Current Date

Search
Close this search box.
Search
Close this search box.

നെല്ലി കൂട്ടക്കൊലക്ക് 38 വയസ്സ്

വെറും ആറു മണിക്കൂർ കൊണ്ട് 1800  മുസ് ലിംകളെ കൊന്നുതള്ളിയ അസമിലെ നെല്ലി കൂട്ടക്കൊലയുടെ ഓർമകൾക്ക് ഫെബ്രുവരി 18ന് 38 വയസ്സ്. അന്ന് ബംഗ്ലാദേശിൽനിന്നു അനധികൃതമായി കുടിയേറിയവരെന്നും വിദേശികളെന്നും പറഞ്ഞ് രക്തപ്പുഴ ഒഴുക്കിയവർ ഇന്ന് ഇതേ വാദം ഉന്നയിച്ച് ലക്ഷക്കണക്കിന് പേരെയാണ് ദേശീയ പൗരത്വ പട്ടികയുടെ പേരിൽ പുറംതള്ളാനൊരുങ്ങുന്നത്. ഫാഷിസം തങ്ങളുടെ പതിവുശൈലിയിൽ നെല്ലി കൂട്ടക്കൊലയെയും മറവിയിലേക്ക് തള്ളാനൊരുങ്ങുമ്പോൾ കലാപത്തിലെ ഇരകൾക്ക് ഇന്നും അതൊരു ഭീതിയുയർത്തുന്ന ദിനങ്ങളാണ്.

അസമിലെ മോറിഗോൺ ജില്ലയിലെ ബോർബോറി വില്ലേജിലെ ഖൈറുദ്ദീൻ 1983 ഫെബ്രുവരി 18നു നടന്ന സംഭവത്തെ ഭീതിയോടെ ഓർത്തെടുക്കുന്നതിങ്ങനെ. ”ഞാനന്ന് രാവിലെ ഏഴു മണിക്ക് ഏഴുന്നേൽക്കുമ്പോൾ ചുറ്റും ഒന്നും കാണാനായില്ല. കുടുംബക്കാരൊന്നും വീട്ടിലില്ല. എന്റെ കുട്ടികളെ പോലും കാണുന്നില്ല. ഞാനാകെ ഭയപ്പാടിലായി. അവർ എവിടെയാണ് പോയതെന്ന് ഞാൻ ആലോചിച്ചു. സമീപമുള്ള എന്റെ സഹോദരിയുടെ വീട്ടിൽ പോയിക്കാണുമെന്ന് ധരിച്ചു. പക്ഷേ അവിടെയും ആരും ഉണ്ടായിരുന്നില്ല. എട്ടു മണിയായിക്കാണും. ഒരുകൂട്ടം ആളുകൾ വരുന്നത് കണ്ടു. അവർക്കൊപ്പമൊന്നും എന്റെ കുട്ടികളില്ല. പക്ഷേ, കുടുംബത്തെ കുറfച്ച് ഒരു സൂചനയുമില്ല. ഗ്രാമത്തിലുടനീളം ഒരു ഭ്രാന്തനെ പോലെ ഞാൻ തിരഞ്ഞുനടന്നു. ഒടുവിൽ ആറു വയസ്സുള്ള തന്റെ മകനെ കണ്ടെത്തി- ഖൈറുദ്ദീൻ സംഭവം വിശദീകരിച്ചു.

