Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യ യുദ്ധങ്ങളും മുസ്ലിം സ്ത്രീകളും

ലേഖകന്റെ കുറിപ്പ്: ഇരുപത് വർഷങ്ങൾക്കു മുമ്പ്, മുസ്ലിം രാഷ്ട്രങ്ങളിൽ നടത്തിയ കടന്നാക്രമണത്തെയും അധിനിവേശത്തെയും മറ്റു ഇടപെടലുകളെയും ന്യായീകരിക്കാൻ വേണ്ടി അഫ്ഗാനിസ്ഥാനിലെയും മുസ്ലിം ലോകത്തെയും സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിഷയത്തെ അമേരിക്കയും ബ്രിട്ടനും നന്നായി ചൂഷണം ചെയ്തിരുന്നു. യുദ്ധത്തിൽ താലിബാന് പിൻവാങ്ങേണ്ടി വന്നു, ശേഷം താലിബാനെതിരെ നടന്ന പ്രോപഗണ്ടാ യുദ്ധത്തിൽ അമേരിക്കൻ-ബ്രിട്ടീഷ് നേതാക്കളുടെ ഭാര്യമാരായ ലോറ ബുഷ്, ചെറി ബ്ലെയർ എന്നിവരെയും ഉൾപ്പെടുത്തിയിരുന്നു.

തുടർന്നുള്ള വർഷങ്ങളിൽ, കൂടുതൽ സ്ത്രീകൾ ജോലിയിൽ പ്രവേശിച്ചു, കൂടുതൽ പെൺകുട്ടികൾ സ്കൂളുകളിൽ പോയിത്തുടങ്ങി, എന്നാൽ അഫ്ഗാനികൾ വ്യാപകമായ ദാരിദ്ര്യം, നിരക്ഷരത എന്നിവയുടെ ദുരിതജീവിതത്തിൽ തന്നെ തുടർന്നു, അക്രമം, അടിച്ചമർത്തൽ, യുദ്ധം എന്നിവയാൽ പുരുഷാധിപത്യം അങ്ങേയറ്റം വഷളായി, ആത്യന്തികമായി സ്ത്രീകളെ തന്നെയാണ് അവ കൂടുതൽ മുറിവേൽപ്പിച്ചത്. പതുക്കെ അഫ്ഗാനിസ്ഥാൻ ജനമനസ്സുകളിൽ നിന്ന് മറവിയിലേക്ക് ആണ്ടുപോയി, എല്ലാവരാലും “മറയ്ക്കപ്പെട്ടൊരു യുദ്ധ”മായി അഫ്ഗാനിസ്ഥാൻ മാറി. പിന്നീട് ട്രംപ് ഭരണകൂടം അഫ്ഗാനിസ്ഥാൻ താലിബാന് തന്നെ തിരിച്ചുനൽകുകയും, ബിഡൻ ഭരണകൂടം ഗത്യന്തരമില്ലാതെ അഫ്ഗാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുകയും ചെയ്യുന്നതു വരെ അഫ്ഗാൻ സ്ത്രീകൾ ആരുടെയും മനസ്സിൽ ഇല്ലായിരുന്നു. പെട്ടെന്നുതന്നെ, അഫ്ഗാൻ സ്ത്രീകളുടെ വിഷയം തലക്കെട്ടുകളിൽ തിരിച്ചെത്തി.

2010-ലാണ് ഞാനീ ലേഖനം എഴുതുന്നത്. അന്ന് പറഞ്ഞതു പോലെ, മുസ്ലിം ലോകത്തിലെ പാശ്ചാത്യ സൈനിക കുരിശുയുദ്ധങ്ങൾ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ പരിഹരിക്കുകയല്ല, മറിച്ച് അവയെ പൂർവ്വാധികം വഷളാക്കുകയാണ് ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും സ്ത്രീകളോട് താലിബാൻ മോശമായി പെരുമാറുന്നതിനെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന റിപ്പോർട്ടുകളിൽ “സ്ത്രീ അവകാശങ്ങളുടെ ശോഭനഭാവി” ഉറപ്പിക്കുന്ന “യുദ്ധ”ങ്ങൾക്കുള്ള വമ്പിച്ച പിന്തുണയും കാണാൻ കഴിയും. ഈ ആഴ്ചയിലെ ‘ടൈം മാഗസിൻ’ കവർ സ്റ്റോറി അതിനൊരു ഉദാഹരണമാണ്.

പാശ്ചാത്യ യുദ്ധങ്ങൾ പൗരസ്ത്യ സ്ത്രീകളെ ശരിക്കും “വിമോചിപ്പിച്ചിട്ടുണ്ടെങ്കിൽ”, നൂറ്റാണ്ടുകളുടെ പാശ്ചാത്യ സൈനിക ഇടപെടലുകൾ പരിഗണിക്കുമ്പോൾ, മുസ്ലിം സ്ത്രീകളായിരിക്കണം ലോകത്തിലെ ഏറ്റവും വലിയ “വിമോചിതർ”. പാശ്ചാത്യ മേധാവിത്വമാണ് വിമോചനമെങ്കിൽ അവർ വിമോചിതരല്ല, അവർ ഒരിക്കലും വിമോചിതരാവുകയുമില്ല.

അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ്, റഷ്യൻ, അമേരിക്കൻ സൈനിക ഇടപെടലുകൾക്ക് പരാജയത്തിന്റെ കഥയാണ് പറയാനുള്ളത്. വാസ്തവത്തിൽ, അമേരിക്കൻ അധിനിവേശത്തിന് ശേഷം അഫ്ഗാൻ സ്ത്രീകളുടെ അവസ്ഥ വളരെ മോശമാണെന്നാണ് അവിടെയുള്ള സ്ത്രീ സംഘടനകളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

താലിബാന്റെ സാമൂഹിക പെരുമാറ്റച്ചട്ടങ്ങൾ ആധുനിക മൂല്യങ്ങളെ അവഹേളിക്കുന്നതാകാം, പക്ഷേ പാശ്ചാത്യ മൂല്യങ്ങൾ കൊണ്ടു വന്ന് അവ പെട്ടെന്ന് മാറ്റാൻ കഴിയില്ല, ബലപ്രയോഗത്തിലൂടെ മാറ്റുന്ന കാര്യം ആലോചിക്കുകയും വേണ്ട.

ജനറൽ പെട്രീയൂസ് ആവർത്തിച്ച് പറയുന്നതു പോലെ, “കലാപകാരികളെ” പരാജയപ്പെടുത്താൻ യു.എസ് സൈനികർ അഫ്ഗാനികളുമൊത്ത് “ജീവിക്കേണ്ടത്” അനിവാര്യമാണെങ്കിൽ, വിദേശ ആക്രമണകാരികൾക്കും അവരുടെ മൂല്യങ്ങൾക്കും എതിരെയുള്ള എതിർപ്പ് കൂടുതൽ പ്രതീക്ഷിക്കുക.

നൂറ്റാണ്ടുകളായി നടത്തിയ രക്തരൂക്ഷിതമായ കൊളോണിയൽ യുദ്ധങ്ങളെ ന്യായീകരിക്കാൻ ഉപയോഗിച്ച അതേ ഒറിയന്റലിസ്റ്റ് പരിഷ്കരണവാദ യുക്തി തന്നെയാണ് യുദ്ധവിരുദ്ധരായ പൊതുജനങ്ങളെ മധ്യേഷ്യയിലെ സൈനിക ഇടപെടലുകളെ പിന്തുണക്കുന്നവരാക്കി മാറ്റാൻ ഇന്ന് ഉപയോഗിക്കുന്നത്.

മർദ്ദകരുടെ കൈകളിൽ നിന്ന് മുഖപടമണിഞ്ഞ സ്ത്രീകളെ “രക്ഷപ്പെടുത്തൽ” എന്ന പാശ്ചാത്യ പുരുഷന്മാർ കാലങ്ങളായി കൊണ്ടുനടക്കുന്ന ഫാന്റസിയാണ് “താടിവെച്ച ഭീകരവാദി”കളിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കാൻ വേണ്ടിയുള്ള യുദ്ധം എന്ന ആശയത്തിന് പിന്തുണ നേടാൻ ഉപയോഗിക്കപ്പെടുന്നത്.
ഇത്തരത്തിലുള്ള മിച്ച ധാർമികത വലിയ അളവിൽ നിലനിൽക്കുമ്പോൾ, മൗലികവാദ സംഘങ്ങളുമായും രീതികളുമായും തങ്ങളുടെ സഖ്യകക്ഷികൾ നീക്കുപോക്കുകൾ നടത്തുന്നത് അമേരിക്കൻ നേതാക്കളെ സംബന്ധിച്ച് നാണക്കേടുണ്ടാക്കി.

