Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേൽ- ഇറാൻ സൈബർപോര് ചൂട് പിടിക്കുമ്പോൾ

ഇസ്രയേലും ഇറാനും തമ്മിലുള്ള സൈബർ യുദ്ധം പുതിയ തലങ്ങളിലേക്ക് കടക്കുകയാണെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇവയുടെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇരുകൂട്ടരും ഇതുവരെ തയ്യാറായിട്ടുമില്ല. ഇറാനിലെ ഒരു പ്രധാന ഇന്ധന വിതരണ ശൃംഖലയിലെ കമ്പ്യൂട്ടർ സംവിധാനങ്ങൾ തകരാറിലായത് വഴി ലക്ഷക്കണക്കിന് ജനങ്ങൾ തങ്ങളുടെ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സാധിക്കാതെ പെരുവഴിയിലായതോടെയാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. ഒരു സൈബർ ആക്രമണത്തിന്റെ പരിണിത ഫലമായിരുന്നു ഈ തകരാറന്ന് പിന്നീടാണ് കണ്ടെത്താനായത്.

ഇറാനും ഇസ്രയേലിനും ധാരാളം ശത്രുക്കളുണ്ടെങ്കിലും, വലിയ തോതിലുള്ള, കൃത്യവും ഫലപ്രദവുമായ ആക്രമണങ്ങൾ നടത്താൻ, ഇരുകക്ഷികൾക്ക് പുറമേ കുറച്ച് പേർക്ക് മാത്രമേ സാധിക്കുകയൊള്ളുവെന്നതാണ് വസ്തുത. ഇരുകൂട്ടരും തങ്ങളുടെ ഉത്തരവാദിത്തം അംഗീകരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും, അക്രമണങ്ങൾക്ക് പിന്നിൽ ഇവർ തന്നെയാണെന്ന് മറ്റ് രാജ്യങ്ങൾ സ്ഥിരീകരിച്ച് കഴിഞ്ഞു. അഥവാ ഇസ്രായേലിന്റെയും ഇറാന്റെയും ഔദ്യോഗിക സ്ഥിരീകരണം കൂടാതെ തന്നെ സൈബറാക്രമണങ്ങൾക്ക് പിന്നിലെ അവരുടെ പങ്ക് വ്യക്തമാണെന്ന് സാരം.

ഒരു ദശാബ്ദത്തിലേറെയായി ഇത്തരം ആക്രമണങ്ങൾ നടക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് വർഷമായി ഇരുവശത്തുമുള്ള സാധാരണക്കാരായ ജനങ്ങളും ആക്രമണങ്ങളുടെ ഇരകളാണ്. കൊറോണ വൈറസ് വ്യാപനത്തിന് തൊട്ടുപിന്നാലെ, ഇസ്രായേലിലെ ആറ് ജലവിനിയോഗ സംവിധാനങ്ങളെ ഇറാൻ ആക്രമിച്ചിരുന്നു. എന്നാൽ കേടുപാടുകൾ സംഭവിച്ചത് എവിടെയാണെന്ന് ഇസ്രായേൽ ഉടനടി നിർണ്ണയിക്കുകയും, വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അധികം താമസിയാതെയായിരുന്നു ഇസ്രായേലിന്റെ തിരിച്ചടി. ‘ബന്ദർ അബ്ബാസ്’ എന്ന ഇറാനിലെ ഏറ്റവും വലിയ തുറമുഖത്തിലെ കമ്പ്യൂട്ടറുകൾ നിശ്ചലമാക്കിയായിരുന്നു ഇസ്രായേലിന്റെ പ്രത്യാക്രമണം. മൂന്ന് മാസം മുമ്പ് ഒരു അജ്ഞാത സംഘത്തിന്റെ ഭാഗത്ത് നിന്ന് ഇറാനിലെ റെയിൽവേ ശ്യംഖലയിലെ കമ്പ്യൂട്ടറുകളെ ലക്ഷ്യംവെച്ചുണ്ടായ സൈബറാക്രമണത്തിന്റെ ഫലമായി ആയിരക്കണക്കിന് ട്രൈനുകളാണ് റദാക്കേണ്ടി വന്നത്. കഴിഞ്ഞയാഴ്ച്ച പെട്രോൾ ശ്യംഖലക്ക് നേരെയുണ്ടായ അക്രമണത്തിന് സമാനമായിരുന്നു ഇതും.

