Current Date

Search
Close this search box.
Search
Close this search box.

അവിശ്വാസികളുമായി കൂട്ടുകൂടൽ’: മതംവിട്ടവരുടെ വഴിതെറ്റിയ ചിന്തകള്‍

“നമ്മള്‍ ഒരാളോട് കൂട്ടുകൂടുമ്പോള്‍, ചിരിക്കുമ്പോള്‍ നാം മതം നോക്കാറില്ല. അയാള്‍ ഹിന്ദുവാണോ മുസ്ലിമാണോ ക്രിസ്ത്യാനിയാണോ എന്നൊന്നും ചോദിക്കാറില്ല. നമുക്കതിന് കഴിയില്ല, കാരണം നമ്മള്‍ മനുഷ്യരാണ്. എന്നാല്‍ ഖുര്‍ആനില്‍ പറയുന്നത്, അവിശ്വാസികളുമായി ഒരിക്കലും കൂട്ടുകൂടരുത് എന്നാണ്. എത്ര നീചമാണിത്! അതുപോലെ ഖുര്‍ആന്‍ 5:51ല്‍ ജൂതരേയും ക്രൈസ്തവരെയും സ്പെസിഫൈ ചെയ്തും ഇക്കാര്യം പറഞ്ഞിരിക്കുന്നു. അന്ന് മദീനയില്‍ ഉണ്ടായിരുന്നത് അവരായിരുന്നു. ഹിന്ദൂസ് ഉണ്ടായിരുന്നെങ്കില്‍ അവരെയും പറയുമായിരുന്നു. ഇസ്ലാം പറയുന്ന ‘കരുണാമയനും നീതിമാനുമായ ദൈവത്തിന’ല്ലാതെ ഇങ്ങനെ മനുഷ്യരുമായി കൂട്ടുകൂടരുതെന്ന് പറയാന്‍, അവര്‍ക്കിടയില്‍ പരസ്പരം പോരും വിദ്വേഷവും ഉണ്ടാക്കാന്‍ ആര്‍ക്കാണ് സാധിക്കുക?!”

‘മതം വിട്ട പെണ്ണ്’ എന്ന പേരില്‍ കുറച്ചുമുമ്പ് കേരളത്തിലെ നാസ്തികര്‍ അഥവാ ദേഹേച്ഛാവാദികള്‍ ആഘോഷപൂര്‍വം കൊണ്ടുനടന്നിരുന്ന ഒരു ചെറുപ്പക്കാരിയുടെ വാക്കുകളാണിത്. ഇസ്ലാമിനെ സങ്കുചിതത്വത്തിന്റെയും അസഹിഷ്ണുതയുടെയും മതമായും, വിശുദ്ധ ഖുര്‍ആനെ വര്‍ഗീയതയുടെയും ഭീകരതയുടെയും സ്രോതസ്സായും ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇങ്ങനെയും ഈ ആരോപണം ഉന്നയിക്കപ്പെടാറുണ്ട്: “പരിഷ്കൃത ലോകത്തിന് അനുയോജ്യമല്ലാത്തതും ബഹുസ്വരതക്ക് നിരക്കാത്തതും വര്‍ഗീയതക്ക് വളംവയ്ക്കുന്നതുമായ നിര്‍ദേശങ്ങളാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്. മുസ്ലിംകളല്ലാത്തവരെ സുഹൃത്തുക്കളായി സ്വീകരിക്കരുതെന്നും അങ്ങനെ ചെയ്യുന്നവര്‍ അവരില്‍ പെട്ടവരാണെന്നുമുള്ള ഖുര്‍ആന്‍ വചനങ്ങള്‍ (3:28, 5:51, 5:57). അതിന്റെ തെളിവാണ്” എന്ന രൂപത്തിലും ഈ പ്രചാരണം നാസ്തികര്‍ നടത്താറുണ്ട്. ക്രൈസ്തവ മിഷണറിമാര്‍ അവര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കുകയും ചെയ്യുന്നു.

