Current Date

Search
Close this search box.
Search
Close this search box.

നാമെല്ലാവരും ഇപ്പോൾ നിഖാബികളാണ്

അമേരിക്കൻ ടെലിവിഷനിൽ ദീർഘകാലമായി സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന പ്രൈം-ടൈം മെഡിക്കൽ ഡ്രാമയാണ് ‘ഗ്രെയ്സ് അനാട്ടമി’ (Grey’s Anatomy), ഫുൾ ഗിയർ (ഹോസ്പിറ്റൽ വസ്ത്രങ്ങൾ, സർജിക്കൽ കാപ്പുകൾ, ഫെയ്സ് മാസ്ക്കുകൾ) അണിഞ്ഞ് ഓപ്പറേഷൻ ടേബിളിനു ചുറ്റും നിൽക്കുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും നിരവധി രംഗങ്ങൾ അതിലുണ്ട്. അവർ സംസാരിക്കുകയും ചിരിക്കുകയും വാദിക്കുകയും ചെയ്യുമ്പോൾ, അഭിനേതാക്കളുടെ കണ്ണുകളുടെ ക്ലോസപ്പുകളാണ് അവരുടെ ഏകാഗ്രതയും വികാരങ്ങളും പ്രേക്ഷകരിലേക്ക് സംവേദനം ചെയ്യുന്നത്.

മുഖം മറയ്ക്കുന്നതിനെതിരായ പൊതുവാദങ്ങളിൽ ഒന്നിനെ ഖണ്ഡിക്കുന്നതാണ് പ്രസ്തുത സീനുകൾ, അഥവാ കൃത്യമായി പറഞ്ഞാൽ, മുസ്ലിം സ്ത്രീകളിൽ ചിലർ ധരിക്കുന്ന നിഖാബ് എന്ന മുഖാവരണം പരസ്പരമുള്ള ആശയവിനിമയത്തിന് ഒരു തടസ്സമാമെന്ന വാദത്തെ ഖണ്ഡിക്കുന്നതാണ് പ്രസ്തുത സീനുകൾ.

Also read: വിശുദ്ധ റമദാനിലെ മൂന്ന് അവസരങ്ങൾ!

ഇപ്പോൾ കോവിഡ് 19 വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ ഫെയ്സ് മാസ്ക്കുകൾ വ്യാപകമായി ഉപയോഗിക്കുന്നു, നിഖാബ് ധരിക്കുന്ന മുസ്ലിം സ്ത്രീകൾക്കെതിരെയുള്ള പൊതുവായ വിവേചനത്തിനു നേരെ കൺതുറക്കാൻ ചിലരുടെ കാര്യത്തിൽ ഇതു കാരണമായിട്ടുണ്ട്. 2017 ഒക്ടോബറിൽ കാനഡയിലും, 2011ൽ ഫ്രാൻസിലും നിലവിൽ വന്ന് മുഖംമറയ്ക്കൽ നിരോധിച്ചു കൊണ്ടുള്ള നിയമങ്ങൾ എന്നെ ഇപ്പോൾ ആശ്ചര്യപ്പെടുത്തുന്നു.

സർവവ്യാപിയായി കഴിഞ്ഞ പുതിയ ഫെയ്സ് മാസ്ക്കുകൾ ഒരു ശീലമായി ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ കാനഡക്കാർക്കും അമേരിക്കക്കാർക്കും യൂറോപ്യൻമാർക്കും ഇപ്പോൾ കഴിയുന്നുണ്ടെങ്കിൽ, നിഖാബും ഒരു ശീലമാക്കാൻ അവർക്കു കഴിയുമോ? നിഖാബ് ധരിക്കുന്ന പാശ്ചാത്യലോകത്തെ മുസ്ലിം സ്ത്രീകളിലെ ഒരു ന്യൂനപക്ഷത്തിനെതിരെയുള്ള വിവേചനം അവസാനിക്കുമോ?

മുഖ രാഷ്ട്രീയത്തിന്റെ ചരിത്രം

കനേഡിയൻ മുസ്ലിം സ്ത്രീയും മുഖാവരണവും എന്ന വിഷയവുമായി ബന്ധപ്പെട്ട എന്റെ പുസ്തകത്തിനു വേണ്ടിയുള്ള ഗവേഷണ സമയത്ത് മനസ്സിലാക്കിയതു പോലെ, മുഖാവരണത്തോടുള്ള യൂറോപ്യൻ നിരാസത്തിന് ഒരു നീണ്ടചരിത്രമുണ്ട്.

