരായിരുന്നില്ല അവര്‍. ഹജ്ജ് വേളയില്‍ അറഫയിലേക്കുള്ള വഴിമധ്യേ അബ്തഹില്‍ ഇറങ്ങിയ നബിയുടെ ചെയ്തിയെ, ഹജ്ജിന്റെ ഭാഗമായാണ് ഇബ്‌നു ഉമറും അബൂഹുറൈയ്‌റയും മനസ്സിലാക്കിയത്. എന്നാല്‍ ആയിശയും ഇബ്‌നു അബ്ബാസും സൗകര്യമായ ഒരു സ്ഥലത്ത് ഇറങ്ങിയതായി മാത്രമേ അതിനെ മനസ്സിലാക്കിയുള്ളൂ. (ശാഹ് വലിയുല്ലാഹ്, അല്‍ ഇന്‍സാഫ് ഫീ ബയാനി അസ്ബാബില്‍ ഇഖ്തിലാഫ്, 28) കാര്യങ്ങള്‍ ബാഹ്യാര്‍ത്ഥത്തില്‍ മാത്രം മനസ്സിലാക്കിയ അബൂഹുറൈറയുടെയും ഇബ്‌നു ഉമറിനെയും പോലുള്ള സ്വഹാബിമാരെയും ആഴത്തില്‍ മനസ്സിലാക്കിയ ഇബ്‌നു അബ്ബാസ് ആയിശയെപോലുള്ളവരുടെയും നിരവധി ഉദാഹരണങ്ങള്‍ കാണാം. അതില്‍ ഒരു കൂട്ടര്‍ മാത്രം ശരി, മറ്റേ കൂട്ടര്‍ തെറ്റെന്ന ധ്രുവീകരണം ഇസ്‌ലാമിക ചരിത്രത്തില്‍ കാണുക സാധ്യമല്ല. ബാഹ്യമായി കാര്യങ്ങളെ മനസ്സിലാക്കുന്നവര്‍ക്കും ഇസ്‌ലാമില്‍ ഇടമുണ്ടെന്നര്‍ത്ഥം.
    
ബനൂ ഖുറൈദയില്‍ ചെന്നിട്ട് അസ്വര്‍ നമസ്‌ക്കരിക്കാനുള്ള പ്രവാചക കല്‍പ്പനയെ അര്‍ത്ഥത്തിലും അക്ഷരത്തിലും മനസ്സിലാക്കിയവര്‍ സ്വഹാബികളിലുണ്ടായിരുന്നു. കല്‍പ്പനയുടെ പൊരുള്‍ വേഗത്തില്‍ അവിടെ എത്തലാണെന്ന് മനസ്സിലാക്കിയവര്‍ നമസ്‌കാരസമയം കഴിയുന്നതിനു മുമ്പ് വഴിയില്‍തന്നെ നിസ്‌ക്കരിച്ചു. ആ കല്‍പ്പനയെ അക്ഷരാര്‍ത്ഥത്തില്‍ എടുത്തവര്‍ ബനൂ ഖുറൈദയില്‍ എത്തി, സമയം കഴിഞ്ഞതിനു ശേഷമാണ് അസ്വര്‍ നമസ്‌ക്കരിച്ചത്. ഇരു കൂട്ടരെ കുറിച്ചും നബി(സ) അറിഞ്ഞു. ഒരു കൂട്ടര്‍ ശരി. മറ്റൊരു കൂട്ടര്‍ തെറ്റ് എന്നതായിരുന്നില്ല നബി(സ) യുടെ അതെകുറിച്ചുള്ള വിധി. ഇരു കൂട്ടരും ശരി. കാര്യത്തെ ആശയത്തില്‍ മനസ്സിലാക്കിയവരും അക്ഷരങ്ങളില്‍ മനസ്സിലാക്കിയവരും ശരിയുടെ ആളുകള്‍ തന്നെ. പ്രവാചക വചനത്തിന്റെ ആത്മാവ് അറിഞ്ഞ്, വഴിയില്‍ നമസ്‌ക്കരിച്ചവരാണ് പ്രമാണത്തെ ഏറ്റവും കൃത്യമായി മനസ്സിലാക്കിയവര്‍ എന്നാണ് പില്‍ക്കാലത്ത് ഭൂരിഭാഗം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടത്. എന്നാല്‍ അക്ഷരങ്ങളില്‍ മനസ്സിലാക്കിയവരെ തെറ്റുകാരായോ അഭിശപ്തരായോ പില്‍ക്കാലത്ത് ഒരു പണ്ഡിതരും മനസ്സിലാക്കിയിട്ടില്ല. അക്ഷരത്തില്‍ കാര്യങ്ങളെ മനസ്സിലാക്കിയവരാണ് യഥാര്‍ത്തില്‍ നബി കല്‍പന അതേപടി ശിരസാവഹിച്ചത് എന്നു പറഞ്ഞവരുമുണ്ട്. ഇബ്‌നു ഹസം(റ) (ഹിജ്‌റ 384-456) പോലെ. ‘ഈ സംഭവം നടക്കുമ്പോള്‍ നമ്മളും അവിടെ ഹാജരായിരുന്നുവെങ്കില്‍, ബനൂ ഖുറൈദയില്‍ എത്തിയാലല്ലാതെ ഞങ്ങള്‍ അസ്വര്‍ നമസ്‌ക്കരിക്കുമായിരുന്നില്ല, അത് അര്‍ദ്ധരാത്രി കഴിഞ്ഞിട്ടാണെങ്കിലും ശരി.’ (ഇബ്‌നു ഹസം, അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹകാം. കെയ്‌റോ: ദാറുല്‍ ഹദീസ്, ഹിജറ 1404. പേജ്. 291).