ജനക്കൂട്ടം തന്റെ വീടിന് തീയിട്ടു. തന്റെ മകനെയും കൂട്ടി വീട്ടിൽ നിന്ന് രക്ഷപ്പെട്ടു. ജീവനില്ലാത്ത മകളുടെ ശരീരവുമായി ഓടി. തന്റെ മറ്റു കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഒരു നിമിഷം പോലും നിൽക്കാനായില്ല. തലയ്ക്ക് ശക്തമായ അടിയേറ്റു. മൂത്തമകനെ കലാപകാരികൾ തൂക്കിക്കൊന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇളയ മകൻ കോപിലി പുഴയിൽ മുങ്ങിമരിച്ചു. കേന്ദ്ര റിസർവ് പോലിസ് സേന(സിആർപിഎഫ്) തന്നെയും ഭാര്യയെയും രക്ഷിച്ചു. എന്നാൽ, പരിക്കേറ്റ ഭാര്യ ജഗ്ഗി റോഡ് പോലിസ് സ്‌റ്റേഷനിൽ വച്ച് മരിച്ചു. കൃത്യ സമയത്ത് ആവശ്യമായ ചികിൽസ കിട്ടാത്തതിനാലാണ് അവൾ മരിച്ചത്. ഒറ്റ ദിവസം കൊണ്ട് രണ്ട് ആൺ മക്കളെയും ഒരു മകളെയും ഭാര്യയെയും മാതാപിതാക്കളെയും നാലു സഹോദരങ്ങളെയാണ് ഖൈറുദ്ദീനു നഷ്ടമായത്. ഞാൻ ഇപ്പോൾ എല്ലാ ദിവസവും പുലർച്ചെ മൂന്നു മണിക്ക് എഴുന്നേൽക്കും. പിന്നെ ഉറങ്ങാനാവുന്നില്ല. ഉറങ്ങാൻ വേണ്ടി കണ്ണുകൾ അടയ്ക്കുമ്പോൾ എന്റെ മക്കളുടെ മുഖമാണ് തെളിഞ്ഞുവരുന്നതെന്ന് ഖൈറുദ്ദീൻ പറയുന്നു.

മൂന്നര പതിറ്റാണ്ടിലധികം പിന്നിട്ടെങ്കിലും നെല്ലി കൂട്ടക്കൊലയുടെ ഭീഭൽസ മുഖം നാം മറന്നുപോവരുത്. രാവിലെ എട്ടു മണിക്ക് തുടങ്ങി വൈകീട്ട് മൂന്നു മണിക്ക് അവസാനിച്ച കൂട്ടക്കൊലയിൽ ഔദ്യോഗിക കണക്കനുസരിച്ച് 1800 പേരാണ് കൊല്ലപ്പെട്ടത്. 3000 മുതൽ 5000 വരെ കവിയുമെന്നാണ് അനൗദ്യോഗിക കണക്ക്. നാടൻ തോക്കുകളും തീയിടാനുള്ള സാമഗ്രികളുമെല്ലാം കൊണ്ട് പാഞ്ഞടുത്ത കലാപകാരികൾക്കു മുന്നിൽ മുസ്‌ലിംകൾ ഗ്രാമങ്ങൾ വിട്ട് പലായനം ചെയ്യുകയായിരുന്നു. പാടങ്ങളെല്ലാം നശിപ്പിച്ചു. വീടുകളും ഉപകരണങ്ങളും തകർത്തു. ഓടി രക്ഷപ്പെടാനാവാതെ നിരവധി സ്ത്രീകളും കുട്ടികളും മരിച്ചുവീണു. പക്ഷേ, നെല്ലി കൂട്ടക്കൊല പൊതുമണ്ഡലത്തിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഖൈറുദ്ദീനെ പോലുള്ള ചിലരുടെ മനസ്സുകളിൽ മാത്രമാണ് അതിനെ ഓർമിക്കുന്നത്. കാരണം അവരെ പോലെയുള്ളവർക്ക് നഷ്ടപ്പെട്ടത് എല്ലാമെല്ലാമായിരുന്നുവല്ലോ.

പല കാരണങ്ങൾ പറഞ്ഞാണ് കൂട്ടക്കൊല നടത്തിയത്. അസം ഗണ പരിഷത് എന്ന ഹിന്ദുത്വ സംഘടനയുടെ വിദ്യാർഥി പ്രസ്ഥാനമായ ഓൾ അസം സ്റ്റുഡന്റ്‌സ് യൂനിയൻ(എഎഎസ്‌യു) വിദേശ പൗരൻമാരെന്നു പറഞ്ഞ് 1979 മുതൽ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. വിദേശത്തു നിന്നുള്ള കുടിയേറ്റം തടയുക, അവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യുക എന്നിവയാണ് പ്രധാന ആവശ്യം. 1983 ജനുവരിയിൽ എഎഎസ്‌യു നേതാക്കളായ പ്രഫുല്ല കുമാർ മഹന്ത ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ഇന്ദിരാഗാന്ധി സർക്കാർ ഫെബ്രുവരി 14, 17, 20 തിയ്യതികളിൽ അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എഎഎസ്‌യു പോലുള്ള സംഘടനകൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. പ്രധാനപ്പെട്ട രണ്ടു പത്രങ്ങളായ അസം ട്രിബ്യൂണും ദൈനിക് അസമും ഇവരെ പിന്തുണച്ചു. തങ്ങളുടെ വാദത്തിന് അനുകൂലമായ വാർത്തകൾ ഇവർ നൽകി. വിദേശികളെന്ന പ്രചാരണത്തോടെ അവർ പ്രധാനമായും ലക്ഷ്യമിട്ടത് ബംഗാളി മുസ്‌ലിംകളെയായിരുന്നു. ഇത് മനസ്സിലാക്കിയ മുസ്‌ലികൾ ബഹിഷ്‌കരണം തള്ളുകയും ഫെബ്രുവരി 14നു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയും ചെയ്തു. വോട്ട് ചെയ്തതോടെ തങ്ങളുടെ ഇന്ത്യൻ പൗരത്വം കൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു. ഇതാണ് മനുഷ്യത്വരഹിതമായ നെല്ലി കൂട്ടക്കൊലയ്ക്കുണ്ടായ പെട്ടെന്നുണ്ടായ കാരണം.

1983ലെ കൂട്ടക്കൊലയ്ക്ക് തൊട്ടുമുമ്പ് വിഹാതയായ ജോഹ്‌റ ഖാത്തൂൻ. കൂട്ടക്കൊലയിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ടു. നെല്ലി കൂട്ടക്കൊല അലിസിങ, ഖുലപതാർ, ബസുന്ധരി, ബദ്ഗുദ ബീൽ, ബദ്ഗുദ ഹബി, ബൊർജോല, ബുട്ടുണി, ഇന്ദുർമാരി, മാടി പാർബത്, മാടി പാർബത് നമ്പർ 8, മുളധരി, സിൽഫേറ്റ, ബൊർബോറി, നെല്ലി തുടങ്ങിയ 14 ഗ്രാമങ്ങളെയാണ് തുടച്ചുനീക്കിയത്. ഈ ഗ്രാമങ്ങളിലെല്ലാം ഇപ്പോഴും കൂട്ടക്കൊലയുടെ അവശിഷ്ടങ്ങൾ കാണാം. സമീപ ഗ്രാമമായ ടിവ ട്രൈബിലും ബംഗാളി മുസ്‌ലിംകളെ ആക്രമിച്ചിരുന്നു. കലാപകാരികൾ ഗ്രാമങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി വളയുകയായിരുന്നു. ഇതുകാരണം ഓടിരക്ഷപ്പെടാൻ പോലും കഴിഞ്ഞില്ലെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. കുടുംബത്തിലെ 47 പേരെ നഷ്ടപ്പെട്ട ഹാജി സിറാജുദ്ദീൻ പറയുന്നു, ഒരു മകൾ മാത്രമാണ് എനിക്കു ബാക്കിയായത്. നെൽപാടങ്ങളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുകയായിരുന്നു. രക്തം ഒഴുകിയതു കാരണം എല്ലായിടത്തും ചുവന്നിരുന്നു. മനുഷ്യത്വമുള്ള ആർക്കും ചെയ്യാനാവാത്ത കാഴ്ചയായിരുന്നു അത്. സമീപത്തെ കോപിലി പുഴയിൽ ചാടിയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. പുഴയിലും ഒരുപാട് മൃതദേഹങ്ങൾ ഒഴുകുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം ഇന്നും ഓർമിക്കുന്നു. കൂട്ടക്കൊലയ്ക്കു ശേഷം രണ്ടാഴ്ച നെല്ലിയിലെ സർക്കാർ സ്‌കൂളിലുള്ള അഭയാർഥി ക്യാംപിലായിരുന്നു താമസിച്ചത്. പിന്നീട് പല സ്ഥലങ്ങളിലേക്കായി മാറ്റി. ആഴ്ചകൾക്കുള്ളിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും രാഷ്ട്രപതി സെയിൽസിങും അഭയാർഥി ക്യാംപുകൾ സന്ദർശിച്ചു. നഷ്ടപരിഹാരം നൽകുമെന്നും അക്രമത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഉറപ്പുനൽകി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 5000 രൂപ നൽകി. പരിക്കേറ്റവർക്ക് 3000, വീട് പുനർനിർമാണത്തിനായി രണ്ടു കെട്ട് ടിൻ ഷീറ്റും നൽകി. കൂട്ടക്കൊലയ്ക്ക് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് നഷ്ടപരിഹാരമായി ഇവയെല്ലാം നൽകിയത്.

