Current Date

Search
Close this search box.
Search
Close this search box.

അൾജീരിയൻ വംശഹത്യ അംഗീകരിക്കുന്ന മാക്രോൺ മാപ്പ് പറയില്ല

അൾജീരിയൻ ജനതയെ സംബന്ധിച്ചിടത്തോളം, 1961 ഒക്ടോബർ 17 ഒരു ഓർമയാണ്; വർഷങ്ങിൾക്കിപ്പുറവും മായാത്ത വംശഹത്യയുടെ ദൃശ്യങ്ങൾ ഓർമയിലേക്ക് കൊണ്ടുവരുന്ന ദിനങ്ങൾ. അൾജീരിയയിലെ ഫ്രഞ്ച് അധിനിവേശം അവസാനിച്ച് 60 വർഷം തികയുകയാണ്. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ വീര്യമാണ് സ്വാതന്ത്ര്യം ലഭ്യമാക്കുന്നത്. ഫ്രാൻസ് മേഖലയിലെ അൾജീരിയക്കാരെ ലക്ഷ്യംവെച്ചുള്ള വിവേചനപരമായ രാത്രികാല കർഫ്യൂവിനെതിരെ സമാധാനപരമായി പ്രതിഷേധച്ചവർക്ക് നേരെ പൊലീസ് ക്രൂരമായ നടപടികൾ സ്വീകരിക്കുകയായിരുന്നു. 12000 പേർ അറസ്റ്റ് ചെയ്യപ്പെടുകയും, ധാരാളം പേർ കൊല്ലപ്പെടുകയും, ശേഷം കൊല്ലപ്പെട്ടവരെ സീൻ നദിയിലേക്ക് (Seine River) എടുത്തെറിയുകയും ചെയ്തു. തങ്ങൾ കോളനിയാക്കി വെച്ച അൾജീരിയയിൽ എന്തും ചെയ്യാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഫ്രാൻസ് കാണിക്കുകയായിരുന്നു.

മനുഷ്യാവകാശ, വംശീയ വിരുദ്ധ സമിതികളും, അൾജീരിയൻ സംഘടനകളും സ്വാതന്ത്ര്യ പോരാട്ടത്തിൽ മരിച്ചുവീണ ജീവനുകൾക്ക് ആദരാജ്ഞലി അർപ്പിച്ച് പാരിസിൽ ഇക്കഴിഞ്ഞ ഞായറാഴ്ച മാർച്ച് നടത്തിയിരുന്നു. അൾജീരിയൻ സ്വാതന്ത്ര്യ പോരാട്ടവുമായി ബന്ധപ്പെട്ട ഭീകരതയുടെയും ദുരന്തങ്ങളുടെയും ഉത്തരവാദിത്തം ഫ്രാൻസ് ഏറ്റെടുക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഈ 60-ാം വാർഷികത്തിൽ രാജ്യത്തിന്റെ ഉന്നതതലം ശക്തമായ പ്രസ്താവന നടത്താൻ സമയമായിരിക്കുന്നുവെന്നാണ് ചരിത്രകാരിയായ നഈമ ഹുബർ യഹ്യ പ്രതികരിച്ചത്.

ദശാബ്ദങ്ങളായി ‘ഒളിച്ചുവെച്ചിരുന്ന’ സത്യം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ലോകത്തിന് മുന്നിൽ ഇപ്പോൾ സമ്മതിക്കുകയാണ്. വൈകിയാണെങ്കിലും, ഫ്രഞ്ച് ഭരണാധികാരികൾ നടപ്പിലാക്കിയ കുറ്റകൃത്യങ്ങൾ പ്രസിഡന്റ് മാക്രോൺ അംഗീകരിച്ചിരിക്കുന്നു. ‘അടിച്ചമർത്തൽ ക്രൂരവും, അക്രമാസക്തവും, രക്തരൂക്ഷിതവുമായിരുന്നു’വെന്ന് മാക്രോൺ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇത് പ്രതിഷേധക്കാർ ഉന്നയിച്ച് ആവശ്യത്തോടുള്ള കേവല പ്രതികരണമായി മാത്രമേ കാണാൻ കഴിയുകയുള്ളൂ.

