Current Date

Search
Close this search box.
Search
Close this search box.

ആരാണ് ടിപ്പു

മുഗള്‍ ഭരണത്തിന്റെ അധഃപതനത്തെത്തുടര്‍ന്ന് സ്വതന്ത്രപദവിയിലേക്ക് ഉയര്‍ന്ന പ്രവിശ്യകളില്‍ ഏറ്റവും പ്രമുഖമായിരുന്നു ബംഗാള്‍. ഔറന്‍ഗസീബിന്റെ ഭരണത്തിന്റെ അവസാന കാലത്ത് ബംഗാളിലെ ഗവര്‍ണറായിരുന്ന മുര്‍ശിദ് അലിഖാനാണ് മുഗള്‍ ഭരണത്തിലെ ഏറ്റവും സുഭിക്ഷതയും ഐശര്യവുമുള്ള ഒരു ക്ഷേമ രാജ്യമായി ബംഗാളിനെ മാറ്റിയത്. പ്രവിശ്യയുടെ തലസ്ഥാനമായ മുര്‍ശിദാബാദ് നഗരം പണികഴിപ്പിച്ചതും അദ്ദേഹമാണ്. ബ്രിട്ടീഷ് സഞ്ചാരികളുടെ കുറിപ്പുകളില്‍ ‘ലണ്ടനോളം വിശാലവും എന്നാല്‍, ലണ്ടനെക്കാള്‍ സാമ്പത്തിക ശേഷിയുമുള്ള നഗരം’ എന്ന് മുര്‍ശിദാബാദ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിനാല്‍, കോളനി ശക്തികളുടെ ഇന്ത്യയിലെ ആദ്യ ലക്ഷ്യം ബംഗാളായത് സ്വാഭാവികം. ഔറന്‍ഗസീബിന്റെ മരണ ശേഷം ബംഗാള്‍ ഭരണാധികാരികള്‍ നവാബുമാര്‍ എന്ന പേരിലാണറിയപ്പെട്ടത്. മുര്‍ശിദ് അലിഖാനും അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ശുജാഉദ്ദൗല, അലി വര്‍ദിഖാന്‍, സിറാജുദൗല തുടങ്ങിയവരെല്ലാം ഇന്ത്യയെ കോളനിയാക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ബ്രിട്ടീഷുകാരുടെ കുതന്ത്രങ്ങളെക്കുറിച്ച് ജാഗരൂകരായിരുന്നു. മുഗള്‍ ചക്രവര്‍ത്തി ഫറഖ് സിയറുമായുണ്ടാക്കിയ കരാര്‍ പ്രകാരം കച്ചവടാവശ്യത്തിന് കല്‍ക്കത്തക്ക് ചുറ്റുമുള്ള ഏതാനും ഗ്രാമങ്ങള്‍ വാങ്ങാന്‍ കമ്പനി അനുവാദം നേടിയെടുത്തപ്പോള്‍ അതിലെ കുതന്ത്രം തിരിച്ചറിഞ്ഞ മുര്‍ശിദ് അലി ഖാന്‍ ഭൂമി വില്‍ക്കാതിരിക്കാന്‍ ജന്മിമാരെ പ്രേരിപ്പിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ വലിയ സൈനിക സന്നാഹവും അവര്‍ നടത്തി. അതിനാല്‍ത്തന്നെ 1757-ല്‍ പ്ലാസിയില്‍ കമ്പനിയെ നേരിട്ട സിറാജുദ്ദൗലയുടെ സൈന്യം കമ്പനിപ്പടയെ അപേക്ഷിച്ച് എത്രയോ അധികമായിരുന്നു. പക്ഷേ, വഞ്ചനക്ക് പേരുകേട്ട റോബര്‍ട് ക്ലൈവ് കൈക്കൂലിയിലൂടെ പലരെയും വശത്താക്കി സിറാജുദ്ദൗളയുടെ എല്ലാ ഉദ്യമങ്ങളും പരാജയപ്പെടുത്തുകയായിരുന്നു. മീര്‍ ജാഫറായിരുന്നു ക്ലൈവില്‍നിന്ന് കൈക്കൂലി വാങ്ങി സിറാജുദ്ദൗലയെ വഞ്ചിച്ച പ്രമുഖന്‍. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടും സിറാജുദ്ദൗല തനിക്കാവും വിധം പൊരുതിയെങ്കിലും പിടിയിലായി. വളരെ ക്രൂരമായിട്ടാണ് പിടിക്കപ്പെട്ട സിറാജുദ്ദൗലയെ ഇംഗ്ലീഷുകാര്‍ വകവരുത്തിയത്. 1757 ജൂണ്‍ 22-നായിരുന്നു ഇത്. ഇന്ത്യയില്‍ കൊളോണിയലിസത്തിന് തുടക്കം കുറിച്ച ദിവസമായിരുന്നു അത്.

സിറാജുദ്ദൗലക്കു ശേഷം ഇന്ത്യയില്‍ കൊളോണിയല്‍ ഭരണത്തെ ചെറുത്തുനിന്ന മറ്റു രണ്ട് തദ്ദേശീയ ഭരണകൂടങ്ങള്‍ പഞ്ചാബിലെ സിഖ് ഭരണകൂടവും മഹാരാഷ്ട്രയിലെ പേഷ്വാമാരുമായിരുന്നു. ദീര്‍ഘ കാലത്തെ ധീരോദാത്തമായ ചെറുത്തുനില്‍പ്പുകള്‍ക്ക് ശേഷം ഗത്യന്തരമില്ലാതെ  അവരും ഒത്തുതീര്‍പ്പിന് വഴങ്ങി. പിന്നീട് അവശേഷിച്ചത് മൈസൂരിലെ ഹൈദരാലിയും ടിപ്പുവും മാത്രമായിരുന്നു. ഹൈദരാലി തുടങ്ങിവെച്ച അധിനിവേശവിരുദ്ധ പോരാട്ടം ടിപ്പു അടര്‍ക്കളത്തില്‍ വീരചരമം പ്രാപിക്കുന്നതു വരെ തുടര്‍ന്നു. അധിനിവേശ ശക്തികളുമായി ഒരൊത്തുതീര്‍പ്പിനും വഴങ്ങാത്ത ഏക ഇന്ത്യന്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്‍ മാത്രമായിരുന്നു. അതിനാല്‍, ഇന്ത്യയിലെ കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ ചരിത്രം ടിപ്പുവില്‍നിന്ന് തുടങ്ങണം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ പരമാവധി താറടിക്കുന്നതില്‍ കൊളോണിയല്‍ ചരിത്രകാരന്മാരും ഉദ്യോഗസ്ഥന്മാരും മത്സരബുദ്ധിയോടെയാണ് പ്രവര്‍ത്തിച്ചത്. ദേശീയ ചരിത്രവും അവ പകര്‍ത്തി വെച്ചു. അതിനാല്‍, ഔറന്‍ഗസീബിനെപ്പോലെ ചരിത്രത്തില്‍ ക്രൂമായ ഭര്‍ത്സനത്തിന് ഇരയായ ഇന്ത്യന്‍ ഭരണാധികാരിയാണ് ടിപ്പുവും. ടിപ്പു ജീവിച്ചിരിക്കുന്ന കാലത്തുതന്നെ അദ്ദേഹത്തെ താറടിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യയിലെ കമ്പനി ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയിരുന്നു. ഇംഗ്ലണ്ടിലെ അമ്മമാര്‍ അനുസരണക്കേട് കാണിക്കുന്ന മക്കളെ ഭീഷണിപ്പെടുത്താന്‍ ടിപ്പുവിന്റെ പേര്‍ ഉപയോഗിച്ചിരുന്നുവത്രെ! ടിപ്പുവിനെതിരായ മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗം കൂടിയായിരുന്നു ഇത്. അത്രത്തോളം ടിപ്പുവിന്റെ സാന്നിധ്യം തങ്ങളുടെ കൊളോണിയല്‍ താല്‍പര്യത്തിന് ഭീഷണിയായി അവര്‍ കണ്ടിരുന്നുവെന്ന് സാരം.

