ആദ്യ മൂന്ന് രാത്രികളില്‍ നമസ്‌കാരം സുഖകരമായി നടന്നു. നാലാം ദിവസം, മാര്‍ച്ച് 26ന്, ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ സൂപ്പര്‍ടെക് ഇക്കോ-വില്ലേജ് II അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്ന് മുഹമ്മദ് ഇനാമിനെ ഒരു കോള്‍ വന്നു. നമസ്‌കാരം നിര്‍ത്തിവെക്കണമെന്ന് പറഞ്ഞ് ചെറി കൗണ്ടി പൊലീസ് പോസ്റ്റില്‍ നിന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ വൈസ് പ്രസിഡന്റായ 46 കാരനായ ഇനാമിന് കോള്‍ വന്നത്. 30-40ഓളം വരുന്ന മുസ്‌ലിംകള്‍ തറാവീഹ് നമസ്‌കാരത്തിനായി സൊസൈറ്റിയിലെ കൊമേഴ്ഷ്യല്‍ കെട്ടിടത്തിലെ ഉപയോഗിക്കാത്ത ഹാളില്‍ ഒത്തുകൂടാറുണ്ടായിരുന്നു. അവരില്‍ പലരും സൂപ്പര്‍ടെക് ഇക്കോ-വില്ലേജ് II അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്നു. പൊലീസില്‍ നിന്ന് കോള്‍ വന്നപ്പോള്‍ അവര്‍ അമ്പരന്നു. ഇനാം സഹായത്തിനായി ഗ്രേറ്റര്‍ നോയിഡയിലെ സമാജ്‌വാദി പാര്‍ട്ടി നേതാവ് രാജ് കുമാര്‍ ഭാട്ടിയെ വിളിച്ചു. ഭാട്ടി പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയും അന്ന് രാത്രി നമസ്‌കാരം തുടരുകയും ചെയ്തു. ‘ഞാന്‍ പൊലീസ് പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി വിഷയം സംസാരിച്ചു. സൊസൈറ്റിയില്‍ നമസ്‌കരിക്കുന്നതിന് അവര്‍ക്ക് അനുമതി നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി’ ഭാട്ടി സ്‌ക്രോളിനോട് പറഞ്ഞു.
എന്നാല്‍, അടുത്ത ദിവസം വൈകുന്നേരം, തിങ്കളാഴ്ച, 60-70ഓളം വരുന്ന ഹിന്ദുവിശ്വാസികളായ നാട്ടുകാര്‍ മൈക്രോഫോണും ഉച്ചഭാഷിണിയുമായി വന്ന് നമസ്‌കാരം നടന്നിരുന്ന കെട്ടിടത്തിന് മുന്നില്‍ ഹനുമാന്‍ ചാലിസ കേള്‍പ്പിക്കാന്‍ തുടങ്ങി. സൊസൈറ്റിക്ക് പുറത്തുള്ളവര്‍ നമസ്‌കരിക്കാന്‍ വരുന്നത് സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ നമസ്‌കാരം തടസ്സപ്പെടുത്തിയത്. നമുക്ക് ഇരുന്ന് സാഹചര്യം പരിഹരിക്കാമെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു. എന്നാല്‍, അവര്‍ അവരുടെ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. പുറത്തുനിന്ന് വന്ന് നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ ഞങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. അവര്‍ ഞങ്ങളുടെ അതിഥികളാണെന്നും അവര്‍ വരുമ്പോഴുള്ള പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കാമെന്നും അവരോട് പറഞ്ഞു. പൊലീസും ഞങ്ങളോട് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ ചോദിച്ചു. പുറത്തുള്ളവരെ പങ്കെടുപ്പിക്കില്ലെന്ന വ്യവസ്ഥയോടെ നമസ്‌കാരം തുടരാന്‍ അനുമതി നല്‍കി. അതിലൊരു യുക്തിയുമില്ലാത്തതിനാല്‍ ഞങ്ങള്‍ സമ്മതിച്ചില്ല -ഇനാം പറഞ്ഞു. അങ്ങനെ, മുസ്‌ലിംകള്‍ സൊസൈറ്റിലെ നമസ്‌കാരം നിര്‍ത്തിവെച്ചു. ഈ സംഭവത്തില്‍ പൊലീസിന് യാതൊരു പങ്കുമില്ല. പുറത്തുള്ളവര്‍ക്ക് പ്രവേശനം നല്‍കാതിരിക്കുന്നത് അവരുടെ ആഭ്യന്തരകാര്യമാണ്. ആരും ഇതുമായി ബന്ധപ്പെട്ട് കേസ് ഫയല്‍ ചെയ്തിട്ടില്ല. നമസ്‌കരിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ ആരെയും തടഞ്ഞിട്ടില്ലെന്നും സെന്‍ട്രല്‍ നോയിഡ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ബ്രിജ്‌നന്ദന്‍ റായ് പറഞ്ഞു.