ഇസ്രായേലിലെ ഹദേരയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ആശുപത്രിയായ ഹില്ലെൽ യാഫെയിലെ സംവിധാനങ്ങൾ കയ്യേറ്റം ചെയ്തായിരുന്നു ഇറാന്റെ പ്രതികരണം. മുമ്പത്തേതിനേക്കാൾ ഗുരുതരമായ ആക്രമണമായിരുന്നു ഇത്. സാങ്കേതിക സംവിധാനങ്ങൾ തകരാറിലായതോടെ ആശുപത്രി ജീവനക്കാർ സ്വമേധയാ ജോലികൾ ചെയ്യാൻ നിർബന്ധിതരായി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരുടെ ജീവൻ അപകടത്തിലായേക്കാവുന്ന അവസ്ഥ വരെ കാര്യങ്ങളെത്തി. ഏറ്റവും അവസാനമായി അരങ്ങേറിയ പെട്രോൾ വിതരണ ശൃംഖലയ്ക്ക് നേരെയുണ്ടായ ആക്രമണം ആശുപത്രി ആക്രമണത്തിനുള്ള മറുപടിയാണെന്ന് കരുതുന്നു. അത് മൂർച്ചയേറിയതും, ദൂരവ്യാപകവും, ഇറാന്റെ നടുവൊടിക്കാൻ പാകത്തിനുള്ളതുമായിരുന്നു. പരസ്പരം ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട്, ഇതൊരു നീണ്ട സംഘട്ടനത്തിന്റെ തുടക്കമായിരിക്കുമെന്നും കരുതപ്പെടുന്നു.

സൈബറിടത്തിലെ സംഘർഷങ്ങൾക്കിടയിൽ പൊതുവെ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നില്ല എന്നത് ശരിയാണ്. പ്രത്യേകിച്ചും ഇസ്രായേൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇത്തരം ആക്രമണങ്ങളെ നേരിടാറുള്ളത്. എന്നിരുന്നാലും ഇറാന്റെ അക്രമണങ്ങൾ കൂടുതൽ സങ്കീർണ്ണവും ശക്തവുമായിക്കൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം തള്ളിക്കളയാനാവില്ല. ബാങ്കിംഗ് മേഖലയെ ഒന്നടങ്കം അവതാളത്തിലാക്കാൻ ഇടയാക്കിയ വൈദ്യുതി ശൃംഖലകൾക്കും, ഇന്റർനെറ്റ്‌ സെർവറുകൾക്കും നേരയുണ്ടായ അക്രമങ്ങൾ ഇതിനുദാഹരമാണ്. ഇറാന്റെ സൈബറാക്രമണം ഭയന്ന്, ഇസ്രായേലിന്ന് എമർജൻസി ജനറേറ്ററുകൾ വാങ്ങുകയോ കമ്പ്യൂട്ടർ ഫയലുകളുടെ ബാക്കപ്പ് കോപ്പികൾ ഉണ്ടാക്കുകയോ ചെയ്യേണ്ടിവന്നാൽ, അത് കാര്യങ്ങളെ കൂടുതൽ വഷളാക്കുമെന്ന് തീർച്ച.

പ്രാണഹാനി സംഭവവിക്കാനിടയുള്ള സൈബർ ആക്രമണങ്ങൾക്ക് തങ്ങൾ തയ്യാറല്ലെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുളക്കുപ്പേരിയെന്ന മട്ടിൽ ആക്രമണ പ്രത്യാക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിൽ ഇസ്രായേലിന് ഭയാശങ്കയുണ്ട്. പൊതുജന വ്യവഹാരയിടങ്ങളും, സൈനിക കേന്ദ്രങ്ങളും ലക്ഷ്യവെച്ചുള്ള അക്രമണങ്ങൾ വലിയ തോതിലുള്ള പ്രത്യാഘാതങ്ങളും, നാശനഷ്ടങ്ങളും വിതക്കുമെന്നതിനാൽ, ഇനിയും ഇറാനുമായി കൊമ്പുകോർക്കാൻ ഇസ്രായേലിന് വലിയ താല്പര്യമില്ല.