Also read: കാരുണ്യവാന്റെ മതത്തെ സാധ്യമാക്കിയ സുലൈമാന്‍(അ) രീതിശാസ്ത്രം

മാര്‍ക് വില്‍ക്‌സ്, ജയിംസ് മില്‍സ് തുടങ്ങിയ കൊളോണിയല്‍ ചരിത്രകാരന്മാരാണ് ടിപ്പുവിനെ താറടിക്കുന്ന ഉദ്യമത്തിന് തുടക്കമിട്ടത്. ടിപ്പു മലബാറില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കിയ കാര്‍ഷിക-സാമൂഹിക പരിഷ്‌കരണങ്ങള്‍ക്ക് അടിത്തറയിട്ടതിനാല്‍ അത് സ്വാഭാവികമായും ഇവിടത്തെ സ്ഥാപിത താല്‍പര്യക്കാരായ ജന്മികളെയും നായന്മാരെയും ടിപ്പുവിന്റെ ശത്രുക്കളാക്കി മാറ്റി. ഇത് കേരള ചരിത്രത്തിലും ടിപ്പു ഭര്‍ത്സിക്കപ്പെടാന്‍ കാരണമായി. ടിപ്പുവിന്റെ സാമൂഹിക-കാര്‍ഷിക പരിഷ്‌കരണം മൂലം പല നഷ്ടങ്ങളും ഉണ്ടായ നമ്പൂതിരിമാരുടെയും നായന്മാരുടെയും പിന്‍ഗാമികളാണല്ലോ കേരളത്തിന്റെ ചരിത്രം രചിച്ച അധികപേരും. ഇളംകുളം കുഞ്ഞന്‍പിള്ള, എം.ജി.എസ്. നാരായണന്‍, എം. ഗാംഗാധരന്‍ തുടങ്ങിയവരെല്ലാം പ്രതികാര ബുദ്ധിയോടു കൂടിയാണ് ടിപ്പുവിന്റെ ചരിത്രത്തില്‍ ഇടപെട്ടത്. മലബാറില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനം നടത്തിയതും ഭൂപരിഷ്‌കരണത്തിന് അടിത്തറയിട്ടതും ടിപ്പു സുല്‍ത്താനാണ്. പിന്നാക്ക സ്ത്രീകള്‍ മാറ് മറയ്ക്കാതെ  പുറത്തിറങ്ങരുത് എന്ന ഉത്തരവിലൂടെ സാമൂഹിക പരിഷ്‌കരണത്തിനും അദ്ദേഹം അടിത്തറയിട്ടു. ടിപ്പു മതഭ്രാന്തനാണെന്ന ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് കേരളത്തിലും മൈസൂരിലും ക്ഷേത്രങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സാമ്പത്തിക സഹായം. എന്നാല്‍, ഇതെല്ലാം കള്ളമാണെന്നാണ് ‘ആധികാരിക ചരിത്രകാരന്മാര്‍’ എന്ന നിലയില്‍ കൊണ്ടാടപ്പെടുന്നവര്‍ പോലും പ്രചരിപ്പിക്കുന്നത്. ടിപ്പുവിന്റെ മതഭക്തിയും  മുസ്‌ലിം ബഹുജനങ്ങളെ കൊളോണിയലിസത്തിനെതിരെ പൊരുതാന്‍ പ്രേരിപ്പിക്കുന്നതിനായി ഇസ്‌ലാമിക ജിഹാദ് എന്ന വ്യവഹാരത്തെ ടിപ്പു ഉപയോഗപ്പെടുത്തിയതുമാണ് ടിപ്പുവിനെ മതഭ്രാന്തനാക്കുന്ന ആഖ്യാനത്തിന് തല്‍പരകക്ഷികള്‍ പ്രയോജനപ്പെടുത്തിയത്.

എന്നാല്‍, ടിപ്പുവിനെ നിഷ്പക്ഷമായി പഠിച്ചവരുണ്ട്. മൈസൂര്‍ സര്‍വകലാശാലയിലെ ശൈഖ് അലി, അലീഗര്‍, കശ്മീര്‍ സര്‍വകലാശാലകളില്‍ ചരിത്രാധ്യാപകനായിരുന്ന മുഹിബ്ബുല്‍ ഹസന്‍, ഇന്ത്യയില്‍ ആധുനികതക്ക് തുടക്കമിട്ട ഭരണാധികാരിയായി ടിപ്പുവിനെ സ്ഥാനപ്പെടുത്തുന്ന മാര്‍കിസ്റ്റ് ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ്, കേരളത്തില്‍ പി. കെ. ബാലകൃഷ്ണന്‍, കെ. കെ. എന്‍. കുറുപ്പ്, സി. കെ. കരീം തുടങ്ങിയവര്‍ ടിപ്പുവിനെ നിഷ്പക്ഷമായി പഠിച്ചവരാണ്. ടിപ്പുവിന്റെ പിതാവ് ഹൈദരാലി ഒരു സാധാരണ പട്ടാളക്കാരനില്‍ നിന്ന് സ്വപ്രയത്‌നവും അസാധാരണമായ ഇച്ഛാശക്തിയുംകൊണ്ട് മൈസൂരിന്റെ ഭരണത്തിലേക്ക് ഉയര്‍ന്നുവന്നയാളാണ്. മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിലാണ് അദ്ദേഹം പട്ടാള സേവനം അനുഷ്ഠിച്ചിരുന്നത്. 1761-ലാണ് വോഡയാറില്‍ നിന്ന് അദ്ദേഹം മൈസൂരിലെ ഭരണം ഏറ്റെടുക്കുന്നത്. ശ്രീരംഗപട്ടണമായിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം. സല്‍ത്തനത്തെ ഖുദാദാദ് (ദൈവത്തിന്റെ വരദാനമായ സല്‍ത്തനത്ത്)എന്നാണ് മൈസൂര്‍ ഭരണം അറിയപ്പെട്ടത്. ഇംഗീഷുകാരുമായി യുദ്ധം തുടങ്ങിയതും മലബാര്‍ ആക്രമിച്ച് കീഴടക്കിയതും ഹൈദരാലിയാണ്. പാലക്കാട് രാജാവിന്റെ ക്ഷണപ്രകാരം മലബാറിലെത്തിയ ഹൈദരാലിക്ക് മുന്നില്‍ കാര്യമായ ചെറുത്തുനില്‍പ്പൊന്നും കൂടാതെയാണ് മലബാര്‍ കീഴടങ്ങിയത്. ഹൈദരാലിയുടെ കുതിരപ്പടയുടെ മുമ്പില്‍ മലബാറിലെ കളരിപ്പയറ്റ് അഭ്യാസികള്‍ എന്തു ചെയ്യാനാണ്! ബ്രിട്ടീഷുകാരുമായി ഹൈദരാലി 1767-ല്‍ തുടങ്ങിവെച്ച യുദ്ധം, ആംഗ്ലോ-മൈസൂര്‍ യുദ്ധം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത്തരത്തില്‍ നാല് യുദ്ധങ്ങളാണ് നടന്നത്. രണ്ടാം മൈസൂര്‍ യുദ്ധം നടക്കുന്നതിനിടയില്‍ 1782-ല്‍ ഹൈദരാലി മരണപ്പെട്ടു. അതിനാല്‍ ആദ്യ രണ്ട് യുദ്ധങ്ങളില്‍ മുഖ്യ സൈനികത്തലവന്മാരില്‍ ഒരാളെന്ന നിലയിലും മൂന്നും നാലും യുദ്ധങ്ങളില്‍ സുല്‍ത്താനെന്ന നിലയിലും ടിപ്പു കൊളോണിയല്‍ ശക്തികളെ നേരിട്ടു. ജനനം, വിദ്യാഭ്യാസം, ഭരണം 1750-ല്‍ ഹൈദരാലിയുടെ മകനായി ദേഹന ഹള്ളിയിലായിരുന്നു ടിപ്പുവിന്റെ ജനനം. മാതാവ് ഫഖ്‌റുന്നിസാ ബീഗം. ഫത്ഹ് അലി ടിപ്പു സുല്‍ത്താന്‍ എന്നാണ് ശരിയായ പേര്. ഇതില്‍ ടിപ്പു സുല്‍ത്താന്‍ എന്നത് ഹൈദരാലി ഭക്തിയോടെ കണ്ടിരുന്ന ഒരു സൂഫി വര്യന്റെ പേരാണ്. അദ്ദേഹത്തോടുള്ള അതിരറ്റ ബഹുമാനം കൊണ്ടാണ് പുത്രന് ആ പേര്  നല്‍കിയത്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ മതവിഷയങ്ങളിലും അറബി, ഫാരിസി, ഉര്‍ദു, കന്നട, തെലുങ്ക് ഭാഷകളിലും അവഗാഹവും ഇംഗ്ലീഷ്-ഫ്രഞ്ച് ഭാഷകളില്‍ സാമാന്യ പരിജ്ഞാനവും ഉണ്ടായിരുന്നതായി മുഹിബ്ബുല്‍ ഹസന്‍ എഴുതുന്നു. നന്നായി ശിക്ഷണം ലഭിച്ച ബുദ്ധിയുടെ ഉടമയായിരുന്നു സുല്‍ത്താന്‍. പല വിജ്ഞാനങ്ങളും അറിയാമായിരുന്നു. എത് വിഷയവും അനായാസം സംസാരിക്കും. കന്നടയും ഹിന്ദുസ്താനിയും അറിയുമെങ്കിലും പൊതുവെ സംസാരം പേര്‍ഷ്യനിലായിരുന്നു. ആ ഭാഷയില്‍ അനായാസം എഴുതുകയും ചെയ്യും. ശാസ്ത്രം, വൈദ്യം, സംഗീതം, ജ്യോതിഷം, എന്‍ഞ്ചിനീയറിംഗ് എന്നിവയിലും താല്‍പര്യമുണ്ടായിരുന്നു. എങ്കിലും ഇഷ്ടവിഷയം മതവും തസവ്വുഫുമായിരുന്നു. കവികളും പണ്ഡിതന്മാരും അദ്ദേഹത്തിന്റെ ദര്‍ബാറിനെ അലങ്കരിച്ചിരുന്നു. അവരുമായി പല വിഷയങ്ങളും അദ്ദേഹം ചര്‍ച്ചചെയ്തു. ഹദീസ്, തസവ്വുഫ്, സംഗീതം, ചരിത്രം, വൈദ്യശാസ്തം, നിയമം, യുദ്ധം, കല എന്നിവയില്‍ നാല്‍പതോളും ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ രചിക്കപ്പെടുകയോ ഇതര ഭാഷകളില്‍നിന്ന് വിവര്‍ത്തനം ചെയ്യപ്പെടുകയോ ചെയ്തു. കൂടാതെ സംഗീതം, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ്, വേദാന്തം, ചരിത്രം, ഫല്‍സഫ, വൈദ്യശാസ്ത്രം, ജ്യോതിഷം, യുദ്ധം, കല, ഗണിതശാസ്ത്രം, കവിത തുടങ്ങിയ വിഷയങ്ങളില്‍ അറബി, പേര്‍ഷ്യന്‍, തുര്‍കി, ഹിന്ദുസ്താനി ഭാഷകളിലുള്ള രണ്ടായിരം കൈയെഴുത്ത് പ്രതികള്‍ ഉള്‍പ്പെടെ അമൂല്യമായ ഒരു ഗ്രന്ഥാലയവും അദ്ദേഹത്തിനുണ്ടായിരുന്നു.1

Also read: തുറുങ്കിലടക്കപ്പെടുന്ന കശ്മീരി ജനത – ഭാഗം 2

ആയോധനകലയിലും അദ്ദേഹം ചെറുപ്പത്തിലേ അസാധാരണ പ്രാവീണ്യം നേടിയിരുന്നു. ഹൈദരാലിയുടെ മലബാര്‍ ആക്രമണത്തിലും ഇംഗ്ലീഷുകാരുമായുള്ള രണ്ടാം മൈസൂര്‍ യുദ്ധത്തിലും പങ്കെടുത്ത് അസാധാരണമായ സൈനിക പാടവം തെളിയിക്കാനും അവസരം ലഭിച്ചു.  ഇംഗ്ലീഷുകാരെ നിര്‍ണായകമായ പല യുദ്ധത്തിലും തോല്‍പിച്ച് അവരെ ഉടമ്പടിക്ക് നിര്‍ബന്ധിപ്പിച്ചത് ടിപ്പുവാണ്. ഇംഗ്ലീഷുകാരുമായി രണ്ടാം മൈസൂര്‍ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ 1782-ല്‍ ഹൈദരാലി മരണപ്പെട്ടതിനാല്‍ ടിപ്പു, സല്‍ത്തനത്ത് ഖുദാദാദ് എന്നറിയപ്പെട്ട മൈസൂര്‍ രാജ്യത്തിന്റെ ഭരണച്ചെങ്കോല്‍ കൈയേറ്റു. സ്വാതന്ത്ര്യ ബോധവും സാമ്രാജ്യത്വ വിരോധവും സ്വരാജ്യസ്‌നേഹവുമുള്ള മറ്റൊരു ഭരണാധികാരിയും ടിപ്പുവിനെപ്പോലെ ഇന്ത്യയിലുണ്ടായിട്ടില്ല. തുടക്കത്തില്‍ ബ്രിട്ടീഷുകാരെ ശക്തമായെതിര്‍ത്ത മറാഠകളും സിക്കുകാരും ഒത്തുതീര്‍പ്പിന് തയ്യാറായപ്പോഴും ടിപ്പുമാത്രം സാമ്രാജ്യത്വവിരുദ്ധ പാതയില്‍ ഉറച്ചുനിന്നു. അതിനാല്‍ ഇന്ത്യയില്‍ തങ്ങളുടെ സാമ്രാജ്യത്വ വിപുലീകരണത്തിന്റെ മാര്‍ഗത്തില്‍ എറ്റവും വലിയ തടസ്സമായി അവര്‍ കണ്ടത് ടിപ്പുവിനെയായിരുന്നു. ഇംഗ്ലണ്ടില്‍  പലരും തങ്ങളുടെ നായയെ വിളിച്ചിരുന്ന പേര് ടിപ്പു എന്നായിരുന്നു എന്നതില്‍നിന്നുതന്നെ അവരുടെ ടിപ്പുവിരോധം മനസ്സിലാക്കാം. അധികാരം എറ്റെടുത്തയുടനെ ടിപ്പു നടത്തിയ പ്രസംഗം വൈദേശിക ഭരണത്തോടുള്ള അദ്ദേഹത്തിന്റെ ഉറച്ച നിലപാടിന്റെ പ്രഖ്യാപനമായിരുന്നു. ”ഞാന്‍ വളരെ നിസ്സാരനായ ഒരു മനുഷ്യനാണ്. എന്റെ ഭരണവും പ്രതാപവും മണ്ണടിയാനുള്ളതാണെന്നെനിക്കറിയാം… എന്റെ ജിവിതവും അത്ര വലിയ കാര്യമൊന്നുമല്ല. എന്നാല്‍, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം രാജ്യത്തിന്റെ സംരക്ഷണത്തിനും അതിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും ജിഹാദ് ചെയ്യുകയെന്നത് എന്റെ ബാധ്യതയാണ്. രാജ്യത്തിനു വേണ്ടി ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാം. എന്നാല്‍, രാജ്യസ്‌നേഹമെന്ന വികാരം ഒരിക്കലും മണ്ണടിയികുയില്ല.” അതിന് ശേഷം സുല്‍ത്താന്‍ ഇത്രകൂടി പറഞ്ഞതായി അമീറുമാരിലൊരാളായ ഇഅ്തിമാദുല്‍ മലിക് പറയുന്നു: ‘എന്റെ പ്രിയപ്പെട്ട ഹിന്ദുസ്താന്‍, എന്റെ സ്‌നേഹവും ഹൃദയവും നിനക്കുള്ളതാണ്. എന്റെ ജീവനും അസ്തിത്വവും നിനക്കുള്ളതാണ്. എന്റെ രക്തവും ജീവനും നിനക്കുള്ളതാണ്.”2

ജനങ്ങളുടെ ക്ഷേമം, രാജ്യത്തിന്റെ വികസനം, സാമൂഹിക പരിഷ്‌കരണം എന്നിവയോടൊപ്പം ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കുക എന്നതും ഭരണത്തിന്റെ പ്രധാന അജണ്ടയായി ടിപ്പു തെരഞ്ഞെടുത്തു. ബ്രിട്ടീഷുകാരെ തുരത്തുക എന്ന പൊതുലക്ഷ്യത്തിനു വേണ്ടി തന്റെ പിതാവിന്റെ ആജന്മശത്രുക്കളായിരുന്ന ഹൈദരാബാദിലെ നിസാമുമായും മറാഠകളുമായും അനുരഞ്ജനത്തിന് വരെ ടിപ്പു ഒരുക്കമായിരുന്നു. അതിനായി 1784-ല്‍ രണ്ടാം മൈസൂര്‍ യുദ്ധം അവസാനിച്ച മംഗലാപുരം സന്ധിക്കു ശേഷം തന്റെ പിതാവ് പിടിച്ചടക്കിയിരുന്ന പല മറാഠ പ്രദേശങ്ങളും ടിപ്പു പേഷ്വക്ക് തിരിച്ചുകൊടുക്കുകയും പൂര്‍വവൈരം മറന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരുമിച്ച് പോരാടണമെന്നാവശ്യപ്പെടുന്ന കത്ത് മറാഠാ നേതാവ് നാനാ ഫഡ്‌നാവീസിന് കൈമാറുകയും ചെയ്തു. കത്ത് ഇപ്രകാരമായിരുന്നു: ”ഞാന്‍ മറാഠികള്‍ക്കു വേണ്ടിയാണ് ഇംഗ്ലീഷുകാരുമായി യുദ്ധംചെയ്തത്. ആ മാര്‍ഗത്തില്‍ ധാരാളം സമ്പത്തും ജീവനും എനിക്ക് ബലികഴിക്കേണ്ടി വന്നു. അതിനാല്‍ എനിക്കെതിരെ സഖ്യമുണ്ടാക്കുന്നതിനു പകരം ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരുമിച്ച് പൊരുതാനുള്ള പദ്ധതിയെ കുറിച്ചാലോചിക്കൂ.”3

മുസ്‌ലിംകളുടെ ക്ഷേമം മുന്‍നിര്‍ത്തി പൂര്‍വവൈരം മറന്ന് പൊതുശത്രുവിനെതിരെ ഒന്നിക്കേണ്ടത് ഇസ്‌ലാമിക ബാധ്യതയാണെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് നിസാമിനും അദ്ദേഹം കത്തയച്ചു. ബന്ധം നന്നാക്കാനായി രണ്ട് കുടുംബങ്ങള്‍ക്കിടയില്‍ വിവാഹ നിര്‍ദേശവും ടിപ്പു മുന്നോട്ടുവെച്ചു.4

Also read: മതങ്ങളും സമാധാനവും: അസഹിഷ്ണുതയുടെ കാലത്തെ കൊളോണിയലാനന്തര പഠനങ്ങളെപ്പറ്റി

പക്ഷേ, മറാഠകളോ നിസാമോ ടിപ്പുവിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നു മാത്രമല്ല, രണ്ടുപേരും കുടി ചേര്‍ന്ന് ടിപ്പുവിനെ ആക്രമിക്കുകയാണ് ചെയ്തത്. ടിപ്പു സംയുക്തസൈന്യത്തെ തോല്‍പിച്ചെങ്കിലും അവര്‍ പാഠം പഠിച്ചില്ല. രണ്ടാം ആഗ്ലോ-മൈസൂര്‍യുദ്ധം മംഗലാപുരം സന്ധിയോടെ അവസാനിച്ചതിന് ശേഷമായിരുന്നു മറാഠാ-ഹൈദരാബാദ് സംയുക്ത ആക്രമണം. ഈ ആക്രമണത്തില്‍ മറാഠകള്‍ തകര്‍ത്ത ശൃംഗേരി മഠം പുനരുദ്ധരിക്കാനുള്ള സാമ്പത്തിക ചെലവുകളെല്ലാം നല്‍കിയത് ടിപ്പുവാണ്. ടിപ്പുവിന്റെ സൈനികര്‍ തടവില്‍ പിടിച്ച ഹിന്ദുസ്ത്രീകളെയെല്ലാം ടിപ്പു മാന്യമായി തിരിച്ചയച്ചു. ടിപ്പു തങ്ങളോട് കാണിച്ച ഈ മാന്യതയെ കുറിച്ച് ഈ സ്ത്രീകള്‍ തന്നെ പരസ്യമായി പറഞ്ഞിരുന്നു.5