കഴിഞ്ഞ വർഷം (2009), സ്വാത്ത് താഴ്വവരയിൽ ശരീഅ നിയമത്തിന് അംഗീകാരം നൽകിയതിന്റെ പേരിൽ പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയെ ഒബാമ ഭരണകൂടം പരസ്യമായി ശകാരിച്ചിരുന്നു, ശരീഅ നിയമത്തിന് അംഗീകാരം നൽകുന്നത് താലിബാന് “കീഴൊതുങ്ങി”യതിന് തുല്യമാണെന്നും പറഞ്ഞു. അതുപോലെ തന്നെ, അഫ്ഗാനിസ്ഥാനിലെ ശിയാ ന്യൂനപക്ഷത്തിനിടയിൽ വൈവാഹി ബലാത്സംഗം അനുവദിക്കുന്ന നിയമത്തിൽ ഒപ്പുവെച്ചതിന്റെ പേരിൽ പ്രസിഡന്റ് ഹാമിദ് കർസായിയെയും ഒബാമ ഭരണകൂടം ശാസിച്ചിരുന്നു. അതേസമയം, അടുത്തകാലം വരെ, അമേരിക്കയും ബ്രിട്ടനിലും വൈവാഹിക ബലാത്സംഗം നിയമപരമായിരുന്നു എന്ന് ഓർക്കണം, അവിടുത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും അത് സാധാരണ ബലാത്സംഗമായി കണക്കാക്കപ്പെടുന്നില്ല.

സാമൂഹിക പ്രശ്നങ്ങൾക്ക് സൈനിക പരിഹാരങ്ങൾ തേടുന്നവർ ഇസ്ലാമും താലിബാനും തമ്മിലുള്ള വ്യത്യാസമോ മധ്യേഷ്യൻ ജീവിതത്തിന്റെ സാംസ്കാരികവും മതപരവുമായ വശങ്ങൾ തമ്മിലുള്ള വ്യത്യാസമോ മനസ്സിലാക്കാൻ കഴിയാത്തവരാണ്. കൂടാതെ, എങ്ങനെയാണ് സ്ത്രീകളുടെ അവകാശങ്ങൾ സൈനിക മാർഗങ്ങളിലൂടെ നേടാൻ കഴിയുക എന്ന് വിശദീകരിക്കാനും അവർക്ക് കഴിയില്ല.

വാസ്തവത്തിൽ, ഇരുപതാം നൂറ്റാണ്ടിലുടനീളം, മിഡിലീസ്റ്റിൽ പാശ്ചാത്യ ലോകത്തിന്റെ നേതൃത്വത്തിലുള്ളതും പിന്തുണയുള്ളതുമായ സൈനിക ഇടപെടലുകളിൽ ഭൂരിഭാഗവും മേഖലയിലെ ദേശീയ മതേതര ഭരണകൂടങ്ങളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു- ഇറാനിലെ മുസ്വദ്ദിഖ് മുതൽ ഈജിപ്തിലെ നാസർ, ഇറാഖിലെ സദ്ദാം ഹുസൈൻ വരെ, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് പാവ നജീബുല്ലയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല.

സൗദി ഉടമസ്ഥതയിലുള്ള പാൻ-അറബ് പത്രമായ അൽഹയാത്തിൽ- അഫ്ഗാനിസ്ഥാനിലെ സ്ത്രീ അവകാശങ്ങൾ എന്ന തലക്കെട്ടിൽ- ബ്രിട്ടീഷ് വനിതാ സൈനികർ സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയാണ് അവിടെ പോരാടുന്നത് എന്ന് എഴുതിയ കൺസർവേറ്റീവ് ബ്രിട്ടീഷ് രാഷ്ട്രീയക്കാരൻ സിറിൽ ടൗൺസെന്റിന് മുന്നിൽ വിരോധാഭാസം പോലും നാണിച്ചു തലതാഴ്ത്തും.

കുവൈറ്റിന്റെ വിമോചിപ്പിക്കാനും അവരുടെ സഖ്യകക്ഷിയായ സൗദി അറേബ്യയെ സംരക്ഷിക്കാനും 5 ലക്ഷം അമേരിക്കൻ-ബ്രിട്ടീഷ് സൈനികരെ വിന്യസിച്ചിട്ട് 18 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് സൗദിയിലെ സ്ത്രീകൾക്ക് ഇപ്പോഴും വോട്ട് ചെയ്യാനോ വാഹനമോടിക്കാനോ (2019ൽ സ്ത്രീകളെ വാഹനമോടിക്കാൻ അനുവദിച്ചുകൊണ്ട് സൗദി നിയമം പാസാക്കി) കഴിയാത്തത് എന്നതിന് ആർക്കും ഉത്തരമില്ല.

