മിഡിലീസ്റ്റിലെ ഏറെ പഴക്കമുള്ള ഇസ്‌ലാമിക സംഘടനകളില്‍ ഒന്നായ മുസ്‌ലിം ബ്രദര്‍ഹുഡിനെ വിദേശ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഒരു നിയമം അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ അവതരിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പ്രസ്തുത നിയമം പാസാക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസം അവര്‍ക്കുണ്ടാകുന്നത്.
‘പാശ്ചാത്യ ലോകത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഒരു അക്രമാസക്ത ഇസ്‌ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തെയാണ്’ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗീകരിക്കുന്നത് എന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ്, The Muslim Brotherhood Terrorist Designation Act എന്ന നിയമം സെനറ്റര്‍ ടെഡ് ക്രൂസും, റിപ്പബ്ലിക്കന്‍ മാരിയോ ഡയസ് ബലാര്‍ട്ടും ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്നത്.
ഇതിപ്പോള്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ഷമാണ് ഇത്തരമൊരാവശ്യത്തിന് വേണ്ടി നിയമം അവതരിപ്പിക്കുന്നത്. മുന്‍ സര്‍ക്കാറുകളും, അതുപോലെ തന്നെ ബ്രദര്‍ഹുഡിനെ കുറിച്ച് പഠിക്കുന്ന ഭീകരവിരുദ്ധ വിശകലനവിദഗ്ദരും, പൊളിറ്റിക്കല്‍ സയന്റിസ്റ്റുകളും, മിഡിലീസ്റ്റിലുടനീളം ജനാധിപത്യ പ്രകിയയില്‍ ഇടപെടുകയും, തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ബ്രദര്‍ഹുഡിനെ ഒരു ഭീഷണിയായി കണ്ടിട്ടില്ല. മറിച്ച് ബ്രദര്‍ഹുഡുമായി നയതന്ത്രബന്ധം പുലര്‍ത്താനായിരുന്നു അവരുടെ തീരുമാനം.
ഡൊണാള്‍ഡ് ട്രംപ് കാര്യങ്ങളെ വ്യത്യസ്തമായാണ് കാണുന്നതെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ പറയുന്നത്. സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത റെക്‌സ് ടില്ലേഴ്‌സണ്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഒരു ശത്രു എന്ന നിലക്കാണ് പരാമര്‍ശിച്ചത്. പക്ഷെ ഭീകരവാദപട്ടം കൊടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടില്ല.
വരാന്‍ പോകുന്ന ഭരണകൂടത്തിന്റെ മിഡിലീസ്റ്റിലെ മുന്‍ഗണനകളില്‍ ഒന്നാം സ്ഥാനം ഇസ്‌ലാമിക് സ്‌റ്റേറ്റിനെ തകര്‍ക്കുക എന്നതാണെന്നും, അതിന് ശേഷം മുസ്‌ലിം ബ്രദര്‍ഹുഡ് ആയിരിക്കുമെന്നും ടില്ലേഴ്‌സണ്‍ സൂചിപ്പിച്ചു.
‘ഐ.എസ്.ഐ.എസിന്റെ പതനം ഇസ്‌ലാമിക മൗലികവാദത്തിന്റെ മറ്റു ഏജന്‍ുമാരായ അല്‍ഖാഇദ, മുസ്‌ലിം ബ്രദര്‍ഹുഡ്, ഇറാനിലെ ചില സംഘടനകള്‍ എന്നിവയുടെ മേല്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ക്ക് സൗകര്യമൊരുക്കും,’ ടില്ലേഴ്‌സണ്‍ പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) മറ്റൊരു പേരാണ് ഐ.എസ്.ഐ.എസ്.
ട്രംപ് ഭരണകൂടം മുസ്‌ലിം ബ്രദര്‍ഹുഡിനെയും ഭീകരവാദ പട്ടികയില്‍ ചേര്‍ക്കുകയാണെങ്കില്‍, ആദ്യമായിട്ടായിരിക്കും അമേരിക്കന്‍ ഗവണ്‍മെന്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘടനക്ക് മേല്‍ ഭീകരമുദ്ര ചാര്‍ത്തുന്നത്.
9/11-ന് ശേഷം രാജ്യത്തെ മതന്യൂനപക്ഷം കടുത്ത വിവേചനങ്ങള്‍ക്കും, പീഢനങ്ങള്‍ക്കും വിധേയരായി കൊണ്ടിരിക്കുകയാണെന്ന് മുസ്‌ലിം സാമുദായിക നേതാക്കള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, ഇത്തരമൊരു നിയമം അമേരിക്കന്‍ മുസ്‌ലിംകളെ വളരെയധികം ബാധിക്കുമെന്നുറപ്പാണ്.