മറാഠ-ഹൈദരാബാദ് സംയുക്ത സൈന്യത്തെ സമ്പൂര്‍ണമായി തകര്‍ക്കാന്‍ അവസരം കിട്ടിയിട്ടും അതുപയോഗിക്കാതെ ടിപ്പു മുന്‍കൈയെടുത്തുണ്ടാക്കിയ കരാറിലൂടെ യുദ്ധം അവസാനിപ്പിക്കുകയായിരുന്നു. തദ്ദേശീയ ഭരണകൂടങ്ങളുമായി യുദ്ധം ചെയ്യാന്‍ ടിപ്പു യഥാര്‍ഥത്തില്‍ ആഗ്രഹിച്ചിരുന്നില്ല എന്നതായിരുന്നു ഇതിന് കാരണം. ഇംഗ്ലീഷുകാരുമായി യുദ്ധം ചെയ്ത് അവരെ ഇവിടെനിന്ന് പുറത്താക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിന് എന്ത് വിട്ടുവീഴ്ചക്കും ടിപ്പു ഒരുക്കമായിരുന്നു. ബ്രിട്ടീഷുകാരുടെ ദയയില്‍ ചക്രവര്‍ത്തിയായി തുടരുന്ന മുഗള്‍ ചക്രവര്‍ത്തി ഷാ ആലമിനോടും ഇംഗ്ലീഷുകാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് ടിപ്പു കത്തെഴുതിയിരുന്നു. ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ രാജവംശങ്ങളെയും ബ്രിട്ടീഷുകാര്‍ക്കെതിരെ അണിനിരത്തുകയായിരുന്നു ടിപ്പുവിന്റെ ലക്ഷ്യം. മോഡേണ്‍ മൈസൂര്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് എഴുതുന്നു: ”ബ്രിട്ടീഷുകാരുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട് ടിപ്പു കത്തോ സന്ദേശമോ അയക്കാത്ത ചെറുതോ വലുതോ ആയ ഒരു പ്രവിശ്യയും ഇന്ത്യയിലുണ്ടായിരുന്നില്ല. നേപ്പാള്‍, കശ്മീര്‍, ജെയ്പൂര്‍, ജോധ്പൂര്‍ തുടങ്ങിയ ചെറിയ പ്രവിശ്യകളില്‍ വരെ ടിപ്പുവിന്റെ കത്ത് എത്തിയിരുന്നു.6

ബ്രിട്ടീഷുകാരെ ഇന്ത്യയില്‍നിന്ന് തുരത്താന്‍ വിദേശ ശക്തികളുമായി സൈനിക-വാണിജ്യ സഖ്യമുണ്ടാക്കാനും ടിപ്പു കഠിനമായി പരിശ്രമിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇത്തരത്തില്‍ വിദേശ സഹായം തേടിയ ആദ്യ ഭരണാധികാരിയും ടിപ്പു സുല്‍ത്താനാണ്. ഈ ഉദ്ദേശ്യാര്‍ഥം വിദേശ രാജ്യങ്ങളിലേക്കെല്ലാം അദ്ദേഹം നയതന്ത്ര പ്രതിനിധികളെ അയച്ചു. തുര്‍കി, ഇറാന്‍, അഫ്ഗാനിസ്താന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ഫ്രാന്‍സില്‍നിന്ന് ചില ആയുധങ്ങളും മൈസൂര്‍ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍, ഗുണനിലവാരത്തില്‍ അത് ടിപ്പു സ്വയം വികസിപ്പിച്ച ആയുങ്ങളെക്കാളും വളരെ താഴെയായിരുന്നു. പീരങ്കിയും തോക്കും മിസൈലും ഉപയോഗപ്പെടുത്തിയ ആദ്യ ഇന്ത്യന്‍ ഭരണാധികാരിയായിരുന്നു ടിപ്പു. തങ്ങളുടെ സുഹൃത്തുക്കളായിരുന്ന മറാഠകളോടും നിസാമിനോടും ടിപ്പുവുമായി സഖ്യം ചേരാന്‍ പ്രേരിപ്പിച്ചുകൊണ്ട് ഫ്രഞ്ച് ഭരണാധികാരി കത്തയച്ചിരുന്നു. വിപ്ലവത്തിന് ശേഷം ഫ്രാന്‍സില്‍ അധികാരത്തില്‍ വന്ന നെപ്പോളിയനുമായി ടിപ്പു കത്ത് മുഖേനെയും നയതന്ത്രപ്രതിനിധി വഴിയും ബന്ധപ്പെട്ടിരുന്നു. പക്ഷേ ടിപ്പുവിനും നേപ്പോളിയനും തമ്മില്‍ നടന്ന പല രഹസ്യ നയതന്ത്ര നീക്കങ്ങളും അത് ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് ഇംഗ്ലീഷുകാര്‍ ചാരന്മാര്‍ വഴി മണത്തറിഞ്ഞ് വിഫലമാക്കിയതിനാല്‍ ബ്രിട്ടനെതിരെ ഫ്രഞ്ചുകാരുമായി ചേര്‍ന്നുള്ള ഒരു സംയുക്ത നീക്കം എന്ന ടിപ്പുവിന്റെ പദ്ധതി വിജയിക്കുകയുണ്ടായില്ല.

തുര്‍കിയിലേക്ക് അദ്ദേഹം രണ്ടുതവണ ദൗത്യസംഘത്തെ അയച്ചു. സുര്‍ത്താന്‍ അബ്ദുല്‍ ഹമീദ് ഒന്നാമനായിരുന്നു ആദ്യത്തെ ദൗത്യ സംഘത്തെ അയക്കുമ്പോള്‍ ഉസ്മാനി സുല്‍ത്താന്‍. രണ്ടാമത്തെ ദൗത്യ സംഘത്തെ അയക്കുമ്പോള്‍ സലീം മൂന്നാമനും. സൈനികവും സാമ്പത്തികവുമായ സഹകരണത്തിന് ഉടമ്പടി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം സല്‍ത്തനത്ത് ഖുദാദാദിനെ ഉസ്മാനി സല്‍ത്തനത്തിനെക്കൊണ്ട് അംഗീകരിപ്പിക്കലും. ലോക മുസ്‌ലിംകളുടെ ഖലീഫ എന്നപദവി ഉസ്മാനി സുല്‍ത്താനുണ്ടായിരുന്നുവല്ലോ. ബസ്വറയിലെ തുറമുഖം ബ്രിട്ടനെതിരെ ഉപയോഗപ്പെടുത്താന്‍, തന്നെ അനുവദിക്കണമെന്നും പകരമായി സല്‍ത്തനത്ത് ഖുദാദാദിലെ ഇഷ്ടമുള്ള തുറമുഖം തുര്‍കിക്ക് വിട്ടുതരാമെന്നും ടിപ്പു ഉറപ്പുകൊടുത്തു. കൂടാതെ യൂഫ്രട്ടീസില്‍ നിന്ന് നജഫിലേക്ക് പുതിയ തോട് വെട്ടാനുള്ള എല്ലാ ചെലവുകളും ടിപ്പു ഖലീഫക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ, സൗഹൃദരാജ്യമായി ത്തുടരാമെന്ന ഉറപ്പ് നല്‍കിയതല്ലാതെ സാമ്പത്തികവും സൈനികവുമായ ഉടമ്പടികള്‍ക്ക് ഉസ്മാനി സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ഒന്നാമന്‍ തയ്യാറായില്ല. 1787-ലായിരുന്നു ഇത്. എന്നാല്‍, ഇതില്‍ നിരാശനാകാതെ ടിപ്പു അടുത്ത വര്‍ഷം വീണ്ടും തുര്‍കിയിലേക്ക് ദൗത്യസംഘത്തെ നിയോഗിച്ചു. അപ്പോള്‍ സലീം മൂന്നാമനായിരുന്നു സുല്‍ത്താന്‍. അദ്ദേഹമാകട്ടെ ബ്രിട്ടീഷ് സ്വാധീനത്തിന് വല്ലാതെ വഴങ്ങിയിരുന്നു. അതിനാല്‍ ശത്രുത അവസാനിപ്പിച്ച് ബ്രിട്ടനുമായി അനുരഞ്ജനത്തിലെത്താന്‍ ടിപ്പുവിനെ ഉപദേശിക്കുകയാണ് ചെയ്തത്. കൂട്ടത്തില്‍ ഫ്രഞ്ചുകാരെ വിശ്വസിക്കരുതെന്ന ഉപദേശവും നല്‍കി. ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദ് ചെയ്യല്‍ തന്റെ ബാധ്യതയായതിനാല്‍ അതില്‍നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്നും അതിനാല്‍ തനിക്കു വേണ്ടി പ്രാര്‍ഥിക്കുകയെങ്കിലും ചെയ്യണമെന്നും ടിപ്പു ഒരു കത്തിലൂടെ ഉസ്മാനീ സുല്‍ത്താനെ അറിയിച്ചു. ഇറാനിലേക്കും അഫ്ഗാനിലേക്കും ടിപ്പു ദൗത്യ സംഘത്തെ അയച്ചിരുന്നു. ഇറാനില്‍ നിന്ന് സഹായ വാഗ്ദാനം കിട്ടുകയും ചെയ്തു. പക്ഷേ, അഫ്ഗാനിസ്ഥാനിനും ഇറാന്നുമിടയില്‍ ശീഈ-സുന്നീ വൈരം കുത്തിപ്പൊക്കി പരസ്പരം യുദ്ധം ചെയ്യിക്കുന്നതില്‍ ബ്രിട്ടന്‍ വിജയിച്ചതോടെ ഇറാന് ടിപ്പുവിനെ കാര്യമായി സഹായിക്കാന്‍ സാധിച്ചില്ല. ബ്രിട്ടനെതിരെ യുദ്ധത്തിന് മത-ജാതി ഭേദമന്യേ ബഹുജനങ്ങളെ അണിനിരത്താനും ടിപ്പു ശ്രമിച്ചു. ഹിന്ദുസ്താന്‍ ഹിന്ദുസ്ഥാനികള്‍ക്ക് എന്ന മുദ്രാവാക്യമാണ് ഇതിന് അദ്ദേഹം ഉയര്‍ത്തിയത്.7

Also read: മാറ്റങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ?

കൊളോണിയലിസത്തിനെതിരെ ഇന്ത്യയില്‍ ദേശീയ സ്വഭാവമുള്ള ഇത്തരമൊരു മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയതും ടിപ്പു സുല്‍ത്താനാണ്. പില്‍ക്കാലത്ത് സ്വതന്ത്ര്യ സമരത്തിനായി ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ത്രസിപ്പിച്ച സ്വരാജ് എന്ന മുദ്രാവാക്യത്തിന്റെ ആദ്യരൂപമാണിത്. മുസ്‌ലിം ബഹുജനങ്ങളെ ഇംഗ്ലീഷുകാര്‍ക്കെതിരെ ഇളക്കിവിടാന്‍ ‘ഇസ്‌ലാമിക ജിഹാദ്’ എന്ന മതപരമായ സംജ്ഞയും അദ്ദേഹം ഉപയോഗിച്ചു. ഇന്ത്യയിലുടനീളമുള്ള പണ്ഡിതന്മാര്‍ക്കും സൂഫികള്‍ക്കുമെല്ലാ ബഹുജനങ്ങളെ ജിഹാദിനായി സന്നദ്ധമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തുകളയക്കാനും ടിപ്പു മറന്നില്ല. ഫത്ഹുല്‍ മുജാഹിദീന്‍, മുഅയ്യിദുല്‍ മുജാഹിദീന്‍, സാദുല്‍ മുജാഹിദീന്‍, വഅ്ദുല്‍ മുജാഹിദീന്‍ എന്നീ പേരുകളില്‍ ജിഹാദിന്റെ പ്രാധാന്യവും മഹത്വവും പ്രാമാണികതയും വിവരിക്കുന്ന ലഘു കൃതികള്‍ എഴുതിപ്പിച്ച് അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതില്‍ ചിലതെല്ലാം ജുമുഅ ഖുത്വ്ബകളുടെയും പെരുന്നാള്‍ ഖുത്വ്ബകളുടെയും സമാഹാര മായിരുന്നു. ഇതിനെക്കാളെല്ലാം ആശ്ചര്യകരമായ കാര്യം ഈ ഉദ്ദേശ്യാര്‍ഥം ഫൗജി അഖ്ബാര്‍ എന്നപേരില്‍ ടിപ്പുവിന്റെതന്നെ മേല്‍നോട്ടത്തില്‍ ഒരു ഉര്‍ദു വാരികയും പ്രസിദ്ധീകരിച്ചിരുന്നുവെന്നതാണ്. പട്ടാള ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള സുല്‍ത്താന്റെ നിര്‍ദേശങ്ങള്‍, ജിഹാദുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, രാജ്യത്തെ പ്രതിരോധിക്കേണ്ട ബഹുജനങ്ങളുടെ കടമ,  സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം തുടങ്ങിയവയായിരുന്നു ഇതിന്റെ ഉള്ളടക്കം. ടിപ്പുവിന്റെ രക്തസാക്ഷ്യം വരെ അഞ്ച് വര്‍ഷം മുടങ്ങാതെ ഈ വാരിക പ്രസിദ്ധീകരിച്ചിരുന്നു. അങ്ങനെ വരുമ്പോള്‍ ഇന്ത്യയിലെ പ്രസിദ്ധീകരണത്തിന്റെ പിതാവായും ടിപ്പുവിനെ പരിഗണിക്കേണ്ടിവരും. കാരണം, അദ്ദേഹത്തിനു മുമ്പ് ഇന്ത്യയില്‍ എവിടെയും പ്രസിദ്ധീകരണം ഉണ്ടായിരുന്നതായി അറിവില്ല.8

ഇംഗ്ലീഷുകാര്‍ക്കെതിരായ സാമ്പത്തിക ബഹിഷ്‌കരണവും ടിപ്പുവിന്റെ ഒരു ആയുധമായിരുന്നു. ഇംഗ്ലീഷ് കച്ചവടക്കാരുമായുള്ള എല്ലാ കൊള്ളക്കൊടുക്കകളും വിലക്കിക്കൊണ്ടുള്ള ഒന്നിലധികം ഉത്തരവുകള്‍ അദ്ദേഹം പുറത്തിറക്കിയിരുന്നു. 1787-ല്‍ കോഴിക്കോട്ടെ സൈനികത്തലവന്‍ അര്‍ഷദ് ബേഗിന് അദ്ദേഹം ഇപ്രകാരം എഴുതി: ”ഇംഗ്ലീഷ് കച്ചവടക്കാര്‍ അവിടെ വന്നാല്‍ അവരില്‍നിന്ന് എന്തെങ്കിലും വാങ്ങുകയോ അവര്‍ക്കെന്തെങ്കിലും വില്‍ക്കുകയോ ചെയ്യരുതെന്ന് കോഴിക്കോട്ടെ കച്ചവടക്കാരോട് ആജ്ഞാപിക്കണമെന്ന് നാം ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്താല്‍ കുറച്ചുകാലം അവിടെ തങ്ങി നിരാശയോടെ അവര്‍ അവിടെനിന്ന് സ്വയം ഒഴിഞ്ഞ് പോയി കൊള്ളും.”9

ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വന്തം രാജ്യത്തുണ്ടാക്കിയ വസ്ത്രമല്ലാതെ ടിപ്പു ഉപയോഗിച്ചിരുന്നില്ല. ഇംഗ്ലീഷ് അധീനതയിലുള്ള മദ്രാസില്‍ നിന്നുള്ള ഉപ്പിന് പോലും തന്റെ രാജ്യത്തേക്ക് അദ്ദേഹം പ്രവേശനം അനുവദിച്ചിരുന്നില്ല. ആയുധങ്ങള്‍, മരുന്ന് തുടങ്ങിയ കാര്യങ്ങളിലും തന്റെ രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് കൊണ്ടുപോകാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. അതു കൊണ്ടുതന്നെ അദ്ദേത്തിന്റെ രക്തസാക്ഷിത്വത്തിനു ശേഷം പിടിച്ചെടുത്ത ആയുധശേഖരത്തില്‍ കേവലം 91 തോക്കുകള്‍ മാത്രമേ യൂറോപ്യന്‍ നിര്‍മിതമായതുണ്ടായിരുന്നുള്ളൂ. ബാക്കി നൂറു കണക്കിന് തോക്കുകളും പീരങ്കികളും മറ്റ് ആയുധങ്ങളുമെല്ലാം അദ്ദേഹത്തിന്റെ സ്വന്തം ആയുധശാലകളില്‍ നിര്‍മിച്ചവയായിരുന്നു. അതിനാല്‍ ഇന്ത്യയില്‍ സ്വദേശിപ്രസ്ഥാനത്തിന് അടിത്തറ പാകിയത് ടിപ്പുവാണെന്ന് മൈസൂര്‍ ദിവാനായിരുന്ന സര്‍ദാര്‍ കുന്‍ദ് രാജ് അറബ് 1919-ല്‍ പുറത്തിറങ്ങിയ ഒരു ജേര്‍ണലില്‍ എഴുതിയിരുന്നു. ഇന്ത്യയില്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സ്വദേശിപ്രസ്ഥാനം ശക്തമായ കാലത്താണ് അതിന്റെ പിതൃത്വം ലേഖകന്‍ ടിപ്പുസുല്‍ത്താന് അനുവദിച്ച് കൊടുത്തത്.10

Also read: ഇനി വേണ്ടത് ശാസ്ത്രജ്ഞന്മാരെ വാർത്തെടുക്കേണ്ട ഇസ്ലാമിക കലാലയങ്ങൾ

മൂന്നാം മൈസൂര്‍ യുദ്ധം
1784-ല്‍ ടിപ്പുവുമായുള്ള രണ്ടാം മൈസൂര്‍ യുദ്ധത്തില്‍ പരാജയം മുഖാ മുഖം കണ്ട സന്ദര്‍ഭത്തിലാണ് മംഗലാപുരം സന്ധിയിലൂടെ ബ്രിട്ടീഷുകാര്‍ യുദ്ധത്തില്‍നിന്ന് പിന്‍മാറിയത്. രണ്ടാം മൈസൂര്‍ യുദ്ധത്തിനു മുമ്പ് ഏതൊക്കെ പ്രദേശങ്ങള്‍ അവരവരുടെ നിയന്ത്രണത്തിലായിരുന്നുവോ അവിടെ തങ്ങളുടെ നിയന്ത്രണം തുടരും എന്നതായിരുന്നു മംഗലാപുരം സന്ധി. ഈ യുദ്ധത്തില്‍ ബദിനൂരും മംഗലാപുരവും ടിപ്പുവിന് ലഭിച്ചു. നാണംകെട്ട സമാധാനം എന്നാണ് വാറന്‍ ഹേസ്റ്റിംഗ് ഈ സന്ധിയെ വിശേഷിപ്പിച്ചത്.11
പ്രത്യക്ഷത്തില്‍ സന്ധിയായെങ്കിലും രണ്ടാം മൈസൂര്‍യുദ്ധം തങ്ങളുടെ പരാജയമായിട്ടാണ് ബ്രിട്ടീഷുകാര്‍ വിലയിരുത്തിയത്. അതിനാല്‍, പിന്നീടുള്ള അവരുടെ നീക്കങ്ങളെല്ലാം എങ്ങനെയെങ്കിലും ടിപ്പുവിനോ ടേറ്റ പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ്. അതിനാല്‍, മറാഠകളെയും നിസാമിനേയും ഒരു കറാറിലൂടെ അവര്‍ തങ്ങളുടെ സഖ്യകക്ഷിയാക്കി. വാറന്‍ ഹേസ്റ്റിംഗിന് പകരം കമ്പനിയുടെ ഗവര്‍ണര്‍ ജനറലായ കോണ്‍വാലീസ് ടിപ്പുവിനെ പരാജയപ്പെടുത്തുക എന്നത് ജീവിത ദൗത്യമായിത്തന്നെ തെരഞ്ഞെടുത്തു. അമേരിക്കയില്‍ തനിക്കേറ്റ പരാജയത്തിന്റെ അപമാനം അതിലൂടെ മായ്ച്ചുകളയാനാണ് കോണ്‍വാലീസ് ശ്രമിച്ചത്. ജോര്‍ജ് വാഷിംഗ്ടണിന്റെ നേതൃത്തില്‍ അമേരിക്ക ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്രമാകുമ്പോള്‍ അവിടത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ കോണ്‍വാലീസായിരുന്നു. 1790-ലാണ് കോണ്‍വാലീസ് ടിപ്പുവിനെതിരെ ആക്രമണം തുടങ്ങിയത്. മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധം എന്ന പേരിലാണ് ഈ യുദ്ധം അറിയപ്പെട്ടത്. മലബാറും കര്‍ണാട്ടിക്കുമായിരുന്നു ഈ യുദ്ധത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. ടിപ്പു തങ്ങളുടെ സഖ്യകക്ഷിയായ തിരുവിതാംകൂറിനെ ആക്രമിച്ചതാണ് യുദ്ധത്തിന് കോണ്‍വാലീസ് ന്യായം പറഞ്ഞത്. ഈ യുദ്ധത്തില്‍ പല യുദ്ധമുഖങ്ങളിലും ടിപ്പു ധീരമായി പൊരുതിയെങ്കിലും ടിപ്പുവിന്റെ ശക്തികേന്ദ്രമായ മലബാറും ബാംഗ്ലൂരൂം ടിപ്പുവിന് നഷ്ടപ്പെട്ടു. ബാംഗ്ലൂര്‍ നഷ്ടപ്പെട്ടതിനു പിന്നില്‍ ടിപ്പുവിന്റെ ഉദ്യോഗസ്ഥനായ ശ്രീനിവാസ റാവുവിനെപ്പോലുള്ളവരുടെ ചതിക്ക് പങ്കുള്ളതായി ആരോപിക്കപ്പെട്ടിട്ടുണ്ട്. ടിപ്പുവിന്റെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥന്മാരില്‍ ഒരാളായിരുന്നു ശ്രീനിവാസ റാവു. ഏതായാലും 1792-ല്‍ ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ യുദ്ധം അവസാനിച്ചു. മലബാര്‍ അടക്കമുള്ള പ്രദേശങ്ങള്‍ നഷ്ടപ്പെട്ടതിന് പുറമെ വലിയൊരു സംഖ്യ നഷ്ടപരിഹാരമായി ടിപ്പുവിന് കൊടുക്കേണ്ടിയും വന്നു. അവധി പറഞ്ഞ് കൊടുക്കാമെന്നേറ്റ നഷ്ടപരിഹാരത്തിന് ജാമ്യമായി ടിപ്പുവിന് ബ്രിട്ടീഷുകാര്‍ക്ക് തന്റെ രണ്ട് സ്വന്തം മക്കളെയാണ് കൊടുക്കേണ്ടിവന്നത്.

എന്നാല്‍, കമ്പനി അധികൃതര്‍ ഒട്ടും പ്രതീക്ഷിക്കാത്ത വേഗത്തില്‍ നഷ്ടപരിഹാരത്തുക ടിപ്പു അടച്ചുതീര്‍ത്തു. ഇത് കമ്പനിയെ കൂടുതല്‍ അസ്വസ്ഥമാക്കി. നഷ്ടപരിഹാരം കൊടുക്കാനാകാതെ മൈസൂരിനെ തങ്ങളുടെ കാല്‍ച്ചുവട്ടില്‍ വെക്കാന്‍ ടിപ്പു നിര്‍ബന്ധിതനാകും എന്നാണ് അവര്‍ പ്രതീക്ഷിച്ചത്. അപ്പോഴേക്കും ചതിയിലും വഞ്ചനയിലും കുപ്രസിദ്ധനായ വെല്ലസ്‌ലി പ്രഭു ഗവര്‍ണറായി എത്തിയിരുന്നു. ടിപ്പുവിന്റെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ദൗത്യവുമായാണ് വെല്ലസ്‌ലി എത്തിയത്. അതിനായി ടിപ്പുവിന്റെ ഏതാണ്ടെല്ലാ പ്രധാന ദ്യോഗസ്ഥന്മാരെയും ടിപ്പുവിനെ ചതിക്കാനായി പാകപ്പെടുത്തുന്നതില്‍ വെല്ലസ്‌ലി വിജയിച്ചു. പ്രധാനമന്ത്രിയായിരുന്ന പൂര്‍ണയ്യ, ധനമന്ത്രി മീര്‍ സാദിഖ്, മീര്‍ ഖാസിം തുടങ്ങിയവരെല്ലാം ഈ ഗൂഢാലാചനയില്‍ പങ്കാളിയായിരുന്നുവെന്ന് കിര്‍മാനിയെ ഉദ്ധരിച്ച് മുഹിബ്ബുല്‍ ഹസന്‍ സ്ഥാപിച്ചിട്ടുണ്ട്. ടിപ്പുവിന്റെ പതനത്തിനു ശേഷം ബ്രിട്ടീഷുകാര്‍ പുനഃസ്ഥാപിച്ച വോഡയാര്‍ ഭരണത്തില്‍ പൂര്‍ണയ്യ ഉദ്യോഗസ്ഥനായിരുന്നത് മുഹിബ്ബുല്‍ ഹസന്റെ കണ്ടെത്തലിനെ സാധൂകരിക്കുന്നുണ്ട്. ഫ്രഞ്ചുകാരുമായി ബന്ധം സ്ഥാപിച്ചുവെന്ന കുറ്റമാരോപിച്ചു കൊണ്ടാണ് വെല്ലസ്‌ലി നാലാം മൈസൂര്‍ യുദ്ധത്തിന് പടനീക്കം നടത്തിയത്. ഹൈദരാബാദിനെയും അദ്ദേഹം ഒപ്പം കൂട്ടി. അതിനാല്‍, വിജയിക്കില്ല എന്ന ഉറച്ച ബോധ്യത്തോടെയാണ് ടിപ്പു അന്തിമ യുദ്ധത്തിനിറങ്ങിയത്. ടിപ്പുവിന് രക്ഷപ്പെടാനുള്ള സുരക്ഷിത പാത ഒരുക്കാന്‍ ഫ്രഞ്ചുകാര്‍ സന്നദ്ധമായിരുന്നു. എന്നാല്‍, കൊളോണിയലിസത്തോട് അവസാന ശ്വാസം വരെ പടപൊരുതി രക്തസാക്ഷിയാകാനാണ് ടിപ്പു ആഗ്രഹിച്ചത്. ഒരു വിധത്തില്‍ പ്രവാചകപുത്രന്‍ ഇമാം ഹുസൈന്‍ നടത്തിയ കര്‍ബലയെ അനുസ്മരിപ്പിക്കുന്നുണ്ട് ടിപ്പുവിന്റെ നാലാം മൈസൂര്‍യുദ്ധം. യാതൊരു വിജയ പ്രതീക്ഷയുമില്ലാതെ ഒരു ദൗത്യം പൂര്‍ത്തീകരിക്കുകയായിരുന്നു രണ്ടുപേരും. ഈ അവസരത്തില്‍ സ്വയം കീഴടങ്ങുന്നതാണ് ഉചിതം എന്ന് ഉപദേശിച്ച രാജ ഖാന്‍ എന്ന സേവകനോട് ടിപ്പു പറഞ്ഞ വാചകം ചരിത്രത്തില്‍ തങ്കലിപികളാലാണ് എഴുതിവെക്കേണ്ടത് ‘നൂറ് വര്‍ഷം ഒരു കീടമായി ജീവിക്കുന്നതിനെക്കാള്‍ നല്ലത് സിംഹമായി ഒരു ദിവസം ജീവിക്കുന്നതാണ്’ എന്നായിരുന്നു ടിപ്പുവിന്റെ മറുപടി.11

Also read: പലിശ വ്യത്യസ്ത സ്വഭാവത്തിലോ?-2

തന്റെ പല സൈനിക നായകന്മാരും വെള്ളക്കൊടി ഉയര്‍ത്തി ഒന്ന് പൊരുതാന്‍ പോലും നില്‍ക്കാതെ വെള്ളപ്പട്ടാളത്തിനു മുമ്പില്‍ കീഴടങ്ങുന്നതു കണ്ടിട്ടും ഒട്ടും പതറാതെ കോട്ടക്കുള്ളില്‍ പ്രവേശിച്ച് ശത്രുപടയോട് ഏറെനേരം ഒറ്റക്ക് പൊരുതി ടിപ്പു ഒടുവില്‍ രക്തസാക്ഷിയായി. കണ്ണുകള്‍ രണ്ടും തുറന്ന നിലയില്‍ കൊട്ടാര വാതില്‍ക്കല്‍ വെടിയേറ്റു മരിച്ചു കിടക്കുന്ന ടിപ്പുവിനെ കണ്ടപ്പോള്‍ ബ്രിട്ടീഷ് ജനറല്‍ ‘ഇന്നാണ് യഥാര്‍ഥത്തില്‍ ഇന്ത്യ നമുക്ക് കീഴടങ്ങിയത്’ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. 1799 മെയ് 4-നായിരുന്നു ടിപ്പുവിന്റെ രക്തസാക്ഷിത്വം. ടിപ്പുവിന്റെ കുടുംബത്തോടൊന്നടങ്കം പ്രതികാരം ചെയ്തുവെങ്കിലും ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വലിയ എതിരാളിക്ക് മാന്യമായി ശവസംസ്‌കാരം ബ്രിട്ടീഷുകാര്‍ നല്‍കി. ആചാര വെടിയുടെ അകമ്പടിയോടെ ശ്രീരംഗപട്ടണത്ത് തന്നെ ഔദ്യോഗികമായി അവര്‍ അദ്ദേഹത്തെ സംസ്‌കരിച്ചു.
ഭരണം ടിപ്പുവിന്റെ രക്തസാക്ഷിത്വത്തോടെ ഹൈദരാലി സ്ഥാപിച്ച സല്‍ത്തനത്ത് ഖുദാദാദ് തകരുകയും തദ്ദേശീയ രാജവംശങ്ങളില്‍ നിന്നുള്ള കൊളോണിയലിസത്തിനെതിരായ അവസാന വെല്ലുവിളിയും അവസാനിക്കുകയും ചെയ്തു. തുടര്‍ന്നും ചെറുത്തുനില്‍പുകള്‍ ഇന്ത്യയില്‍ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം വ്യക്തികളും അവരുടെ കൂട്ടായ്മകളും സംഘടിപ്പിച്ചതായിരുന്നു.

15 വര്‍ഷമാണ് ടിപ്പു ഭരിച്ചത്. ഇതില്‍ അധിക സമയവും അദ്ദേഹം യുദ്ധത്തിലായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭരണം ഒരു മിലിറ്ററി സ്റ്റേറ്റിന്റെതായിരുന്നില്ല. മറിച്ച്, സിവില്‍ ഭരണത്തിന്റെ പല സ്വഭാവങ്ങളുമുള്ള ക്ഷേമ ഭരണമായിരുന്നു. രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെയും ജനക്ഷേമകരമായ നടപടികളെയും യുദ്ധങ്ങള്‍ ഒരിക്കലും തടസ്സപ്പെടുത്തിയില്ല. രാജവാഴ്ചയുടെ സഹജമായ സ്വേച്ഛാധിപത്യ സ്വഭാവം ടിപ്പുവിന്റെ ഭരണത്തിനും ഉണ്ടായിരുന്നുവെങ്കിലും കൂടിയാലോചനക്കുള്ള സ്ഥിരം സംവിധാനം അദ്ദേഹത്തിനുണ്ടായിരുന്നു. പൂര്‍ണയ്യയെ പോലുള്ളവര്‍ പ്രധാനമന്ത്രിയായത് അങ്ങനെയാണ്. ജന്മിമാരെയും നാടുവാഴികളെയും ഒഴിവാക്കിക്കൊണ്ട് കര്‍ഷകര്‍ക്ക് കൃഷിഭൂമി പതിച്ചുനല്‍കുകയും അവരില്‍നിന്ന് മാന്യമായി നികുതി ഈടാക്കുന്ന സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്തു. ലാന്റ് സെറ്റില്‍മെന്റ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. അതിനായി മലബാറിലും മൈസൂരിലും ഭൂമികള്‍ കൃത്യമായി അളന്ന് തിട്ടപ്പെടുത്തി. മലബാറില്‍ ജന്മികളും നാടുവാഴികളും ടിപ്പുവിനെതിരാകാന്‍ പ്രധാന കാരണം ഇതാണ്. കാരണം ഇവിടെയുള്ള ഭൂമികള്‍ മുഴുവനും യാതൊരു കണക്കുമില്ലാതെ ബ്രാഹ്മണരുടെയോ ക്ഷേത്രങ്ങളുടെയോ കൈവശമായിരുന്നു. ബ്രഹ്മസ്വം, ദേവസ്വം എന്നീ പേരുകളിലാണ് അവ അറിയപ്പെട്ടിരുന്നത്. ഇവിടെ കൃഷി ചെയ്തിരുന്ന യഥാര്‍ഥ കര്‍ഷകരായ കുടിയാന്‍മാരും അടിയാന്മാരായ തൊഴിലാളികളും ജന്മികളാല്‍ ക്രൂരമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു. ഈ ചൂഷണമാണ് യഥാര്‍ഥത്തില്‍ തന്റെ പുതിയ ലാന്റ് സെറ്റില്‍മെന്റിലൂടെ ടിപ്പു അവസാനിപ്പിച്ചത്. അവരുടെ ചോറ്റുപട്ടാളമായ നായന്മാരും സ്വാഭാവികമായി അദ്ദേഹത്തിനെതിരായി. എന്നാല്‍ ഹിന്ദു ജന്മികള്‍ മാത്രമല്ല, മുസ്‌ലിം ജന്മികളും ടിപ്പുവിനെതിരായിരുന്നു. മഞ്ചേരിയിലെ അത്തന്‍ കുരിക്കളും ചാവക്കാട്ടെ ഹൈദ്രോസ് മൂപ്പനും ഉദാഹരണം. രണ്ട് സമുദായത്തിലെയും പാവപ്പെട്ടവര്‍ക്കാണ് ടിപ്പുവിന്റെ പരിഷ്‌കരണം ഗുണകരമായത്. ടിപ്പു നല്‍കിയ ഈ അവകാശ ബോധമാണ് പില്‍ക്കാലത്ത് ബ്രിട്ടീഷുകാര്‍ പൂര്‍വാധികം അരക്കിട്ടുറപ്പിച്ച ജന്മിത്വത്തിനെതിരെ പൊരുതാന്‍ മലബാറിലെ മാപ്പിളമാര്‍ക്ക് പ്രചോദനമായത്. ഈ അര്‍ഥത്തില്‍ മലബാറില്‍ ഭൂപരിഷ്‌കരണത്തിന് അടിത്തറയിട്ടത് ടിപ്പുവാണെന്ന് പറയാം. ജലസേചന സംവിധാനം ഒരുക്കുകയും പരുത്തിയും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുകയും ചെയ്തു. ഗ്രാമീണ സ്ഥിതി മെച്ചപ്പെടുത്താന്‍ കുടില്‍വ്യവസായം സുല്‍ത്താന്‍ പ്രോത്സാഹിപ്പിച്ചു. പട്ടുനൂല്‍പ്പുഴു വളര്‍ത്തലും പട്ടുനിര്‍മാണവും പ്രോല്‍സാഹിപ്പിച്ചു. നെയ്ത്തുകാരെ പല ഭാഗത്തുനിന്നും വരുത്തി കോളനിയായി താമസിപ്പിച്ച് പരുത്തിനിര്‍മാണം വിപുലീകരിച്ചു. ശ്രീരംഗപട്ടണത്തിന് സമീപമുള്ള ഗഞ്ചാം ഇത്തരം ഒരു കോളനിയായിരുന്നു. ഗ്ലാസ് നിര്‍മാണം, ക്ലോക്ക് നിര്‍മാണം തുടങ്ങിയവക്ക് വിദേശ വിദഗ്ധരെ ഏര്‍പ്പെടുത്തി. മലബാറിലും മൈസൂരിലും ധാരാളം റോാഡുകള്‍ അദ്ദേഹം പണികഴിപ്പിച്ചു. തോക്, പീരങ്കി, മിസൈല്‍ തുടങ്ങിയവ സ്വന്തമായി വികസിപ്പിച്ചു. സ്വന്തമായി നാവികസേനയും ഉണ്ടാക്കി. ടിപ്പു സുല്‍ത്താന്റെ സാംസ്‌കിക ഔന്നത്യം വിളിച്ചറിയിക്കുന്നതാണ് ശ്രീരംഗ പട്ടണത്ത് കൊട്ടാരത്തില്‍ അദ്ദേഹം സജ്ജീകരിച്ച വിശാലമായ ലൈബ്രറി. അതിനെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം കാരണമാണ് ഇന്ത്യയില്‍ ആധുനികതക്ക് അടിത്തറപാകിയ ഭരണകര്‍ത്താവായി ഇര്‍ഫാന്‍ ഹബീബ് ടിപ്പുവിനെ വിശേഷിപ്പിച്ചത്.12

ഘട്ടംഘട്ടമായി മദ്യനിരോധനം കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചിരുന്നു. മലബാറില്‍ സ്ത്രീകളോട് മാറ് മറയ്ക്കാന്‍ ഉത്തരവിട്ടതും ബഹുഭര്‍തൃത്വത്തിനെതിരെ നടപടി സ്വീകരിച്ചതുമാണ് ടിപ്പുവിന്റെ പ്രധാന സാമൂഹിക പരിഷ്‌കരണം. ബഹുഭര്‍തൃത്വം ഉപേക്ഷിക്കുകയാണെങ്കില്‍ വിവാഹത്തിന് ധനസഹായം നല്‍കുമെന്ന് ടിപ്പു പ്രഖ്യാപിച്ചു. പക്ഷേ, ഈ രണ്ട് നടപടികളും അരാജക ജീവിതത്തില്‍ ആറാടിയിരുന്ന മേല്‍ജാതിക്കാരെ പ്രകോപിപ്പിച്ചു. അവര്‍ മാറുമറയ്ക്കാനുള്ള ഉത്തരവിനെ ഹിന്ദുസ്ത്രീകളെ കുപ്പായമിടീച്ച് മത പരിവര്‍ത്തനം നടത്തുന്നതായി വ്യാഖ്യാനിച്ചു. കലാപകാരികളെ അദ്ദേഹം ശക്തമായി അടിച്ചമര്‍ത്തിയിരുന്നുവെന്നത് നേരാണ്. മലബാറിലെ ജന്മിമാരുടെ ചോറ്റു പട്ടാളമായിരുന്ന നായന്മാരായിരുന്നു ഈ കലാപകാരികളില്‍ അധികവുമെന്നതും ശരിയാണ്. പക്ഷേ, യുദ്ധത്തില്‍ പോലും അദ്ദേഹം മാനുഷിക നിലപാട് ഉയര്‍ത്തിപ്പിടിച്ചിരുന്നു. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുതെന്ന് സൈനികര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കികൊണ്ടുള്ള അദ്ദേഹത്തിന്റെ വിളംബരം ഇപ്രകാരം വായിക്കാം: ”കീഴടക്കിക്കഴിഞ്ഞ ഒരു ശത്രുവിനെ കൊള്ള ചെയ്താല്‍ ഏതാനും പേര്‍ സമ്പന്നനായി എന്ന് വരാം. പക്ഷേ, അത് ഒരു രാജ്യത്തെ മുഴുവന്‍ ദരിദ്രമാക്കുകയും മുഴുവന്‍ സൈന്യത്തിന്റെയും വിലകെടുത്തുകയും ചെയ്യും. യുദ്ധം പടക്കളത്തില്‍ ഒതുങ്ങിനില്‍ക്കണം. നിരപരാധികളായ നാട്ടുകാരിലേക്കത്വ്യാ പിപ്പിക്കരുത്. അവരുടെ സ്ത്രീകളെ ആദരിക്കുക. മതത്തെ ബഹുമാനിക്കുക. ദുര്‍ബലര്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുക.’13