മുസ്ലിംകളോട് യുദ്ധം പ്രഖ്യാപിച്ചവരോ അവസരം കിട്ടിയാല്‍ അവരെ വഞ്ചിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരോ ആയ കൊടിയ ശത്രുക്കളുടെ വിഷയത്തില്‍ സ്വീകരിക്കേണ്ട വലാഅ് – ബറാഅ് (ബന്ധം സ്ഥാപിക്കലും വിഛേദിക്കലും) മായി ബന്ധപ്പെട്ട വിശുദ്ധ ഖുര്‍ആന്‍റെ അധ്യാപനങ്ങള്‍ക്ക് തെറ്റായ അര്‍ഥവും ആശയവും നല്‍കിക്കൊണ്ടുള്ളതാണ് ഈ പ്രചാരണങ്ങളത്രയും. അമുസ്ലിംകളെ സുഹൃത്തുക്കളാക്കുന്നതിനെയോ അവരുമായി മാനുഷിക ബന്ധം പുലര്‍ത്തുന്നതിനെയോ അല്ല ഖുര്‍ആന്‍ വിലക്കിയിട്ടുള്ളത്, മുസ്ലിംകളുടെ ഉള്ളുകള്ളികള്‍ മനസ്സിലാക്കാനും രഹസ്യം ചോര്‍ത്താനും അവസരം ലഭിക്കുംവിധമുള്ള ആത്മമിത്രങ്ങളും കൈകാര്യകര്‍ത്താക്കളും രഹസ്യ സൂക്ഷിപ്പുകാരുമാക്കുന്നതിനാണ് വിലക്ക്. ഇസ്ലാമും കുഫ്റും തമ്മില്‍ പ്രത്യക്ഷ സംഘട്ടനം നടക്കുന്ന വേളകളില്‍ അതിന്റെ ഗൗരവം ഒന്നുകൂടി വര്‍ധിക്കുന്നു. മുസ്ലിം സമാജത്തിന്റെ ആഭ്യന്തര ഭദ്രതക്ക് കോട്ടം തട്ടാതിരിക്കാനും ചതിയില്‍ അകപ്പെടാതിരിക്കാനും ഇസ്ലാമിക രാഷ്ട്രത്തിന്റെ രഹസ്യങ്ങള്‍ ചോരാതിരിക്കാനും വേണ്ടിയുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളുടെ ഭാഗമാണിത്.

അതേസമയം, മുസ്‌ലിംകളും അമുസ്‌ലിംകളും ഇടകലര്‍ന്ന് പരസ്പര വിശ്വാസത്തോടെയും സൗഹാര്‍ദത്തോടെയും ജീവിക്കുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ പരസ്പരം സ്നേഹബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതോ, കണ്ടാല്‍ ചിരിക്കുന്നതോ, വിവാഹ സല്‍ക്കാരങ്ങളിലും മറ്റും പങ്കെടുക്കുന്നതോ തെറ്റും പാടില്ലാത്തതുമാണെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല. മതം നോക്കി വേണം ആളുകളുമായി കൂട്ടുകൂടാന്‍ എന്ന വര്‍ഗീയ കാഴ്ചപ്പാടും അതിനില്ല. ബുദ്ധിപരമോ വൈജ്ഞാനികമോ ആയ സത്യസന്ധതയില്ലാത്ത, മതവിശ്വാസികളെ മനുഷ്യരായി കാണാന്‍ പോലും കഴിയാത്ത സങ്കുചിത മനസ്സിന്റെ ഉടമകളായ നാസ്തികരുടെ കള്ളപ്രചാരണങ്ങളാണ് അവയെല്ലാം!

ആരോപണത്തിന്റെ കൂടെ സൂചിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങളിവയാണ്:

“സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ ആത്മമിത്രങ്ങളും രക്ഷകരുമായി സ്വീകരിച്ചുകൂടാത്തതാകുന്നു. വല്ലവനും അങ്ങനെ ചെയ്യുന്നപക്ഷം അല്ലാഹുവുമായി അവന് യാതൊരു ബന്ധവുമില്ല; നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രേ നിങ്ങള്‍ തിരിച്ചു ചെല്ലേണ്ടത്.” (3:28).

“സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരെയും നിങ്ങള്‍ ഉറ്റ മിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ അന്യോന്യം ഉറ്റമിത്രങ്ങളാണുതാനും. നിങ്ങളില്‍നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നപക്ഷം അവനും അവരില്‍പെട്ടവന്‍തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച.”( 5:51).

“സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍നിന്ന് നിങ്ങളുടെ മതത്തെ പരിഹാസ്യവും വിനോദവുമാക്കുന്നവരെയും കൊടിയ സത്യനിഷേധികളെയും ഉറ്റമിത്രങ്ങളായി സ്വീകരിക്കാതിരിക്കുക. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍.”(5:57).

ജൂതരോ ക്രൈസ്തവരോ ഹിന്ദുക്കളോ പാര്‍സികളോ സിക്കുകാരോ മതമില്ലാത്തവരോ ആരാകട്ടെ, ഇസ്ലാമേതര സമൂഹങ്ങളുമായി സഹിഷ്ണുതാപരമായ പെരുമാറ്റമോ സഹോദര്യ ബന്ധമോ സൗഹാര്‍ദമോ കാത്തുസൂക്ഷിക്കുന്നതിനെയല്ല ഖുര്‍ആന്‍ ഇവിടെ വിലക്കുന്നത്. മറിച്ച്, സമൂഹത്തിന്റെ ഇസ്ലാമികമായ അസ്തിത്വത്തെ അപകടപ്പെടുത്തുന്ന അപകര്‍ഷതാ ബോധത്തിലും ആശ്രിതത്വത്തിലും അതിഷ്ഠിതമായ ബന്ധങ്ങളെയും, സ്വാര്‍ഥതയിലും ഭീരുത്വത്തിലും അതിഷ്ഠിതമായ നടപടികളെയുമാണ്. ഈ സൂക്തങ്ങള്‍ അവതരിക്കുമ്പോഴും അതിന് മുമ്പും ശേഷവുമെല്ലാം നബി(സ) ഇതര മതവിഭാഗങ്ങളുമായി സൗഹാര്‍ദപരമായ സഹവര്‍ത്തിത്വം നിലനിര്‍ത്തിയിരുന്നു. അവരുമായി ഇടപാടുകള്‍ നടത്തിയിരുന്നു. സഖ്യങ്ങളും സഹകരണ കരാറുകളും ഉണ്ടാക്കിയിരുന്നു. പരാമൃഷ്ട സൂക്തങ്ങള്‍ വിലക്കുന്നത് അതായിരുന്നെങ്കില്‍ പ്രവാചകന്‍ ഒരിക്കലും അങ്ങനെ ചെയ്യുമായിരുന്നില്ല!