ഇറാനെതിരായ ഇസ്രയേൽ ആക്രമണങ്ങൾ കൂടുതൽ മാരകമാകുമെന്നത് ശരി തന്നെ. എന്നിട്ടും ഇറാന്റെ അക്രമണങ്ങൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തളർത്തുമെന്നും, ബാങ്കുകൾ, ആശുപത്രികൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സാങ്കേതിക സംവിധാനങ്ങളെ നിശ്ചലമാക്കുമെന്നും ഇസ്രായേൽ ഭയപ്പെടുന്നു. വിവിധ വെബ്‌സൈറ്റുകൾക്കും, ഹില്ലെൽ യാഫെ ഹോസ്പിറ്റലിനും നേരെയുണ്ടായ സൈബർ ആക്രമണങ്ങൾ, ഇത്തരം ആക്രമണങ്ങൾക്കെതിരായ ഇസ്രായേലിന്റെ ഉദാസീനതയെയാണ് തുറന്നുകാട്ടുന്നത്. മാത്രമല്ല, ഒരു രാജ്യമെന്ന നിലക്ക് സൈബറാക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേൽ അമ്പേ പരാജയമാണ്. 2019 മുതൽ, അപകീർത്തിപ്പെടുത്തൽ, ലൈംഗിക അതിക്രമങ്ങൾ, കവർച്ചകൾ എന്നിവയുൾപ്പെടെ 2,45,000 സൈബർ ആക്രമണങ്ങളും, കുറ്റകൃത്യങ്ങളും ഇസ്രായേലിൽ നടന്നിട്ടുണ്ടെന്ന് തെളിവുകളുകൾ ചൂണ്ടിക്കാട്ടുന്നു. എല്ലാത്തിനും പുറമെ, കുടിവെള്ളം മലിനമാക്കപ്പെടുത്തുകയോ അല്ലെങ്കിൽ മിസൈലുകളോ മറ്റ് ആയുധങ്ങളോ പോലുള്ള സെൻസിറ്റീവ് മേഖലകളിലെ പ്രവർത്തന സംവിധാനങ്ങളെ ലക്ഷ്യംവെക്കുകയോ ചെയ്യുന്ന സൈബർ ആക്രമണങ്ങൾ രാജ്യത്തെ മുഴുവനായി തകിടംമറിച്ചേക്കാം.

നിലവിലെ സൈബർപോര് ഒരു സമ്പൂർണ ഏറ്റുമുട്ടലിലേക്ക് വളരണമെന്ന് ഇരുപക്ഷവും ആഗ്രഹിക്കുന്നില്ലെങ്കിലും, ഇസ്രായേൽ ആക്രമണത്തിന് മുന്നിൽ നിഷ്ക്രിയരായിരിക്കാൻഇറാനും ഒരുക്കമല്ല. ഇസ്രായേലിനെതിരെ നിരന്തരം പ്രതികരിക്കുന്ന സമർത്ഥരായ ഹാക്കർമാരുടെ സംഘം ഇറാന്റെ പക്ഷത്തുണ്ട്. എന്നാൽ ഇത് വെറുമൊരു വീഡിയോ ഗെയിമെല്ലെന്ന ബോധ്യം ഇനിയെങ്കിലും ഇരുരാജ്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. സൈബറിടങ്ങളിലെ ഇത്തരം ഏറ്റുമുട്ടലുകൾക്ക് വലിയ വില തന്നെ കൊടുക്കേണ്ടി വരും. സങ്കൽപ്പിക്കാവുന്നത്തിനുമപ്പുറമാകും അതിന്റെ പ്രത്യാഘാതങ്ങൾ.

നിലവിലെ സ്ഥിതിഗതികൾ പരിശോധിക്കുമ്പോൾ, പ്രസ്തുത സൈബർ യുദ്ധത്തിൽ ഇറാനേക്കാൾ വ്യക്തമായ മേധാവിത്വം ഇസ്രായേലിനുണ്ട്. എന്നിരുന്നാലും, ഏറ്റുമുട്ടലുകളുടെ ആദ്യ ഘട്ടങ്ങളിൽ സംഭവിച്ചതുപോലെ, ഇറാനികൾ അവരുടെ വീഴ്ചകളിൽ നിന്ന് പാഠം ഉൾകൊള്ളുകയും, ശേഷി മെച്ചപ്പെടുത്തുകയും, ഇസ്രായേൽ ആക്രമണങ്ങളോട് ഏതു വിധേനയും പ്രതികരിക്കാൻ സജ്ജമാവുകയും ചെയ്തിട്ടുണ്ട്.

വിവ: മുബഷിർ മാണൂർ

Related Articles