വരാന്‍ പോകുന്ന ട്രംപ് ഭരണസമിതി അടക്കമുള്ള, പ്രസ്തുത നിയമത്തെ പിന്തുണക്കുന്ന ആളുകളെല്ലാം തന്നെ തങ്ങള്‍ എതിര്‍ക്കുന്ന മുസ്‌ലിം സംഘടനകള്‍, രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ താറടിച്ച് കാണിക്കാനായി അവരെയെല്ലാം മുസ്‌ലിം ബ്രദര്‍ഹുഡ് എന്ന് മുദ്രകുത്തുമായിരുന്നു. മുസ്‌ലിംകളോടുള്ള സര്‍ക്കാറിന്റെ നിലപാടിനെ ചോദ്യംചെയ്യുന്നവരെ അന്യവത്കരിക്കാനും, അവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനുമുള്ള ഒരു ഉപായമായി അത്തരം ആരോപണങ്ങളെ ഉപയോഗിച്ചേക്കുമെന്ന ഭയം പൗരാവകാശ പ്രവര്‍ത്തകര്‍ക്കുണ്ട്.
വിവേചനങ്ങള്‍ക്കെതിരെ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് സ്ഥിരമായി കേസുകള്‍ ഫയല്‍ ചെയ്യുന്ന കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് (CAIR) പോലെയുള്ള സംഘടനകള്‍ക്കും, ചാരിറ്റികള്‍ക്കും എതിരെ അത്തരം ആരോപണങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.
കൂടാതെ, കോണ്‍ഗ്രസ്സിലെ ഡെമോക്രാറ്റിക് മെംബര്‍മാര്‍, മുസ്‌ലിം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഹിലാരി ക്ലിന്റന്റെ പൊളിറ്റിക്കല്‍ സ്റ്റാഫായിരുന്ന ഹുമ മഹ്മൂദ് അബ്ദിന്‍, തെരഞ്ഞെടുപ്പിന്റെ സമയത്ത് ട്രംപിനെ വിമര്‍ശിച്ച ഖിസ്ര്‍ ഖാന്‍ തുടങ്ങിയവരെ ആക്രമിക്കാനും ബ്രദര്‍ഹുഡ് എന്ന ലേബല്‍ അവര്‍ ഉപയോഗിക്കുകയുണ്ടായി.
ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന ആരോപണം ‘ശുദ്ധ ഗൂഢാലോചന സിദ്ധാന്ത’മാണെന്ന് വിവരിക്കുന്ന ഇസ്‌ലാമോബിയയോടുള്ള CAIR-ന്റെ പ്രതികരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കോറെ സെയ്‌ലര്‍, മുസ്‌ലിം ബ്രദര്‍ഹുഡിന് ഭീകരവാദ പട്ടം കൊടുക്കുന്നത് ‘മറ്റു സംഘടനകള്‍ക്ക് മേല്‍ കൈവെക്കാനും, അവരെ അടച്ചുപൂട്ടിക്കാനുമുള്ള ഉപായമായി’ ഉപയോഗിക്കപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്.
‘വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ പറയും, ‘ഓ, സോറി, ഞങ്ങള്‍ കരുതിയത് പോലെയുള്ള പ്രശ്‌നങ്ങളൊന്നുമില്ല.’ പക്ഷെ അപ്പോഴേക്ക് ആ സംഘടനകളെല്ലാം അടച്ച് പൂട്ടി പോയിരിക്കും.’ അദ്ദേഹം പറഞ്ഞു. ‘സംഘടനകളെ ഒറ്റപ്പെടുത്താനും, അവരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ നിന്നും ആളുകളെ അകറ്റാനും, ബ്രദര്‍ഹുഡ് ലേബല്‍ ഉപയോഗിക്കപ്പെടുമെന്ന്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1991-ല്‍ വ്യാപകമായി എതിര്‍ക്കപ്പെട്ട ഒരു മുസ്‌ലിം ബ്രദര്‍ഹുഡ് അംഗത്തിന്റെ കുറിപ്പ് തെളിവായി ഉയര്‍ത്തി കാട്ടിയാണ്, പാശ്ചാത്യ നാഗരികതയെ ഉള്ളില്‍ നിന്ന് തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്ന്, Muslim Brotherhood Terrorist Designation Actഅവതരിപ്പിച്ചു കൊണ്ട് ക്രൂസ് പറഞ്ഞത്. CAIR-ന് ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘നാഗരിക ജിഹാദ്’ നടത്തുക എന്ന ഉദ്ദേശത്തോടെ മുസ്‌ലിം ബ്രദര്‍ഹുഡ് അമേരിക്കയില്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നായിരുന്നു ക്രൂസിന്റെ ഉപദേശകനായിരുന്ന ഫ്രാങ്ക് ഗാഫ്‌നെയ് ജൂനിയറിന്റെ പ്രതികരണം.