അല്ലാഹു വിരോധിക്കുന്നതും അനുവദിക്കുന്നതും ഏതുതരത്തിലുള്ള അവിശ്വാസികളോട് എവ്വിധമുള്ള ബന്ധങ്ങളാണ് എന്ന്‍ ഈ സൂക്തങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. അവയുടെ അവതരണ പശ്ചാത്തലവും സമാന ആശയമുള്‍ക്കൊള്ളുന്ന ഇതര സൂക്തങ്ങളും പരിശോധിച്ചാല്‍ കാര്യം ഒന്നുകൂടി വ്യക്തമാകുകയും ചെയ്യും. ഈ സൂക്തങ്ങളില്‍ ആവര്‍ത്തിച്ച് പ്രയോഗിച്ചിരിക്കുന്നതും നാം ചര്‍ച്ച ചെയ്യുന്ന വിഷയത്തെ സൂചിപ്പിക്കുന്നതുമായ പദം വലിയ്യ് എന്നതിന്റെ ബഹുവചനമായ ‘ഔലിയാഅ്’ എന്നതാകുന്നു. രക്ഷകന്‍, ആത്മമിത്രം, സഹായി, കൈകാര്യ കര്‍ത്താവ് തുടങ്ങിയ ആശയങ്ങളെയാണ് അതുള്‍കൊള്ളുന്നത്. സന്ദിഗ്ധ ഘട്ടങ്ങളില്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെ ആത്മമിത്രങ്ങളാക്കുകയും രഹസ്യങ്ങള്‍ കൈമാറുകയും ചെയ്യുന്നവര്‍ എന്നാണ് ഇവിടെ ഉദ്ദേശ്യം. വിശ്വാസികളെ സംബന്ധിച്ചേടത്തോളം എല്ലാ അര്‍ഥത്തിലുമുള്ള അവരുടെ വലിയ്യ് അല്ലാഹുവാണ്. ആപത്തില്‍ സഹായിക്കുന്നവര്‍, ആത്മമിത്രങ്ങളായി വര്‍ത്തിക്കേണ്ടവര്‍ എന്ന അര്‍ഥത്തില്‍ വിശ്വാസികള്‍ പരസ്പരം വലിയ്യുകളാണ് എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. സത്യനിഷേധികള്‍ വിശ്വാസികളുടെ യഥാര്‍ത്ഥ ആത്മമിത്രങ്ങളാകുകയില്ല; വിശ്വാസവും നിഷേധവും ഒന്നിക്കുക സാധ്യമല്ലാത്ത പോലെത്തന്നെ. പിന്നെ അവരുമായി നിലനിര്‍ത്താവുന്നത് മാനുഷികമായ സൗഹാര്‍ദ ബന്ധങ്ങളാണ്. അതിന് ഇസ്ലാം എതിരല്ല. എന്നാല്‍ തഞ്ചം കിട്ടിയാല്‍ വിശ്വാസികളെ വഞ്ചിക്കാന്‍ തീരുമാനിക്കുകയും അവരോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അത്തരം ബന്ധങ്ങള്‍ക്കും പ്രസക്തിയുണ്ടാവില്ലെന്നത് മറ്റൊരു കാര്യം.

സത്യനിഷേധികളുമായി അരുതെന്ന് ഖുര്‍ആന്‍ പറഞ്ഞ മൈത്രീ ബന്ധത്തിന് സുപ്രധാനമായ ഒരുപാധിയുണ്ട്. ‘മിന്‍ ദൂനില്‍ മുഅ്മിനീന്‍’ എന്നതാണത്. വിശുദ്ധ ഖുര്‍ആനില്‍ 3:28 ലെന്നപോലെ 4:144 ലും ഈ പ്രയോഗം കാണാം. വിശ്വാസികളെ കൂടാതെ, അവരെ വെടിഞ്ഞ്, അവര്‍ക്കെതിരായി തുടങ്ങിയ അര്‍ഥങ്ങളാണ് അതിനുള്ളത്. സത്യവിശ്വാസികളെ താഴ്ത്തിക്കെട്ടി എന്നും ഉദ്ദേശ്യമാകാം. അവിശ്വാസികളുമായുള്ള ബന്ധം നിഷിദ്ധമാകുന്നത്, അത് വിശ്വാസികളുമായി നിസ്സഹകരിച്ചുകൊണ്ടുള്ളതോ അവര്‍ക്കെതിരായിട്ടുള്ളതോ ആകുമ്പോഴാണ്, അവരെ താഴ്ത്തിക്കെട്ടുകയും അവര്‍ക്ക് മീതെ സത്യനിഷേധികള്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്യുമ്പോഴാണ് എന്നാണതിന്റെ താല്‍പര്യം.

