Current Date

Search
Close this search box.
Search
Close this search box.

അകം നന്നാക്കാതെ പുറം മിനുക്കേണ്ട

brass-uten.jpg

ഇംഗ്ലണ്ട് മോഡല്‍ ജനാധിപത്യമാണ് മൊത്തത്തിലും തത്വത്തിലും ഇന്ത്യയില്‍ ഏറെക്കുറെ നിലനില്‍ക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായ സാമുദായിക – സാമൂഹ്യ ഘടനയാണിവിടെ ഉള്ളത്. ഇവിടെ വലിയ ഒരു ഭൂരിപക്ഷവും പിന്നെ കുറേ ന്യൂനപക്ഷങ്ങളുമാണുള്ളത്. ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് തന്നെയായിരിക്കും മിക്കവാറും ഭൂരിപക്ഷം ഉരുത്തിരിഞ്ഞുവരിക. ആകയാല്‍ ന്യൂനപക്ഷത്തിന്റെ അസ്തിത്വത്തിന്നും വ്യക്തിത്വത്തിന്നും സംരക്ഷണമേകുന്ന പ്രത്യേക വ്യവസ്ഥകളുണ്ടെങ്കിലേ ഭൂരിപക്ഷ സംസ്‌കാരം ന്യൂനപക്ഷങ്ങളെ വിഴുങ്ങിക്കളയുന്ന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാനാവുകയുള്ളൂ. അതാണ് ഇന്ത്യയില്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിവിധ സമുദായങ്ങള്‍ക്കുള്ള വ്യക്തിനിയമങ്ങള്‍. പക്ഷെ ഈ വ്യക്തിനിയമങ്ങളെ വിശിഷ്യാ മുസ്‌ലിം വ്യക്തിനിയമത്തെ തികഞ്ഞ അസഹിഷ്ണുതയോടെ കാണുന്നവര്‍ ഇവിടെയുണ്ട്. ആകയാല്‍ ന്യൂനപക്ഷങ്ങളെ വിശിഷ്യാ മുസ്‌ലിംകളെ ഒരുതരം അരക്ഷിതബോധം സദാ വേട്ടയാടുന്നുണ്ട്. ഈ അരക്ഷിതബോധം അന്തിമവിശകലനത്തില്‍ രാജ്യപുരോഗതിയെ പോലും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.

ഇന്ന് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ പൂര്‍വരൂപമായിരുന്നു ജനസംഘം. അറുപതുകളില്‍ ജനസംഘത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ബാല്‍രാജ് മധോക്ക് ഇന്ത്യയിലെ മുസ്‌ലിംകള ഭാരതവല്‍കരിക്കണമെന്ന് വളരെ ശക്തിയായി വാദിച്ചിരുന്നു. തദാവശ്യാര്‍ഥം ഏകസിവില്‍കോഡ്  നടപ്പാക്കണമെന്നും മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങളും പരിഗണനകളും റദ്ദാക്കണമെന്നും പലരീതിയില്‍ പല മാര്‍ഗേണ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഈ വാദഗതികളെ നല്ലൊരളവില്‍ ഫലത്തില്‍ ശക്തിപ്പെടുത്തുന്ന നിലപാടാണ് ദേശീയ മുസ്‌ലിംകളെന്നറിയപ്പെട്ടിരുന്ന കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കളിലൊരു വിഭാഗവും, സെക്യുലറിസ്റ്റ്  – കമ്മ്യൂണിസ്റ്റ്  – മോഡേണിസ്റ്റ് വിഭാഗങ്ങളും പല മാര്‍ഗേണ സ്വീകരിച്ചത്. കേന്ദ്ര മന്ത്രിയായിരുന്ന എം.സി. ഛഗ്ല, പില്‍ക്കാലത്ത് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായ ജസ്റ്റിസ് ഹിദായത്തുല്ല, ഹമീദ് ദല്‍വായി തുടങ്ങിയ പലരും അക്കാലത്ത് മുസ്‌ലിം വ്യക്തിനിയമത്തിനെതിരെ (ഏകസിവില്‍കോഡിന് അനുകൂലമായി) നിലകൊണ്ടവരായിരുന്നു. പക്ഷെ മുസ്‌ലിം സമുദായം ഇന്നെന്ന പോലെ അന്നും ആവുംപടി ഇതിനെ ചെറുത്തു നിന്നു.