ദാവൂദ് ദ്വാഹിരി (ഹിജ്‌റാബ്ദം 201-270) യിലൂടെ ഒരു സൈദ്ധാന്തിക അടിത്തറ പാകപ്പെടുകയും പിന്നീട് ഇന്നുള്ള നാലു മദ്ഹബുകള്‍പോലെ അനുയായികളുള്ള ഒരു മദ്ഹബായി ഏറെകാലം ഇസ്‌ലാമിക ലോകത്ത് ഉണ്ടാവുകയും ചെയ്ത ഒരു മദ് ഹബാണ് ദാഹിരീ മദ്ഹബ്. (ലിറ്ററലിസം) ഇബ്‌നു ഹസമിന്റെ കാലത്ത് സ്‌പെയിനില്‍ അത് പ്രചുരപ്രചാരം നേടി. അദ്ദേഹത്തിന്റെ അതുല്യമായ ഗ്രന്ഥങ്ങളിലൂടെ അതിന്റെ സ്വാധീനം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അഹ്‌ലുസ്സുന്നയുടെ ആദരണീയ പണ്ഡിതന്മാരില്‍ ഒരാളായി അദ്ദേഹം ഗണിക്കപ്പെടുന്നു. ഫിഖ്ഹീ മസ്അലകളില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് വിയോജിക്കുകയും എതിരഭിപ്രായങ്ങള്‍ ഉന്നയിക്കുകയും ചെയ്യുമ്പോള്‍ തന്നെയും, പ്രഗല്‍ഭരായ പണ്ഡിതരാരും അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ മദ്ഹബിനെയോ തള്ളിപ്പറഞ്ഞതായി കാണാനാകില്ല. പ്രമാണങ്ങളെ സമീപിക്കുന്ന കാര്യത്തില്‍, അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരാണ് ഇക്കാലത്തെ സലഫികള്‍ എന്നുപറയാം. നിയോ ലിറ്ററിസ്റ്റുകള്‍ എന്ന പേരു വീഴുംവിധം പ്രമാണങ്ങളുടെ അക്ഷരവായനയും അയവില്ലാത്ത കര്‍ക്കശസമീപനങ്ങളും അവരുടെ മുഖമുദ്രകളായി മാറിയിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ നിരവധി കാര്യങ്ങളിലും മസ്അലകളിലും സമീപനങ്ങളിലും തീര്‍ച്ചയായും അവരുമായി വിയോജിക്കേണ്ടിയും വന്നേക്കാം. എന്നു കരുതി, അക്ഷരവായന തന്നെ മോശമാണെന്നും അതുതന്നെ വഴിപിഴപ്പിക്കുമെന്നും അതുമൂലം ആളുകള്‍ തീവ്രവാദികളായിപോകുമെന്നുമുള്ള ആരോപണങ്ങള്‍, ഇസ്‌ലാമിന്റെ ചരിത്രത്തോടു നീതിപുലര്‍ത്തുന്നതല്ല.

സമീപകാലത്ത് നിര്‍മ്മിച്ചെടുക്കപ്പെട്ട ഇസ്‌ലാം ഭീതിയില്‍ അറിയാതെ പ്രചോദിതരായി ഉന്നയിക്കുന്ന വിമര്‍ശനങ്ങളാകാം ഇത്. ഇപ്പോള്‍ കാണുന്ന ഇസ്‌ലാം ഭീതിപോലുള്ള താല്‍ക്കാലിക പ്രവണതകള്‍ മുന്‍ നിര്‍ത്തി ഇസ്‌ലാമില്‍ ചരിത്രപരമായ സ്ഥാപിക്കപ്പെട്ടതും നിയമാനുസൃതവുമായ കാര്യങ്ങളെ മുസ്‌ലിംകള്‍ തന്നെ അപലപിക്കുന്നതും തള്ളിപ്പറയുന്നതും ശരിയല്ല. അക്ഷരവായനയ്ക്കും ഇസ് ലാമില്‍ ഇടമുണ്ടെങ്കില്‍ അതങ്ങനെ നിലനിന്നോട്ടെ. ആശയപരമായ വൈവിധ്യങ്ങളായി അതവിടെ നിലനിന്നോട്ടെ. അതിലല്ലേ ഇസ്‌ലാമിന് കൂടുതല്‍ സൗന്ദര്യവും. ആരോപിക്കപ്പെടുന്ന തീവ്രവാദം യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ വേറെ തന്നെ തേടേണ്ടതാണ്.

Related Articles