ഇസ്ലാമും കുഫ്റും തമ്മില്‍ നിരന്തരം സംഘര്‍ഷവും സംഘട്ടനവും ഉണ്ടായിക്കൊണ്ടിരുന്ന ചരിത്ര പശ്ചാത്തലത്തിലാണ് ഇത്തരം സൂക്തങ്ങള്‍ അവതരിച്ചത് എന്നതും പ്രസ്താവ്യമാണ്. മുസ്ലിംകളും സത്യനിഷേധികളും തമ്മില്‍ യുദ്ധം നിലനില്‍ക്കുന്ന അവസരങ്ങളില്‍ വ്യക്തികളോ മുസ്ലിം സംഘടനകളോ രാജ്യങ്ങള്‍ തന്നെയോ ആ ശത്രു ഗണങ്ങളെയോ അതിലെ അംഗങ്ങളെയോ ആത്മമിത്രങ്ങളാക്കുന്നത് മുസ്ലിം സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കും അവരുടെ ആദര്‍ശങ്ങള്‍ക്കും വിരുദ്ധമാകുന്നു. അതേസമയം, ഇസ്ലാമിന്റെയും മുസ്ലിംകളുടെയും നന്‍മക്കുതകുമെങ്കില്‍, അവരുടെ തല്‍പര്യങ്ങള്‍ക്ക് എതിരല്ലെങ്കില്‍ എല്ലാ മനുഷ്യരുമായും സ്നേഹവും സൗഹാര്‍ദവും സ്ഥാപിക്കാവുന്നതാണ്. എന്നല്ല, ചിലപ്പോഴത് അനിവാര്യമായിത്തീരുകയും ചെയ്യും. ഈ അടിസ്ഥാനത്തില്‍, യുദ്ധം നിലവിലുള്ള സത്യനിഷേധികളുമായുള്ള മൈത്രീ ബന്ധത്തെയാണ് ഈ സൂക്തങ്ങള്‍ വിരോധിക്കുന്നതെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നിലപാട്.

മുസ്ലിംകളല്ലാത്തവരോടൊന്നും ചങ്ങാത്തമോ സൗഹൃദമോ പാടില്ലെന്നല്ല, ഇസ്ലാമിനെ പരിഹസിക്കുകയും അവഹേളിക്കുകയും, മുസ്ലിംകളെ ശത്രുതയോടെ വീക്ഷിക്കുകയും, നശിപ്പിക്കാനും നാടുകടത്താനുമായി ഗൂഢതന്ത്രങ്ങള്‍ മെനയുകയും അവരോട് പോരടിക്കുകയും ചെയ്യുന്ന കൊടിയ നിഷേധികളെ ആത്മമിത്രങ്ങളും രക്ഷാധികാരികളുമാക്കരുത് എന്നാണ് ഖുര്‍ആൻ പറഞ്ഞിരിക്കുന്നത്. (60: 1). ഇത്തരക്കാരെ രക്ഷകരും സഹായികളുമായി വരിക്കുന്നവര്‍ ആത്മവഞ്ചകരും നേര്‍മാര്‍ഗത്തില്‍നിന്ന്‍ വ്യതിചലിച്ചവരും ശത്രുക്കളുടെ കൈയിലെ പാവകളുമായി മാറുക സ്വാഭാവികം മാത്രം. വേദക്കാരും സത്യനിഷേധികളുമായ ആളുകളെ ‘ഔലിയാഅ്’ ആക്കുന്നത് വിരോധിച്ചതിന് കാരണം അവരുടെ അവിശ്വാസമല്ല, പ്രത്യുത ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള അവരുടെ ശത്രുതയും മുസ്ലിംകളെ നശിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമവുമാണ് എന്നും, ‘ഔലിയാഅ്’ ആക്കുക എന്നതുകൊണ്ട് ഉദ്ദേശ്യം, ഇസ്ലാമിനോടും മുസ്ലിംകളോടും ശത്രുത പുലര്‍ത്തുകയും അവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന വിഭാഗങ്ങളോട് അവരുടെ ലക്ഷ്യത്തിന് സഹായകമായ വിധത്തില്‍ മുസ്ലിംകള്‍ മൈത്രീ ബന്ധം പുലര്‍ത്തരുത് എന്നാണെന്നും ഖുര്‍ആനിലെ 3:118-120 സൂക്തങ്ങളില്‍നിന്ന്‍ സുതരാം വ്യക്തമാണ്.