ഇന്നിപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വീണ്ടും ഇറക്കിയിരിക്കയാണ്. അതിന്ന് മുത്വലാഖ് എന്ന അപ്രധാന വിഷയത്തെ മറയാക്കിയിട്ടാണിപ്പോള്‍ രംഗപ്രവേശം. സത്യത്തില്‍ ഭാരതീയ സമൂഹത്തില്‍ ഇതിന്നേക്കാള്‍ നീറുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. വളരെ അപൂര്‍വമായി മാത്രം ഉള്ള മുത്വലാഖിനെ പര്‍വതീകരിച്ച് വ്യാപകമായി പ്രചാരണം നടത്തുന്നത് തികഞ്ഞ ദുരുദ്ദേശ്യത്തോടെയാണ്. ബഹുഭാര്യത്വത്തിന്റെ കഥയും ഇത് തന്നെ. മറ്റ് പല വിഭാഗങ്ങളെയും അപേക്ഷിച്ച് മുസ്‌ലിംകളില്‍ ബഹുഭാര്യത്വം വളരെ കുറവാണ്. മുസ്‌ലിംകളില്‍ അതിന് അത്യാവശ്യ ഘട്ടത്തില്‍ അനുവാദമുള്ള പോലെ കര്‍ശനമായ വ്യവസ്ഥകളുമുണ്ട്. മറ്റു സമുദായങ്ങളിലെ രണ്ടാം ഭാര്യമാര്‍ക്കും മൂന്നാം ഭാര്യമാര്‍ക്കും അവരുടെ മക്കള്‍ക്കും അനന്തരാവകാശമോ മറ്റിതര ആനുകൂല്യമോ സംരക്ഷണമോ ഒന്നുമില്ല. തമിഴ്‌നാട്ടിലെ കരുണാനിധി, യു.പിയിലെ മുലായം സിംഗ് യാദവ് തുടങ്ങിയവര്‍ ഇങ്ങിനെയുള്ള ബഹുഭാര്യത്വം സ്വീകരിച്ചവരാണ്. എന്നാല്‍ മുസ്‌ലിംകളില്‍ ഭാര്യമാര്‍ക്കെല്ലാം ഒരുപോലെ അവകാശവും സംരക്ഷണവും ഉണ്ട്. പ്രത്യക്ഷത്തില്‍ കപടമായ ഏകപത്‌നീ വ്രതവും എന്നാല്‍ അവിഹിതമായി പല സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുമെന്ന ഹീനമായ ശൈലിയെ ബഹുഭാര്യത്വത്തെ എതിര്‍ക്കുന്ന പോലെ  എതിര്‍ക്കുന്നില്ല.

ഏകസിവില്‍ കോഡ് ഒരിക്കലും പ്രായോഗികമല്ലെന്ന് ആര്‍.എസ്.എസ് നേതാവായിരുന്ന ഗോള്‍വാള്‍ക്കര്‍ ഉള്‍പ്പടെയുള്ള പലരും സമ്മതിച്ച വസ്തുതയാണ്. കയ്യിലെ അഞ്ച് വിരലുകളും വെട്ടിമുറിച്ച് ഒരുപോലെയാക്കുന്ന വേല പോലെയാണതെ്‌ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനമുള്‍പ്പെടെ വേറെയും കുറേ കാര്യങ്ങളുണ്ട്. പക്ഷെ ഏകസിവില്‍ കോഡ് വിഷയത്തില്‍ കാണിക്കുന്ന അതീവ ശുഷ്‌കാന്തിയുടെ ഒരു ശതമാനം പോലും ഇതിലൊന്നും കാണുന്നില്ലെന്ന വസ്തുത ഇക്കൂട്ടരുടെ ഉള്ളിലിരിപ്പ് വിളിച്ചോതുന്നുണ്ട്. ഇത്തരം ഒരു സങ്കീര്‍ണ ചുറ്റുപാടില്‍ മുസ്‌ലിം സമുദായം കുറേകൂടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കാനുള്ള ആമുഖമെന്ന നിലക്കാണ് ഇത്രയും കുറിച്ചത്.

ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ സാമുദായികവും സാംസ്‌കാരികവുമായ അസ്തിത്വവും വ്യക്തിത്വവും ജാഗ്രതാപൂര്‍വം കാത്തുസൂക്ഷിക്കേണ്ട കാര്യം തന്നെയാണ്. മുസ്‌ലിംകളെ സംബന്ധിച്ചടത്തോളം അവരുടെ വ്യക്തിത്വത്തിന്റെ – സാസ്‌കാരിക തനിമയുടെ – നിദാനം അവരുടെ ആദര്‍ശം തന്നെയാണ്. ഈ ആദര്‍ശത്തിന്റെ തനിമയും മേന്മയും തേഞ്ഞുമാഞ്ഞു പോകാതെ കാത്തുസൂക്ഷിക്കപ്പെടുന്നത്/ കാത്തുസൂക്ഷിക്കപ്പെടേണ്ടത് തങ്ങളുടെ ജീവിതത്തിലൂടെയാണ്. ഇതിന്നാണ് ദീന്‍ നിത്യജീവിതത്തിലേക്ക് ചിട്ടകളും ചട്ടങ്ങളും നിര്‍ദേശിക്കുന്നത്. ഇതിലൂടെ വാര്‍ത്തെടുക്കപ്പെടുന്ന സന്തുലിതത്വവും സൗന്ദര്യവുമുള്ള ജീവിത സംസ്‌കാരം ഫലത്തില്‍ ഇസ്‌ലാമിക ആദര്‍ശ സംസ്‌കാരങ്ങളുടെ പ്രഘോഷണം തന്നെയാണ്.