ഇന്ന് മാധ്യമങ്ങളും രാഷ്ട്രീയക്കാരും നീതിപീഠവുമെല്ലാം ഒരുപോലെ മറന്നുപോയ നെല്ലി കൂട്ടക്കൊലയിൽ ആകെ 299 കേസുകളിലായി 688 എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. കുറ്റവാളികൾ ആരും തന്നെ വിചാരണ ചെയ്യപ്പെട്ടില്ല. കൂട്ടക്കൊലയ്ക്കു നേതൃത്വം നൽകിയ എഎഎസ്‌യുവിന്റെ രാഷ്ട്രീയ രൂപമായ അസം ഗണ പരിഷത്ത് നേതാവും പിന്നീട് അസം മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാർ മഹന്തയും 1985ലെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയും ചേർന്ന് അസം കൂട്ടക്കൊലയിലെ പ്രതികൾക്ക് പൊതുമാപ്പ് പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്തമായ തീരുമാനമായിരുന്നു അത്. 1983ൽ തിവാരി കമ്മീഷൻ കൂട്ടക്കൊലയെ കുറിച്ച് അന്വേഷിച്ച് 1984 മെയിൽ സംസ്ഥാന സർക്കാരിന് റിപോർട്ട് നൽകിയിരുന്നു. 1983 ജനുവരി മുതൽ മാർച്ച് വരെ 545 പാലങ്ങളും റോഡുകളുമാണ് ആക്രമിക്കപ്പെട്ടത്. നൂറിലേറെ പേരെ തട്ടിക്കൊണ്ടുപോയെന്നും കണ്ടത്തി. 290 പോലിസ് വെടിവയ്പും ലാത്തിച്ചാർജും നടത്തി. പക്ഷേ, റിപോർട്ട് മേശപ്പുറത്ത് വച്ചില്ല. 600 പേജുള്ള റിപോർട്ട് വിവരാവകാശ നിയമപ്രകാരം പൗരാവകാശ സംഘടനകൾ പുറത്തുകൊണ്ടുവന്നിരുന്നു. കൂട്ടക്കൊലയ്ക്ക് ഇരയായവർ സംഘടിച്ച് 2017ൽ ഗുവാഹത്തി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും നഷ്ടപരിഹാരം തേടിയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടും ഹരജി ഫയൽ ചെയ്തു. അതിലൊരു പരാതിക്കാരനാണ് ഖൈറുദ്ദീൻ. പക്ഷേ, എല്ലാ കേസുകളും തള്ളിക്കളഞ്ഞു.

( കടപ്പാട്- തേജസ് )

Related Articles