എന്നാല്‍ ബ്രദര്‍ഹുഡിനെ കുറിച്ച് പഠിക്കുന്ന വിദഗ്ദര്‍ പറയുന്നത് അത് ഒരു തരത്തിലും അമേരിക്കക്ക് ഭീഷണി ഉയര്‍ത്തുന്നില്ല എന്നാണ്. 1928-ല്‍ ഈജ്പിതില്‍ രൂപീകരിക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡ്, പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങളുടെ മാതാവായിട്ടാണ് കണക്കാക്കപ്പെടുന്നത്. മിഡിലീസ്റ്റ് രാഷ്ട്രങ്ങളിലെ ജനാധിപത്യ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുത്ത് ഇസ്‌ലാമിക ഭരണതത്വങ്ങള്‍ നടപ്പില്‍ വരുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഫലസ്തീന്‍ പോരാട്ട സംഘടന ഹമാസ്, പിന്നീട് ബ്രദര്‍ഹുഡുമായി ബന്ധം വിച്ഛേദിച്ച അല്‍ഖാഇദ തുടങ്ങിയ തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ ആവിര്‍ഭാവത്തിനും ബ്രദര്‍ഹുഡ് കാരണമായിട്ടുണ്ട്.
അതേസമയം, മറ്റു മുസ്‌ലിം ബ്രദര്‍ഹുഡ് അനുബന്ധ പ്രസ്ഥാനങ്ങളായ തുനീഷ്യയിലെ അന്നഹ്ദ, തുര്‍ക്കിയിലെ എ.കെ പാര്‍ട്ടി തുടങ്ങിയവ ഇന്ന് ആ രാജ്യങ്ങളുടെ ഭരണം കൈയ്യാളുന്നവരാണ്. 2011-ല്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയതിന് ശേഷം ഈജ്പിതിന്റെ ചരിത്രത്തില്‍ ആദ്യമായി നടന്ന ജനാധിപത്യ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ബ്രദര്‍ഹുഡാണ് വിജയിച്ചത്. പക്ഷെ ഒരു വര്‍ഷത്തിനകം ആ ജനാധിപത്യ സര്‍ക്കാറിനെ പട്ടാളം അട്ടിമറിച്ചു. ഇന്ന് പട്ടാളം ബ്രദര്‍ഹുഡിനെ വേട്ടിയാടി കൊണ്ടിരിക്കുകയാണ്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡ് സര്‍ക്കാറിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി കൊണ്ട് അധികാരത്തിലേറിയ നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയും, യു.എ.ഇയും സൗദി അറേബ്യയും അടക്കമുള്ള സഖ്യകക്ഷികളും ബ്രദര്‍ഹുഡിനെ ഒരു രാഷ്ട്രീയ എതിരാളിയായിട്ടാണ് കണ്ടത്. ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച അവര്‍ അമേരിക്കയോടും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
നിയമം പാസാക്കപ്പെട്ടാല്‍, ‘പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘടനയെ വിദേശ ഭീകരവാദ സംഘടനയായി ചരിത്രത്തില്‍ ആദ്യമായി അമേരിക്ക പ്രഖ്യാപിക്കും’ എന്നാണ് മിഡിലീസ്റ്റ്-വിദേശനയ വിശകലനവിദഗ്ദ മിഷേല്‍ ഡ്യൂണ്‍ പറഞ്ഞത്. യു.എസ് പൗരന്‍മാര്‍ക്കും, സിവിലിയന്‍മാര്‍ക്കും എതിരെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഗണത്തില്‍പെടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള സംഘടനകളെയാണ് സാധാരണയായി പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടുത്താറുള്ളതെന്ന് അവര്‍ പറഞ്ഞു. ‘ബ്രദര്‍ഹുഡ് അത്തരത്തിലുള്ള എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ക്രൂസിന്റെ ബില്‍ സ്ഥാപിക്കുന്നില്ല’ എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് എല്ലായ്‌പ്പോഴും കൃത്യമായ മാനദണ്ഡമൊന്നുമില്ല. ഉദാഹരണമായി, ഹമാസും അല്‍ഖാഇദയും പട്ടികയിലുണ്ട്, അതേ സമയം താലിബാനും, പീസ് ബ്രിഗേഡ്‌സും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. താലിബാന്റെ ചില ഉപസംഘങ്ങള്‍ പട്ടികയിലുണ്ട്.