ജീവിതത്തെ സമഗ്രമായി, അവിഭാജ്യ ഏകകമായി കാണുന്ന ഇസ്‌ലാം മനുഷ്യ പ്രകൃതിയോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന സത്യശുദ്ധ പ്രായോഗിക ജീവിത ദര്‍ശനമാണ്. വ്യക്തി, കുടുംബം, സമൂഹം, ലോകം എന്ന ക്രമത്തിലാണതിന്റെ പ്രയോഗവല്‍കരണം. ഇതില്‍ വ്യക്തി ജീവിതവും കുടുംബ ജീവിതവുമെന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഇത് രണ്ടും ഓരോ സമുദായത്തിന്റെയും സ്വത്വം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇക്കാരണത്താലാണ് ഓരോ സമൂഹവും തന്താങ്ങളുടെ വ്യക്തി – കുടുംബ നിയമങ്ങളെ നിഷ്ഠാപൂര്‍വം പാലിക്കാന്‍ യത്‌നിക്കുന്നത്. അങ്ങനെ തന്താങ്ങളുടെ നിയമങ്ങള്‍ പാലിക്കാന്‍ ആധുനിക ഭരണകൂടങ്ങള്‍ മിക്കതും ഒരളവോളം അനുവദിക്കുന്നുമുണ്ട്. ബഹുസ്വര സമൂഹങ്ങളുള്ള ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമം അനുവദിക്കപ്പെട്ടത് ഈ അടിസ്ഥാനത്തിലാണ്. ശകലത്തില്‍ സകലവുമുണ്ടാകാനിടയില്ലെന്നത് ഒരു വസ്തുതയാണ്. വ്യക്തി-കുടുംബ നിയമങ്ങളെ ക്രോഡീകരിച്ച കാലഘട്ടവും സമൂഹവും മറ്റിതര ഘടകങ്ങളും കാരണമായുള്ള ചില പരിമിതികളും നിയമനിര്‍ധാരണത്തിന്നവലംബിച്ച രീതികളും ഉപാധികളും കാരണമായുള്ള പരിമിതികളും ഉണ്ടാവാം. പക്ഷെ മൊത്തത്തിലും തത്വത്തിലും ഇന്ത്യയില്‍ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമം നിലനില്‍ക്കേണ്ടത് മുസ്‌ലിംകളുടെ അസ്തിത്വവും വ്യക്തിത്വവും കാത്തുസൂക്ഷിക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയില്‍ മുസ്‌ലിം വ്യക്തിനിയമം പലവിധ ഭീഷണികള്‍ക്ക് വിധേയമാണ്. ഈ വിഷയത്തില്‍ ആശങ്കയുടെ കരിനിഴലിലാണ് ദശകങ്ങളായി സമുദായം കഴിയുന്നത്. ഈ ഒരവസ്ഥയില്‍ മുസ്‌ലിം വ്യക്തിനിയമത്തെ കൂടുതല്‍ ഇസ്‌ലാമീകരിക്കാനുള്ള ചിന്തകള്‍ പോലും നിര്‍ത്തിവെക്കേണ്ടി വരുന്നു. തക്കം കിട്ടുമ്പോഴൊക്കെ മുസ്‌ലിം വ്യക്തിനിയമത്തിനെതിരെ ആക്രോശങ്ങള്‍ നടത്തുകയാണ് ഫാസിസ്റ്റുകളും സെക്യുലറിസ്റ്റുകളും മോഡേണിസ്റ്റുകളും. വസ്തുതകളെ വക്രീകരിച്ചും പര്‍വതീകരിച്ചും മുസ്‌ലിം വ്യക്തിനിയമത്തെ വികൃതവും ബീഭത്സവുമായി ചിത്രീകരിക്കുവാന്‍ വാര്‍ത്താ മാധ്യമങ്ങളും നാനാ മാര്‍ഗേണ യത്‌നിക്കുന്നു. കോടതികളുടെ ഭാഗത്തു നിന്ന് ഒറ്റപ്പെട്ട പ്രത്യേക സംഘങ്ങളുടെ പശ്ചാത്തലത്തില്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി ശരീഅത്ത് വിരുദ്ധ പരാര്‍മശങ്ങളും നിരീക്ഷണങ്ങളും ചിലപ്പോഴള്‍ വിധികള്‍ തന്നെയും ഉണ്ടാവാറാണുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ സമുദായം ഒറ്റക്കെടായി അഭിമുഖീകരിക്കുന്നുമുണ്ട്. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഈ ദിശയിലുള്ള ഫലപ്രദമായ കാല്‍വെപ്പും കൂട്ടായ്മയുമായിരുന്നു.

ബാഹ്യതലത്തിലുള്ള ആക്രമണങ്ങളെ ചെറുത്തുനിന്നതു കൊണ്ടു മാത്രം ഈ പ്രശ്‌നം തരണം ചെയ്യാനാവുകയില്ല. സമുദായത്തിന്റെ അകത്തും കുറേ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നത് ഈ വിഷയത്തില്‍ ഇടപെട്ടവര്‍ക്കെല്ലാം ഒരുപോലെ ഉള്ള തിരിച്ചറിവാണ്. അനാവശ്യ വിമര്‍ശനങ്ങളെ ക്ഷണിച്ചു വരുത്തുന്ന ചില ദുഷ്പ്രവണതകള്‍ സമുദായത്തിലുണ്ട്. നികാഹ്, ത്വലാഖ്, മഹ്ര്‍, അനന്തരാവകാശം, കുടുംബ പ്രശ്‌നങ്ങള്‍ തുടങ്ങിയവ മഹല്ല് നേതൃത്വത്തിന്റെയും പണ്ഡിതന്‍മാരുടെയും മറ്റും സാന്നിദ്ധ്യത്തില്‍ രമ്യമായി പരിഹരിക്കുന്തിന് പകരം നിയമ കോടതികളിലേക്ക് വലിച്ചിഴക്കുമ്പോഴാണ് പലര്‍ക്കും മുതലെടുക്കാനും ദുഷ്പ്രചരണം നടത്താനും അവസരമുണ്ടാകുന്നത്. കോടതിവരാന്തകളില്‍ ദീര്‍ഘകാലം അലയാനും മാന-ധന-സമയ നഷ്ടങ്ങള്‍ അനുഭവിക്കാനും ഇടയാക്കാതെ കോടതിക്കുപുറത്ത് മാന്യമായും രമ്യമായും കാലതാമസമില്ലാതെയും പരിഹരിക്കാനുള്ള രചനാത്മക ശ്രമങ്ങളെ ഇവിടത്തെ നീതിപീഠങ്ങള്‍ പോലും സന്തോഷത്തോടെ കാണുമെന്നതുറപ്പാണ്. ഈ ദിശയില്‍ മഹല്ല് കൂട്ടായ്മയും മധ്യസ്ഥ സമിതികളും ഉണ്ടാവേണ്ടതുണ്ട്.