“അഫ്ഗാൻ സ്ത്രീകളുടെ വിമോചനത്തിനു വേണ്ടിയുള്ള യുദ്ധ”ത്തിന് പിന്തുണയുമായി 2001ൽ ലോറ ബുഷും ചെറി ബ്ലെയറും രംഗത്തുവന്നിരുന്നു. യഥാർഥത്തിൽ സ്ത്രീകളുടെ അവകാശമല്ല, മറിച്ച് അവരുടെ ഭർത്താക്കൻമാർ നേതൃത്വം നൽകിയ യുദ്ധത്തിന്റെ പ്രൊമോഷനാണ് അവർ നിർവഹിച്ചത്. പാശ്ചാത്യലോകത്തിന്റെ സാമൂഹിക സമത്വത്തിലേക്ക് അല്ലെങ്കിൽ സാംസ്കാരിക പൊരുത്തത്തിലേക്ക് മറ്റു സംസ്കാരങ്ങളെ കൊണ്ടുവരാൻ ബോംബാക്രമണത്തെ പിന്തുണക്കുന്നവരുടെ കാര്യവും ഇതുതന്നെയാണ്. സംഹരിച്ച് സംസ്കരിക്കാമെന്ന ഈ അപകടകരമായ ചിന്ത, പാശ്ചാത്യർ ഇഷ്ടപ്പെടുന്നതുപോലെയുള്ള സ്ത്രീ വിമോചന നാട്യങ്ങൾക്കു വേണ്ടി മുസ്ലിം ലോകത്തെ മൊത്തം നശിപ്പിച്ചു കളയുന്നതിലായിരിക്കും കലാശിക്കുക.

അധികാര ചൂഷണത്തിന്റെ ഏറ്റവും വലിയ ഇരയെന്ന നിലയിൽ, അധികാര ചൂഷണങ്ങളുടെ ഏറ്റവും പുരുഷാധിപത്യപരവും വിനാശകരവുമായ രൂപമായ യുദ്ധങ്ങൾക്കെതിരെ ഉറച്ചനിലപാട് എടുത്തവരാണ് പാശ്ചാത്യ സ്ത്രീകൾ. മുസ്ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഈ യുദ്ധത്തിൽ അവരുടെ നിലപാടിനോ, അവരുടെ പ്രതീക്ഷകൾക്കോ അഭിലാഷങ്ങൾക്കോ യാതൊരുവിധ പ്രസക്തിയുമില്ല. ബോംബുകളുടെയും സ്ഫോടനങ്ങളുടെയും കാതടപ്പിക്കുന്ന ശബ്ദത്താൽ മുസ്ലിം സ്ത്രീകളുടെ ശബ്ദം പുരോഗമനപരമായി നിശബ്ദമാക്കപ്പെടുന്നു.

പൗരസ്ത്യ സ്ത്രീകളാണ് യുദ്ധങ്ങളിലെ ആദ്യ ഇരകൾ. പാശ്ചാത്യരുടെ പരിഷ്കരണവാദ/നാഗരികവത്കരണ ദൗത്യത്തിന്റെ കള്ളി വെളിച്ചത്തു കൊണ്ടുവരാൻ എത്ര വിധവകളുടെ, മാതാക്കളുടെ, സഹോദരിമാരുടെ, പെൺകുട്ടികളുടെ കണ്ണീർ ഈ ഭൂമിയിൽ വീഴണം? പതിറ്റാണ്ടുകളുടെ യുദ്ധത്തിനു ശേഷം, ഇറാഖും അഫ്ഗാനിസ്ഥാനും ഇപ്പോൾ വിധവകളുടെ രാജ്യങ്ങളാണ്- 50 ലക്ഷത്തിലധികം വരുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

സ്ത്രീകളോടുള്ള അതിക്രമങ്ങൾക്ക് സാംസ്കാരികമോ ഭൂമിശാസ്ത്രപരമോ ആയ അതിരുകളില്ല എന്ന് മനസ്സിലാക്കുക. വിരോധാഭാസമെന്ന് പറയട്ടെ, അമേരിക്കയിൽ, സൈനിക കുടുംബങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സാധാരണ കുടുംബങ്ങളേക്കാൾ മൂന്നു മുതൽ അഞ്ച് ഇരട്ടി വരെ കൂടുതലാണ്. അതായത്, സ്ത്രീകളുടെ വിമോചനത്തിനു വേണ്ടിയല്ല പുരുഷൻമാർ യുദ്ധത്തിന് പോകുന്നത്.

സ്വതന്ത്രാഖ്യാനം: മുഹമ്മദ് ഇർഷാദ്

Related Articles