ഈ ദോഷങ്ങളില്ലാത്ത, വിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള ഭിന്നതകളെ സഹിഷ്ണുതയോടെ സമീപിക്കുന്ന, മുസ്ലിംകളോട് സഹകരണത്തിലും സൗഹാര്‍ദത്തിലും വര്‍ത്തിക്കാനാഗ്രഹിക്കുന്ന അവിശ്വാസികളുമായി നീതിപൂര്‍വം, സഹകരണത്തോടെ, സൗഹാര്‍ദത്തോടെ വര്‍ത്തിക്കുന്നത് വിലക്കപ്പെട്ടിട്ടില്ല എന്ന്‍ 60: 8,9 സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യരാശിയിലെ എല്ലാ വിഭാഗങ്ങളുമായും സത്യവിശ്വാസികള്‍ സൗഹാര്‍ദപരമായി സഹവര്‍ത്തിക്കണമെന്നാണ് ഇസ്ലാം അനുശാസിച്ചിട്ടുള്ളത്.

സംഘട്ടനത്തിന്റെയും സംഘര്‍ഷത്തിന്റെയും കാര്‍മേഘങ്ങള്‍ കൊണ്ട് കലുഷമാകാത്ത അന്തരീക്ഷത്തില്‍ അമുസ്ലിം വിഭാഗങ്ങളുമായി സുദൃഢമായ ബന്ധങ്ങളുണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിന് പ്രവാചക ചരിത്രത്തില്‍ തന്നെ ധാരാളം മാതൃകകളുണ്ട്. നബി(സ) മദീനയില്‍ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചപ്പോള്‍ അവിടത്തെ ജൂത-ക്രൈസ്തവ വിഭാഗങ്ങളുമായി ഒരു കരാറുണ്ടാക്കുകയുണ്ടായി. അവര്‍ മുസ്ലിം സമൂഹത്തിന്റെ സുഹൃത്തുക്കളായി സഹവര്‍ത്തിക്കും എന്നതും അവരുടെ സംരക്ഷണം മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ് എന്നതുമായിരുന്നു അതിലെ ഒരു വ്യവസ്ഥ. ഇവിടെ വിമര്‍ശിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ച ശേഷവും മുസ്ലിംകളുമായി സമാധാനത്തില്‍ വര്‍ത്തിക്കുന്ന അമുസ്ലിംകളുമായി സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ ബന്ധങ്ങള്‍ തുടരുന്നതിന് ഒരു നിയന്ത്രണവും ഉണ്ടായിട്ടില്ല.

വിശ്വാസപരവും വീക്ഷണപരവുമായ അസഹിഷ്ണുതയുടെയും സങ്കുചിതത്വത്തിന്റെയും ലക്ഷണങ്ങളാണ് ശത്രുതയും പരിഹാസവും. ഇക്കാലത്ത് യുക്തിവാദികള്‍ എന്ന്‍ സ്വയം വിശേഷിപ്പിക്കുന്നവരില്‍ പൊതുവേ കണ്ടുവരുന്ന സ്വഭാവങ്ങളാണിവ. അത്തരക്കാരെ ആത്മമിത്രങ്ങളാക്കരുത് എന്ന്‍ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇസ്ലാമിന്റെ വര്‍ഗീയതയുടെയോ അസഹിഷ്ണുതയുടെയോ തെളിവല്ല, അവരുടെ സ്വഭാവ ദൂഷ്യത്തിന്റെയും സംസ്കാര ശൂന്യതയുടെയും ഫലമാണ്. ഒരാള്‍ ചന്ദനം ചാരാനും ചാണകം ചാരാതിരിക്കാനും ശ്രദ്ധിക്കുന്നെങ്കില്‍ അത് അയാളുടെ ജാഗ്രതയുടെയും ബുദ്ധിയുടെയും ലക്ഷണമാണ്. നല്ലവരായ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ചീത്ത കൂട്ടുകാരില്‍നിന്ന്‍ അകറ്റിനിര്‍ത്തുന്നത് സ്വന്തം മക്കള്‍ അവരുടെ കെണിയില്‍ അകപ്പെടാതിരിക്കാനാണ്. ബുദ്ധിയുള്ളവരാരും അതിനെ അസഹിഷ്ണുതയെന്നോ വര്‍ഗീയതയെന്നോ മനുഷ്യര്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്ന ചെയ്തിയെന്നോ വിളിച്ചാക്ഷേപ്പിക്കാറില്ല!