സാംസ്കാരിക ഭീഷണിയുടെയും മുസ്ലിം സ്ത്രീകളെ നിശബ്ദമാക്കുന്നതിന്റെയും ഒരു പ്രതീകമായാണ് നിഖാബ് നോക്കിക്കാണപ്പെടുന്നത്.  Western Representations of the Muslim Woman എന്ന തന്റെ കൃതിയിൽ, പാശ്ചാത്യ ഫിക്ഷനിൽ വന്ന മുഖാവരണവുമായി ബന്ധപ്പെട്ട ആദ്യ ചർച്ചകളിലൊന്നിനെ ഡോൺ ക്വിക്സോട്ട് എന്ന നോവലിൽ മോജോ കാഹ്ഫ് കണ്ടെത്തുന്നുണ്ട്. നോവലിലെ കഥാപാത്രങ്ങളിലൊന്നായ ഡൊറോത്തിയ, മുഖാവരണമണിഞ്ഞ് സത്രത്തിലേക്കു കടന്നുവന്ന ഒരു സ്ത്രീയെ കുറിച്ച് ചോദിക്കുന്നുണ്ട് : “ഈ സ്ത്രീ ഒരു ക്രിസ്ത്യാനിയാണോ അതോ മൂറാണോ?” ഉത്തരം വന്നു : “അവളുടെ വസ്ത്രധാരണവും നിശബ്ദതയും അവൾ എന്താവരുതെന്നാണോ നാം ആഗ്രഹിക്കുന്നത് അതാണ് അവരെന്ന് നമ്മെ ധരിപ്പിക്കുന്നു.” ഡോൺ ക്വിക്സോട്ടിലെ ഈ രംഗം സൂചിപ്പിക്കുന്നതു പോലെ, യൂറോപ്യൻ സ്ത്രീകളും ചിലസമയങ്ങളിൽ അവരുടെ മുഖവും തലമുടിയും മറച്ചിരുന്നു എന്നാണ് മനസ്സിലാകുന്നത്, എന്നാൽ അവർ അങ്ങനെ മറയ്ക്കുമ്പോൾ അതൊരു ചീത്ത കാര്യമായി മനസ്സിലാക്കിയിരുന്നില്ല.

Also read: ആർത്തവക്കാരി ഖുർആൻ പാരായണം ചെയ്യാമോ?

ക്രമേണ, പശ്ചാത്യ ലിബറലിസത്തിന്റെ വളർച്ചയും, വ്യക്തി, മുതലാളിത്തം, ഉപഭോക്തൃസംസ്കാരം എന്നിവയ്ക്കു അതു നൽകിയ മുൻഗണനയും ഒരു പുതിയ “മുഖ രാഷ്ട്രീയ”ത്തിലേക്കു (Face politics) നയിച്ചു. മാഞ്ചസ്റ്റർ സർവകലാശാലയിലെ പൊളിറ്റിക്സ് പ്രൊഫസറായ ജെന്നി എഡ്കിൻസ്, “മുഖം ശരിയായി ‘വായിക്കാൻ’ കഴിഞ്ഞാൽ, അതിനകത്തെ വ്യക്തിയുടെ അടിസ്ഥാന സ്വഭാവം അറിയാൻ കഴിയും” എന്ന ആശയമുൾപ്പെടെ, “മുഖം” (Face) എന്നതിന്റെ ഈ പുതിയ അർഥത്തെ കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയത്തിന്റെ വളർച്ചയെ കുറിച്ച് പഠനം നടത്തിയിരുന്നു.

അതുപോലെ ഈ പുതിയ മുഖരാഷ്ട്രീയത്തിന്റെ മറുവശവും ഒരു യാഥാർഥ്യമായി മാറി: മുഖം മറയ്ക്കുന്നത് സംശയമുളവാക്കുന്ന കാര്യമായിത്തീർന്നു, മുഖം മറയ്ക്കുന്ന വ്യക്തിക്ക് എന്തോ മറയ്ച്ചു വെക്കാനുണ്ടെന്നും, അവരുടെ യഥാർഥ പ്രകൃതം മറ്റുള്ളവർ അറിയുന്നതിൽ നിന്നും തടയുകയാണെന്നും വ്യാഖ്യാനിക്കപ്പെട്ടു. അതേസമയം തന്നെ, കാഴ്ചക്കാരെ രസിപ്പിക്കുന്നതിനു വേണ്ടി അഭിനേതാക്കൾ തങ്ങളുടെ മുഖം മാറ്റിമറിക്കുന്നതു പോലെ തന്നെ, നമ്മുടെ മുഖവും മാറ്റിമറിക്കാമെന്ന് നാം പഠിച്ചു. മെയ്ക്കപ്പിലൂടെ മറ്റൊരു മുഖമായി മാറാൻ നമുക്കു കഴിയുമെന്ന് നാം പഠിച്ചു, വിദ്യാഭ്യാസത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ലോകത്തെ “അഭിമുഖീകരിക്കാമെന്ന്” നാം മനസ്സിലാക്കി. തെറ്റായ സ്ഥലങ്ങളിൽ ഉള്ളിലെ വികാരങ്ങൾ പുറത്തുകാണാത്ത വിധത്തിൽ മുഖഭാവം ക്രമീകരിക്കാൻ നാം പഠിച്ചു.