നമമുടെ വ്യക്തിനിയമം സമ്പൂര്‍ണ ശരീഅത്തിന്റെ ഭാഗമാണ്. വ്യക്തികുടുംബ നിയമങ്ങള്‍ അതിന്റെ ആത്മാവിനെ തികച്ചും ആവാഹിച്ചു കൊണ്ട് അനുഷ്ഠിക്കുകയും ആചരിക്കുകയും ചെയ്യുന്നതിലുള്ള പലവിധ വീഴ്ച്ചകളാണ് കുടുംബ പ്രശ്‌നങ്ങളുടെ മുഖ്യഹേതു. ശരീഅത്ത് സംബന്ധമായി വ്യക്തമായ ബോധമോ ബോധ്യമോ ഇല്ലാത്ത അവസ്ഥയും, അനാചാര-ദുരാചാരാങ്ങളുടെ ദുസ്വാധീനവും ദുരീകരിച്ച് വ്യക്തി -കുടുംബ ജീവിതങ്ങള്‍ ഇസ്‌ലാമീകരിക്കാനുള്ള നിരന്തര യത്‌നം ഉണ്ടാവേണ്ടതുണ്ട്. അകം നന്നാക്കാതെ പുറം മിനുക്കിക്കൊണ്ട് അധികം മുന്നോട്ടുപോകാനാവില്ല.

മുസ്‌ലിം സമുദായത്തിന് ഇസ്‌ലാമിക നാഗരികതയുടെ സുന്ദരവും സന്തുലിതവുമായ പ്രതിനിധാനം സാധിക്കേണ്ടതുണ്ട്. സമുദായത്തിലെ പുഴുക്കുത്തുകള്‍ എതിര്‍സാക്ഷ്യമായി മാറുന്നത് അക്ഷന്തവ്യമാണ്. സമുദായത്തിന്റെ നേര്‍പാതിയായ സ്ത്രീകളുടെ നേരെ ചിലരെങ്കിലും കാണിക്കുന്ന കടുത്ത അനീതികള്‍ മറ്റുള്ളവര്‍ക്ക് മുതലെടുപ്പ് നടത്താനുള്ള സന്ദര്‍ഭമായി മാറുന്നതിന് അറുതിവരുത്തണം.