ഒരാളെ മനസ്സിലാക്കാന്‍ അയാളുടെ ചങ്ങാതിമാരെ മനസ്സിലാക്കിയാല്‍ മതി എന്ന്‍ പറയാറുണ്ടല്ലോ. ആ നിലക്ക് മേല്‍പറഞ്ഞ ദോഷങ്ങളുള്ളവരുമായി വിശ്വാസികള്‍ ആത്മബന്ധം പുലര്‍ത്തുന്നത് വിലക്കിയതിന്റെ യുക്തിയും ന്യായവും അനായാസം ഗ്രഹിക്കാവുന്നതേയുള്ളൂ. ആദര്‍ശത്തില്‍ ആത്മാര്‍ഥതയും അഭിമാനവുമുള്ള ആര്‍ക്കും തന്റെ ആദര്‍ശം പരിഹസിക്കപ്പെടുന്നതും നിന്ദിക്കപ്പെടുന്നതും അനുവദിക്കാനാവില്ല. സ്വന്തം ആദര്‍ശത്തെയും അതിന്റെ ചിഹ്നങ്ങളെയും പരിഹസിക്കുന്നവരോടും പുച്ഛിക്കുന്നവരോടും ചങ്ങാത്തം കൂടുകയും അവരുടെ നടപടികള്‍ക്ക് സഹകരണവും പ്രോത്സാഹനവും നല്‍കുകയും ചെയ്യുക എന്നത് ആദര്‍ശത്തില്‍ ആത്മാര്‍ഥമായ വിശ്വാസമോ അഭിമാനമോ ഇല്ല എന്നതിന്റെ ലക്ഷണമാണ്.

വിശ്വാസികളെ സംബന്ധിച്ചേടത്തോളം അവരുടെ ആദര്‍ശം തങ്ങളുടെ മാതാപിതാക്കളെപ്പോലെ, അല്ല അതിലധികം ആദരണീയമാകുന്നു. സ്വന്തം മാതാവോ പിതാവോ പ്രതിയോഗികളാല്‍ അപഹസിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും ആത്മാഭിമാനമുള്ള ആര്‍ക്കും സഹിക്കാനാവില്ല. അതുതന്നെയാണ് ആദര്‍ശ നിന്ദയുടെയും കാര്യം. ആദര്‍ശ-വിശ്വാസത്തിന്റെ ഉടമകള്‍ വിശ്വാസത്തെയും അതിന്റെ തല്‍പര്യങ്ങളെയും പുച്ഛിക്കുന്നവരുമായി എത്രത്തോളം അടുത്തിടപഴകുകയും ഉള്ളുകള്ളികളറിയുന്ന മിത്രങ്ങളും കൈകാര്യ കര്‍ത്താക്കളുമാക്കുകയും ചെയ്യുന്നുവോ അത്രത്തോളം അവരുടെ വിശ്വാസത്തിന്റെ വീര്യം നശിക്കുകയും വിശ്വാസികളില്‍നിന്ന്‍ അകലുകയും ജാഹിലിയ്യത്തിന്റെ ഭാഗമാവുകയും ചെയ്യും. അത് ഇസ്ലാമിന്റെ പ്രതിയോയികള്‍ മുതലെടുക്കുകയും ചെയ്യും. അതിന്നവസരമുണ്ടാക്കരുത് എന്നതാണ് ഇത്തരം ഖുര്‍ആനിക നിര്‍ദേശങ്ങളുടെ താല്‍പര്യം.