മുഖം പലപ്പോഴും നമ്മുടെ യഥാർഥ പ്രകൃതത്തെ മറയ്ക്കുന്ന ഒരു മുഖംമൂടിയാണ്.

നിഖാബ് വിരുദ്ധ സമീപനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും

പൊതുവെ, കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്, ഒന്റാറിയോയിലും ക്യൂബെക്കിലുമാണ് ഏറ്റവും കൂടുതൽ വർധവ്. ഒന്റാറിയോയിൽ, മുസ്ലിംകൾ, കറുത്തവർഗക്കാർ, ജൂത ജനതക്കുമെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുണ്ട്. ക്യൂബെക്കിൽ മുസ്ലിംകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഫലമായാണ് വർധനവ് ഉണ്ടായത്. മുസ്ലിംകൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളിലെ ഇരകൾ കൂടുതലും സ്ത്രീകളാണെന്ന് 2015ൽ സ്റ്റാറ്റിസ്റ്റിക്സ് കാനഡ നടത്തിയ പഠനം സാക്ഷ്യപ്പെടുത്തുന്നു.

Also read: വീട്ടിലെ മസ്ജിദ്: ഒഴിവാക്കപ്പെട്ട സുന്നത്തുകൾക്കുള്ള സമയമാണ്

തങ്ങളുടെ നിഖാബ് വിരുദ്ധത പരസ്യമായി പ്രകടിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾക്ക് വിദ്വേഷ കുറ്റകൃത്യങ്ങളുടെ വർധനവിൽ കാര്യമായ പങ്കുണ്ട്. മുൻ കനേഡിയൻ സിറ്റിഷൻഷിപ്പ്, ഇമിഗ്രേഷൻ, മൾട്ടികൾച്ചറലിസം മന്ത്രി ജേസൺ കെന്നെയ്, പൗരത്വ ചടങ്ങുകളിൽ നിഖാബ് നിരോധിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു. “സ്ത്രീകളെ മനുഷ്യരായി പരിഗണിക്കാത്ത, കേവലം വസ്തുവായി പരിഗണിക്കുന്ന ഒരു ഗോത്രസംസ്കാര ആചാരമാണ് നിഖാബ്” എന്ന് 2015ൽ അദ്ദേഹം പറഞ്ഞിരുന്നു. അതേ വർഷം തന്നെ, മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ, “സ്ത്രീ വിരുദ്ധമായ ഒരു സംസ്കാരത്തിന്റെ ഭാഗമാണ് നിഖാബ്… ഒരാൾ തന്റെ ഐഡന്റിറ്റി മറച്ചുവെക്കുന്നത് കുറ്റകരമായ കാര്യമാണ്” എന്ന് പ്രസ്താവിച്ചിരുന്നു.

മുസ്ലിം സ്ത്രീകളുടെ മുഖാവരണം എടുത്തുമാറ്റാനുള്ള ഇത്തരം സമീപകാല ശ്രമങ്ങൾ കൊളോണിയൽ കാലത്തും ഇന്നും ബ്രിട്ടീഷ് ഫ്രഞ്ച് ഭരണകൂടങ്ങൾ നടത്തിയ, നടത്തുന്ന ശ്രമങ്ങളുമായി സാദൃശ്യമുള്ളതാണ്.

‘ടൊറോണ്ടോ സ്റ്റാറിൽ’ അടുത്തിടെ എഴുതിയ ലേഖനത്തിൽ, വിൻഡ്സോർ സർവകലാശാലയിലെ നിയമ വിദ്യാർഥിനി ടാഷാ സ്റ്റാൻസ്ബറി ഒരു കാര്യ ചൂണ്ടികാണിച്ചിരുന്നു, അതായത്, മോണ്ട്റിയൽ ആശുപത്രികളിൽ വരുന്ന ആളുകളോട് സർജിക്കൽ മാസ്ക്കുകൾ ധരിക്കാൻ നിർദ്ദേശിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ സർജിക്കൽ മാസ്ക്കുകൾ ധരിച്ചുവരുന്ന ആളുകൾക്ക് അതു അഴിക്കാതെ, ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ മെഡിക്കൽ സ്റ്റാഫുകളോട് ഇടപഴകാനും സംസാരിക്കാനും കഴിയും. എന്നാൽ നിഖാബ് ധരിച്ചു കൊണ്ട് ഒരു സ്ത്രീ അതേ ആശുപത്രിയിൽ വന്നാൽ നിഖാബ് അഴിക്കാനും ഐഡന്റിറ്റി വെളിപ്പെടുത്താനും അവരെ നിർബന്ധിക്കുന്ന നിയമം അവിടെ നിലനിൽക്കുന്നുണ്ട്.

