Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം സ്ത്രീകൾ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാവണം

മുസ്ലിം വനിത പൊതു രംഗത്ത്‌ കൂടുതൽ സജീവമായ കാലമാണ്. വിദ്യാഭ്യാസം ജോലി എന്നീ മേഖലകളിലും ഇന്ന് മുസ്ലിം സ്ത്രീയുടെ സാന്നിധ്യം കൂടുതലാണ്. മുൻ കാലത്തെ അപേക്ഷിച്ച് സ്ത്രീകളുടെ പൊതു രംഗത്തുള്ള ഇടപെടൽ വർദ്ധിച്ചതിനു ആനുപാതികമായി മുസ്ലിം സ്ത്രീയുടെ ഇടവും വർധിച്ചു എന്നും മനസ്സിലാക്കാം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ പൊതു ഇടങ്ങളിൽ സ്ത്രീ സാന്നിധ്യം വളരെ കുറവായിരുന്നു. ജനാധിപത്യ രീതിയിലേക്ക് മാറിയ നാടുകൾ പോലും സ്ത്രീക്ക് ജനാധിപത്യ അവകാശങ്ങൾ വകവെച്ചു കൊടുത്തത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. മുസ്ലിം സമുദായത്തിൽ സാരമായ മാറ്റം സാധ്യമായ കാലം കൂടിയായിരുന്നു ഇരുപതാം നൂറ്റാണ്ട്. കേരള നവോധാനം ഒരർത്ഥത്തിൽ കേരള മുസ്ലിം നവോധാനം കൂടിയാണ്. വിശ്വാസത്തിലും കർമ്മത്തിലും കേരള മുസ്ലിം ജനതയിൽ ഭൂരിപക്ഷവും വഴി മാറി നടന്നിരുന്ന കാലം. അല്ലാഹുവിലുള്ള വിശ്വാസം പോലും കൃത്യമല്ലാത്ത കാലം. പുരോഹിതർ മതത്തെ പൂർണമായി കയ്യടക്കിയ കാലം. മക്തി തങ്ങളെ പോലെ, വക്കം മൌലവിയെ പോലെ ഒറ്റപ്പെട്ട ശബ്ദങ്ങളിൽ അന്ന് നവോഥാന സംരംഭങ്ങൾ ഒതുങ്ങി നിന്നിരുന്നു.

കേരള മുസ്ലിം സമുദായത്തിൽ സംഘടനകളുടെ കാലമായിരുന്നു നൂറ്റാണ്ട്. കേരള മുസ്ലിംകളുടെ ജീവിതത്തിൽ പിന്നെ സുവർണ്ണ കാലമായിരുന്നു. അത് ഏറ്റവും കൂടുതൽ പ്രകടമായത് വിദ്യാഭ്യാസ രംഗത്തായിരുന്നു. അന്ന് വരെ വിജ്ഞാനം ചെറിയ വിഭാഗത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വിജ്ഞാനം സാധാരണക്കാരനും പ്രാപ്യമാവുന്ന അവസ്ഥ സംജാതമായി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് മുഖരിതമായിരുന്ന മത രംഗത്ത്‌ വെളിച്ചം കടന്നു വന്ന കാലം കൂടിയായിരുന്നു അത്. അപ്പോഴും മുസ്ലിം സ്ത്രീ നവോഥാനത്തിനു പുറത്തായിരുന്നു.പൌരോഹിത്യവും സമൂഹവും ഉണ്ടാക്കിത്തീർത്ത കുരുക്കിൽ നിന്നും അവൾ പുറത്ത് കടക്കാൻ കാലം പിന്നെയും വേണ്ടി വന്നു.