Also read: യഹൂദ പാരമ്പര്യവും പ്രവാചകൻ മുഹമ്മദിനെ കുറിച്ചുള്ള വസ്തുതകളും

മത നയം
ടിപ്പുവിന്റെ മതനയം വളരെ വ്യക്തമായിരുന്നു. ഹൈദറിനെക്കാളും, ഇന്ത്യ ഭരിച്ച മറ്റേതൊരു മുസ്‌ലിംഭരണാധികാരിയെക്കാളും പ്രതിബദ്ധ തയുള്ള ഇസ്‌ലാംമത വിശ്വാസിയായിരുന്നു ടിപ്പു സുല്‍ത്താന്‍. ഒരു പക്ഷേ അക്കാര്യത്തില്‍ മുഗള്‍ ചക്രവത്തി ഔറന്‍ഗസീബ് മാത്രമേ അദ്ദേഹത്തിന് സമശീര്‍ഷനായി ഉണ്ടാകുകയുള്ളൂ. സുല്‍ത്താന്റെ മദ്യനിരോധന നടപടികളെല്ലാം അദ്ദേഹത്തിന്റെ മതവിശ്വാസത്തിന്റെ ഭാഗംതന്നെയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തെ ജിഹാദായി വ്യാഖ്യാനിച്ചതും അതുകൊണ്ടുതന്നെ. നമസ്‌കാരം, ഖുര്‍ആന്‍ പാരായണം തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥന്‍മാരെ നിയമിക്കുന്ന കാര്യത്തിലോ പ്രജകളുടെ ക്ഷേമത്തിലോ മതപരമായ ഒരു വിവേചനവും കാണിച്ചില്ല. ഉദ്യോഗസ്ഥന്‍മാരില്‍ ധാരാളം പേര്‍ ഹിന്ദുക്കളായിരുന്നു. പൂര്‍ണയ്യ, ശ്രീനിവാസ റാവു തുടങ്ങിയവ ഉദാഹരണം. മറാഠകള്‍ തകര്‍ത്ത ശൃംഗേരി മഠം പുനര്‍നിര്‍മിക്കാന്‍ അദ്ദേഹം നല്‍കിയ ധനസഹായത്തെക്കുറിച്ച് നേരത്തെ പറഞ്ഞു. ടിപ്പു അതിലെ പൂജാരിക്ക് എഴുതിയ കത്തുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകളെ അഭിസംബോധന ചെയ്യുന്നതു പോലെ സലാംകൊണ്ടാണ് ടിപ്പു അദ്ദേഹത്തെയും അഭിസംബോധന ചെയ്യുന്നത്. രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രത്യേക പൂജയും ഹോമവും നടത്തണമെന്നും സുല്‍ത്താന്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അത്തരം ഒരു കത്തില്‍ അദ്ദേഹം ഇപ്രകാരം പറയുന്നു: ”താങ്കള്‍ ഒരു വിശുദ്ധ വ്യക്തിയും സംന്ന്യാസിയുമാണ്. ബഹുജനങ്ങളുടെ നന്മക്കു വേണ്ടി പ്രാര്‍ഥിക്കുകയെന്നത് താങ്കളുടെ കടമയായതിനാല്‍ മഠത്തിലെ മറ്റുള്ള ബ്രാഹ്മണണരോടൊപ്പം ദൈവത്തോട് പ്രാഥിക്കാന്‍ നാം അപേക്ഷിക്കുന്നു. അങ്ങനെ ശത്രുക്കള്‍ പരാജയപ്പെടുകയും പലായനം ചെയ്യുകയും നമ്മുടെ രാജ്യത്തെ ജനങ്ങള്‍ സൗഖ്യത്തോടെ ജീവിക്കുകയും ചെയ്യാന്‍ താങ്കളുടെ ആശിസ്സുകള്‍ ഉണ്ടാകട്ടെ.”13

Also read: മൗനം പൊന്നാകുന്നതെപ്പോള്‍?

ഗുരുവായൂര്‍, കോഴിക്കോട്ടെയും കൊച്ചിയിലെയും ക്ഷേത്രങ്ങള്‍ എന്നിവക്ക് എല്ലാ വര്‍ഷവും ടിപ്പു നല്‍കിയ ധനസഹായത്തിന്റെ രേഖകളും കോഴിക്കോട് ആര്‍കവെയ്‌സിലുണ്ട്. സി. കെ. കരീം നടത്തിയ കേരള അണ്ടര്‍ ഹൈദരാലി ആന്റ് ടിപ്പു സുല്‍ത്താന്‍ എന്ന പഠനത്തില്‍ ആ രേഖകള്‍ എല്ലാം ഉദ്ധരിച്ച് ടിപ്പുവിന്റെ ഉദാരമായ മതനയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ടിപ്പു സുല്‍ത്താന്‍ സ്വീകരിച്ച ഈ സഹ്ഷുണതാപരമായ മതനയം ഖുര്‍ആന്റെ അടിത്തറയിലായിരുന്നുവെന്ന് അദ്ദേഹം തന്നെ 1787-ല്‍ പുറപ്പെടുവിച്ച ഒരു വിളംബരത്തില്‍ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്: ‘മതസഹിഷ്ണുത പരിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാന തത്ത്വമാണ്. മതത്തില്‍ ബലാല്‍ക്കാരമില്ല എന്ന തത്ത്വം ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നു. മറ്റൊരു മതത്തിന്റെ വിഗ്രഹങ്ങളെ നിന്ദിക്കരുതെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ഖുര്‍ആന്‍ പറയുന്നത് അവര്‍ പ്രാര്‍ഥിക്കുന്നതിനെ നിങ്ങള്‍ നിന്ദിക്കാതിരിക്കുക. അവര്‍ അജ്ഞതമൂലം തെറ്റായ രീതിയില്‍ അല്ലാഹുവിനെ നിന്ദിക്കാതിരിക്കാനായി എന്നത്രെ. നല്ല കാര്യങ്ങളില്‍ നിങ്ങള്‍ അന്യോന്യം മത്സരിക്കണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.’14

ഇത്തരമൊരു ഭരണാധികാരിയെ മതഭ്രാന്തനായി അവതരിപ്പിക്കുന്നത് വിചിത്രമെന്നേ പറയേണ്ടൂ. കൊളോണിയല്‍ ജ്ഞാനപദ്ധതി സാമൂഹികമായി ഇന്ത്യയോട് ചെയ്ത ദ്രോഹം എത്രത്തോളം മാരകമാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.

(എൻ്റെ പുസ്തകത്തിലെ ഒരധ്യായം )

കുറിപ്പകള്‍:
1. മുഹിബ്ബുല്‍ ഹസന്‍- താരീഖ് ടിപ്പു സുല്‍ത്താന്‍, പേജ്: 516.
2. ഖുര്‍ശിദ് മുസ്ത്വഫ റിസ്‌വി- ശേറെ ഹിന്ദുസ്താന്‍, പേജ്: 46. ഉദ്ധരണം തഹ്‌രീക് ആസാദി ഉലമാ കാ കിര്‍ദാര്‍- ഫൈസല്‍ അഹ്മദ് നദ്‌വി, പേജ്: 191.
4. താരീഖ് ടിപ്പു സുല്‍ത്താന്‍, പേജ്: 118.
3. ശേറേഹിന്ദ് ടിപ്പു സുല്‍ത്താന്‍, പേജ്: 57
5. കെ. കെ. എന്‍. കുറുപ്പ്- നവാബ് ടിപ്പു സുല്‍ത്താന്‍ ഒരു പഠനം, പേജ്: 56
6. താരീഖ് സല്‍ത്തനത്ത് ഖുദാദാദ്, പേജ്: 378.
7. താരീഖ് ടിപ്പു സുല്‍ത്താന്‍, പേജ്: 188.
8. താരീഖ് സല്‍ത്തനത്ത് ഖുദാദാദ്, പേജ്: 515; സീറത്ത് സുല്‍ത്താന്‍ ടിപ്പു, പേജ്: 493,497, തഹ്‌രീക് ആസാദി ഉലമാ കാ കിര്‍ദാര്‍, പേജ്: 210.
9. ശേറേഹിന്ദ് ടിപ്പു സുല്‍ത്താന്‍.
10. സ്വഹീഫ ടിപ്പു സുല്‍ത്താന്‍, പേജ്: 277. ഉദ്ധരണം: തഹ്‌രീക് ആസാദി ഉലമാ കാ കിര്‍ദാര്‍, പേജ്: 212.
11. ടിപ്പു സുല്‍ത്താന്‍ ഒരു പഠനം, പേജ്: 12.
12. കൃളമി ഒമയലലയ ഞലശെേെലിരല മിറ ങീൃറമിശമെശേീി ഡിറലൃ ഒ്യറമൃമഹശ മിറ ഠശുുൗ.
13. കെ. കെ. എന്‍. കുറുപ്പ്- ടിപ്പു സുല്‍ത്താന്‍ ഒരു പഠനം, പേജ്: 125
14. ടിപ്പു സുല്‍ത്താന്‍ ഒരു പഠനം, പേജ്: 139.

Related Articles