സമാനമായ തിരക്കഥ
രണ്ട് ദിവസം മുമ്പ്, മാര്‍ച്ച് 24ന്, ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് 20 കി.മീ താഴെ ദൂരമുള്ള സെക്ടര്‍ 137ല്‍ സമാനമായ സംഭവുമുണ്ടായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട 25ഓളം വരുന്ന മുസ്‌ലിംകള്‍ തറാവീഹ് നമസ്‌കാരത്തിനായി ഇക്കോസിറ്റി അപ്പാര്‍ട്ട്‌മെന്റ് ക്ലബിലെ ഒന്നാം നിലയില്‍ ഒത്തുകൂടി. എന്നാല്‍, അപ്പാര്‍ട്ട്‌മെന്റില്‍ നമസ്‌കാരം നടക്കുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് അയല്‍ക്കാര്‍ പൊലീസിനെ വിളിച്ചു. സൊസൈറ്റി മാനേജ്‌മെന്റില്‍ നിന്നുള്ള അനുമതി ഞങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുത്തു. പക്ഷേ, അവര്‍ സമ്മതിച്ചില്ല. സെക്ടര്‍ 142 പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു സംഘമെത്തി നമസ്‌കാരം നിര്‍ത്തിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ നോയിഡയില്‍ 144-ാം (Code of Criminal Procedure) വകുപ്പ് പ്രകാരം അഞ്ചോ അതില്‍ കൂടുതലോ പേര്‍ ഒത്തുകൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പൊലീസില്‍ നിന്ന് അനുമതി വാങ്ങണമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു -സൊസൈറ്റിയിലെ ബിസിനസുകാരനായ ബക്തവാര്‍ ചൗള പറഞ്ഞു. നമസ്‌കരിക്കുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്ന് സെക്ടര്‍ 142 പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ ഉത്തം കുമാര്‍ സ്‌ക്രോളിനോട് പറഞ്ഞു.
അന്ന് മുതല്‍ നമസ്‌കാരം നിര്‍ത്തിവെച്ചു. പിന്നീട് വീട്ടില്‍ വെച്ചായിരുന്നു നമസ്‌കാരം. ഈ സമയത്ത് ക്ലബില്‍ നവരാത്രി ആഘോഷം നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് പൊലീസ് അതും നിര്‍ത്തിച്ചു. പൊലീസ് മതനേതാക്കളുമായി നോയ്ഡയില്‍ ചര്‍ച്ച നടത്തി. ഞങ്ങളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പുതിയ യോഗങ്ങളോ പ്രാര്‍ഥനകളോ നടത്തരുതെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. 3000 കുടുംബങ്ങളുള്ള ഇക്കോസിറ്റിയില്‍ ഏകദേശം 30 മുസ്‌ലിം കുടുംബങ്ങളാണുള്ളത്. സംഭവത്തിന് ശേഷം മുസ്‌ലിംകള്‍ക്കിടയില്‍ നിസ്സാഹയതയും നിരാശയും പ്രകടമായതായി ബക്തവാര്‍ ചൗള കൂട്ടിച്ചേര്‍ത്തു.
സമാധാനമില്ലാതാകുന്നു
കഴിഞ്ഞ ഒരാഴ്ചക്കിടെ, ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ മൂന്നാം തവണയാണ് നമസ്‌കാരം നിര്‍ത്തിവെക്കുന്നത്. മാര്‍ച്ച് 24ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുറാദ്ബാദിലെ കൊമേഴ്ഷ്യല്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി. അവിടെ 20ലധികം പേര്‍ തറാവീഹ് നമസ്‌കരിക്കുന്നതിന് ഒത്തുകൂടിയിരുന്നു. ഈ ആള്‍ക്കൂട്ടത്തിന് നേതൃത്വം നല്‍കിയിരുന്നത് ഗ്രൂപ്പിന്റെ സ്റ്റേറ്റ് പ്രസിഡന്റായ റോഹന്‍ സക്‌സേനയാണ്. ബജ്‌റംഗ്ദള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നമസ്‌കാരം വീടുകളിലോ മതപരമായ സ്ഥലങ്ങളിലോ നിര്‍വഹിക്കാന്‍ പൊലീസ് മുസ്‌ലിംകളോട് ആവശ്യപ്പെട്ടതായി പൊലീസ് പ്രതാവനയ വ്യക്തമാക്കുന്നു. തന്റെ സ്ഥലത്ത് പ്രാര്‍ഥന നടത്തിയ സാക്കിര്‍ ഹുസൈന് പ്രദേശത്തെ സമാധാനം തകര്‍ത്തതിന്റെ പേരില്‍ അഞ്ച് ലക്ഷം പിഴ ഈടാക്കുമെന്ന് പൊലീസ് നോട്ടീസ് നല്‍കി. ഭാവിയില്‍ സമാനമായ സാഹചര്യം ഉണ്ടാകില്ലെന്ന് രേഖാമൂലം അറിയിക്കാന്‍ പൊലീസ് ഹുസൈനോട് ആവശ്യപ്പെട്ടതായി മുറാദാബാദ് സീനിയന്‍ പൊലീസ് സൂപ്രണ്ട് ഹേംരാജ് മീണ സ്‌ക്രോളിനോട് പറഞ്ഞു. നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും തറാവീഹ് നമസ്‌കാരത്തിന് എതിര്‍പ്പുമായി വന്നത് പുറത്തുള്ളവരോ ഹിന്ദുത്വ ഗ്രൂപ്പുകളോ അല്ല. മറിച്ച്, തങ്ങളുടെ അയല്‍ക്കാരണെന്നതാണ് മുസ്‌ലിംകളെ അസ്വസ്ഥപ്പെടുത്തുന്നത്. വിദ്യാസമ്പന്നരായ പ്രൊഫഷണലുകളില്‍ നിന്ന് ഇത്തരമൊരു മതഭ്രാന്ത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബക്തവാര്‍ ചൗള പറഞ്ഞു.
വിവ: അര്‍ശദ് കാരക്കാട്
അവലംബം: scroll.in
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL