Current Date

Search
Close this search box.
Search
Close this search box.

വിശ്വാസത്തിന്റെ പേരിൽ വേട്ടയാടുമ്പോൾ, വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിക്കണം

കഴിഞ്ഞ ഡിസംബർ 19-ന് ലഖ്‌നൗവിലെ പരിവർത്തൻ ചൗക്കിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഞാൻ സമര രംഗത്തിറങ്ങിയപ്പോൾ പ്രതിഷേധം രേഖപ്പെടുത്തിയത് ഒരു പ്രത്യേക നിയമനിർമാണത്തിനെതിരെ മാത്രമായിരുന്നില്ല. പരിവർത്തൻ ചൗക്കിൽ അന്ന് തിങ്ങിക്കൂടിയ ഞാനടക്കമുള്ള മുസ്ലിംകളുടെ മനസ്സുകളിൽ കഴിഞ്ഞ ആറുവർഷമായി ആളിക്കത്തുന്ന പ്രതിഷേധാഗ്നിയുടെ പ്രതിഫലനം കൂടിയായിരുന്നു അത്. ആൾക്കൂട്ടം കടിച്ചു കീറിയ മുഹമ്മദ് അഖ്‌ലാക്കിനും പെഹ്ലു ഖാനും തബ്രേസ് അൻസാരിക്കും ജുനൈദ് ഖാനും പേരു മറന്നു പോയ മറ്റു പലർക്കും വേണ്ടിയുള്ള സമരമായിരുന്നു അത്. മുത്തലാഖ് നിയമത്തിന് എതിരെയുള്ള പ്രതിഷേധമായിരുന്നു അത്. ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്രത്തിനായി തീറെഴുതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു അത്. കൂട്ടത്തിൽ, ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരെയുള്ള പ്രതിഷേധവും കൂടിയായിരുന്നു. ജാമിഅ മില്ലിയ സർവകലാശാലയിൽ വിദ്യാർഥികൾക്ക് നേരെ പോലീസ് കൈകൊണ്ട കിരാതനടപടികളാണ് ജനങ്ങളെ തെരുവിലിറക്കിയത്. 2014-ൽ അധികാരത്തിലേറിയത് മുതൽ മോദി ഭരണകൂടം നടപ്പിലാക്കുന്ന മുസ്ലിം വിരുദ്ധ അജണ്ടക്കെതിരെയുള്ള രോഷമാണ് അവർ തെരുവിൽ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

“ഇനി മതിയാക്ക്” എന്ന് ആക്രോശിക്കാൻ മുസ്ലിംകൾ വൈകിപ്പോയോ?

മോദി അധികാരത്തിൽ വന്ന ആദ്യ അഞ്ചു വർഷങ്ങളിൽ വളരെ തന്ത്രപരമായാണ് മുസ്ലിം വിരുദ്ധത ഭരണകൂടം നടപ്പിലാക്കിയത്. മുസ്ലിം സമുദായത്തിനെതിരെ കൂട്ടായ ഒരു നടപടി കൈക്കൊള്ളാതെ ഒറ്റപ്പെട്ട സംഭവങ്ങൾ എന്നു തോന്നിപ്പിക്കുന്ന തരത്തിൽ പല സംസ്ഥാനങ്ങളിൽ പല സമയത്തായി മുസ്‌ലിം വ്യക്തികളെ ആൾകൂട്ടകൊലപാതകങ്ങൾക്ക് ഇരയാക്കുക, സോഷ്യൽ മീഡിയകൾ വഴി കുപ്രചരണങ്ങൾ നടത്തുക, വിലക്കെടുത്ത മീഡിയ ഹൗസുകളെ ഉപയോഗിച്ച് ലവ് ജിഹാദും, ഭാരത് മാതാ കീ ജയും, അലീഗഢിലെ ജിന്നാ വിഷയവും കത്തിക്കുക എന്നതൊക്കെയായിരുന്നു അവരുടെ രീതികൾ.