മുസ്‌ലിം വ്യക്തിനിയമത്തിനെതിരെയുള്ള, അത് വഴി ഇസ്‌ലാമിന് തന്നെ എതിരായുള്ള വിമര്‍ശനങ്ങള്‍ക്കും തെറ്റിധാരണകള്‍ക്കും ഒരു പരിധിയോളം കാരണക്കാര്‍ മുസ്‌ലിം സമുദായം തന്നെയാണ്. ഇസ്‌ലാമിക ശരീഅത്തിന്റെ സാക്ഷാല്‍ ചട്ടങ്ങളും ചിട്ടകളും അതിന്റെ ചൈതന്യം ആവാഹിച്ചു കൊണ്ട് ഫലപ്രദമായ രീതിയില്‍ യഥാവിധി പാലിച്ചിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന വിവാദ കോലാഹലങ്ങള്‍ നല്ലൊരളവില്‍ ഒഴിവാകുമായിരുന്നു. ഇസ്‌ലാമിന്റെ (ശരീഅത്തിന്റെ) സന്തുലിതത്വവും സൗന്ദര്യവും ബഹുസ്വര സമൂഹത്തില്‍ മറ്റുള്ളവര്‍ക്കും അനുഭവവേദ്യമാകുമായിരുന്നു. ഇസ്‌ലാമിക് ബാങ്കിംഗ്, പര്‍ദ (ഹിജാബ്) ഉള്‍പ്പടെ പല കാര്യങ്ങളെയും ധാരാളം അമുസ്‌ലിം സഹോദരങ്ങള്‍ ആദരവോടെ കാണുന്നതുവെന്നത് നമ്മുടെ അനുഭവമാണ്. കുട്ടികളുടെ സുന്നത്ത് കര്‍മം (circumcision), ഇസ്‌ലാമികമായ അറവുരീതി തുടങ്ങിയ പല കാര്യങ്ങളെയും അതിന്റെ പ്രയോജനം മുന്‍നിര്‍ത്തി പലരും ഉള്‍ക്കൊള്ളുന്നുണ്ട്. ഇസ്‌ലാമിലെ വ്രതാനുഷ്ഠാനം, സകാത്ത് സംവിധാനം, തുടങ്ങിയവയെയും പലരും പ്രശംസിക്കാറുണ്ട്. ചിലരെങ്കിലും അനുകരിക്കാറുമുണ്ട്. കുറ്റകൃത്യങ്ങള്‍ക്കുള്ള (ഉദാ: കൊല, ബലാല്‍സംഗം, കൊള്ള) ഇസ്‌ലാമിന്റെ ശിക്ഷാമുറകളും അത് ഇല്ലാതാക്കാനുള്ള ധാര്‍മിക ശിക്ഷണമുറകളും അമുസ്‌ലിം ബുദ്ധിജീവികള്‍ വളരെയേറെ ആദരപൂര്‍വം വിലമതിക്കാറുണ്ട്. ഇങ്ങനെയുള്ള ചുറ്റുപാടില്‍ ശരിയായ രീതിയിലുള്ള ശരീഅത്ത് പാലനം ഫലത്തില്‍ ഇസ്‌ലാമിലെ സര്‍വപ്രധാനമായ സത്യസാക്ഷ്യ (ശഹാദത്ത്)ത്തിന്റെ പ്രകാശനവും പ്രഘോഷണവുമായി മാറും. ഇസ്‌ലാമിന്റെ കുടുംബ നിയമങ്ങളെ ലംഘിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും മുസ്‌ലിംകള്‍ തന്നെ മുന്‍കൈയ്യെടുത്ത് ഫലപ്രദമായി തടയണം. ആഭ്യന്തര രംഗത്തെ തിരുത്തലുകല്‍ക്ക് മുസ്‌ലിംകള്‍ ഇനിയും അമാന്തിക്കരുത്. ഒത്തൊരുമയോടെ തൃണമൂല വിതാനത്തില്‍ അനാവശ്യ ബഹളകോലാഹലങ്ങള്‍ ഒഴിവാക്കി പരിശ്രമിച്ചാല്‍ അത് സമുദായത്തിനും നാടിനും ഒട്ടേറെ നന്മകള്‍ നേടിത്തരും.

ഇസ്‌ലാമിലെ വ്യക്തി കുടുംബ നിയമങ്ങള്‍ അതിന്റെ അടിസ്ഥാന ആദര്‍ശത്തിന്റെ മനോഹരമായ ആവിഷ്‌കാരമാണെന്ന് സമുദായം തിരിച്ചറിയണം. ഇസ്‌ലാമിക ചട്ടങ്ങളുടെ പ്രസക്തി, പ്രയോജനം, പ്രാധാന്യം തുടങ്ങിയവ സമുദായത്തെ ലിംഗ ഭേദമമന്യെ വിശദമായി പഠിപ്പിക്കണം. അപ്പോള്‍ അന്തിമ വിശകലനത്തില്‍ അത് സമുദായത്തിന്റെ കൂട്ടായ സത്യസാക്ഷ്യ നിര്‍വഹണമായി മാറുകയും ചെയ്യും.

Related Articles