സർക്കാറിന്റെ കണക്ക് പ്രകാരം 120 പ്രതിഷേധക്കാർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. യഥാർഥ ചരിത്രരേഖ ലഭ്യവുമല്ല. 300 ഓളം പേർ കൊല്ലപ്പെട്ടുവെന്ന് ചില കണക്കുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. 60-ാം വാർഷികത്തോട് അനുബന്ധിച്ച് ശനിയാഴ്ച നടത്തിയ പരിപാടിയിൽ മാക്രോൺ ഇരകൾക്ക് ആദരാജ്ഞലി അർപ്പിച്ചിരുന്നു. കൂട്ടക്കൊലയുടെ സ്മരണയുടെ ഭാഗമായി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്ന ആദ്യ പ്രസിഡന്റാണ് മാക്രോൺ. മറ്റൊരു നിലപാടെന്നത് പാരിസ് മേയറും അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയുമായ ആനി ഹിഡൽഗോ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പോണ്ട് സെന്റ്-മൈക്കിളിന് സമീപം കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയാണ്. ഇത് ഫ്രാൻസ് നയത്തിൽ വരുത്തിയ മാറ്റങ്ങളല്ല; പ്രായോഗികത അനിവാര്യമാക്കുന്ന ഘടകങ്ങളാണ്. പ്രതിഷേധക്കാർക്കെതിരെ ‘ന്യായീകരിക്കാൻ കഴിയാത്ത’ കുറ്റമാണ് പൊലീസ് ചെയ്തതെന്ന് വ്യക്തമാക്കിയ മാക്രോൺ ഔദ്യോഗികമായി ക്ഷമ ചോദിക്കാൻ തയാറായിട്ടില്ല. ഇസ്ലാമോഫോബിയ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് വിജയം സുസാധ്യമാക്കുന്ന തന്ത്രത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഫ്രാൻസിന്റെ മാക്രോണ് എങ്ങനെ കഴിയും!

ഈ മാസാദ്യത്തിൽ അൾജീരിയൻ യുദ്ധ പോരാളികളുടെ പേരക്കുട്ടികളുടെ പൊതു പരിപാടിയിൽ മാക്രോൺ വീണ്ടും വിവാദം ഉയർത്തിയിരുന്നു. ഫ്രഞ്ച് അധിനിവേശ കാലത്തിന് മുമ്പ് അൾജീരിയ ഒരു രാജ്യമായിരുന്നില്ലെന്നും, ഓട്ടോമൻ സാമ്രാജ്യം അധിനിവേശകരായിരുന്നെങ്കിലും ഫ്രാൻസിനെ വിമർശിക്കുന്നതുപോലെ അവരെ വിമർശിക്കുന്നില്ലെന്നുമുള്ള വാദമാണ് അദ്ദേഹം ഉയർത്തിയത്. ‘ന്യായീകരിക്കാൻ കഴിയാത്തതാണെന്നു’ള്ള മാക്രോണിന്റെ തുറന്നുപറച്ചിൽ ഫ്രാൻസിന്റെ ഗതകാല ചെയ്തികൾ ശരിവെക്കുന്നുണ്ടെങ്കിലും, രാജ്യം ഇനിയും മാപ്പുപറയാൻ സന്നദ്ധമാകാത്തത് കൃത്യമായ ‘മനോഘടന’യാണ്, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ മുമ്പ് വ്യക്തമാക്കിയതുപോലെ.

2017ലെ ഫ്രഞ്ച് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അൾജീരിയൻ-ഫ്രാൻസ് ബന്ധം മെച്ചപ്പെടുത്തുമെന്ന് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബന്ധം ഊഷ്‌ളമാക്കാനല്ല കൂടുതൽ സങ്കീർണമാക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് അൾജീരിയൻ അധികാരികൾ പാരിസിൽ നിന്ന് അംബാസിഡറെ തിരിച്ചുവിളിച്ച സാഹചര്യമുണ്ടായി. ‘പ്രായശ്ചിത്ത സ്മാരക’ങ്ങളിൽ ജീവിക്കുന്നവരാണ് അൾജീരിയൻ ഭരണാധികാരികളെന്ന് മാക്രോൺ വിമർശിച്ചതിനെ തുടർന്ന് രാഷ്ട്രങ്ങൾക്കിടയിൽ പ്രശ്നങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ഇതൊക്കെയാണ് കാര്യങ്ങളെങ്കിലും, ഉത്തരാഫ്രിക്കക്കാർക്കെതിരെ വംശീയത തുടർന്നുകൊണ്ടിരിക്കുന്നു. മുൻ കോളനികളിൽനിന്ന് വരുന്നവർക്ക് വിസ നിയന്ത്രിക്കുന്ന അടുത്തിടെയുള്ള തീരുമാനം, നിറത്തിന്റെ പേരിൽ കൊലചെയ്യുന്ന പൊലീസ് നരഹത്യാ കേസുകൾ, ഇസ്‌ലാമോഫോബിയ വളർത്തുന്ന നിരന്തരമായ ഇടപെടലുകൾ എന്നിവ മുന്നിൽവെച്ച് ഇനിയും ഇരകളോട് മാപ്പ് ചോദിക്കാൻ ഫ്രാൻസിന്റെ മാക്രോൺ രംഗത്തുവരുമെന്ന് കരുതേണ്ടതില്ല. രാഷ്ട്ര ബന്ധങ്ങളെക്കാൽ നിലനിൽപ്പ് സുഭദ്രമാക്കാൻ ശ്രമിക്കുന്ന ഭരണാധികാരിയിൽ നിന്ന് ഒരു ചുവടുകൂടി കടന്ന് മാപ്പ് പ്രതീക്ഷിക്കുന്നതിൽ എന്തർഥമാണുള്ളത്!

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles