Current Date

Search
Close this search box.
Search
Close this search box.

പുല്‍വാമ ദിനത്തില്‍ മോദി എന്തു ചെയ്യുകയായിരുന്നുവെന്ന് ‘ഡിസ്‌കവറി’ പറയും

മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇന്ത്യ ഒരു ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചത്. ജമ്മു കശ്മീരില്‍ വെച്ച് ഇന്ത്യന്‍ സൈന്യത്തിനു നേരെയായിരുന്നു ആക്രമണം. ഫെബ്രുവരി 14നായിരുന്നു അത്. അന്ന് വൈകീട്ട് 3.10നും ഏഴ് മണിക്കും ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തു ചെയ്യുകയായിരുന്നുവെന്ന് നേരത്തെ തന്നെ ചോദ്യങ്ങളുയര്‍ന്നിരുന്നു. അന്ന് വൈകീട്ടായിരുന്നു ഭീകരാക്രമണം. ആക്രമണത്തെക്കുറിച്ച് അറിഞ്ഞ ശേഷം അദ്ദേഹം ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലേക്ക് ആണ് പോയത് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു.

കഴിഞ്ഞ ദിവസം ഡിസ്‌കവറി ചാനല്‍ പുറത്തുവിട്ട ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയുടെ പ്രൊമോ വീഡിയോവിലൂടെ അന്നുയര്‍ന്ന ചോദ്യം വീണ്ടും ഉയര്‍ന്നു വരികയായിരുന്നു. നിരവധി സൈനികര്‍ കൊല്ലപ്പെട്ടെന്നറിഞ്ഞിട്ടും തന്റെ ഇഷ്ടവിനോദങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി മനസ്സു കാണിച്ചില്ല എന്ന് പറഞ്ഞു പ്രതിപക്ഷം രംഗത്തെത്തി. തീവ്രവാദ ആക്രമണവും അതിന് ശേഷം മോദി എവിടെയായിരുന്നു എന്ന ചര്‍ച്ചയൊക്കെ ഇത്ര ചൂടുപിടിക്കാന്‍ കാരണം പതിവ് പോലെയുള്ള ഒരു ഭീകരാക്രമണമായിട്ടല്ല സര്‍ക്കാര്‍ ഇതിനെ കണ്ടിരുന്നത് എന്നതിനാലാണ്. സി.ആര്‍.പി.എഫ് സൈന്യത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് രാജ്യത്ത് ആശങ്കയുണ്ടാക്കി. ഒടുവില്‍ ഇതിന് മറുപടിയായി ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ഉള്‍പ്രദേശത്ത് ബോംബാക്രമണം നടത്തുകയായിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘട്ടനത്തിന്റെ വക്കിലെത്തുകയും ചെയ്തിരുന്നു. പുല്‍വാമ ആക്രമണത്തിന്റെ ദു:ഖാചരണത്തില്‍ പങ്കാളിയാവുന്നതിന് പകരം അന്ന് വൈകീട്ട് ഏഴു മണി വരെ മോദി എന്തിനാണ് കോര്‍ബറ്റ് പാര്‍ക്കില്‍ ചെലവഴിച്ചതെന്നുമാണ് ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍.

പരിസ്ഥിതി മാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എപ്പിസോഡിനു വേണ്ടിയാണ് ഡിസ്‌കവറി ചാനല്‍ ജിം കോര്‍ബറ്റ് പാര്‍ക്കില്‍ വെച്ച് പ്രധാനമന്ത്രിയുമൊത്ത് ഷൂട്ടിങ് നടത്തിയത്. ഓഗസ്റ്റ് 12നാണ് ഷോ സംപ്രേക്ഷണം ചെയ്യുക. 180ല്‍ അധികം രാജ്യങ്ങളില്‍ സംപ്രേക്ഷണം ഉണ്ടാകും എന്നാണ് ഡിസ്‌കവറി അറിയിച്ചത്. പ്രകൃതിക്ക് മധ്യേ എന്നാണ് മോദി പരിപാടിയെക്കുറിച്ച് വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹം തന്റെ പ്രകൃതിക്ക് മധ്യേ എന്ന പരിപാടി തെരഞ്ഞെടുത്തത് രാഷ്ട്രീയപരമായി ശരിയായ ദിവസമായിരുന്നോ ?. അന്ന് അത് തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിക്ക് എങ്ങിനെ സാധിക്കുന്നു എന്നതാണ് ഇപ്പോള്‍ ഉയരുന്ന വലിയ ചോദ്യം.

48 സി.ആര്‍.പി.എഫ് ജവാന്മാരാണ് പുല്‍വാമയില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇത് അറിഞ്ഞ ശേഷവും പ്രധാനമന്ത്രി കോര്‍ബറ്റ് പാര്‍ക്കിലേക്കുള്ള തന്റെ യാത്ര ഉപേക്ഷിച്ചില്ല എന്നാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. അതായത് പുല്‍വാമ ആക്രമണത്തിനു ശേഷം മൂന്ന് മണിക്കൂര്‍ മോദി ഷൂട്ടിങ്ങില്‍ ആയിരുന്നു എന്ന്.

കുര്‍ത്തയും പൈജാമയും സഫാരി ജാക്കറ്റും ഷാളും ധരിച്ചാണ് മോദി പ്രൊമോ വീഡിയോവില്‍ ഉള്ളത്. കാട്ടിലൂടെ സഞ്ചരിക്കുകയും കുറ്റിച്ചെടികള്‍ക്കിടയിലൂടെ നടക്കുകയും കത്തി പിടിച്ച് നില്‍ക്കുന്നതും ബോട്ട് തുഴഞ്ഞ് പോകുന്നതുമെല്ലാമാണ് വീഡിയോവില്‍ ഉള്ളത്. ആജീവനാന്ത ഇതിഹാസ ജീവിതം എന്നാണ് വീഡിയോക്ക് തലക്കെട്ട് നല്‍കിയത്.

പുല്‍വാമ ഭീകരാക്രമണ സമയം

വൈകീട്ട് 3.10നും 3.15നും ഇടയിലാണ് ഭീകരാക്രമണം നടക്കുന്നത്. മോദി കോര്‍ബറ്റ് പാര്‍ക്കില്‍ നിന്നും തിരിക്കുന്നത് വൈകീട്ട് 6.40നും 7.30 ഇടയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ പ്രതികൂല കാലാവസ്ഥയുള്ള സമയത്താണ് മോദി പാര്‍ക്കിലെത്തുന്നത്. ഇത് നേരത്തെ തന്നെ നിശ്ചയിച്ച ഷെഡ്യൂള്‍ ആയിരുന്നു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരുന്നു കോര്‍ബറ്റിലെ ഷെഡ്യൂള്‍ നിശ്ചയിച്ചിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്. എന്നാല്‍ ഡെറാഡൂണിലെ പ്രതികൂല കാലാവസ്ഥ കാരണം നാല് മണിക്കൂര്‍ അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ വൈകിയിരുന്നു.

ഷൂട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ പാര്‍ക്ക് അധികൃതര്‍ തയാറാവുന്നില്ല. അതിനാല്‍ തന്നെ പുല്‍വാമ ആക്രമണ സമയത്താണ് ഈ ഷൂട്ട് നടന്നതെന്ന് വ്യക്തമാണ്. അല്ലെങ്കില്‍ അധികൃതര്‍ അദ്ദേഹത്തെ ഷൂട്ട് കഴിയുന്നത് വരെ വിവരം അറിയിച്ചില്ല. ഇതിനെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി ഇതുവരെ തയാറായിട്ടില്ല. അതിനാല്‍ തന്നെ പ്രതിപക്ഷവും പൊതുജനവും ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിലനില്‍ക്കും.

വിവ: സഹീര്‍ അഹ്മദ്
അവലംബം: thewire.in

Related Articles