പത്തു വർഷം മുമ്പ്, അമേരിക്കയിലെ ഫിലോസഫി പ്രൊഫസർ മാർത്താ നുസ്സ്ബൗം, ന്യൂയോർക്ക് ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ, മുഖാവരണ നിരോധന നിയമങ്ങളുടെ കാപട്യത്തെ സമർഥമായി തുറന്നുകാട്ടിയിരുന്നു. ഇതു സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ, തണുപ്പിൽ നിന്നും രക്ഷനേടാനുതകുന്ന സ്കാർഫു കൊണ്ട് മുഖം മുഴുവൻ മൂടിപൊതിഞ്ഞ് സർക്കാർ സ്ഥാപനങ്ങളിലേക്ക് കടന്നു ചെല്ലാൻ നമുക്ക് സാധിക്കുന്നത് എന്തുകൊണ്ടാണ്? ലിബറൽ ജനാധിപത്യ രാജ്യങ്ങളിലെ പൗരൻമാർ തമ്മിലുള്ള പരസ്പരവിനിമയത്തിനും ആശയവിനിമയത്തിനും തടസ്സം സൃഷ്ടിക്കുന്ന ഒന്നായി തണുപ്പിൽ ധരിക്കുന്ന കമ്പിളി സ്കാർഫുകളെ ആരും മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്?

Also read: യുക്തിവാദി വിമർശനങ്ങൾ ഇസ്‌ലാമിന് ഗുണകരമായി ഭവിക്കുമ്പോൾ

അവർ എഴുതി: “അതിലുപരി, സർജൻമാർ, ഡെന്റിസ്റ്റുകൾ, (അമേരിക്കൻ) ഫുട്ബാൾ കളിക്കാർ, സ്ക്രീയേഴ്സ്, സ്കേറ്റർമാർ.. നമുക്കേറ്റം പ്രിയപ്പെട്ട, വിശ്വസ്തരായ പ്രൊഫഷണുകൾ അവരുടെ മുഖം മറയ്ക്കുന്നുണ്ട്…. കേവലം മുഖം മറയ്ക്കുന്നതല്ല യൂറോപ്പിൽ ഭയത്തിനും അവിശ്വാസത്തിനും കാരണമാകുന്നത്.. മറിച്ച് മുസ്ലിംകൾ മുഖം മറയ്ക്കുന്നതാണ്..”

കൊറോണ വൈറസിനെ തടയാൻ സഹായിക്കുന്ന ഫെയ്സ് മാസ്ക്കും മുസ്ലിം സ്ത്രീകളുടെ നിഖാബും തമ്മിൽ യഥാർഥത്തിൽ എന്തു വ്യത്യാസമാണുള്ളത്?

രണ്ടും ഒരു നിശ്ചിത ഉദ്ദേശത്തിനു വേണ്ടി, ഒരു നിശ്ചിത സ്ഥലത്ത്, ഒരു നിശ്ചിത സമയത്ത് ധരിക്കുന്ന തുണിക്കഷ്ണങ്ങളാണ്. 24 മണിക്കൂറും ധരിക്കുന്നവയല്ല രണ്ടും. ഉദ്ദേശം കഴിഞ്ഞാൽ, മാസ്കും നിഖാബും അഴിച്ചുവെക്കപ്പെടും.

മതപരമായ വിശുദ്ധിയും കൽപനയുമാണ് നിഖാബ് ധരിക്കാനുള്ള ചിലരുടെ പ്രചോദനം. വിനാശകാരിയായ ഒരു പകർച്ചവ്യാധിയാണ് പലരെയും ഫെയ്സ് മാസ്ക്കുകൾ ധരിക്കാൻ പ്രേരിപ്പിക്കുന്നത്.

നാമെല്ലാവരും മാസ്ക് ധരിക്കാൻ തുടങ്ങിയാൽ അതിനർഥം നാം ഒരുതരം അടിച്ചമർത്തലിന് വഴങ്ങിക്കൊടുക്കുന്നു എന്നാണോ? നാം വിധേയരാണെന്നാണോ? നമുക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയില്ലെന്നാണോ അതിനർഥം? മുഖം മറച്ചതുകൊണ്ട് ഇനി ഡേകെയറിലെ ജോലി നിഷേധിക്കപ്പെടുമോ? മുഖം മറച്ചതുകൊണ്ട് സർക്കാർ സേവനം നിഷേധിക്കപ്പെടുമോ? മുഖം മറച്ചതു കൊണ്ട് ഇനി മുതൽ ബസ് യാത്ര വിലക്കപ്പെടുമോ?

വിവ. അബൂ ഈസ

Related Articles