സംഘ്പരിവാർ ശക്തികൾ ആഗ്രഹിച്ചതു പോലെ തന്നെ ബഹുസ്വര റാലികളുടെ ഭാഗമായി നിന്നുകൊണ്ടാണ് അന്ന് ഞാനടക്കമുള്ള മുസ്ലിംകൾ അതിനെ പ്രതിരോധിച്ചത്. സ്വന്തം സ്വത്വത്തിന്റെ പേരിൽ അണിനിരന്ന് പോരാടാൻ കഴിയാത്തത് ഭരണകൂടത്തിന് മുന്നിൽ ദുർബ്ബലായി കീഴടങ്ങുന്നതിന് തുല്യമായിരുന്നു. “ധീരകൃത്യങ്ങൾ” ഏറ്റെടുക്കുന്നതിനേക്കാൾ ഫലപ്രദം വിവേകത്തോടെ നീങ്ങുന്നതാണ് എന്ന് മഹാഭൂരിപക്ഷം വരുന്ന സമുദായംഗങ്ങളും അന്ന് വിശ്വസിച്ചു. സജീവമായി സമരരംഗത്തിറങ്ങാതെ സ്വന്തം സാമ്പത്തികനില മെച്ചപ്പെടുത്താനാണ് അന്ന് മുസ്ലിം സമുദായം തുനിഞ്ഞിറങ്ങിയത്.

2019 മെയ് 23-ന് അധികാര പദത്തിൽ എത്തിയ രണ്ടാം ബിജെപി സർക്കാർ ഒരു പടി കൂടി കടന്ന് മുസ്ലിം വിരുദ്ധ അജണ്ടകൾ പ്രാവർത്തികമാക്കാൻ തുടങ്ങി. നിയമനിർമാണങ്ങളിലൂടെയായിരുന്നു പ്രധാനമായും അത് നടപ്പിലാക്കിയത്. ജൂലായ് മാസത്തിൽ മുത്തലാഖ് ബില്ല് പാസാക്കി മുസ്ലിം പുരുഷന്മാരെ ജയിലിലടക്കാൻ അവർ പഴുതുകൾ തേടി. ആഗസ്ത് മാസത്തിൽ കശ്മീരിനെ മൊത്തം അനിശ്ചിതത്വത്തിലാഴ്ത്തി ഭരണഘടനയുടെ ആർട്ടിക്കൾ 370 ഇല്ലായ്മ ചെയ്തു. ബാബരി ഭൂമി രാമക്ഷേത്രത്തിനായി വിട്ടുനൽകണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ച് ഒരു മാസം കഴിഞ്ഞ്, ഡിസംബറിൽ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരികയും മുസ്ലിംകളുടെ പൗരത്വം റദ്ദു ചെയ്യാനായി ദേശീയ പൗരത്വ രജിസ്റ്റർ വിഭാവന ചെയ്യുകയും ചെയ്തു.

അജണ്ടകളെല്ലാം നിയമങ്ങളായി അവതരിപ്പിക്കപ്പെട്ട് കഴിഞ്ഞ സ്ഥിതിക്ക് ഇനി “വിവേകപൂർവം” പെരുമാറുന്നത് മുസ്ലിംകൾക്ക് നല്ലതിനായിരിക്കില്ല. നിങ്ങളെ തള്ളി മതിലിനോട് ചേർത്ത് നിർത്തിക്കഴിഞ്ഞു. ഇതിനപ്പുറം ഇനി സംയമനം പാലിക്കേണ്ടതില്ല. ഇനി ശക്തമായി പ്രതികരിക്കേണ്ട കാലമാണ്. ഈ തിരിച്ചറിവിൽ നിന്നാകണം, കഴിഞ്ഞ ആറു വർഷത്തെ വേട്ടയാടലുകൾക്ക് മറുപടിയായി ലക്ഷക്കണക്കിന് മുസ്ലിംകൾ ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളിലും പ്രതിഷേധ സ്വരങ്ങളുയർത്തി അണിനിരന്നത്. ബിജെപി സർക്കറുകൾ അധികാരത്തിലിരിക്കുന്ന യു.പിയിലും കർണാടകയിലും പ്രതിഷേധക്കാരെ പോലീസ് നിർദ്ദയം തല്ലിച്ചതച്ചു, അവരുടെ വീടുകൾ ആക്രമിച്ചു, സ്വത്തുവകകൾ നശിപ്പിച്ചു. പോലീസിന്റെ ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾ ഭയന്നാകാം ഒന്നാം ബിജെപി സർക്കാറിനെതിരെ പ്രതിഷേധങ്ങൾ ഈ നിലക്ക് ജ്വലിക്കാതിരുന്നത്. പക്ഷേ, ഈ ഭയത്തിൽ നിന്ന് മോചനം ലഭിച്ചാൽ മാത്രമേ സജീവമായി സമരരംഗത്ത് ഉറച്ചുനിൽക്കാൻ കഴിയുകയുള്ളൂ എന്ന് നാം തിരിച്ചറിയണം.