മറ്റു ചില സംഘടനകളുടെ കൂടെ മുസ്‌ലിം ബ്രദര്‍ഹുഡിനെയും, പ്രത്യേകിച്ച് CAIR-നെയും ‘നാടുകടത്തുക’, ‘ഉന്മൂലനം ചെയ്യുക’, ‘പുറത്താക്കുക’ തുടങ്ങിയ ആഹ്വാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞെടുപ്പിന് വളരെ സജീവമായിരുന്നു. നിങ്ങളുടെ അന്ത്യം അടുത്തിരിക്കുന്നു എന്ന് മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ള ഫോണ്‍ കോളുകളും, ഇമെയിലുകളും കൊണ്ട് പൊറുതിമുട്ടിയതായി CAIR വക്താക്കള്‍ പറയുകയുണ്ടായി.
‘CAIR-ന്റെയും, മുസ്‌ലിം ബ്രദര്‍ഹുഡിന്റെയും എല്ലാ അംഗങ്ങളെയും ഒരു ദിവസം പ്രസിഡന്റ് ട്രംപ് നാടുകടത്തുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അവരുടെ മണല്‍കാടുകളിലേക്ക് തന്നെ അവരെ തിരിച്ചയക്കണം,’ ട്വിറ്ററില്‍ ക്രൂസ് ഫോളൊ ചെയ്യുന്ന ഒരാള്‍ കുറിച്ച വാക്കുകളാണിത്.
്ബില്ലിനെ അനുകൂലിച്ചു കൊണ്ട് സെനറ്റില്‍ നിന്ന് മൂന്ന് പേരും, ഹൗസില്‍ നിന്ന് 20 പേരുമുണ്ട്. സി.ഐ.എ ഡയറക്ടര്‍, അറ്റോര്‍ണി ജനറല്‍ തുടങ്ങിയ സ്ഥാനത്തേക്ക് ട്രംപ് തെരഞ്ഞെടുത്തവര്‍ ഉള്‍പ്പെടെ മന്ത്രിസഭയിലേക്ക് ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത മൂന്ന് പേരും മുമ്പ് ഈ ബില്ലിനെ അനുകൂലിച്ചവരാണ്.
കടുത്ത മുസ്‌ലിം ബ്രദര്‍ഹുഡ് വിരുദ്ധരാണ് ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കള്‍ ഫ്‌ലിന്‍, ഡെപ്യൂട്ടിയാവാന്‍ പോകുന്ന കെ.ടി മക്ഫര്‍ലാണ്ട്, പ്രതിരോധ സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ജനറല്‍. ജെയിംസ് എം. മാറ്റിസ് തുടങ്ങിയവര്‍. പട്ടാള അട്ടിമറിയിലൂടെ ഈജിപ്തിലെ ഭരണം പിടിച്ചെടുത്ത ഏകാധിപതി സീസിയെ പ്രശംസിച്ചവരാണ് ഇക്കൂട്ടര്‍.
‘എന്റെ ഊഹം എന്താണെന്നാല്‍, ഊഹം മാത്രമാണ്, മുസ്‌ലിം ബ്രദര്‍ഹുഡിന് മേല്‍ ഭരണകൂടം ഭീകരമുദ്ര ചാര്‍ത്തും എന്നു തന്നെയാണ്. കാരണം മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള സംഘടനകളെല്ലാം തന്നെ ഭീകരവാദ സംഘടനകളാണെന്ന ഒരു ധാരണ ലോകത്തെമ്പാടുമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,’ മുന്‍ ഹൗസ് സ്പീക്കറും, ട്രംപിന്റെ ഉപദേഷ്ടാവുമായ നുവിറ്റ് ഗിന്‍ഗ്രിച്ചിന്റേതാണ് ഈ വാക്കുകള്‍.
‘അതിന്റെ കൂടെ ഔദ്യോഗികമായി തന്നെ മുസ്‌ലിം ബ്രദര്‍ഹുഡിന് മേല്‍ ഭീകരമുദ്ര ചാര്‍ത്തുന്നത് അവരുമായി ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സംഘടനകള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും’ CAIR-നെ പേരെടുത്ത് പരാമര്‍ശിച്ച് കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അതവരെ തീര്‍ച്ചയായും മാനസികമായി പ്രതിരോധത്തിലാക്കും.’
കടപ്പാട്: washingtonpost
മൊഴിമാറ്റം: irshad shariathi