ഈ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം വിശദമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. അവയെ ഇങ്ങനെ സ്വാംശീകരിക്കാം: മക്കാ വിജയത്തിന് മുമ്പ് മദീനയിലെ മുസ്ലിംകള്‍ യുദ്ധ കാലാവസ്ഥയിലായിരുന്നു കഴിഞ്ഞുകൂടിയിരുന്നത്. അക്കാലത്ത് ഇസ്ലാം സ്വീകരിച്ചവരില്‍ ചിലര്‍, നാളെ ഈ മതം ബഹുദൈവവിശ്വാസികളാലോ വേദക്കാരാലോ തുടച്ചുനീക്കപ്പെടുമെന്ന് ആശങ്കിക്കുന്നവരായി ഉണ്ടായിരുന്നു. അങ്ങനെയൊരു സാഹചര്യം വന്നാല്‍, ഇസ്ലാം സ്വീകരണം തങ്ങളുടെ സാമ്പത്തികമോ ഗോത്രപരമോ ആയ താല്‍പര്യങ്ങള്‍ക്ക് ഹാനികരമായി തീരരുത് എന്ന്‍ നിര്‍ബന്ധമുള്ളവരായിരുന്നു അവര്‍. അതിന്നായി ഈ ദുര്‍ബല വിശ്വാസികള്‍ കണ്ടെത്തിയ മാര്‍ഗം വിഗ്രഹാരാധകരെയും വേദക്കാരെയും തങ്ങളുടെ സഹായികളും രക്ഷാധികാരികളുമായി സ്വീകരിച്ച് അവരുടെ മിത്രങ്ങളായി വര്‍ത്തിക്കുക എന്നതായിരുന്നു. അവരെക്കുറിച്ചാണ്, ‘നിങ്ങളില്‍നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍പെട്ടവന്‍തന്നെയാണ്’ (5:51) എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്.

ഇസ്ലാം വിരുദ്ധ ശക്തികളുടെ ആക്രമണമുണ്ടായാല്‍ അവിശ്വാസികളായ ഈ മിത്രങ്ങള്‍ തങ്ങളുടെ ജീവനും ധനവും സംരക്ഷിക്കും എന്നാണവര്‍ കരുതുന്നത്. ഇത്തരം ദുര്‍ബല വിശ്വാസികളുടെ ഈ ദൗര്‍ബല്യം മുതലെടുത്ത് ശത്രുക്കള്‍ മുസ്ലിം സമൂഹത്തില്‍ നുഴഞ്ഞുകയറാനും അവരില്‍ അസ്വസ്ഥതകളും ആശയക്കുഴപ്പങ്ങളുമുണ്ടാക്കാനും ചാരപ്രവര്‍ത്തനങ്ങളിലൂടെ അവരുടെ സൈനികവും സാമ്പത്തികവുമായ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഇടയുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇസ്ലാമിന്റെ ശത്രുക്കളുമായുള്ള മുസ്ലിംകളുടെ ആത്മ ബന്ധങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ആപത്തുകള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും. അതിനാല്‍, മേല്‍പറഞ്ഞ ലക്ഷ്യങ്ങളോടെ സത്യനിഷേധികളുമായി -വിശേഷിച്ചും യുദ്ധ സമാന സാഹചര്യങ്ങളില്‍- ആത്മബന്ധങ്ങള്‍ പാടില്ലെന്നാണ് പരാമൃഷ്ട സൂക്തങ്ങള്‍ പഠിപ്പിക്കുന്നത്. അതിലപ്പുറം മുസ്ലിംകളോട് നല്ലനിലയില്‍ വര്‍ത്തിക്കുന്ന അവിശ്വാസികളോട് സൗഹാര്‍ദമോ കൂട്ടുകൂടലോ പാടില്ല എന്ന്‍ അത്തരം നിര്‍ദേശങ്ങള്‍ക്ക് അര്‍ത്ഥമേയില്ല. അതിനാല്‍തന്നെ വിശുദ്ധ ഖുര്‍ആന്റെ ഈ നിര്‍ദേശത്തില്‍ അസഹിഷ്ണുതയോ വര്‍ഗീയതയോ ദര്‍ശിക്കാന്‍ ബുദ്ധിപരവും വൈജ്ഞാനികവുമായ സത്യസന്ധതയുള്ള ഒരാള്‍ക്കും സാധ്യമല്ല!

Related Articles