നിരവധി അമുസ്ലിം സഹോദരങ്ങളും മുസ്ലിംകളുടെ കൂടെ ഇത്തരം പ്രതിഷേധ റാലികളിൽ പങ്കെടുക്കുകയും വീറോടെ തന്നെ ഹിന്ദുത്വത്തിനെതിരെ ആസാദി മുദ്രാവാക്യം മുഴക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാൽ അവരിൽ ചിലർ, “അല്ലഹു അക്ബർ” , “ലാ ഇലാഹ ഇല്ലല്ലാഹ്” എന്നീ ഇസ്ലാമിക മുദ്രാവാക്യങ്ങൾ റാലികളിൽ ഉപയോഗിക്കുന്നതിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ശശി തരൂർ എം.പി ട്വീറ്റു ചെയ്തതു പോലെ: “ഹിന്ദു വർഗീയതയെ മുസ്ലിം വർഗീയത കൊണ്ട് നിങ്ങൾക്ക് നേരിടാനാവില്ല. സ്വത്വ രാഷ്ട്രീയം ഇന്ത്യക്ക് ഹാനികരമാണ്.” ഇവിടെ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം, മുസ്ലിംകൾ ഇസ്ലാമിക മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് തങ്ങളുടെ മത ഐഡന്റിറ്റിയെ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ അവർ മതപരമായി വിവേചനം നേരിടുന്നതിന്റെ ഫലമാണ് അത്. എന്റെ വിശ്വാസത്തിന്റെ പേരിൽ ഭരണകൂടം എന്നെ വേട്ടയാടാൻ ശ്രമിച്ചാൽ, അതേ വിശ്വാസത്തെ ഉറക്കെ പ്രാപിക്കുക എന്നതാണ് എന്റെ പ്രതിരോധം.

1930-കളിൽ നാസി ജർമനിയിൽ നിന്ന് പലായനം ചെയ്ത ജൂത തത്വചിന്തക ഹന്ന അറന്ററ്റ് (Hannah Arendt) പറഞ്ഞു: “ഒരാൾ ജൂതനായതിന്റെ പേരിലാണ് അക്രമിക്കപെടുന്നതെങ്കിൽ ജൂതനായി തന്നെയാണ് അതിനെ പ്രതിരോധിക്കേണ്ടത്. ജർമ്മൻ പൗരനായോ, ലോക പൗരനായോ, മനുഷ്യാവകാശ സംരക്ഷനായോ അല്ല.” തങ്ങളുടെ നിലപാടുകളിൽ നിന്നുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്താൻ ജനാധിപത്യത്തിൽ അവകാശങ്ങളുണ്ട്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഒരു ഭൂരിപക്ഷത്തിന് വേണമെങ്കിൽ ഇന്ത്യക്കാരായി നിന്ന് പ്രതിഷേധിക്കാം. എന്നാൽ, നഷ്ടപ്പെടാൻ മാത്രമുള്ള ന്യൂനപക്ഷത്തിന് ഇന്ത്യക്കാരായും ന്യൂനപക്ഷമായും നിന്ന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.

കഴിഞ്ഞ ഡിസംബർ 16-ന് ലഖ്നൗവിൽ നടന്ന ഒരു ചെറിയ പ്രതിഷേധ പരിപാടിയിൽ “അല്ലാഹു അക്ബർ” എന്ന മുദ്രാവാക്യം വിളിക്കുന്നതിൽ നിന്ന് എന്നെ വിലക്കിയിരുന്നു. ഇവിടെ മതത്തിനല്ല പ്രശ്നം, ഇന്ത്യക്കാണ് എന്നാണ് അന്ന് എന്നോട് സംഘാടകർ പറഞ്ഞത്. അതിനു ശേഷം ആ സമര പരിപാടിയിൽ നിന്ന് ഞാൻ ഇറങ്ങിപ്പോരുകയാണുണ്ടായത്. മുസ്ലിംകൾ അവരുടെ ഐഡന്റിറ്റിയെ ഉയർത്തിപ്പിടിക്കുന്നത് ഇന്ത്യ എന്ന സങ്കൽപ്പത്തിന് തന്നെ ഭീഷണിയാണ് എന്നാണ് ചില മതേതരവാദികൾ കരുതുന്നത്. ഇന്ത്യയുടെ മതേതര മൂല്യങ്ങളെ കേടുപാടുകൾ കൂടാതെ സംരക്ഷിച്ചു നിർത്താനുള്ള കർത്തവ്യം മുസ്ലിംകൾക്ക് മേൽ മാത്രം അടിച്ചേൽപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? മുസ്ലിംകളോട് നിങ്ങളുടെ പ്രതിഷേധങ്ങൾ മതേതരമാക്കണം എന്ന് പറയുന്നതിന് പകരം എന്തുകൊണ്ട് മുസ്ലിം ചിഹ്നങ്ങൾ പ്രതിഷേധ സൂചകമായി മറ്റുള്ളവർ സ്വീകരിക്കുന്നില്ല? ഭൂരിപക്ഷവാദം ഇന്ത്യക്ക് ഭീഷണിയാണെങ്കിൽ അതിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കാനുള്ള ബാധ്യത ഭൂരിപക്ഷത്തിനാണ്, ന്യൂനപക്ഷത്തിനല്ല.

അടുത്തിടെ ” അവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം” എന്ന മോദിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് ഹിജാബ് ധരിച്ച എറണാകുളത്തെ നിയമവിദ്യാർഥി ഇന്ദുലേഖാ പാർഥനും ചെന്നൈയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പ്രഭാ രാജുമൊക്കെ അതിന് മാതൃകകൾ കാണിച്ചു തന്നവരാണ്. മുസ്ലിം ഐഡന്റിറ്റിയുടെ ചിഹ്നങ്ങളായ ബുർഖയും പർദ്ദയുമൊക്കെ ഇന്ന് CAA- NRC വിരുദ്ധ സമരത്തിന്റെ പ്രതീകങ്ങളായി മാറിയിരിക്കുന്നു. ഹിജാബും ബുർഖയും ധരിക്കാത്ത മുസ്ലിം സ്ത്രീകൾ പോലും അവരുടെ ഐഡന്റിറ്റിയെ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അത് സ്ഥിരമായി ധരിക്കാൻ തുടങ്ങി. വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ എന്നു കരുതി ഞാനും അത് ഇപ്പോൾ പൊതുയിടങ്ങളിലെല്ലാം സ്ഥിരമായി ധരിക്കുന്ന കൂട്ടത്തിലാണ്. എന്നെ മുസ്ലിമായതിന്റെ പേരിൽ ചാപ്പ കുത്താനാണ് ഭരണകൂടം തീരുമാനിച്ചതെങ്കിൽ അവരുടെ മന:സുഖത്തിനായി ഞാനിതാ “മുസ്ലിമാ”യി തന്നെ തുടരാൻ തീരുമാനിച്ചിരിക്കുന്നു.

മൊഴിമാറ്റം: അനസ് പടന്ന
കടപ്പാട്: The Indian Express

Related Articles