മുസ്ലിം സ്ത്രീയുടെ രാഷ്ട്രീയ പ്രവേശനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുസ്ലിം സ്ത്രീയുടെ രാഷ്ട്രീയ ഇടം രേഖപ്പെടുത്താൻ കഴിയുന്ന രാഷ്ട്രീയ സംഘടനകൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ അധികാര രാഷ്ട്രീയത്തിൽ അവളുടെ പങ്കിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അമ്പത് ശതമാനം വരെ കാത്തു നിൽക്കേണ്ടി വന്നു. മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയം കേരളത്തിൽ സജീവമായിട്ടും അവരിലെ സ്ത്രീ പങ്കാളിത്തം നമ്മുടെ നിയമ നിർമ്മാണ സഭകളിൽ ഇന്നും ഒരു സമസ്യയാണ്. ആഗോള തലത്തിൽ തന്നെ സ്ത്രീകൾ മുന്നേറ്റം നടത്തുന്ന കാലമാണ്. തങ്ങളുടെ ബഹിരാകാശ ദൗത്യത്തിന് യു എ ഇ തിരഞ്ഞെടുത്തത് ഒരു സ്ത്രീയെയായിരുന്നു. മുസ്ലിം രാജ്യങ്ങളിൽ പോലും സ്ത്രീകൾ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പക്ഷെ നമ്മുടെ കേരളത്തിൽ ഇപ്പോഴും അവരുടെ മേൽ വിലക്കുകൾ ധാരാളം.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. മത സംഘടനകളുടെ സമ്മർദ്ദം അതിജീവിച്ചു മുന്നോട്ടു പോകാൻ അവർക്ക് ബുദ്ധിമുട്ടുണ്ട്. ലീഗിന്റെ ചരിത്രത്തിൽ ഒരിക്കൽ മാത്രമാണ് ഒരു സ്ത്രീ സ്ഥാനാർഥി മത്സരിച്ചത്. പക്ഷെ അത് പരാജയപ്പെടുകയും ചെയ്തു. പിന്നീടു ഒരിക്കലും അത്തരം ഒരു നീക്കവും പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. വനിതാ ലീഗ് എന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. പക്ഷെ സംഘടന എന്നതിലപ്പുറം അധികാര രാഷ്ട്രീയത്തിൽ അവരിന്നും പൂജ്യമാണ്.

സ്ത്രീകൾ സമൂഹത്തിന്റെ പകുതിയാണ്. അവരുടെ ഇടം കുടുംബമാണ്. അതെല്ലാം നിലനിൽക്കുമ്പോൾ തന്നെ സ്ത്രീ പൊതു രംഗത്ത്‌ അവരുടെ സ്ഥാനം ഉറപ്പിക്കുന്നു. പണ്ട് കുടുംബത്തിന്റെ വരുമാനം പുരുഷൻ മാത്രമായിരുന്നു. ഇന്ന് സ്ത്രീകളും വരുമാനം കൊണ്ട് വരുന്നു. അത് കൊണ്ട് തന്നെ സ്ത്രീ അവഗണിക്കാൻ കഴിയാത്ത ഒന്നായി ആധുനിക സമൂഹം മനസ്സിലാക്കുന്നു. പക്ഷെ പുരുഷന്റെ ഔദാര്യം സ്വീകരിച്ചു കൊണ്ട് ജീവിക്കേണ്ട അവസ്ഥയിലാണ് ഇന്നും സ്ത്രീ. അതിനൊരു മാറ്റം അനിവാര്യമാണ്. സ്ത്രീകൾ വോട്ടു ചെയ്യാനുള്ള യന്ത്രമായി മാറുന്ന അവസ്ഥ മാറണം. രാഷ്ട്രീയ കക്ഷികൾ അവർക്കും മാന്യമായ പ്രാതിനിത്യം നൽകണം. സ്ത്രീ കൂട്ടായ്മകളെ ഒരു ആവശ്യഘടകമായി അം​ഗീകരിക്കുന്നെങ്കിൽ രാഷ്ട്രീയ പാർട്ടികൾ അധികാര രാഷ്ട്രീയത്തിൽ അവരുടെ സാന്നിധ്യം ഉറപ്പു വരുത്തണം.

Related Articles